
അപ്പോഴേക്ക് ഉച്ച മയങ്ങിത്തുടങ്ങിയിരുന്നു. എന്നിട്ടും മരത്തലപ്പുകള്‍ക്ക് താഴെ നിഴല്‍ വീഴ്ത്താന്‍ മാത്രം വെയില്‍ ബാക്കിയുണ്ടായിരുന്നു. കാറ്റാണെങ്കില്‍ പതിവുപോലെ ചൂടു പുതച്ചെത്തുന്നു. തിരഞ്ഞെടുപ്പുചൂടിന് വഴിമാറിക്കൊടുക്കണമെന്ന വകതിരിവ് തീരെയില്ലാത്ത ഉത്തരേന്ത്യന്‍ ചൂട്. നാട്ടിലെ ചൂട് കാലത്തെന്നതുപോലെ ഇടക്കിടെ ദാക്ഷിണ്യമഴ വീഴുന്ന പതിവ് വടക്കേ ഇന്ത്യയ്ക്കില്ല. എണ്ണയില്ലാത്ത ചട്ടിയില്‍ ചോളം വറുത്തെടുക്കുന്ന മട്ടില്‍ ചൂട് മനുഷ്യരെ പൊരിച്ചെടുക്കും. അത്തരമൊരു എരിപൊരിസഞ്ചാരകാലത്താണ് ആദിലാബാദിലെത്തിയത്. 2009-ല്‍ അതായത് 15 വര്‍ഷം മുമ്പ്. നഗരത്തിന്റെ ചെറുവിരല്‍സ്പര്‍ശം പോലുമില്ലാത്ത ചെറുഗ്രാമമായിരുന്നു അന്ന് ആദിലാബാദ്. റായ്ബറേലി ലോക്സഭാ മണ്ഡലത്തിന്റെ ഉള്ളടക്കങ്ങളിലെ ഒരുള്‍ഗ്രാമം. വെയിലോ, കടുകിന്‍പൂക്കളുടെ മഞ്ഞയോ-എതാണ് നിറമത്സരത്തില്‍ തോല്‍ക്കുകയെന്ന് പരസ്പരം തര്‍ക്കിക്കുന്ന പാടങ്ങള്‍ ചുറ്റിനും. അതിനിടയില്‍ ഒരു തിട്ടയില്‍ ഗ്രാമീണരുടെ ചെറുകൂട്ടം. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട് നിരയില്‍. പാന്‍ ചവച്ചും ബീഡി വലിച്ചും കാത്തിരിപ്പാണ്.ആ കാത്തിരിപ്പിലേക്കാണ് പ്രിയങ്കാ ഗാന്ധി കടന്നുവന്നത്.


അത്തരത്തില്‍ നാലോ അഞ്ചോ പ്രസംഗവേദികള്‍ പിന്നിട്ട് അടുത്ത ഗ്രാമത്തിലെത്തിയപ്പോള്‍,നന്നെ മെലിഞ്ഞ ആള്‍ക്കൂട്ടം. കേള്‍വിക്കാരായി ഗ്രാമീണരെ കൂടാതെ ഞങ്ങള്‍ മാത്രം. വേദിയിലിരിക്കുന്ന പ്രിയങ്ക ആള്‍ക്കൂട്ടത്തിലേക്ക് ഇടക്കിടെ പാളി നോക്കിയപ്പോള്‍, ഞാന്‍ കയ്യിലിരുന്ന ചാനല്‍ മൈക്കുയര്‍ത്തി കാട്ടി. പ്രിയങ്ക അത് കണ്ടു. ചെറിയ ചിരിയിലൂടെ മറുപടി, ഒപ്പം പ്രസംഗം കഴിയട്ടെ എന്ന് വിരലുകള്‍ കൊണ്ട് ആംഗ്യവും. പ്രസംഗം കഴിഞ്ഞ് നീണ്ട കയ്യടി ഉയരുന്നതിനിടയില്‍ ചെറുവേദിയില്‍നിന്നിറങ്ങിയ പ്രിയങ്ക സുരക്ഷാവലയങ്ങള്‍ക്കിടയിലൂടെ ഗ്രാമീണര്‍ക്ക് കൈകൊടുത്തു നീങ്ങി. ഞങ്ങളുടെ നീട്ടിയ മൈക്കിന് മുന്നിലെത്തിയപ്പോള്‍ പെട്ടെന്ന് നിന്നു. കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരാണ് എന്ന് പറഞ്ഞപ്പോള്‍, ചിരിയോടെ തന്നെ മറുപടി :'ചോദിച്ചോളു '. പ്രിയങ്കയ്ക്ക് പോലും നിയന്ത്രണമില്ലാത്ത സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്കുകള്‍ക്കിടയില്‍ തിടുക്കപ്പെട്ട് എന്റെ ചോദ്യങ്ങളുയര്‍ന്നു. വീണ്ടും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമോ എന്ന് ആദ്യത്തെ ചോദ്യം. കേരളത്തില്‍ നിന്ന് എത്ര സീറ്റുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന രണ്ടാം ചോദ്യം. പിന്നെയും ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി ഉത്തരങ്ങള്‍ നല്‍കി പ്രിയങ്ക അടുത്ത വേദിയിലേക്ക് പറക്കുമ്പോള്‍ സമയം സന്ധ്യ പിന്നിട്ടു. അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ കൊച്ചിയിലെ ഓഫീസിലേക്ക് അയക്കാന്‍ സംവിധാനങ്ങള്‍ തേടി ഞങ്ങള്‍ 80 കിലോമീറ്ററകലെയുള്ള ലഖ്നൗവിലേക്കും കുതിച്ചു.(സാങ്കേതിക വിദ്യകള്‍ ഫോണിന്റെ സ്‌ക്രീനില്‍ ഒളിച്ചിരിക്കുന്ന കാലമായിരുന്നില്ലല്ലോ അന്ന് !,സംവിധാനങ്ങള്‍ അന്ന് സംസ്ഥാന തലസ്ഥാനമായ ലഖ്നൗവില്‍ മാത്രം).
2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം റിപ്പോര്‍ട്ട് ചെയ്യാന്‍ റായ്ബറേലിയില്‍ എത്തിയതായിരുന്നു ഞങ്ങള്‍ രണ്ടംഗ ഇന്ത്യാവിഷന്‍ ചാനല്‍ സംഘം. ക്യാമറാമാന്‍ ഷിജുവാണ് ഒപ്പമുണ്ടായിരുന്നത്. ഡല്‍ഹിയില്‍ നേതാക്കള്‍ക്ക് നിയന്ത്രണങ്ങളും പരിമിതികളുമേറെയാണ്. അതിവിശിഷ്ട വ്യക്തികളാണെങ്കില്‍ സുരക്ഷാവലയങ്ങളുടെ ശൃംഖലകള്‍ക്കുള്ളിലാണ് ജീവിതം. ശ്വസിക്കാന്‍ പോലും അനുമതി വേണമെന്ന് തോന്നിപ്പിക്കുന്ന നിലയില്‍ പ്രോട്ടോകോളുകളുടെയും ഔപചാരികതകളുടെയും ഉള്‍ക്കനങ്ങള്‍ പിടിച്ചു നിര്‍ത്തുന്ന സഞ്ചാരങ്ങള്‍. പല തട്ടുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരുക്കുന്ന ഈ വലയങ്ങള്‍ മുറിക്കാന്‍ നേതാവ് വിചാരിച്ചാല്‍ പോലും എളുപ്പമല്ല. അതിനാല്‍ അക്കാലത്ത് രാജ്യതലസ്ഥാനത്ത് നേതാക്കളെ മാധ്യമമൈക്കുകള്‍ക്ക് മുന്നില്‍ കിട്ടുക അത്ര എളുപ്പമല്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കളങ്ങളില്‍ ഇതേ നേതാക്കളെ ചിലപ്പോള്‍ സംസാരത്തിന് കിട്ടിയേക്കാം. നഗര പ്രദേശങ്ങളിലല്ല, ഉള്‍ഗ്രാമങ്ങളിലാണ് നേതാക്കളെ നേരില്‍ കിട്ടാന്‍ വഴിയൊരുങ്ങുക എന്ന പ്രായോഗിക പരിചയപാഠത്തില്‍ നിന്നു കിട്ടിയ തിരിച്ചറിവോടെ പ്രിയങ്കയുടെ വാഹനവ്യൂഹത്തിന് പിന്നില്‍ മറ്റൊരു വാഹനത്തില്‍ രാവിലെ മുതല്‍ ഞങ്ങള്‍ പായുന്നുണ്ടായിരുന്നു.ആ പാച്ചിലാണ് ഉള്‍ഗ്രാമത്തില്‍ പര്യവസാനിച്ചത്.

വീണ്ടും കണ്ടു
2014-ലാണ് വീണ്ടും പ്രിയങ്കാഗാന്ധിയെ കാണുന്നത്. റായ്ബറേലിയില്‍ വച്ച് തന്നെ. അഞ്ച് വര്‍ഷത്തിനിടയില്‍ റായ്ബറേലി, ഗ്രാമചിഹ്നങ്ങള്‍ വെടിഞ്ഞ് നഗരമുദ്രകളണിഞ്ഞിരുന്നു. മാതൃഭൂമി ചാനലിനായി ലോക്‌സഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യാമറാമാന്‍ വിനോദ് മൊറാഴക്കൊപ്പമാണെത്തിയത്. ലഖ്നൗവില്‍നിന്ന് പലയിടങ്ങള്‍ കറങ്ങി റായ്ബറേലിയിലെത്തിയപ്പോള്‍ രാത്രി 9 മണിയായി. എന്നിട്ടും നഗരം തിരക്കില്‍. അടുത്ത ദിവസം പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയുണ്ട്. അതാണ് തിരക്കിന്റെ കാരണം. രാത്രി ഇരുട്ടിനെ ചേര്‍ത്തു പിടിക്കുന്നു. ഞങ്ങള്‍ക്ക് ഒരു താമസ സ്ഥലം വേണം. ചെറുനഗരമായതിനാല്‍ അധികം ഹോട്ടലുകളില്ല. ഹോട്ടലായ ഹോട്ടലൊക്കെ നിറഞ്ഞു കവിഞ്ഞു. വണ്ടി നാല് വട്ടം ചെറുനഗരം ചുറ്റിയിട്ടും പരിഹാരമായില്ല. കല്യാണ മണ്ഡപങ്ങള്‍ വരെ കയറി നോക്കി. ഒരിടവുമില്ല. ഇനി അവിടെ പരതുന്നതില്‍ കഴമ്പില്ലെന്ന് കണ്ട് ലഖ്നൗവിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ലഖ്നൗവിലെ പതിവ് ഹോട്ടലില്‍ രാത്രി താമസിച്ച ശേഷം പുലര്‍ച്ചെ വീണ്ടും റായ്ബറേലിയിലേക്ക് വരാന്‍ പദ്ധതിയിട്ടു. ഉടന്‍ വണ്ടി തിരിച്ചു.വഴിയോര ധാബയില്‍ നിന്ന് ആലു പൊറോട്ടയും തൈരും അച്ചാറും ചൂട് ചായയും അത്താഴമാക്കി.
പുലര്‍ച്ചെ അഞ്ച് മണിക്ക് വണ്ടി വീണ്ടും ലഖ്നൗവില്‍നിന്ന് റായ്ബറേലിയിലേക്ക് യാത്രയായി. രാവിലെ റായ്ബറേലിയിലെത്തുമ്പോള്‍ നഗരം മുഴുവന്‍ സോണിയയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളും ബാനറുകളും തോരണങ്ങളും. സമയം പത്ത് മണി പിന്നിടുമ്പോഴേക്ക് നഗരം നിറഞ്ഞു തുളുമ്പി. ഉച്ചക്കാണ് പ്രിയങ്കയുടെ കാല്‍നടയാത്ര. എട്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് സഞ്ചാരം. ഉച്ചയായതോടെ ജനക്കൂട്ടം റോഡില്‍ പരക്കുന്നു. ആള്‍ നിറഞ്ഞ നിരത്തിലേക്ക് ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രിയങ്കയെത്തുമ്പോള്‍ ആവേശം ഇരട്ടിച്ചു. പ്രിയങ്ക കാറില്‍ നിന്നിറങ്ങി. പിന്നെ കൈവീശി ജനക്കൂട്ടത്തെ നയിച്ച് നടന്നു തുടങ്ങി. റോഡരുകിലും കെട്ടിടങ്ങള്‍ക്ക് മുകളിലും കൈവീശിയും പൂക്കളെറിഞ്ഞും റായ്ബറേലി നിറഞ്ഞു. രാജ്യമെമ്പാടും നിന്നെത്തിയ മാധ്യമ സംഘങ്ങള്‍ പിന്നാലെ. ചാനല്‍ മൈക്കുമായി തിക്കിത്തിരക്കി പ്രിയങ്കയ്ക്കടുത്തെത്താന്‍ ശ്രമിക്കുമ്പാള്‍, ചിതറിത്തെറിപ്പിയ്ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍. റാലിക്ക് മുമ്പെ നീങ്ങുന്ന പ്രിയങ്കയുടെ കാറിനുള്ളില്‍ സെക്രട്ടറി പ്രീതി സഹായി. പ്രിയങ്കയോട് സംസാരിക്കാന്‍ അവസരം വേണമെന്ന് പ്രീതിയോട് അഭ്യര്‍ഥിച്ചു. നോക്കാമെന്ന് സൗഹൃദപൂര്‍വമുള്ള മറുപടി. ഇടക്ക് പ്രിയങ്കയുടെ ചെരിപ്പിന്റെ വള്ളി ഇളകി. പെട്ടെന്ന് കുനിഞ്ഞ് ചെരിപ്പെടുത്തതോടെ ആള്‍ക്കൂട്ടം ഒന്നു നിന്നു, ആകാംക്ഷയോടെ. ചിരിയോടെ പ്രിയങ്ക ചെരിപ്പ് ശരിയാക്കി വീണ്ടും നടന്നു. ആള്‍ക്കൂട്ടം കടല്‍തിരകള്‍ പോലെ പിന്നാലെ. എട്ടുകിലോമീറ്റര്‍ തീരാന്‍ കുറച്ച് ദൂരം മാത്രം. ആള്‍ക്കൂട്ടത്തില്‍ തിക്കിത്തിരക്കി ഞാനും ക്യാമറാമാന്‍ വിനോദ് മൊറാഴയും. റാലി പൂര്‍ത്തിയാകും മുമ്പ് പ്രിയങ്കയ്ക്ക് അരുകിലെങ്ങനെയോ എത്തുകയും ചാനല്‍ മൈക്ക് നീട്ടുകയും പ്രിയങ്ക ചിരിയോടെ തിരിഞ്ഞു നില്‍ക്കുകയും ചെയ്തത് ഒരുമിച്ച്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ചോദ്യവും മറുപടിയും മാതൃഭൂമി ചാനലിന്റെ മൈക്കിലും വിനോദിന്റെ ക്യാമറയിലും പതിഞ്ഞു. രണ്ടാം വട്ടവും പ്രിയങ്കയുമായി ചോദ്യവും ഉത്തരവും. ദൗത്യം പൂര്‍ത്തിയാക്കി ഞങ്ങള്‍ വീണ്ടും ലഖ്നൗവിലേക്ക്.
രാഷ്ട്രീയ ഭൂമി
ഉത്തര്‍പദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍നിന്ന് എണ്‍പത്തിയഞ്ച് കിലോമീറ്റര്‍ ദൂരെയാണ് റായ്ബറേലി. ഇരുവശത്തും ഗോതമ്പും കടുകും വിളയുന്ന പാടങ്ങള്‍ പിന്നിട്ടാല്‍, ഗ്രാമത്തിന്റെ കൗമാരത്തിനും നഗരത്തിന്റെ യൗവ്വനത്തിനും ഇടയില്‍ നില്‍ക്കുന്ന ടൗണ്‍ഷിപ്പിലെത്താം. 1952-ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ റായ്ബറേലി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചതെങ്കിലും 1967-ല്‍ ഇന്ദിരാഗാന്ധി സ്ഥാനാര്‍ഥിയായി എത്തുന്നതോടെയാണ് മണ്ഡലത്തിലേക്ക് ലോകശ്രദ്ധയെത്തിയത്. 1952-ലും 1957-ലും ഫിറോസ് ഗാന്ധി തുടങ്ങിവച്ച സ്വാധീനം 1967-ലും 1971-ലും ജയിച്ച് ഇന്ദിരാഗാന്ധി കയ്യടക്കുകയായിരുന്നു. 1967 മുതല്‍ 1977 വരെ രണ്ട് തവണകളിലായി പത്ത് വര്‍ഷം ഇന്ദിരാഗാന്ധിയെ പിന്തുണച്ചതോടെ ,പ്രധാനമന്ത്രിയുടെ മണ്ഡലമെന്ന വി.ഐ.പി പരിവേഷം റായ്ബറേലിയുടെ വിലാസം മാറ്റിയെഴുതി. എന്നാല്‍ 1977-ലും 1996-ലും 1998-ലും മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടു.
ഇന്ദിരാ കുടുംബത്തിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കുമെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഇന്ദിരാവിരുദ്ധ തരംഗത്തില്‍ ആ കുടുംബത്തെ കൈവെടിയാന്‍ റായ്ബറേലി മടി കാണിച്ചിട്ടില്ല. 1977-ല്‍ റായ്ബറേലിയില്‍ രാജ്‌നാരായണന്‍ അമ്പത്തിഅയ്യായിരം വോട്ടുകള്‍ക്ക് ഇന്ദിരാഗാന്ധിയെ തോല്‍പിച്ചു. പിന്നീട് 1996-ലും 1998-ലും ബി.ജെ.പി. സ്ഥാനാര്‍ഥി അശോക് സിങ് ജയിച്ചു. 1996-ല്‍ വിക്രം കൗളിനെയും 1998-ല്‍ മുന്‍ കേന്ദന്ത്രി ഷീലാ കൗളിന്റെ മകള്‍ ദീപാ കൗളിനെയുമാണ് അശോക് സിങ് തോല്‍പിച്ചത്. എന്നാല്‍ ഇതേ മണ്ഡലത്തില്‍നിന്ന് 1989,1991 വര്‍ഷങ്ങളില്‍ ഷീലാ കൗള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1999-ല്‍ രാജീവ് ഗാന്ധിയുടെ സുഹൃത്തായ സതീഷ് ശര്‍മയും വിജയം കണ്ടു. 2004 മുതല്‍ സോണിയാഗാന്ധിയാണ് റായ്ബറേലിയുടെ പ്രതിനിധി. പ്രധാനമന്ത്രിയുടെയോ, ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നത നേതാവിന്റെയോ മണ്ഡലമെന്ന നിലയില്‍ റായ്ബറേലി മറ്റ് ഉത്തര്‍പ്രദേശ് പ്രദേശങ്ങള്‍ക്കില്ലാത്ത വികസനം ഇക്കാലയളവില്‍ നേടിയിട്ടുണ്ട്. നാഷണല്‍ ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ റെയില്‍വെ കോച്ച് ഫാക്ടറി വരെയുള്ള ഭൗതികവികസനം റായ്ബറേലി എന്ന ഉള്‍പ്രദേശത്ത് എത്തിയിട്ടുണ്ട്. അതേസമയം 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ വിജയിച്ചത് ബി.ജെ.പി സ്ഥാനാര്‍ഥി അദിതി സിങ്ങാണ്. 2017 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച അദിതി സിങ് 2019-ല്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. 2022 ല്‍ ബി.ജെ.പി ടിക്കറ്റില്‍ വീണ്ടും മത്സരിച്ച് ജയിച്ചു.അതും റായ്ബറേലിയുടെ രാഷ്ട്രീയം.
ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി ഇക്കുറി സോണിയാ ഗാന്ധി റായ്ബറേലിയുടെ മത്സരരംഗത്തില്ല.മത്സരക്കളത്തില്‍ പ്രിയങ്ക എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.''റായ്ബറേലി പുകാര്‍ക്തി, പ്രിയങ്കാ ഗാന്ധി ജീ ആയിയെ ''(റായ്ബറേലി വിളിക്കുന്നു,പ്രിയങ്കാ ഗാന്ധീ വരൂ) എന്നെഴുതിയ പോസ്റ്ററുകള്‍ റായ്ബറേലിയില്‍ പതിഞ്ഞിട്ടുണ്ട്. നെഹ്രു കുടുംബത്തില്‍ പ്രിയങ്കയോടാണ് റായ്ബറേലിക്കാര്‍ക്ക് കൂടുതല്‍ പ്രിയം എന്നാണ് പണ്ടത്തെ തിരഞ്ഞെടുപ്പ് യാത്രകളില്‍ തോന്നിയിട്ടുള്ളത്. പ്രിയങ്കയുടെ രൂപഭാവങ്ങളില്‍ കലര്‍ന്ന ഇന്ദിരാഗാന്ധിയായിരിക്കാം അതിനുള്ള കാരണം. ഇതേക്കുറിച്ച് 2020 ല്‍ മാതൃഭൂമിയുടെ ഓണ്‍ലൈന്‍ കോളത്തില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു :''ആരോഗ്യകാരണങ്ങളാല്‍ സോണിയാഗാന്ധി അടുത്ത തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് വിട്ടു നിന്നാല്‍, റായ്ബറേലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുക പ്രിയങ്കയെയായിരിക്കും.''
Content Highlights: will priyanka gandhi contest from raebareli
Published: 03 Apr 2024, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented