
ഒരുവിധം എല്ലാ മനുഷ്യർക്കും ഇഷ്ടമുള്ള ഏകപ്രാണിയാണല്ലോ പൂമ്പാറ്റകൾ. ലെപിഡോപ്റ്റെറ ഓർഡറിൽ പെട്ട ഇവർ നിശാശലഭങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് വർഷം മുമ്പ് വേർതിരിഞ്ഞുണ്ടായവരാണ്. സപുഷ്പി സസ്യങ്ങൾ പരിണമിച്ചുണ്ടായ കാലത്തുകൂടെ പരിണമിച്ചുണ്ടായവർ. പലതരം സാഹചര്യങ്ങളിൽ പലതരം അനുകൂലനങ്ങൾ ആർജിച്ച് പല രൂപത്തിലും ആകൃതിയിലും പരിണമിച്ച് ആയിരക്കണക്കിന് ഇനങ്ങളായി ലോകം നിറയെ പറന്നു നടക്കുന്നു.
പൂക്കളെക്കുറിച്ച് ആര് പാട്ടെഴുതിയാലും കവിതയെഴുതിയാലും കൂടെ പൂമ്പാറ്റയും കാണും. ആളൊരു വർണവിസ്മയം കൂടിയായതിനാൽ ചിത്രശലഭമെന്നും നമ്മൾ വിളിക്കുന്നു. പൂക്കളിലെ തേൻ നുകർന്ന് ആരെയും ഉപദ്രവിക്കാതെ പാറിപ്പറന്ന് നടക്കുന്ന ശുദ്ധരും വൃത്തിയുള്ളവരുമായ സാത്വികജന്മം എന്നാണ് പൂമ്പാറ്റകളെക്കുറിച്ചുള്ള കവികളുടെ സങ്കൽപ്പം. എന്നാൽ, തേൻ മാത്രമല്ല ഇവയുടെ ഇഷ്ടഭക്ഷണം. പല വൃത്തികെട്ട സാധനത്തിലും പോയിരിക്കുന്നതും രുചിയോടെ ആൺപൂമ്പാറ്റകൾ അത് വലിച്ച് കുടിച്ച് രുചിക്കുന്നതും കാണാനാകും.
‘മഡ് പെഡ്ലിങ്’ (Mud peddling) എന്നാണതിന് പറയുക. ‘ചളി നുണയൽ ‘ എന്ന് മലയാളത്തിൽ പേരിടാം. ചളിമണ്ണ്, ചാണകം, ആനപ്പിണ്ടം, പട്ടികളുടേയും പക്ഷികളുടേയും കാഷ്ഠം, അഴുകിയ ജൈവാവശിഷ്ടങ്ങൾ, മനുഷ്യരുടെ മലം, മൂത്രം, വിയർപ്പ് ഒന്നും ഒഴിവാക്കില്ല ഈ മനോഹര ജീവികൾ. വിയർപ്പ് രുചിക്കാനായി കാലിലും കൈയിലും കഴുത്തിലുമൊക്കെ പൂമ്പാറ്റകൾ വന്നിരിക്കുന്നത് ശലഭനിരീക്ഷകർക്ക് സാധാരണ അനുഭവമാണ്. ചിലയിനം പൂമ്പാറ്റകൾ ആമകളുടെ കണ്ണീരിലെ ഉപ്പ് രുചിക്കാൻ അവയുടെ കണ്ണിനുചുറ്റും പറ്റിക്കൂടുന്നതും കാണാം. എവിടെ ആര് കാഷ്ഠമിട്ടാലും ഈച്ചകൾ മാത്രമല്ല സ്ഥലത്തുണ്ടെങ്കിൽ പൂമ്പാറ്റകളുമെത്തും.

തേൻ കുടിക്കാനുള്ള നീണ്ട പ്രബോസിസ് ഉപയോഗിച്ച് തന്നെയാണ് ഈ ചെളി നുണയലും. ജൈവവസ്തുക്കൾ അടങ്ങിയ മൃഗങ്ങളുടേയും പക്ഷികളുടേയും വിസർജ്യങ്ങൾ മൺതിട്ടുകളിൽ നിന്നും ചളിയിൽ നിന്നും വലിച്ച് അകത്താക്കും. ചളി നുണഞ്ഞ് അതിലെ ലവണങ്ങൾ ആഗിരണം ചെയ്ത് വെള്ളം പിറക് വശത്തൂടെ അപ്പോൾ തന്നെ ചീറ്റിക്കളയും. ഒരു തരം മൂത്രമൊഴിപ്പ് പോലെ തോന്നും അതുകണ്ടാൽ.

ഈമാസങ്ങളിൽ അത്ഭുതകരമായ ചെളിയൂറ്റൽ ഉത്സവം കാണാം ആറളം കാടുകളിൽ. ലക്ഷക്കണക്കിന് ആൽബർടോസ് ശലഭങ്ങൾ പുഴക്കരയിലെ മൺതിട്ടുകളിൽ തിക്കിയും തിരക്കിയും നിലംമൂടി ഒത്തുചേർന്ന് ആറാട്ടുത്സവം നടത്തുകയാണിപ്പോൾ. അരുവികളുടെ ഓരത്ത് നനഞ്ഞ മണ്ണിൽ ശലഭക്കൂട്ടങ്ങൾ വന്നിരിക്കുന്നത് വെള്ളം കുടിക്കാനായിരിക്കും എന്നായിരുന്നു ആദ്യമൊക്കെ ഗവേഷകർ കരുതിയത്. പൂന്തേനിൽ നിന്നും പ്രധാനമായും ഗ്ലൂക്കോസ് മാത്രമേ ലഭിക്കുന്നുള്ളു. ഊർജാവശ്യങ്ങളെല്ലാം അതുകൊണ്ട് നടക്കും. പ്രത്യുത്പാദന കഴിവ് വളർത്താനും ബീജങ്ങളുടെ ഗുണം വർധിപ്പിക്കാനും മുട്ടകളുടെ ഉത്പാദനത്തിനും ഗുണത്തിനും അത്യാവശ്യമായ പല ലവണങ്ങൾ പെൺ പൂമ്പാറ്റയ്ക്ക് ഇണ ചേരലിനിടയിൽ കൈമാറാനുമായാണ് ‘പെഡ്ലിങ്ങ്’ എന്ന ഈ പരിപാടി ആൺ പൂമ്പാറ്റകൾ നടത്തുന്നത്. നീ വെറും പൂമ്പാറ്റയല്ലെടാ ചെളിപ്പാറ്റ, ചെളിപ്പാറ്റ എന്ന് ജനാർദനൻ ടോണിൽ പറയാൻ തോന്നും.
സോഡിയം ലവണങ്ങൾ കൂടാതെ നൈട്രജൻ സംയുക്തങ്ങൾ, മറ്റു ചില പോഷകങ്ങൾ, അമിനോ ആസിഡുകൾ, ആൽക്കലോയ്ഡുകൾ എന്നിവയും ഇവ മഡ്പഡ്ലിങ്ങിലൂടെ വലിച്ചെടുക്കുന്നു. ആൺ പൂമ്പാറ്റകളിലെ ചെറുപ്പക്കാരാണ് കൂടുതലായി പെഡ്ലിങ്ങ് നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇണചേരലിനിടയിൽ പെൺപൂമ്പാറ്റയിലേക്ക് ഈ ധാതുലവണങ്ങളെത്തുന്നു. അതുവഴി വേഗത്തിൽ മുട്ടകളുണ്ടാകും. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവകൾ കൂടുതൽ അതിജീവന ശേഷിയുള്ളതായി മാറുകയും ചെയ്യും.
ആവശ്യത്തിന് നനവില്ലാത്ത ഇടമാണെങ്കിൽ ശേഖരിച്ച് കൊണ്ടുവന്ന ഇത്തിരി വെള്ളം കൊണ്ട് നനച്ച് കുഴമ്പ് പോലെയാക്കി അത് വലിച്ചകത്താക്കും. നനവാർന്ന മണൽതിട്ടുകളിൽ നിന്ന് മാത്രമല്ല മനുഷ്യരുൾപ്പെടെയുള്ള എല്ലാ സസ്തനികളുടേയും മലമൂത്രത്തിലും കൂട്ടമായി വന്നിരിക്കും. ആനപ്പിണ്ഡത്തിലും ആന മൂത്രമൊഴിച്ചിട്ട തീരത്തും നീർനായകൾ കരയ്ക്ക് കിടന്നുറുണ്ടിടത്തും പക്ഷിക്കാഷ്ടത്തിലുമൊക്കെ വന്നിരുന്ന് ഇവർ തിരക്കുകൂട്ടി വലിച്ച് കുടിക്കുന്നത് കാണാം. ആറളത്ത് ആറ് മീറ്റർ വരെ നീളത്തിലും വലിയ വീതിയിലും ഇത്തരത്തിലുള്ള പെഡ്ലിങ്ങ് സൈറ്റുകൾ കാണാം. പതിനായിരണക്കിന് പൂമ്പാറ്റകൾ ഒന്നിച്ച് തിക്കി തിരക്കുന്ന മനോഹര കാഴ്ച.

ശലഭ ദേശാടനം അതുപോലെ മറ്റൊരു വമ്പൻ സംഭവമാണ്. വടക്കേ അമേരിക്കയിലെ കാനഡയിൽ നിന്ന് മൊണാർക്ക് ബട്ടർഫ്ലൈകൾ കൊടും ശൈത്യത്തിൽ നിന്ന് രക്ഷതേടി തെക്കോട്ട് മെക്സിക്കോ വരെയും തണുപ്പുകാലം കഴിയുമ്പോൾ തിരിച്ചുംനടത്തുന്ന യാത്രയാണ് നമുക്ക് പരിചയമുള്ളത്. ഈ യാത്രക്കിടെ മൂന്ന് നാല് തലമുറകൾ കഴിഞ്ഞിട്ടുണ്ടാകും. നമ്മുടെ നാട്ടിലും ഇത്തരത്തിൽ ശലഭങ്ങൾ ദേശാടനം നടത്തുന്നുണ്ട്. പക്ഷെ രണ്ട് ഭാഗത്തോട്ടും യാത്ര കാണുന്നില്ല. അതായത് തിരിച്ച് യാത്ര നടക്കുന്നാതായി കാണുന്നില്ല.
വളരെ പഴയ കാലം, കല്യാണ ദിവസം വെയിൽ മൂക്കും മുമ്പ് വിശാലമായ വയലിന്റെ അരികിലെ വരമ്പിലൂടെ ഒറ്റയ്ക്കും തെറ്റയ്ക്കും വിരുന്നുകാർ വന്നു തുടങ്ങുമല്ലോ. ഉച്ചയൂണിന്റെ നേരമടുക്കുമ്പോൾ പലതരം നിറമുള്ള സാരികളുടുത്ത് മിണ്ടിയും പറഞ്ഞും നടന്നുവരുന്ന നാട്ടുകാരും ബന്ധുക്കളും. ഇത് പഴമയുടെ ഒരു ഓർമചിത്രമാണ്. വണ്ടികൾ ഇത്രയും പ്രചാരമാകും മുമ്പുള്ള നാട്ടുമ്പുറ കാഴ്ച. ആളുകൾക്ക് പകരം പൂമ്പാറ്റകൾ ഇങ്ങനെ ജാഥയായി പോകുന്നത് കണ്ടിട്ടുണ്ടോ. രാവിലെ പത്തോടെ പൂമ്പാറ്റകൾ ആറളം കാട്ടിൽ ബ്രഹ്മഗിരിമലകളിൽ നിന്ന് കാടിറങ്ങി വരാൻ തുടങ്ങും. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലം ഇതു കാണാനാകും. ഉച്ചച്ചൂട് കൂടുമ്പോഴേക്കും അലസമായ നടത്തം പോലുള്ള പറക്കൽ കൂട്ടമായുള്ള ഒഴുക്കായി മാറും. ചീങ്കണ്ണി- ബാവലി പുഴയിറമ്പുകളിലൂടെ ഇടക്ക് കാട്ട് തുറസുകൾ കയറിയിറങ്ങി മലമുകളിൽ നിന്ന് താഴോട്ടുള്ള യാത്ര.
വെള്ളസാരിയുടുത്ത യുവതികൾ വർത്തമാനം പറഞ്ഞും ചിരിച്ചും കൊഞ്ചിയും നാട്ടുവഴികളിലൂടെ കയറി ഇറങ്ങി പണ്ടുകാലത്തെ മംഗലപ്പാർട്ടി നീങ്ങും പോലെയോ, ഞായറാഴ്ച കുർബാന കഴിഞ്ഞ് ആളുകൾ ഇറങ്ങിവരുന്നതുപോലെയോ ആണ് കോമൺ ആൽബട്രോസ് (Common albatross- Appias albino) ശലഭക്കൂട്ടങ്ങളുടെ വരവ് കണ്ടാൽ എനിക്ക് തോന്നാറ്. ഏറ്റവും കൂടുതൽ അവരാണ് ഉണ്ടാകുക. ഒന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് ഈ കുണുങ്ങിപ്പറക്കൽ. അകന്ന കുടുംബാംഗങ്ങളെപ്പോലെ ഒപ്പം ഒന്നുരണ്ട് നീലക്കുടുക്ക, ബ്ലൂ ബോട്ടിൽ എന്നു വിളിക്കുന്ന ശലഭം, ചോല വിലാസിനി-പൈന്റെഡ് സോ റ്റൂത്ത്, വരയൻ വാൾ വാലൻ-ഫൈവ് ബാർ സ്വാളോ റ്റൈൽ, ലെസ്സെർ ആൽബറ്റ്രോസ്, ചെഞ്ചിറകൻ എന്ന ഗ്രേറ്റ് ഓറഞ്ച് ടിപ്പ്, ക്രിഷ്ണ ശലഭം-ബ്ലൂ മോർമോൺ തുടങ്ങിയവരെല്ലാം ഒറ്റയ്ക്കും തെറ്റയ്ക്കും ഇവർക്കൊപ്പം കാണും.
ഈ ജാഥയിലെ കൊഞ്ചിപ്പറക്കുന്ന ശലഭങ്ങളുടെ എണ്ണം കൂടികൂടി വന്ന് എണ്ണാൻ പറ്റാത്ത അവസ്ഥയിലാകും പിന്നെ. അലസഗമനം മാറി വേഗതയിൽ ഓട്ടം പോലെ ഒഴുകലാകും പിന്നെ. ഒന്നര ലക്ഷത്തിനടുത്ത് പൂമ്പാറ്റകൾ ഓരോ മണിക്കൂറും താഴേക്ക് ഒഴുകുന്നു. അവിശ്വസനീയമായി തോന്നും. മൊണാർക് പോലെ ഒറ്റൊരിനം മാത്രമല്ല ഇവിടെ ദേശാടനസഞ്ചാരം നടത്തുന്നത്. ഇന്ത്യയിൽ 64 ഇനം പൂമ്പാറ്റകൾ മൈഗ്രേഷൻ നടത്തുന്നതായാണ് കണക്കാക്കപെട്ടിരിക്കുന്നത്. ഇത്തരം ആൾട്ടിറ്റ്യൂഡ് മൈഗ്രേഷൻ ഹിമാലയ പ്രദേശങ്ങളിലും നോർത്ത് ഈസ്റ്റിലും ഒക്കെയാണ് സാധാരണമായി കാണാറുള്ളത്.
ആനമല പഴനി മലകളിലും നീലഗിരി കുന്നുകളിലും ശലഭദേശാടനം ഉണ്ടെങ്കിലും നമ്മുടെ പശ്ചിമഘട്ട ഭാഗങ്ങളിൽ നടക്കുന്ന ഇത്തരം ദേശാടനം ഏറ്റവും കൂടുതലായി നിരീക്ഷിക്കപ്പെട്ടത് കണ്ണൂർ ജില്ലയിലെ ആറളത്തും സമീപ പ്രദേശങ്ങളിലുമാണ്. കണ്ണൂരിലെ ആറളം വൈൽഡ് ലൈഫ് സാങ്ക്ച്വറിയിൽ ചീങ്കണ്ണി പുഴയുടെ തീരങ്ങളിലൂടെ അതിന്റെ പല കൈവഴികളിലൂടെ ലക്ഷക്കണക്കിന് പൂമ്പാറ്റകളാണ് ദേശാടനം നടത്തുന്നത്. കൂർഗിലെ ബ്രഹ്മഗിരി മലകളിൽ നിന്നാണ് ഈ ഒഴുക്ക് ആരംഭിക്കുന്നത്.
ഇത്തരം ആൾട്ടിറ്റ്യൂഡ് മൈഗ്രേഷന് പല കാരണങ്ങൾ പറയപ്പെടുന്നുണ്ട്. ഹിമയുഗത്തിലെ അതിശൈത്യകാലം നടത്തിയ രാക്ഷസഞ്ചാരങ്ങളുടെ ജീൻ ഓർമപ്പൊട്ടുകളാവാം ഇപ്പോഴും ഈ യാത്ര ഇവരെ നടത്തിപ്പിക്കുന്നതെന്ന് കരുതപ്പെട്ടിരുന്നു. ചില പ്രദേശങ്ങളിലുണ്ടാകുന്ന വർധനവ് മൂലം ഇവ തിങ്ങിനിറയുന്നതോടെ പുതിയ സ്ഥലങ്ങളിലേക്കും താഴ്വാരങ്ങളിലേക്കും നടത്തുന്ന അതിജീവന സാധ്യതകളും വിശദീകരിക്കാറുണ്ട്. 2000 മുതൽ ഈ സഞ്ചാരം ശാസ്ത്രീയമായി രേഖപ്പെടുത്തുന്നുണ്ട്. മലബാർ നാചുറൽ ഹിസ്റ്ററി സൊസൈറ്റിയും വനംവകുപ്പും ചേർന്നാണ് ഈ സർവേ നടത്തുന്നത്. ഈ വർഷം 25 വർഷം പൂർത്തിയാക്കുകയാണ്. ലോകത്ത് തന്നെ ഇത്രയും വ്യാപകവും ശാസ്ത്രീയവുമായ ഒരു സർവേ പഠനം വേറെ നടന്നിട്ടുണ്ടാവില്ല.
ഈ വർഷം നടന്ന സർവേ ഇതുവരെ ഉള്ളതിൽ നിന്നെല്ലാം ഞെട്ടിച്ച് കളഞ്ഞ അനുഭവം ആയിരുന്നു. അഞ്ചു മിനിറ്റിനുള്ളിൽ 12,000 ശലഭങ്ങൾ വരെ താഴോട്ട് ഒഴുകുന്നതായി കുരുക്കുതോടിൽ ഈ ജനുവരി 1-ലെ കണക്കിൽ നിന്ന് വ്യക്തമായി. ജനുവരി 12-ന് ചാവച്ചിയിൽ അതിൽ കൂടുതലും കണ്ടു. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ട്, മൂന്ന് വരെ ഈ മൈഗ്രേഷൻ സഞ്ചാരം താഴോട്ടുള്ള ഒഴുക്ക് തുടരും. ഏറ്റവും കൂടുതലായി കാണുന്നത് നട്ടുച്ച സമയത്ത് തന്നെ. മേഘം മൂടിയാൽ സ്വിച്ചിട്ടപോലെ സഞ്ചാരം നിൽക്കും. പുഴയോട് ചേർന്ന് തീരങ്ങളിലെ തുറസുകളിലൂടെയാണ് സഞ്ചാരം. ചിലപ്പോൾ റോഡിനു മുകളിലൂടെയും കാണാം. പുഴയുടെ മുകളിലെ ഈർപ്പമാണ് ചൂടിലും ഈ സഞ്ചാരത്തെ സഹായിക്കുന്നത് എന്ന് തോന്നുന്നു. യാത്രക്കിടയിൽ ഇവർ സ്ഥിരമായി ചില പ്രത്യേക സ്ഥലങ്ങളിലെ മണൽത്തിട്ടുകളിൽ വന്നിറങ്ങി ‘മഡ് പെഡ്ലിങ്ങ്’ എന്ന ചെളി നുണയൽ നടത്തുന്നതും അത്ഭുത കാഴ്ചയാണ്.
കൂർഗ് മലനിരകളിൽ നിന്നാരംഭിച്ച് ആറളം വന്യജീവി സങ്കേതംവഴി വയനാട് മലനിരകളിലേക്കും പിന്നെ നിലമ്പൂർ കാടുകൾ, സൈലന്റ് വാലി വഴി നീലഗിരിക്കുന്നുകളിലേക്കുമാണ് ഈ ദേശാടനം എന്നായിരുന്നു ആദ്യകാലങ്ങളിൽ കരുതിയിരുന്നത്. പക്ഷേ, ഏറ്റവും പുതിയ അറിവുകൾ ഇതിനെ പിന്തുണയ്ക്കുന്നില്ല. ദേശാടന തുടർച്ചകൾ കാണാൻ കഴിഞ്ഞിട്ടില്ല. അതായത് ഇവ കുറേ താഴെ എത്തിയാൽ എങ്ങോട്ടെല്ലാമോ പോയി കാണാതാകുന്നു. ലക്ഷക്കണക്കിന് പൂമ്പാറ്റകൾ താഴോട്ട് പോകുന്നതല്ലാതെ തിരിച്ച് ഇവ മുകളിലേക്ക് പോകുന്നത് കാണുന്നില്ല. ഇവയൊക്കെയും ആയുസ്സൊടുങ്ങി എവിടെയാണ് ചത്തുവീഴുന്നതെന്നും മനസിലാക്കാനായിട്ടില്ല.
കാട്ടിലെ ഉയരം കൂടിയ ഇടങ്ങളിൽ നിന്ന് കാലാവസ്ഥയുടെ എന്തോ പ്രത്യേകതകൾകൊണ്ടോ എണ്ണക്കൂടുതൽ മൂലം അതിജീവന ആവശ്യംമൂലമോ ഇവ താഴോട്ട് കൂട്ടപ്പറക്കൽ നടത്തുന്നു എന്നത് മാത്രമാണ് ഇപ്പോഴുമുള്ള അറിവ്. ഏത് ഗൂഢ ഇടങ്ങളിൽ നിന്നാണ് എണ്ണിയാലൊടുങ്ങാത്തത്രയും ശലഭങ്ങൾ കാടിറങ്ങി വരുന്നതെന്നും മേൽക്കാടുകളിൽ നിന്ന് താഴോട്ടിറങ്ങുന്നവ എന്തേ തിരിച്ച് പറക്കാത്തതെന്നും ഓർത്ത് അന്തവും കുന്തവും കിട്ടാതെ നമ്മൾ അമ്പരന്നു നിൽക്കും. കോമൺ ആൽബട്രോസ് ശലഭങ്ങൾ പേരുപോലെ തന്നെ (Appias albina) വെള്ളക്കുള്ളന്മാരാണ്. ലക്ഷക്കണക്കിന് ശലഭങ്ങൾ കെട്ടഴിച്ച് വിട്ടതുപോലെ കാട്ടിൽ നിന്ന് ഒഴുകുന്നുണ്ടെങ്കിലും ഇവയുടെ ലാർവകളെ ശാസ്ത്രാന്വേഷകർക്ക് അത്ര എളുപ്പത്തിലൊന്നും നിരീക്ഷണത്തിന് ലഭിക്കാറില്ല. എങ്കിലും വളരെ പണിപ്പെട്ട് ഇവയുടെ ജീവചക്രം നിരീക്ഷിക്കപ്പെടുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അസ്ഥിമരം, ഏണിക്കമ്പൻ, കൊന്നമരം, കോണമരം. വെള്ളക്കാശാവ് എന്നൊക്കെ നാട്ടുപേരുള്ള ചൂട്ടമരമാണ് ഡ്രിപ്പെറ്റസ് വെനുസ്റ്റ ആണ് (Drypetes venusta) പ്രധാന ലാർവയുടെ ഭക്ഷണ സസ്യം.
ഇതിന്റെ ഉയരങ്കൊമ്പുകളിലാവാം ഇവ മുട്ടയിട്ട് കൂട്ടുന്നത്. അനുകൂല പരിസ്ഥിതിയാൽ ഇട്ടമുട്ടകളിലെ സിംഹഭാഗവും വിരിയുന്നതും ലാർവകളെ പിടിച്ച് തിന്നാൻ ഇരപിടിയന്മാർ കുറവുള്ളതും ഇവയ്ക്ക് തിന്നാൻ ആറളം കാട്ടിൽ ഇഷ്ടംപോലെ ചൂട്ടയിലകൾ ലഭ്യമായതുമാകാം ഇവയുടെ എണ്ണം ഇത്രയും കൂടുന്നത്. പക്ഷേ ശരിയ്ക്കും ഇവ ഉയർന്ന കാടുകളിൽ നിന്ന് പുഴയിറമ്പുകളിലൂടെ വരിയായി ഒഴുകിയറങ്ങുന്നത് എന്തിനാണെന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ചിലവർഷങ്ങളിൽ ഇവയുടെ പെരുപ്പംമൂലം ബ്രഹ്മഗിരി മലയുടെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് താഴോട്ട് ഒഴുകുന്നതാണോ എന്നും സംശയമുണ്ട്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ നാചുറൽ ഹിസ്റ്ററി സൊസൈറ്റി വനംവകുപ്പുമായി ചേർന്നാണ് 2000 മുതൽ
25 വർഷമായി കണ്ണൂർ ആറളം കാട്ടിലെ ശലഭ സെൻസസും സങ്കേതത്തിലെ ശലഭദേശാടന പഠനവും നടത്തുന്നത്. 266 ഇനം ശലഭങ്ങളെ ഇവിടെനിന്ന് കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും നിരവധി ശലഭ നിരീക്ഷകർ ഈ സർവേകളിൽ പങ്കെടുക്കുന്നുമുണ്ട്. ഇന്ത്യയിലെ തന്നെ പ്രശസ്തരായ പലരും ഇവിടെ വന്നിട്ടുണ്ട്. സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. ജാഫർ പാലോട്ട് കൂടാതെ, എസ്.ഇ.ഇ.കെ.യിലെ വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്, വി.കെ. ചന്ദ്രശേഖരൻ, ഡോ. സജി, പി.കെ ഗിരീഷ് മോഹൻ, ബാലകൃഷ്ണൻ വളപ്പിൽ തുടങ്ങിയ നിരവധി വിദഗ്ധർ നേതൃത്വം നൽകുന്നു. ശലഭങ്ങളുടെ പറുദീസയായ ആറളം വന്യജീവി സങ്കേതത്തിനെ ഒരു ബട്ടർഫ്ലൈ സാങ്ക്ച്വറിയായി പ്രഖാപിക്കണം എന്ന് ഈ വർഷം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഇനിയും ഒന്നു രണ്ട് മാസം ഈ അത്ഭുത കാഴ്ച കാണാൻ അവസരമുണ്ട്. കൂടുതലായി ചീങ്കണ്ണിപ്പുഴയോരത്തേയും ബാവലിയുടെ തീരങ്ങളിലേയും മണൽത്തിട്ടുകൾ അപ്രത്യക്ഷമാകുന്നത് പൂമ്പാറ്റകളുടെ മഡ് പെഡ്ലിങ്ങിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആറളത്തെ വളയംചാൽ, പൂക്കുണ്ട്, നരിക്കടവ്, കുരുക്കത്തോട്, കരിയങ്കാപ്പ്, ചാവച്ചി പരിപ്പ്തോട് എന്നിവിടങ്ങളിലൊക്കെ പതിനായിരക്കണക്കിന് ശലഭങ്ങൾ ചളിയൂറ്റുന്ന കാഴ്ചകണ്ട് സ്വപ്നമാണോ എന്ന് നമ്മൾ അമ്പരന്നുപോകും. കഴിഞ്ഞ വർഷങ്ങളിൽ സ്ഥിരമായി കാണാറുള്ള പെഡ്ലിങ്ങ് സൈറ്റുകളിൽ പലതും അപ്രത്യക്ഷമായിത്തുടങ്ങി. കാലാവസ്ഥയിലുണ്ടായ മാറ്റവും കുത്തിയമർന്നുള്ള മഴയും കുത്തൊഴുക്കും സങ്കേതത്തിന് പുറത്തു പുഴകളിലെ മണലൂറ്റൽ മൂലവും തീരങ്ങളിൽ തിട്ടുകൾ കുറഞ്ഞുവരുന്നുണ്ട്. സാത്വികരായ ഈ സാധു ജീവികളുടെ സന്തോഷങ്ങൾ തടയാതെ നോക്കാൻ കൂടി നമുക്ക് ഉത്തരവാദിത്വം ഉണ്ട്.
Content Highlights: Bandhukkal Mithrangal Column by Vijayakumar Blathur on Keralas Butterfly Migration
Published: 18 Jan 2025, 02:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented