കാശത്തു വെച്ചായിരുന്നു അമിത് ഷായുടെ പ്രവചനം.''ഒരു കാര്യം എനിക്ക് അറിയാം. അമേഠിയില്‍ ഇത്തവണ രാഹുല്‍ പരാജയപ്പെടും. തെക്ക്, വടക്ക് എന്നൊക്കെപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കണ്ട. അമേഠിയില്‍ രാഹുലിന്റെ പരാജയം ഉറപ്പാണ്.''-അമേഠിക്ക് പിന്നാലെ വയനാട്ടിലും രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാവുകയും രണ്ട് മണ്ഡലങ്ങളിലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുകയും ചെയ്ത 2019-ന്റെ മധ്യകാലമായിരുന്നു അത്. കര്‍ണാടകയിലെ ഹുബ്ബാളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിനുള്ളില്‍ ഈ ലേഖകനും അന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷനായ അമിത് ഷായും മുഖാമുഖം ഇരുന്ന സമയത്തായിരുന്നു ഈ പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഉഷ്ണം ഉഷ്ണമാപിനികളെപ്പോലും പൊള്ളിച്ചുകൊണ്ടിരുന്ന ദിവസങ്ങളിലൊന്നായിരുന്നു അത്.

To advertise here,

placeholder
''രാഹുല്‍ ഗാന്ധി ഇക്കുറി വയനാട്ടില്‍ സ്ഥാനാര്‍ഥിയായിരിക്കുന്നു. മോദി സര്‍ക്കാര്‍ ദക്ഷിണേന്ത്യയെ അവഗണിച്ചെന്നും വടക്ക്-തെക്ക് ബന്ധം ഊട്ടിയുറപ്പിക്കാനാണ് താന്‍ വയനാട് മത്സരിക്കുന്നതെന്നുമാണ് രാഹുലിന്റെ ന്യായീകരണം. ഇതെക്കുറിച്ച് എന്ത് പറയുന്നു ? ''-എന്ന ചോദ്യത്തിനായിരുന്നു പ്രവചന സ്വഭാവമുള്ള മറുപടി. രാഷ്ട്രീയം കൈവെള്ളയിലാക്കിയ പ്രായോഗിക രാഷ്ട്രീയക്കാരുടെ ശ്രേണിയില്‍ നടന്നു പരിചയിച്ച ഒരു നേതാവിന് ഫലം മുന്‍കൂട്ടി കാണുക അനായാസം എന്ന മട്ടായിരുന്നു അപ്പോള്‍ അമിത് ഷായ്ക്ക്.

അന്ന് കേന്ദ്ര മന്ത്രിയായിരുന്നില്ല അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ കാണാച്ചരടുകള്‍ കയ്യിലേന്തി വടക്കുനിന്ന് തെക്കുവരെ പറന്നു കൊണ്ടിരുന്ന ബി.ജെ.പി. രാഷ്ട്രീയത്തിന്റെ നവീന പരമാധികാരി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. അഭിമുഖത്തില്‍ ഷായുടെ കേന്ദ്രമന്ത്രി പദത്തെക്കുറിച്ചും ചോദ്യമുയര്‍ന്നു.

''താങ്കളും ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ്. എന്‍.ഡി.എ സര്‍ക്കാരുണ്ടാക്കിയാല്‍ മന്ത്രിയാകുമെന്നും മന്ത്രിസഭയില്‍ രണ്ടാമനാകുമെന്നുമാണ് ഡല്‍ഹിയിലെ സംസാരം? എത്രമാത്രം വാസ്തവമുണ്ട് ? '' എന്നായിരുന്നു ചോദ്യം.

''എനിക്ക് മന്ത്രിയാകണമെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. ഞാന്‍ ഇപ്പോള്‍ രാജ്യസഭാംഗമാണ്. മന്ത്രിയാകാന്‍  വേണ്ടിയല്ല ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഞാന്‍ അഞ്ചുവട്ടം ഗുജറാത്ത് നിയമസഭാംഗമായിരുന്നു. നേരത്തെ സംസ്ഥാന രാഷ്ട്രീയത്തിലായിരുന്നു. ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍. നിയമസഭാംഗമെന്ന നിലയിലുള്ള എന്റെ കാലാവധി പൂര്‍ത്തിയായ സമയത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയമായിരുന്നില്ല. അതിനാല്‍ രാജ്യസഭാംഗമായി. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമയമായി. അതിനാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു. അത്ര മാത്രം.''അമിത് ഷായുടെ വ്യക്തതയുള്ള മറുപടി.

ആകാശമാര്‍ഗ്ഗേ ചരിക്കുന്ന നേരത്ത്... 

1995-ല്‍ അന്നത്ത കേരള മുഖ്യമന്ത്രി എ.കെ.ആന്റണിയുമായുള്ള അഭിമുഖം തീവണ്ടിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അതായത് 2019 ഏപ്രില്‍ 20 ന് ആയിരുന്നു ആകാശത്തുവെച്ച് അമിത് ഷായുമായുള്ള അഭിമുഖം. ഉച്ചക്ക് ഒരു മണിയോടെ കര്‍ണാടകയിലെ ഹുബ്ബാളിയില്‍നിന്ന് പറന്നുയര്‍ന്ന ക്ലബ് വണ്‍ എയര്‍ ചാര്‍ട്ടേഡ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്നതുവരെ നീണ്ട അഭിമുഖം പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ആദ്യാനുഭവമായിരുന്നു. 

ഹുബ്ബാളിയിലേക്ക്

2019 ഏപ്രില്‍ 19. രാത്രി പത്തു മണിയോടെ മയൂര്‍വിഹാറിലെ വീട്ടിലെത്തിയതേയുള്ളു. ബി.ജെ.പിയുടെ മീഡിയാ സെല്ലില്‍ നിന്ന് വിളിയുമായി ഫോണ്‍ ശബ്ദിച്ചു. അടുത്ത ദിവസം രാവിലെ കര്‍ണാടകയിലെ ഹുബ്ബാളിയില്‍ എത്താന്‍ കഴിയുമോ ?. മാധ്യമ വിഭാഗത്തില്‍ ചിരപരിചിതനായ ഭാരവാഹിയുടെതാണ് ചോദ്യം. അവിടെ എത്തിയാല്‍ ഹുബ്ബാളിയില്‍നിന്ന് തിരുവനന്തപുരം വരെയുള്ള വിമാനയാത്രയില്‍ അമിത് ഷായുമായുള്ള അഭിമുഖം കിട്ടും.

അഭിമുഖത്തിനായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് വിളിയെത്തിയത്. ഉടന്‍ തന്നെ വിവരം അപ്പോള്‍ തന്നെ സ്ഥാപനത്തെ അറിയിച്ചു. യാത്രാനുമതി വാങ്ങുമ്പോഴും, ഇതുവരെ കാണാത്ത ഏതോ ഭൂഖണ്ഡത്തിലാണ് ഈ ഹുബ്ബാളിയെന്ന തോന്നലായിരുന്നു. ചെറിയ സമയത്തിനുള്ളില്‍ എങ്ങനെ അവിടെ എത്തിച്ചേരും?. എത്തിച്ചേരുക ദുഷ്‌കരമെന്ന് ലാപ്ടോപ് തുറന്ന് സൈറ്റുകളില്‍ പരതിയപ്പോള്‍ തന്നെ മനസ്സിലായി. കാരണം, ഹുബ്ബാളി എന്ന ഇടത്തരം നഗരത്തിലേക്ക് ഡല്‍ഹിയില്‍നിന്ന് നേരിട്ട് വിമാന സര്‍വീസില്ല. ബാംഗ്ലൂരില്‍ (ബെംഗളൂരു എന്നു നാവില്‍ ഇപ്പോഴും വരില്ല.) നിന്നാണ് ഹുബ്ബാളിയിലേക്ക് സര്‍വീസുള്ളത്. ബാംഗ്ലൂരില്‍നിന്ന് ഒരു മണിക്കൂര്‍ പിന്നെയും പറക്കണം, ഹുബാളിയിലെത്താന്‍. ബെംഗളൂരുവില്‍നിന്ന് റോഡ് മാര്‍ഗ്ഗം പോയാല്‍ സമയത്ത് എത്തിച്ചേരില്ല.

ഡല്‍ഹി-ബെംഗളൂരു, ബെംഗളൂരു-ഹുബ്ബാളി എന്നിങ്ങനെ യാത്രാമാര്‍ഗം കൃത്യമായാല്‍ മാത്രമേ രാവിലെ പത്തുമണിയോടെ ഹുബ്ബാളിയില്‍ എത്തിച്ചേരാന്‍ കഴിയൂ. ശ്രമിച്ചു നോക്കാമെന്ന ധാരണയില്‍ ട്രാവല്‍ ഏജന്‍സികളുടെ സൈറ്റുകളില്‍ പരതി. പുലര്‍ച്ചെ മൂന്നുമണിക്ക് ഡല്‍ഹി -ബെംഗളൂരു വിമാനമുണ്ട്. അത് അഞ്ചരയാകുമ്പോള്‍ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് ബാംഗ്ലൂരില്‍നിന്ന് രാവിലെ എട്ട് മണിക്കും പത്ത് മണിക്കും രണ്ട് വിമാനങ്ങള്‍ ഹുബ്ബാളിയിലേക്കുണ്ട്. ആ വിമാനങ്ങളില്‍ ടിക്കറ്റുകളും ലഭ്യമാണ്.പിന്നെ മടിച്ചില്ല. ഉടന്‍ തന്നെ ടിക്കറ്റുകള്‍ എടുത്തു. വിളിയെത്തിയ വഴിയിലൂടെ തിരികെ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞു:'' രാവിലെ ഹുബ്ബാളിയില്‍ എത്തും.''

മറുതലയ്ക്കല്‍ ബി.ജെ.പി. മീഡിയാ സെല്ലില്‍ നിന്നുള്ള  മറുപടി:''എങ്കില്‍, എത്രയും വേഗം പുറപ്പെട്ടോളൂ, ഹുബ്ബാളിയില്‍ എത്തിയ ശേഷമുള്ള  കാര്യങ്ങള്‍ റെഡിയാക്കാം.''                            

എതായാലും ഡല്‍ഹി-ബെംഗളൂരു വിമാനം കൃത്യമായി കൃത്യം നിര്‍വഹിച്ചു. ഏപ്രില്‍ 20-ന് കൃത്യസമയത്ത് ബെംഗളൂരുവിലെത്തി. അവിടെനിന്ന് ഹുബ്ബാളിയിലേക്കുള്ള ചെറുവിമാനവും കൃത്യവിലോപം കാട്ടിയില്ല. രാവിലെ ഒന്‍പതു മണിയോടെ, നേരിയ തണുപ്പുടുത്ത ചൂട് പടര്‍ന്നു കിടക്കുന്ന ഹുബ്ബാളി വിമാനത്താവളത്തില്‍ എത്തി. അവിടെനിന്ന് അക്ഷയ്പാര്‍ക്കിലെത്തി താമസസ്ഥലം കണ്ടെത്തി ഫ്രഷ് ആയ ശേഷം വീണ്ടും തിരികെ വിമാനത്താവളത്തിലേക്ക്. വിമാനത്താവളത്തിന്റെ പുറപ്പെടല്‍ കവാടത്തിലെത്തുമ്പോള്‍ പോലീസും സന്നാഹവും വരാനിരിക്കുന്ന ഒരു വി.ഐ.പിയെ കാത്ത് നില്‍ക്കുന്നു. പരിസരത്ത് കുറച്ച് ബി.ജെ.പി പ്രവര്‍ത്തകരുമുണ്ട്. അതിലൊരാളോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്, ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍  അമിത് ഷാ അതുവഴി വരും. തലേ ദിവസം തന്നെ അദ്ദേഹം ഹുബ്ബാളിയിലുണ്ട്. താമസസ്ഥലത്തുനിന്ന് ഉടന്‍ വിമാനത്താവളത്തിലെത്തും. എന്നിട്ട്  ശിവമോഗ (പഴയ ഷിമോഗ )യിലേക്ക് ഹെലികോപ്റ്ററില്‍ പോകും, അവിടെ റോഡ് ഷോയുണ്ട്. അവിടെനിന്ന് മടങ്ങിയെത്തിയ ശേഷമാണ് തിരുവനന്തപുരത്തേക്കുള്ള യാത്രയെന്ന് സംഘാടകരിലൊരാള്‍ ഫോണില്‍ വിളിച്ചറിയിച്ചു. അല്‍പ നിമിഷങ്ങള്‍ക്കുള്ളില്‍ അമിത് ഷായുമായി വാഹനമെത്തി. വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്ന കുറച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. അവര്‍ക്ക് നേരെ കൈവീശി കാണിച്ച ശേഷം അമിത് ഷാ വിമാനത്താവളത്തിലേക്ക് കടന്നു.

കാത്തിരിപ്പിന്റെ മണിക്കൂറുകള്‍

ഹുബ്ബാളിയില്‍ എത്തിയാല്‍ വിളിക്കേണ്ട നമ്പറില്‍ വിളിച്ച്, സ്ഥലത്തെത്തിയ കാര്യം അറിയിക്കാമെന്ന് കരുതി ശ്രമിച്ചു. എന്നാല്‍ ഫോണ്‍ കിട്ടുന്നില്ല. റേഞ്ച് പ്രശ്നം. ഈ മൊബൈല്‍ നമ്പറല്ലാതെ മറ്റൊരു മാര്‍ഗവും കൈവശമില്ല. വാട്സാപ്പിലൂടെയും എസ്.എം.എസായും അതേ നമ്പറിലേക്ക് വിവരങ്ങള്‍ വിശദീകരിച്ച് സന്ദേശം അയച്ചു നോക്കി. അല്‍പം കഴിഞ്ഞപ്പോള്‍ മറുപടി സന്ദേശമെത്തി. വിമാനത്താവളത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍ സന്ദേശത്തിലുണ്ടായിരുന്നു. ആ നമ്പറില്‍ വിളിച്ചു. മറുപടി എത്തി. വിളിച്ചപ്പോള്‍,നില്‍ക്കുന്ന ഗേറ്റിനടുത്ത് തന്നെ നിന്നോളൂ. ബോര്‍ഡിങ് പാസുമായി ആളെത്തുമെന്ന് മറുപടി. മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍, അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി സഞ്ചരിക്കുന്ന ചാര്‍ട്ടേഡ് വിമാനത്തിന്റെ കമ്പനിയുടെ ഒരു പ്രതിനിധി പുറത്തു വന്നു. ബോര്‍ഡിങ് പാസുമായി എന്നെ അകത്തേക്ക് കൊണ്ടു പോയി. വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് മുറിയില്‍ ഇരുത്തി. അപ്പോഴേക്ക് കാത്തിരിപ്പ് മുറിയിലെ ടെലിവിഷനുകളില്‍ ശിവമോഗയില്‍ അമിത് ഷാ നടത്തുന്ന റാലിയുടെ തല്‍സമയ ദൃശ്യങ്ങള്‍ നിറഞ്ഞു തുടങ്ങിയിരുന്നു.

ഉച്ചക്ക് 12.45 നായിരുന്നു ഹുബ്ബാളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക വിമാനത്തില്‍ അമിത് ഷായുടെ യാത്ര നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ശേഷം അവിടെ നിന്ന് തന്നെ ഹെലികോപ്ടറില്‍ പത്തനംതിട്ടയിലും ആലപ്പുഴയിലും പോയി റോഡ്ഷോകളില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് കൊച്ചിയില്‍ എത്തും. അവിടെ നിന്ന് അഹമ്മദാബാദിലേക്ക്. ഇതായിരുന്നു ആ ദിവസത്തെ ഷായുടെ യാത്രാ പദ്ധതി. ശിവമോഗയിലെ റാലി അല്‍പം നീണ്ടു പോയതിനാല്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര അല്‍പം വൈകുമെന്ന് വിമാനക്കമ്പനി ഉദ്യോഗസ്ഥന്‍ എന്നെ അറിയിച്ചു. 1.30 ആകും. 

1.20 ആയപ്പോള്‍ ഷായുടെ യാത്രക്കുള്ള പ്രത്യേക വിമാനത്തിനുള്ളിലേക്ക് വിമാനക്കമ്പനി ഉദ്യോഗസ്ഥര്‍ നയിച്ചു. പത്ത് മിനുട്ട് വിമാനത്തിനുള്ളില്‍ കാത്തിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍, അമിത് ഷായുടെ ഹെലികോപ്ടര്‍ ശിവമോഗയില്‍നിന്ന് പറന്നിറങ്ങുന്ന ദൃശ്യം ജാലകത്തിലൂടെ കണ്ടു. ഹെലികോപ്ടറില്‍ നിന്നിറങ്ങി ഷാ വിമാനത്തിനുള്ളിലെത്തി. നോക്കി ചിരിച്ച ശേഷം അകത്തു പോയി മുഖം കഴുകി തിരികെ ഇരിപ്പിടത്തിലേക്ക്. വിമാനം പറന്നു പൊങ്ങിയ ശേഷം നമുക്ക് സംസാരിക്കാം-അമിത് ഷാ എന്നോട് പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി നല്‍കിയ ഫോണുകളിലൂടെ മാറി മാറി വിവിധ സംസ്ഥാനങ്ങളിലെ വിവിധ നേതാക്കള്‍ക്ക് അമിത് ഷായുടെ നിര്‍ദേശങ്ങള്‍ പായുന്നു.ഫോണ്‍ വിളികള്‍ അവസാനിച്ചപ്പോള്‍ വിമാനം പതുക്കെ പറന്നുയര്‍ന്നു. ഞാന്‍ വോയ്സ് റെക്കോര്‍ഡര്‍ പുറത്തെടുത്തു. 

ആകാശ അഭിമുഖത്തിന്റെ മണിക്കൂര്‍

വിപുലമായ വിഭവങ്ങളില്ലാത്ത ഉച്ചഭക്ഷണം കഴിച്ചുകൊണ്ടു തന്നെ അമിത് ഷാ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു തുടങ്ങി. ചോദ്യങ്ങള്‍ക്ക് അളന്നു തൂക്കിയുള്ള മറുപടികള്‍. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം. വിവാദങ്ങളില്‍ തൊടാതെ സമര്‍ഥമായുള്ള പ്രതികരണങ്ങള്‍. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തെ അഭിമുഖമായതിനാല്‍ ശബരിമലയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശ്രദ്ധാപൂര്‍വമുള്ള മറുപടികള്‍. കേരളത്തില്‍ ആരാണ് ബിജെപിയുടെ പ്രധാനശത്രു? കോണ്‍ഗ്രസാണോ സി.പി.എമ്മാണോ ?, ശബരിമല കേരളത്തില്‍ തിരഞ്ഞെടുപ്പ്  വിഷയമാണോ? കേരളത്തില്‍  ബി.ജെ.പിക്ക് എത്ര സീറ്റുകള്‍ കിട്ടും ? ഇങ്ങനെ എല്ലാ ചോദ്യങ്ങള്‍ക്കും അളന്നുമുറിച്ചുള്ള മറുപടികള്‍

placeholder
അമിത് ഷായ്‌ക്കൊപ്പം ലേഖകന്‍ അഭിമുഖവേളയില്‍

അഭിമുഖം മുറുകുന്നതിനിടയില്‍, ഒപ്പമുള്ള സെക്രട്ടറിയോട്, കേരളത്തിന് എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്ത സഹായങ്ങളും നേരത്തെ യു.പി.എ സര്‍ക്കാര്‍ നല്‍കിയ സഹായങ്ങളും താരതമ്യം ചെയ്ത് തയ്യാറാക്കിയ രേഖയുടെ പകര്‍പ്പ് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. മറ്റ് മണ്ഡലങ്ങളിലെ പ്രചരണത്തിരക്കുകള്‍ മൂലം തന്റെ മണ്ഡലമായ ഗാന്ധി നഗറില്‍ കാര്യമായി പോകാന്‍ കഴിഞ്ഞില്ലെന്നും അടുത്ത ദിവസം അവിടെ റോഡ് ഷോകളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2.40-ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി. വിമാനം നിലം തൊടുമ്പോഴേക്ക് സെക്രട്ടറി വീണ്ടും ഫോണ്‍ അമിത് ഷായ്ക്ക് നീട്ടി. വീണ്ടും വിളികള്‍, മറുപടികള്‍. യാത്ര പറഞ്ഞ് ഞാന്‍ വിമാനത്തില്‍ നിന്നിറങ്ങി. അവിടെ അപ്പോള്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശും ജില്ലാ പ്രസിഡണ്ട് സുരേഷും അമിത് ഷായെ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നു. തെല്ല് കഴിഞ്ഞപ്പോള്‍, അമിത് ഷായെയും വഹിച്ചു കൊണ്ടുള്ള ഹെലികോപ്ടര്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. ഏപ്രില്‍ 21 ന് മാതൃഭൂമി പത്രത്തിന്റെ എഡിറ്റ് പേജില്‍ അഭിമുഖം വിശദമായി പ്രസിദ്ധീകരിച്ചു.