ചുരാചന്ദ്‌പുർ ഭാഗത്ത് ചെക്‌പോസ്റ്റിലുള്ളവരിൽ മലയാളികളുണ്ടെന്നറിഞ്ഞു അവരുടെ കമാൻഡന്റിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞതനുസരിച്ച്. തിരുവനന്തപുരത്തുകാരനായ വിൻസെന്റും അമ്പലപ്പുഴക്കാരനായ ജയേഷും വാഹനത്തിൽ വന്നു. അവർക്കൊപ്പം ചെക്‌പോസ്റ്റിലേക്ക്. അവിടെ ചെന്നപ്പോൾ ക്യാമ്പിലെ മുതിർന്നയാൾ കൊട്ടാരക്കര സ്വദേശി ശിവനെയും കണ്ടു. താമസിക്കാൻ വീടൊക്കെ ഇവിടെ എവിടുന്നുകിട്ടിയെന്ന് ചോദിച്ചപ്പോൾ, ശിവൻ ചിരിക്കുന്നു. ആളുകൾ ജീവനുംകൊണ്ട് ഓടുമ്പോൾ വീടുകൾ കൊണ്ടുപോകാൻ പറ്റുമോ. ഞങ്ങൾ ഈ താമസിക്കുന്നതടക്കം ഇവിടെ അടുത്തുള്ള വീടുകളൊക്കെ ആളുകൾ ഉപേക്ഷിച്ചു രക്ഷപ്പെട്ടതാണ്. പുറത്ത് ടിൻഷീറ്റുകൾകൊണ്ടു മതിൽകെട്ടിയത് ചൂണ്ടിക്കാട്ടി അവർ പറഞ്ഞു: കത്തിച്ച വീടുകളുടേതെടുത്ത് ഞങ്ങൾ താത്‌കാലികമായി ഉണ്ടാക്കിയതാണ്.

To advertise here,

അവിടെനിന്നിറങ്ങി തിരികെ ലോക് തക് ലേക്കിലേക്ക് വന്നു. അവിടെയും ഒന്നും പന്തിയല്ല. ആളും ആരവവുമൊഴിഞ്ഞ തടാകക്കരയിലെ ഭക്ഷണശാലയിൽ കുറച്ചുപേർ മാത്രം. പിന്നീടാണ് മെയ്ത്തികൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോയത്. അവരുടെ കഥകൾ കേട്ടു. എല്ലാവർക്കും പറയാനുള്ളത് ഒന്നുതന്നെ -കൊള്ളയുടെയും കൊള്ളിവെപ്പിന്റെയും കഥ. നേരേ മൊയ്‌റാങ്ങിലേക്ക്. അവിടെ ഐ.എൻ.എ.യുടെ തലസ്ഥാനമായി പ്രവർത്തിച്ച വീടും സുഭാഷ്ചന്ദ്ര ബോസ് മ്യൂസിയവുമെല്ലാം കാണാം. മുഖംമിനുക്കിക്കൊണ്ടിരിക്കുകയാണ്. ഒരു രാജ്യത്തെ വീണ്ടെടുക്കാൻനടത്തിയ പോരാട്ടത്തിന്റെ കഥപറയുന്ന ആ കെട്ടിടത്തിൽനിന്നുകൊണ്ട് രാജ്യാഭിമാനംകൊള്ളാൻ ഇപ്പോൾ അവിടേക്ക് അധികമാളുകൾ എത്തുന്നില്ല. പരസ്പരം കൊന്നുവീഴ്ത്തുന്ന മണ്ണിൽനിന്നുകൊണ്ട് ആര് ആരെയാണ് ഇന്ത്യക്കാരനല്ല എന്നു വിളിക്കുന്നത്.
രാത്രിയിൽ എത്തിയത് റിട്ട. ലഫ്റ്റനന്റ് ജനറൽ നിഷികാന്ത് സിങ്ങിന്റെ വീട്ടിൽ. കരസേനയിൽ ഇന്റലിജൻസ് വിഭാഗത്തിൽനിന്ന് വിരമിച്ച അദ്ദേഹം പറയുന്നു: പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടത്. അത് അമിത് ഷായും നരേന്ദ്രമോദിയും കാണിച്ചില്ല. അക്രമത്തിനിരയായവർ എന്റെ വീടിനുമുന്നിൽവന്ന് രക്ഷിക്കണേ എന്നു യാചിച്ചപ്പോൾ ഞാൻ കേന്ദ്രസേനയെ വിളിച്ചിരുന്നു. അവർ പറഞ്ഞത് സംസ്ഥാനസർക്കാർ അവർക്ക് ഇതുവരെയും കമ്യൂണിക്കേഷൻ കൊടുത്തില്ല എന്നാണ്. വടക്കുകിഴക്കൻ മേഖലയുടെ ബി.ജെ.പി. ചുമതലവഹിക്കുന്ന സംബിത് പത്രയെ വിളിച്ചപ്പോൾ അദ്ദേഹം ഉരുണ്ടുകളിക്കുകയായിരുന്നു. ബിരേൻ സിങ് എന്തുകൊണ്ട് ഇടപെട്ടില്ല എന്നത് ഇന്നും ദുരൂഹമാണ് -അദ്ദേഹം പറയുന്നു.

രാത്രി അധികംവൈകുംമുമ്പേ തന്നെക്കാണാൻ മെയ്ത്തിയുവാക്കൾ വന്നു. കുക്കികൾ തലങ്ങും വിലങ്ങും വെടിവെക്കുകയാണ്, നേരിടാൻ തോക്കുകൾ വേണം. നാലഞ്ച് എ.കെ. 47 തോക്കുകൾ ലഭ്യമാക്കിക്കൊടുക്കണമെന്നായിരുന്നു ആവശ്യം. ഞാൻ ഒരു നാഷണലിസ്റ്റ് ആണ്. എന്റെ ജനങ്ങളെ വെടിവെക്കാൻ ഞാൻ തോക്കുകൾ നൽകില്ല. നമ്മുടെ കൂട്ടത്തിൽ ആർക്കെങ്കിലും പരിക്കുണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് ചികിത്സയ്ക്കു ഞാൻ പണം തരാം. ജനറൽ നിലപാട് പറഞ്ഞതോടെ സംഘം മടങ്ങി. അദ്ദേഹത്തോടു സംസാരിച്ച് അന്നത്തെ യാത്ര അവസാനിപ്പിച്ച് ഞാൻ എ.ആർ. ക്യാമ്പിലേക്കും മടങ്ങി.
പിറ്റേന്നു അതിരാവിലെ നഗമപാലിലെത്തി. അവിടെ കാത്തുനിൽക്കുകയാണ് ജ്യോതി (ശരിയായ പേരല്ല). അദ്ദേഹത്തിന്റെകൂടെ കുക്കിമേഖലയിലേക്കാണ് പോകുന്നത്. കർണാടകക്കാരനായ അദ്ദേഹത്തിനു കുക്കിമേഖലയിലേക്ക് പ്രവേശിക്കാം. നേരേ പോന്നത് കാങ്‌പോക്പിയിലേക്ക്. അവിടെ തൊഹ്‌ലാൽ ഹാവോക്കിപ്പിന്റെ വീട്ടിലേക്ക്. വീട് എന്നു പറയാനാകില്ല. മണിപ്പുർ-നാഗാലാൻഡ് ദേശീയപാതയ്ക്കരികിൽ മലയുടെ ചെരിവിലേക്ക് ഇറക്കിവെച്ച അമ്മാവന്റെ വീടിനുപിന്നിൽ ഒന്നരണ്ടു ഷീറ്റുകൾകൂടി അടിച്ച് ഒരു മുറിയുണ്ടാക്കി. അതാണ് അടുക്കളയും കിടപ്പുമുറിയും നായകിടക്കുന്ന സ്ഥലവും എല്ലാം. മൂന്നുമക്കളും തൊഹ്‌ലാലും ഭാര്യയുമാണ് അവിടെ താമസിക്കുന്നത്.

തൊഹ്‌ലാൽ പറഞ്ഞുതുടങ്ങി. ഇംഫാലിലായിരുന്നു തൊഹ്‌ലാലും കുടുംബവും താമസിച്ചിരുന്നത്. അവിടെ സന്ധ്യവരെയും കുഴപ്പമില്ലായിരുന്നു. രാത്രി ഒരുമണിയോടെ ആരവവും ബഹളവും കേട്ടുണർന്നു. എല്ലാ കുക്കികളും ഇറങ്ങിവാ, ഒന്നിനെയും വെച്ചേക്കില്ല എന്നലറിയാണ് അവർ വരുന്നത്. അവർ എത്തിയതോടെ തൊട്ടടുത്തുള്ള മെയ്ത്തികൾ ഇവരെ വീട്ടിനുള്ളിൽ കേറ്റി ഒളിപ്പിച്ചു. ബഹളം ശമിച്ചപ്പോൾ കലാപകാരികൾ വേറെ വഴിക്കുപോയെന്നു കരുതി ആശ്വസിച്ചു. രാത്രിവെച്ച ഭക്ഷണം കഴിക്കാതെയാണ് അയൽവീട്ടിൽ ഒളിച്ചത്. വീട്ടിലെത്തി ഭക്ഷണം എടുത്ത് അപ്പുറത്തെ വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോൾ വീണ്ടും പുറത്തുബഹളം. ഈ കുറഞ്ഞസമയംകൊണ്ട് സർട്ടിഫിക്കറ്റുകളും ആധാരവും മറ്റുമൊക്കെ ഒരു പ്ലാസ്റ്റിക് കവറിലാക്കി കക്കൂസിൽ ക്ലോസറ്റിൽവെച്ചു.

അവിടെനിന്ന് പിന്നിലെ വാതിൽകടന്ന് അപ്പുറത്തെ മതിൽചാടിക്കടന്ന് അകത്തുകയറിയപ്പോഴേക്കും വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ചുതുടങ്ങി. വാഹനങ്ങളും വീട്ടിലെ സാധനങ്ങളും എല്ലാം തകർത്തു. ഭക്ഷണം വെച്ചിരിക്കുന്നതു കണ്ടപ്പോൾ വീട്ടുകാർ അടുത്തെവിടെയോ ഉണ്ടെന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവർ പരതാൻ തുടങ്ങി. കാണാഞ്ഞതോടെ അടുത്ത കുക്കിയുടെ വീടുതേടിപ്പോയി. നേരംപുലരാൻ കാത്തുനിന്നാൽ റോഡിൽ തലയറ്റുവീഴുമെന്നറിയാവുന്നതിനാൽ അതിനുമുന്നേ അവിടെനിന്ന് കേന്ദ്രസേനയുടെ ക്യാമ്പിലേക്ക് ഓടി. അവിടെനിന്ന് ഏറെ കഷ്ടപ്പെട്ട് ഇവിടെ എത്തിപ്പെടുകയായിരുന്നു.

ഇതിനിടയിൽ മകൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് വിളിച്ചു. ഒപ്പം താമസിച്ചിരുന്ന മെയ്ത്തി പെൺകുട്ടികൾ പറഞ്ഞു, ഞങ്ങൾ നോക്കിക്കൊള്ളാമെന്ന്. രാത്രിയിൽ അവിടെയും കലാപകാരികൾ ചെന്നു. ആ സമയം ഹോസ്റ്റലിനുള്ളിൽ പണിതുകൊണ്ടിരിക്കുന്ന ബാത്ത്‌റൂമിന്റെ തറയ്ക്കുള്ളിൽ ഒളിപ്പിച്ച് അതിനുമുകളിൽ തുണികളും വെയ്‌സ്റ്റ് പാത്രങ്ങളും വെച്ചാണ് മെയ്ത്തി പെൺകുട്ടികൾ അവളെ കലാപകാരികളിൽനിന്ന് രക്ഷിച്ചത്. കലാപകാരികൾ മടങ്ങിപ്പോയതിനുപിന്നാലെ ഒരു പെൺകുട്ടി അവൾക്കു പരിചയമുണ്ടായിരുന്ന ഒരു നാഗ വിഭാഗക്കാരനായ ഡ്രൈവറെ വിളിച്ച് മകളെ കാറിനുള്ളിൽ പാത്തുവെച്ച് വീട്ടിലെത്തിക്കുകയായിരുന്നു.

സ്വന്തം ഗ്രാമമായ ലങ്കോളിൽ ഭാര്യയുടെ പേരിൽ 30 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് നിർമിച്ച വീടും പിറ്റേന്ന് തകർക്കപ്പെട്ടു. സംസ്ഥാനസാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന ഭാര്യക്ക്‌ ഇപ്പോൾ ഇംഫാലിൽ ജോലിക്കുപോകാനാകില്ല. അവിടെനിന്ന് ഇവർ താമസിക്കുന്ന മേഖലയിലേക്ക് താത്‌കാലിക വ്യവസ്ഥയിൽ മാറ്റിയിട്ടുണ്ടെങ്കിലും ശമ്പളം രണ്ടും മൂന്നും മാസം മുടങ്ങുന്നുണ്ട്.

ലങ്കോളിൽ തൊഹ്‌ലാലിന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേർ മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവിടേക്ക് പോകുന്ന വഴിയിലായിരുന്നു അമ്മയുടെ അമ്മാവന്റെ വീട്. അവിടെ അദ്ദേഹം തനിച്ചായിരുന്നു താമസം. എല്ലാവരും ഓടിരക്ഷപ്പെടാൻനേരം ഇദ്ദേഹത്തെ നിർബന്ധിച്ചെങ്കിലും വന്നില്ല. അന്നു രാത്രി ആ വീടിനു തീയിട്ടപ്പോൾ അതിൽ അദ്ദേഹം കൊല്ലപ്പെട്ടു. ഇംഫാലിലെ വീട്ടിൽ വളർത്തിയിരുന്ന പട്ടിയെ ഇപ്പോഴത്തെ വീട്ടിൽ എത്തിക്കാൻ മക്കൾ ബഹളമുണ്ടാക്കി. ഒടുവിൽ ഒരു മുസ്‌ലിം ഡ്രൈവർക്ക് 5000 രൂപകൊടുത്താണ് അതിനെ എത്തിച്ചതെന്നും തൊഹ്‌ലാൽ പറഞ്ഞു. മൈസൂരിലെ ഭാരതീയ വിദ്യാനികേതന്റെ സ്‌കൂളിൽ പഠിച്ച, ഹിന്ദിയും മറാത്തിയും സംസാരിക്കുന്ന തൊഹ്‌ലാൽ ചോദിക്കുന്നു: ‘‘ഞങ്ങൾ എന്താ സാർ, ഇന്ത്യൻ അല്ലേ?’’

അവിടെനിന്ന് കുക്കികളുടെ ദുരിതാശ്വാസക്യാമ്പിലേക്ക്. അവിടെ 55 കുടുംബങ്ങളിലെ 190 പേർ താമസിക്കുന്നു. സ്‌കൂളിൽ പോയിരിക്കുകയായിരുന്ന കുട്ടികൾ തിരിച്ചെത്താൻ തുടങ്ങിയിരിക്കുന്നു. കേരളത്തിൽനിന്നാണെന്നു പറഞ്ഞപ്പോൾ പുരുഷന്മാരും സ്ത്രീകളും ഓടിയെത്തി കൈതന്നു. അവരിൽ പലരും കേരളത്തിൽ പലസമയങ്ങളിൽ വന്നിട്ടുള്ളവരാണ്. ചിലർ കേരളത്തിൽ പഠിച്ചവരാണ്. എനിക്കൊപ്പമുണ്ടായിരുന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകൻകൂടിയായ ജ്യോതി ഒരുചാക്ക് അരിവാങ്ങാനുള്ള പണം അവർക്ക് കൈമാറി. സന്തോഷത്തോടെ പിരിയുന്നതിനുമുമ്പായി കുട്ടികൾക്കൊപ്പം ഒരു ഫോട്ടോയെടുക്കാൻ അവരുടെ ആവശ്യത്തിനും വഴങ്ങി.  

             (തുടരും)