
കളക്ടര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി തുടങ്ങി ഉന്നതപദവികള്‍ വഹിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എ.ഷാജഹാന്‍ തദ്ദേശസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാണ്. ബംഗാള്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, നാഗാലാന്‍ഡ് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ 19 തവണ പൊതുനീരീക്ഷകനായിരുന്ന അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു നിയമസഭാ മണ്ഡലം മുഴുവന്‍ ഡല്‍ഹിയിലെ ഗുണ്ടാ നേതാവിന്റെ കീഴില്‍. അയാളുടെ നാലാം മത്സരത്തിന് പ്രചാരണം തോക്കുധാരികളായ നാലഞ്ചുപേരെ കൂട്ടിയാണ്. നിരവധി കൊലക്കേസുകളിലെ പ്രതി. ജീവനുഭീഷണിയുണ്ടെന്നു പറഞ്ഞ് ഹൈക്കോടതിവഴിയാണ് തോക്കുധാരികളുടെ സംരക്ഷണം നേടിയത്. സ്വന്തം നിലയ്ക്ക് എസ്‌കോര്‍ട്ട് വേറേയും. ആദ്യവോട്ട് അയാളുടേതായിരിക്കും. പിന്നീടേ മറ്റാര്‍ക്കും അവസരമുളളൂ. അഞ്ചുബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ തുറക്കാന്‍പോലും ഗുണ്ടാനേതാവിന്റെ അനുമതി വേണമായിരുന്നു. നിരീക്ഷക ജോലിക്കിടെ ഇങ്ങനെ പലകഥകള്‍; പറയാവുന്നതും പറയാനാവാത്തതും.
ഛത്തീസ്ഗഡിലെ സുഖ്മ. വി.സി.ശുക്ലയും 27 പേരും നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ഥലം. റായ്പൂരില്‍നിന്ന് ഇവിടേയ്ക്ക് അപകടഭീതിയില്‍ ഏഴുമണിക്കൂര്‍ റോഡുയാത്ര. വനമേഖലയാണ്. ഗ്രാമീണരുമായി സംസാരിക്കവെ കളക്ടര്‍ അലക്സ് പോൾ മേനോനെ നക്സലൈറ്റുകള്‍ ഒരിക്കല്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഒരാഴ്ച കഴിഞ്ഞ് മോചിതനായ അദ്ദേഹമായിരുന്നു അവിടെ അഡീഷണല്‍ സി.ഇ.ഒ. ഛത്തീസ്ഗഡിലെ റായ്പൂരില്‍നിന്ന് സൈന്യത്തിന്റെ കോപ്ടറിലായിരുന്നു സുഖ്മയിലേയ്ക്ക് നിരീക്ഷകനായുള്ള യാത്ര. അവിടെ കേട്ടൊരു കഥയുണ്ട്-വര്‍ഷം 360 ദിവസം ജനങ്ങള്‍ക്കും അഞ്ചുദിവസം നക്സലൈറ്റുകള്‍ക്കുമാണത്രേ. പക്ഷേ അഞ്ചുദിവസം ഏതാണെന്നറിയാനാവില്ല. ഏതുദിവസവും തട്ടിക്കൊണ്ടുപോകാം, വെടിവെയ്പുണ്ടാകാം. ജീവന്‍ മുള്‍മുനയില്‍. മലയാളിയും സഹായിയുമായ ഡി.എഫ്.ഒ. പറഞ്ഞു-'യൂണിഫോം ധരിച്ചവര്‍ നക്സലുകളുടെ ശത്രുക്കളാണ്. സൈന്യത്തോടാണ് എതിര്‍പ്പ് കൂടുതല്‍.' ആന്ധ്രയില്‍നിന്നു തുരത്തപ്പെട്ട നക്സലൈറ്റുകള്‍ തമ്പടിച്ച ഇവിടെ വലിയ സുരക്ഷയില്ലാതെ പുറത്തിറങ്ങാനാവുമായിരുന്നില്ല. മുമ്പൊരിക്കല്‍ തിരഞ്ഞടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ധിക്കരിച്ചവരുടെ വിരല്‍ മുറിച്ചുകളഞ്ഞതും ഇവിടെത്തന്നെ. മഷിയടയാളം നോക്കിയായിരുന്നു വിരല്‍മുറിക്കല്‍.
'റോഡില്‍ മൈന്‍ പാകിയിട്ടുള്ളതിനാല്‍ ഉദ്യോഗസ്ഥരെ ആകാശമാര്‍ഗമാണ് ചില ബൂത്തുകളില്‍ എത്തിച്ചിരുന്നത്. 30 ബൂത്തുകളില്‍ പോളിങ് ശതമാനം പൂജ്യമായിരുന്നു. ഞാനെത്തിയ വര്‍ഷം നാഗര്‍കോവിലുകാരനായ ജോസഫ് എന്ന സി.ഐ.എസ്.എഫുകാരനുള്‍പ്പെടെ രണ്ടുപേര്‍ വെടിയേറ്റു മരിച്ചു. സിനിമയില്‍ കണ്ടിട്ടുളളതുപോലെയാണ് നടക്കുന്നതെല്ലാം'-ഷാജഹാന്‍ പറഞ്ഞു. പോളിങ് ഏജന്റുമാരെ ബൂത്തിന് പുറത്തിരുത്തുന്നതും കണ്ടു. അതിനൊക്കെ മാറ്റമുണ്ടാക്കി.
പോളിങ് ദിവസം നാഗാലാന്‍ഡ് അതിര്‍ത്തിയിലെ ബൂത്തില്‍ അസമില്‍നിന്നെത്തിയ എസ്.പിയും കളക്ടറും വോട്ടെടുപ്പ് തടഞ്ഞു. ബൂത്തുനില്‍ക്കുന്ന സ്ഥലം തര്‍ക്കഭൂമിയാണെന്നും സുപ്രീംകോടതിയില്‍ കേസുണ്ടെന്നുമാണ് കമ്മിഷന് കീഴിലെ ഉദ്യോഗസ്ഥര്‍ കൂടിയായ അവരുടെ വാദം. മറ്റൊരു ദിവസത്തേയ്ക്ക് വോട്ടെടുപ്പ് മാറ്റി. പെട്രോളിയം വകുപ്പില്‍ സെക്രട്ടറിയും പരിചയക്കാരനുമായിരുന്ന ആര്‍.എസ്.പാണ്ഡേയും യു.പിയില്‍ മായാവതിയുടെയും മുലായത്തിന്റെയും സെക്രട്ടറിയായിരുന്ന പി.എല്‍.പുനിയയും ചീഫ് സെക്രട്ടറിമാരായി വിരമിച്ചശേഷം മത്സരിച്ചു. വിവിധ ആവശ്യങ്ങള്‍ക്ക് ജൂനിയറായ തന്നെ സ്ഥാനാര്‍ഥികളായ അവര്‍ സമീപിക്കുമായിരുന്നു.
ബൂത്തില്‍ ഉപയോഗിക്കേണ്ട വിവിധ ഫോമുകള്‍ പ്രത്യേകമായാണ് അക്കാലത്ത് നല്‍കിയിരുന്നത്. ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തിലിരുന്ന് ഓരോന്നും പരിശോധിക്കണം, കിട്ടിയില്ലെങ്കില്‍ വീണ്ടും കാത്തിരിക്കണം. ഇവയെല്ലാംകൂടി ഒന്നോ രണ്ടോ ബുക്ക് ഫോമിലാക്കി വോട്ടിങ് യന്ത്രങ്ങള്‍ക്കൊപ്പം നല്‍കണമെന്ന് കേന്ദ്രകമ്മിഷന് ശുപാര്‍ശ നല്‍കി-2006ല്‍. അത് നടപ്പായി.
ഉത്തര്‍പ്രദേശില്‍ മോക്പോളിനിടെ കേടായ വോട്ടിങ് യന്ത്രവും പോളിങ്ങിന് ഉപയോഗിച്ച യന്ത്രവും സ്ട്രോങ് റൂമിലേയ്ക്കു മാറ്റി. പോള്‍ചെയ്യാത്തതാണ് അബദ്ധത്തില്‍ എണ്ണാനെടുത്തത്. ഇത് കമ്മിഷന് റിപ്പോര്‍ട്ടു ചെയ്തു. പോള്‍ ചെയ്തതും അല്ലാത്തതുമായ മെഷീനുകള്‍ ഒരുമിച്ച് സൂക്ഷിക്കരുതെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഉപയോഗിക്കാത്തത് സെക്ടറല്‍ ഓഫീസര്‍ മുഖേന മാറ്റണമെന്നും.
ഓരോ തിരഞ്ഞെടുപ്പ് യാത്രയിലും ജനജീവിതവും സംസ്‌കാരവും പഠിക്കാം. ജനങ്ങളുമായി സംസാരിക്കുമ്പോള്‍ അവരുടെ മൂഡ് അറിയാം. പലയിടത്തും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ സാധാരണക്കാരെ ബാധിക്കുന്നില്ലെന്നു തോന്നി. പൊതുനിരീക്ഷകരോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയാറുണ്ട്-'നിങ്ങള്‍ കമ്മിഷന്റെ കണ്ണും കാതുമായിരിക്കണം.' ഇത് ഉള്‍ക്കൊണ്ടുതന്നെയാണ് നിരീക്ഷകന്റെ ജോലി ചെയ്തതും.
Content Highlights: a shajahan former election observer election memories
Published: 26 Apr 2024, 03:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented