
ഒറ്റയ്ക്കായിരുന്നില്ല അന്നത്തെ യാത്ര. നാലഞ്ചുപേരടങ്ങിയ സംഘമായിരുന്നു. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു പക്ഷെ ആദ്യമായും അവസാനമായും സംഘം ചേര്‍ന്ന് നടത്തിയ യാത്ര അതായിരുന്നു. അന്നത്തെ സംഘയാത്രക്ക് കാരണമുണ്ട്. ഒറ്റയ്ക്ക് പോകാന്‍ പറ്റിയതായിരുന്നില്ല 2002 ലെ ബിഹാറിന്റെ ഉള്ളടക്കം. ഇരുട്ടായാല്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള തന്‍പോരിമ അന്നാട്ടുകാര്‍ക്ക് പോലും ഇല്ലാത്ത കാലം. ചരിത്രപ്പഴമയും സംസ്‌കാരപ്പെരുമയും നിറഞ്ഞ ഭൂതകാലത്തെ കുഴിച്ചുമൂടി കൊള്ള, കൊള്ളിവയ്പ്പുകളുടെ അഴിഞ്ഞാട്ടം.

വിജനമായ നടപ്പാതകള്‍ക്ക് റോഡെന്ന് പേര്. വൈകിട്ട് അഞ്ചു മണിക്ക് തന്നെ ഇരുട്ടു ചേക്കേറുന്ന വഴിയിടങ്ങള്‍. അതിന് മുന്നെ എവിടെയെങ്കിലും താമസസ്ഥലം കണ്ടു പിടിക്കണം. അല്ലെങ്കില്‍ യാത്ര തുടരില്ലെന്ന ഡ്രൈവര്‍മാരുടെ മുന്നറിയിപ്പുകള്‍. ചില പ്രദേശങ്ങളുടെ പേര് പറഞ്ഞാല്‍ അതുവഴി ഞങ്ങളില്ലെന്ന് പറഞ്ഞ് ഒഴിയുന്ന ടാക്സി ഡ്രൈവര്‍മാര്‍. ചോദിച്ചാല്‍ കഴിഞ്ഞ ദിവസം കൂടി ഡ്രൈവറെ വാഹനമടക്കം തട്ടിക്കൊണ്ടു പോയ കഥ പറഞ്ഞു തരും. എങ്ങനെയെങ്കിലും ഒരു താമസ സ്ഥലം കണ്ടെത്തിയാല്‍ തന്നെ വെള്ളമില്ല, വെളിച്ചമില്ല. എണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ കൊതുകുകളുടെ കൂത്താട്ടം.
ഇന്റര്‍നെറ്റ് പോയിട്ട് കമ്പ്യൂട്ടര്‍ പോലും കേട്ട് കേള്‍വിയായിരുന്ന അക്കാലത്ത് (അത് ബിഹാറിന്റെ മാത്രം കഥയല്ല) ഇത്തരം കുഴപ്പങ്ങള്‍ക്കെല്ലാമിടയില്‍ എഴുതിയ വാര്‍ത്ത നാട്ടിലെത്തിക്കാന്‍ ഫാക്സ് യന്ത്രങ്ങളും തേടിയുള്ള നെട്ടോട്ടം പുറമെ. ഫാക്സ് യന്ത്രം കണ്ടെത്തിയാലോ അവിടെ കറണ്ടുണ്ടാകില്ല. വൈദ്യുതി ഉണ്ടായാലോ വോള്‍ട്ടേജുണ്ടാകില്ല. യന്ത്രത്തില്‍ കടത്തിവച്ച കടലാസ് അപ്പുറത്തെത്തിയാല്‍ മാത്രം എത്തിയെന്ന് ഉറപ്പിക്കാം. അക്കര എത്തണേ എന്ന പ്രാര്‍ഥനയോടെ ഫാക്സ് യന്ത്രത്തിന് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നതിന്റെ നെഞ്ചിടിപ്പ് ഇപ്പോഴും ചെവിയില്‍ കേള്‍ക്കാം. പഴയ ബിഹാര്‍ അങ്ങനെയൊക്കെയായിരുന്നു.
ഗാന്ധിജിയുടെ ചമ്പാരന്‍
അങ്ങനെ 2002 ല്‍ നടത്തിയ തിരഞ്ഞെടുപ്പ് യാത്രയിലാണ് പട്നയില്‍ നിന്ന് 153 കിലോമീറ്റര്‍ പിന്നിട്ട് ഞങ്ങളുടെ വാഹനം മോത്തിഹാരിയില്‍ എത്തിയത്. കാതോര്‍ത്താല്‍ ചരിത്രത്തിന്റെ തേരുരുളൊച്ച കേള്‍ക്കുന്ന, കണ്ണോടിച്ചാല്‍ ചരിത്രത്തിന്റെ ശേഷിപ്പുകള്‍ അടയാളമൊരുക്കുന്ന ബിഹാറിന്റെ ചരിത്രസഞ്ചയങ്ങളിലൊന്നായ ചമ്പാരന്‍ മേഖല. ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിക്കാതെ നീലം കൃഷി ചെയ്യാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുകയും ചൂഷണത്തിന്റെ വിഴുപ്പലക്കി പീഡിപ്പിക്കുകയും ചെയ്ത ബ്രിട്ടീഷ് ഭരണത്തിനെതിരെ 1917 ല്‍ ഗാന്ധിജി സത്യഗ്രഹം നടത്തിയ പ്രദേശമാണ് ചമ്പാരന്‍. ഇന്ത്യയില്‍ ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹത്തിന്റെ ഓര്‍മകള്‍ ഉരുവിട്ട് കിഴക്കന്‍ ചമ്പാരനിലെ മോത്തിഹാരിയില്‍ അവശേഷിക്കുന്ന സത്യഗ്രഹ പാര്‍ക്ക്. അതായിരുന്നു കാലങ്ങളായി ലോകത്തിന് ചമ്പാരനും മോത്തിഹാരിയും.

ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്ന കിഴക്കന്‍ ചമ്പാരന്‍ അതുകൊണ്ടു തന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന പ്രദേശങ്ങളിലൊന്നായി മാറി. നീലം കൃഷിയും കറപ്പ് കൃഷിയുമായിരുന്നു ചമ്പാരനില്‍ ബ്രിട്ടീഷുകാരുടെ കണ്ണുറപ്പിച്ചത്. കറപ്പ്, ചണം, പരുത്തി തുടങ്ങിയ കൃഷികള്‍ ഈ മേഖലയില്‍ ബംഗാള്‍ പ്രവിശ്യവരെ നീണ്ടുകിടന്നിരുന്നു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മോത്തിഹാരി. മലേറിയ, ടൈഫോയ്ഡ് എന്നിവയ്ക്ക് പുറമെ കള്ളന്‍മാരുടെയും പിടിച്ചുപറിക്കാരുടെയും ശല്യവും പഴയകാലത്ത് വ്യാപകം. മഴക്കാലത്ത് വെള്ളപ്പൊക്കം പതിവായിരുന്നു. വീടുകളും കറപ്പ് സംഭരണശാലകളും വെള്ളത്തില്‍ മുങ്ങുകയും പതിവ്.
കറപ്പ് കൃഷിയും വ്യാപാരവുമായിരുന്നു നീലം കൃഷി കഴിഞ്ഞാല്‍ മോത്തിഹാരിയുടെയും പരിസരങ്ങളുടെയും നിത്യജീവിതം. കൂലിയില്ലാതെ പണിയെടുത്ത് നടുവ് തകരുന്ന നാട്ടുകാര്‍. കറപ്പ് കയറ്റുമതി ചെയ്ത് പണം നേടുന്ന ബ്രിട്ടീഷ് ഭരണം. എന്നാല്‍ 2002 ല്‍ മോത്തിഹാരിയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ ഒരു ഉറക്കം തൂങ്ങി ബിഹാര്‍ ഗ്രാമമായി മോത്തിഹാരി പുറന്തള്ളപ്പെട്ടു കഴിഞ്ഞിരുന്നു. പൊടിനിറഞ്ഞു കിടക്കുന്ന ചെറുഗ്രാമത്തില്‍ പോയകാല പ്രതാപത്തിന്റെ നെടുവീര്‍പ്പ് പോലുമില്ല. നിസ്സംഗതയുടെ മറയായിരുന്നു ഗ്രാമീണരുടെ മുഖത്ത്. വോട്ട് രാഷ്ട്രീയം പറഞ്ഞ് അവരെ ഉണര്‍ത്താന്‍ ഞങ്ങളിറങ്ങി. ചായ തന്നവര്‍ സല്‍ക്കരിച്ചു. രാഷ്ട്രീയം പറഞ്ഞു. കേരളത്തെപ്പോലെ, ഒരുപക്ഷെ കേരളത്തെക്കാള്‍ അടിമുടി രാഷ്ട്രീയമുണ്ട് ബിഹാറിന്. ചമ്പാരന്‍ സത്യഗ്രഹ പാര്‍ക്ക് മാത്രമായിരുന്നില്ല ആ യാത്രയില്‍ ഞങ്ങളുടെ ലക്ഷ്യം. അടുത്ത ലക്ഷ്യത്തിലായിരുന്നു മറ്റൊരു കൗതുകം ഒളിച്ചിരുന്നത്.
ജോര്‍ജ് ഓര്‍വെലിന്റെ മോത്തിഹാരി
ചമ്പാരന്‍ സത്യഗ്രഹ പാര്‍ക്കില്‍ നിന്ന് അരക്കിലോമീറ്റര്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടം. ഉരുളന്‍ ഓടുകള്‍ പാകിയ മേല്‍ക്കൂരയുടെ നടുവൊടിഞ്ഞിരിക്കുന്നു. അനാഥമെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന കെട്ടിടത്തില്‍ അംഗന്‍വാടികളിലൊന്ന് ഇടം പിടിച്ചിരിക്കുന്നു. മുന്നിലെ ചെറു ഫലകത്തില്‍ മാഞ്ഞു തുടങ്ങിയ ഒരു അറിയിപ്പ്. ബ്രിട്ടീഷ് എഴുത്തുകാരന്‍ എറിക് ആര്‍തര്‍ ബ്ലെയര്‍ അഥവാ ജോര്‍ജ് ഓര്‍വെല്ലിന്റെ ജന്‍മഗൃഹം. അധികാരത്തിന്റെയും ചൂഷണത്തിന്റെയും എക്കാലത്തെയും യാഥാര്‍ഥ്യങ്ങളെ 1984 എന്ന ഭാവിസങ്കല്‍പകാലത്ത് പ്രതിഷ്ഠിച്ച് കാലാകാലങ്ങളിലെ വായനാ യൗവ്വനങ്ങളെ ഞെട്ടിക്കുന്ന 1984 എന്ന നോവല്‍.
അതിന് മുന്നെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ദുഷ്ടപ്രഭാവത്തെക്കുറിച്ചെഴുതിയ അനിമാല്‍ ഫാമും ഇന്ത്യന്‍ ഇംപീരിയല്‍ പോലീസില്‍ പ്രവര്‍ത്തിച്ച കാലത്തെ ഓര്‍മകള്‍ കലര്‍ത്തിയ ബര്‍മീസ് ഡേയ്സും. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ബി.ബി.സിക്കായി കുറിച്ച യുദ്ധകാല രചനകളും-ഒരൊറ്റ നിമിഷം ഞങ്ങളുടെ മനസ്സിലൂടെ കടന്നുപോയി. സംഘാംഗങ്ങളെല്ലാവരും ഓര്‍വെല്ലിന്റെ രചനകളുടെ പരിചിതരായിരുന്നു. 1984 ന്റെ മലയാള പരിഭാഷ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേരളത്തിന്റെ വായനായുവത്വത്തിന് നിത്യപരിചിതമായിരുന്നുവല്ലോ.
ജോര്‍ജ് ഓര്‍വെല്‍ എന്ന എറിക് ആര്‍തര്‍ ബ്ലെയര്‍ ജനിച്ച് ഒരു വര്‍ഷം ജീവിച്ച വീടാണ് ഞങ്ങളുടെ മുന്നില്‍. ഓര്‍മകളുടെ വില ചോര്‍ന്നും മേല്‍ക്കൂര ചോര്‍ന്നൊലിച്ചും ഒരു ഓര്‍വീലിയന്‍ തമാശ പോലെ വീട് അങ്ങനെ നില്‍ക്കുന്നു. പുറത്തും അകത്തും ഓര്‍വെലിന്റേതായി ഒന്നും ആ കെട്ടിടത്തിലുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാരുടെ കൊടിയ ചൂഷണത്തിനെതിരെ ഗാന്ധിജി നീലം കര്‍ഷകരെ അണിനിരത്തി സത്യഗ്രഹസമരം നടത്തിയ അതേ മോത്തിഹാരിയിലായിരുന്നു അധികാരത്തെയും ചൂഷണത്തെയും എക്കാലത്തും വിചാരണ ചെയ്ത ഓര്‍വെലിന്റെ ജനനം എന്നത് ചരിത്രത്തിന്റെ മറ്റൊരു അവിസ്മരണീയ ചേരുവ.

1903 ജൂണ്‍ 25 നാണ് മോത്തിഹാരിയിലെ വീട്ടില്‍ എറിക് ആര്‍തര്‍ ബ്ലെയറിന്റെ ജനനം. അച്ഛന്‍ റിച്ചാര്‍ഡ് ബ്ലെയര്‍ ഒരു പുരോഹിതന്റെ മകനായിരുന്നു. 18 വയസ്സില്‍ റിച്ചാര്‍ഡ് ബ്ലെയര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒപ്പിയം സര്‍വീസില്‍ ഡപ്യൂട്ടി ഒപിയം ഏജന്റായി ചേര്‍ന്നു. പ്രതിവര്‍ഷം 900 രൂപ ശമ്പളം. തുടര്‍ന്ന് ഇന്ത്യയിലെത്തി. ഇന്ത്യയില്‍ ബ്ലെയര്‍ എത്തുമ്പോള്‍ 46 വയസ്സ്. ആരും അധികം കടന്നു ചെല്ലാത്ത പ്രദേശമായിരുന്നു അന്ന് മോത്തിഹാരി. അവിടെ നിന്ന് കറപ്പ് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കലായിരുന്നു റിച്ചാര്‍ഡിന്റെ ജോലി.
റിച്ചാര്‍ഡ് ബ്ലെയര്‍, ഭാര്യ ഐഡ, മകള്‍ മജോറി എന്നിവര്‍ താമസിച്ചത് ഈ വീട്ടില്‍. വീടിന് അന്ന് പേരുണ്ടായിരുന്നില്ല. മിസ്‌കോര്‍ട്ട് എന്നാണ് നാട്ടുകാര്‍ വീടിനെ വിളിച്ചിരുന്നത്. തികച്ചും ഒരു ബ്രിട്ടീഷ് ബംഗ്ലാവ്. രണ്ടര ഏക്കറിലാണ് വീട് പരന്നു കിടക്കുന്നത്. കറപ്പ് സംഭരണശാല കൂടാതെ ജോലിക്കാര്‍ക്കും പാചകക്കാര്‍ക്കും താമസിക്കാനുള്ള വീടുകളും കോമ്പൗണ്ടിലുണ്ടായിരുന്നു. ഈ വീടിന്റെ പരിസരത്തായിരുന്നു നീലം പ്ലാന്റര്‍മാരുടെയും ചണ വ്യവസായികളുടെയും കറപ്പ് വ്യാപാരികളുടെയും താമസം. ആര്‍മിയുടെ മെസും ടെന്നീസ് കോര്‍ട്ടുമുണ്ടായിരുന്നു. ബ്ലെയറിനെ നിയമിക്കുന്നതിന് മുമ്പ് തന്നെ അതായത് 1815 ല്‍ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ മോത്തിഹാരിയില്‍ ഒപ്പിയം പോസ്റ്റ് സ്ഥാപിച്ചിരുന്നു.
റിച്ചാര്‍ഡിന് കുഞ്ഞു മകന്‍ എറിക് ജനിച്ചത് ഈ വീട്ടിലാണ്. എല്ലാ വര്‍ഷവും ലണ്ടനില്‍ പോകാനായി മൂന്ന് മാസം ശമ്പളത്തോടു കൂടിയ അവധി റിച്ചാര്‍ഡിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയിരുന്നു. 1904 ല്‍ അത്തരമൊരു അവധിക്കാലത്ത് ഭാര്യയെയും മക്കളെയും ബ്ലെയര്‍ ലണ്ടനിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഓര്‍വെല്‍ പിന്നീട് തിരിച്ചു വന്നില്ല. എങ്കിലും ഒരു വര്‍ഷം മാത്രം ജീവിച്ച ഇന്ത്യയെ ഓര്‍വെല്‍ സ്നേഹിച്ചിരുന്നു. മുതിര്‍ന്നശേഷം ബര്‍മ വഴി ഇന്ത്യയിലേക്ക് വരാന്‍ ഓര്‍വെല്‍ ശ്രമിച്ചെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ സമ്മതിച്ചില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോട് അദ്ദേഹത്തിന് അനുഭാവമുണ്ടായിരുന്നുവെന്നതായിരുന്നു കാരണം. ഇന്ത്യയെക്കുറിച്ചുള്ള തന്റെ സങ്കല്‍പവും ആഗ്രഹവും ബര്‍മീസ് ഡേയ്സ്, ഏ ഹാംഗിംഗ്, ഷൂട്ടിംഗ് ആന്‍ എലിഫന്റ് തുടങ്ങിയ രചനകളില്‍ ഓര്‍വെല്‍ പ്രകടിപ്പിക്കുന്നുണ്ട്. ഡൗണ്‍ ആന്‍ഡ് ഔട്ട് ഇന്‍ പാരിസ് ആന്‍ഡ് ലണ്ടന്‍ 'എന്ന തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനായി പേരിനൊപ്പം ഓര്‍വെല്‍ നദിയുടെ പേര് കടമെടുത്തതോടെയാണ് എഎറിക് ആര്‍തര്‍ ബ്ലെയര്‍ ജോര്‍ജ് ഓര്‍വെലായത്.
1934 ല്‍ മിസ്‌കോര്‍ട്ട് കനത്ത ഭൂകമ്പത്തില്‍പ്പെട്ടു. വീടും കറപ്പ് സംഭരണശാലയ്ക്കും കേടുപാടുകള്‍ വന്നു. അതങ്ങനെ അനാഥമായി. ജോര്‍ജ് ഓര്‍വെലിന്റെ വീടാണതെന്ന് ദീര്‍ഘകാലം പലര്‍ക്കും അറിവില്ലായിരുന്നു. 1983 ല്‍ ഓര്‍വെലിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ഇയാന്‍ ജാക്ക് മോത്തിഹാരിയിലെത്തി. തിരിച്ചു ചെന്നശേഷം സണ്‍ഡൈ ടൈംസില്‍ അദ്ദേഹം ഇന്‍ സര്‍ച്ച് ഓഫ് ജോര്‍ജ് ഓര്‍വെല്‍ എന്ന ലേഖനമെഴുതി. ഇതെത്തുടര്‍ന്നാണ് ആഗോളശ്രദ്ധ മോതിഹാരിയിലേക്ക് വന്നത്. തുടര്‍ന്ന് ലോകമെങ്ങും നിന്ന് സഞ്ചാരികളും വായനാ പ്രിയരും ഇവിടെ എത്തിക്കൊണ്ടിരുന്നു. എന്നിട്ടും വീട് സംരക്ഷിക്കാനോ നിലനിര്‍ത്താനോ ശ്രമങ്ങളുണ്ടായില്ല.
ആ അനാഥ മന്ദിരത്തിന് മുന്നില്‍ ഞങ്ങളങ്ങനെ കുറെ നേരം നിന്നു. അടുത്ത വര്‍ഷം, അതായത് 2003 ല്‍ ജോര്‍ജ് ഓര്‍വെലിന് 100 വയസ്സ് (19-03-2003) തികയുമെന്ന് സംഘാംഗങ്ങളിലാരോ ഓര്‍മിപ്പിച്ചു ! അധികാരം ചര്‍ച്ച ചെയ്യുമ്പോള്‍ ലോകം മുഴുവന്‍ എക്കാലത്തും ഉയര്‍ത്തുന്ന വാചകങ്ങളുടെയും ഉദ്ധരണികളുടെയും ഉടമയുടെ ജന്‍മഗൃഹം ആരുമറിയാതെ നൂറാം വര്‍ഷം മോത്തിഹാരിയില്‍ പൊടിയില്‍ മുങ്ങിക്കിടക്കുന്ന കാഴ്ചകളോടെ ഞങ്ങള്‍ മടങ്ങി.
വീണ്ടെടുപ്പിനുള്ള ശ്രമങ്ങള്‍
എന്നാല്‍ അവിടെ കഥ തീരുന്നില്ല. എഴുത്തുകാരന് നൂറ് വയസ്സ് തികയുന്ന വര്‍ഷമായ 2003 ല്‍ ജന്‍മഗൃഹം സംരക്ഷിക്കാനുള്ള ചില ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെയും ചില സന്നദ്ധ സംഘടനകളുടെയും ഭാഗത്തു നിന്നുണ്ടായി എന്നതാണ് കഥയുടെ ആശ്വാസകരമായ തുടര്‍ച്ച. യു.കെ.യിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറും മുന്‍ രാജ്യസഭാംഗവുമായ എല്‍.എം. സിംഗ്വി ഓര്‍വെലിന്റെ ജന്‍മസ്ഥലം ഷേക്സ്പിയറുടെയും ടോള്‍സ്റ്റോയിയുടെയും ജന്മസ്ഥലംപോലെ വളര്‍ത്താന്‍ ആഗ്രഹിച്ചു. അതിന് മുന്‍കയ്യെടുത്തു. എന്നാല്‍ 2007 ല്‍ അദ്ദേഹം മരിച്ചതോടെ ആ പരിശ്രമങ്ങള്‍ മുന്നേറിയില്ല. വര്‍ഷങ്ങളോളം ഒരു പ്രാദേശിക സ്‌കുളിന്റെ കൈവശമായിരുന്നു ഓര്‍വെലിന്റെ വീട്. എന്നാല്‍ 2014 ല്‍ വീടും കറപ്പ് സൂക്ഷിച്ചിരുന്ന വെയര്‍ഹൗസും ബിഹാര്‍ സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ഏറ്റെടുത്തു.
സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ലോകത്തിലെ ആദ്യത്തെ ഓര്‍വെല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ പദ്ധതിയിട്ടു. 2.48 ഏക്കറില്‍ മ്യൂസിയം സ്ഥാപിക്കാനായി 2018 ല്‍ തറക്കല്ലിട്ടു. ഓര്‍വെലിന്റെ കയ്യെഴുത്തുകളുടെയും കത്തുകളുടെയും ഡയറിക്കുറിപ്പുകളുടെയും പുസ്തകങ്ങളുടെയും ഫോട്ടോഗ്രാഫുകളുടെയും ശബ്ദരേഖകളുടെയും പകര്‍പ്പിനായി ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലുള്ള ജോര്‍ജ് ഓര്‍വെല്‍ ആര്‍കൈവിസിന് ബിഹാര്‍ സര്‍ക്കാര്‍ കത്തെഴുതി. ലോകത്ത് ഏറ്റവും കൂടുതല്‍ ഓര്‍വല്‍ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലാണ്.
ഓര്‍വെല്‍ മ്യൂസിയം സ്ഥാപിക്കാനായി ബിഹാര്‍ സര്‍ക്കാരുമായി സഹകരിക്കാമെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ അതത്ര മുന്നോട്ട് പോയിട്ടില്ലെങ്കിലും ഓര്‍വെലിന്റെ ജന്‍മഗൃഹത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷണം ലഭിച്ചു. 60 ലക്ഷം രൂപ മുടക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഓര്‍വെലിന്റെ പ്രതിമ സ്ഥാപിച്ചു. സന്ദര്‍ശകര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കി. അനാഥാവസ്ഥയില്‍ നിന്ന് ഓര്‍വെലിന്റെ വീട് സംരക്ഷിത സ്മാരകമായി. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും മോത്തിഹാരി സന്ദര്‍ശിക്കുമ്പോള്‍, ഓര്‍വെല്‍ വീട് ഓര്‍വെല്‍ സ്മാരകമായി മുന്നില്‍ !

രവീഷ് കുമാറിന്റെയും മോത്തിഹാരി
ഒരാളെക്കൂടി പരിചയപ്പെടുത്താതെ മോത്തിഹാരിയുടെ കഥ അവസാനിക്കുകയില്ല. നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ സമീപകാല അടയാളമായ രവീഷ്‌കുമാറിന്റെ നാടും മോത്തിഹാരിയാണ്. 2019 സെപ്തംബറില്‍ ഡല്‍ഹിയില്‍ വച്ച് രവീഷ്‌കുമാറിനെ മാതൃഭൂമി വാരാന്ത്യപ്പതിപ്പിനായി അഭിമുഖീകരിക്കുമ്പോള്‍ ആദ്യ ചോദ്യം ജോര്‍ജ് ഓര്‍വെലിനെക്കുറിച്ചായിരുന്നു. അന്ന് രവീഷ് പറഞ്ഞു അടുത്ത കാലത്താണ് ഞാന്‍ 1984 വായിച്ചത്. അതായത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം. 1940 കളില്‍ ലോകത്തെ ഈ രീതിയില്‍ വീക്ഷിച്ച ഒരെഴുത്തുകാരന്‍ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പദാനുപദം സത്യമാണ്. നമ്മള്‍ എല്ലായിടത്തും നിരീക്ഷിക്കപ്പെടുന്നു സ്‌നേഹമന്ത്രാലയം. ചിന്താ പോലീസ് തുടങ്ങിയവയൊക്കെ. സ്‌നേഹമന്ത്രാലയം യഥാര്‍ഥത്തില്‍ വെറുപ്പിന്റെ മന്ത്രാലയമാണ്. ജോര്‍ജ് ഓര്‍വല്‍ ഭാവി പ്രവചനക്കാരനൊന്നുമായിരുന്നില്ല എന്നിട്ടും. ജനങ്ങള്‍ 1984 ഉം അനിമല്‍ ഫാമും വായിക്കണം. ഏത് വായനക്കാരനായാലും 1984 വായിക്കുമ്പോള്‍ ഇന്നത്തെ രാഷ്ട്രീയം കുറെക്കൂടി വ്യക്തമായി മനസ്സിലാക്കും.
യാദൃച്ഛികമെന്ന നിലയിലാണ് ഞങ്ങള്‍ രണ്ടും മോത്തിഹാരിയില്‍ ജനിച്ചത്. ജോര്‍ജ് ഓര്‍വെല്‍ ജനിച്ച വീടിരിക്കുന്ന ഗ്രാമത്തിന് 45 കിലോമീറ്റര്‍ അകലെയാണ് എന്റെ ഗ്രാമം. വളരെ മനോഹരമായ സ്ഥലം. എന്നാല്‍ ഇതൊക്കെ യാദൃച്ഛികമാണ്. അദ്ദേഹത്തിന്റെ മുന്നില്‍ ഞാനാര്? ആരുമല്ല. മോത്തിഹാരിയില്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ജോര്‍ജ് ഓര്‍വെലിനെക്കുറിച്ച് അറിയൂ. അവിടെ അദ്ദേഹം ജനിച്ച വീടാണ് സ്മാരകം. ജോര്‍ജ് ഓര്‍വെലിനെക്കുറിച്ച് അറിയാവുന്ന രാഷ്ട്രീയ നേതാക്കള്‍ ബിഹാറിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. 1984 വായിച്ച രാഷ്ട്രീയ നേതാക്കളുണ്ടെന്ന് കരുതുന്നില്ല. വായിച്ചാല്‍ മാത്രമേ അദ്ദേഹം കൈകാര്യം ചെയ്ത രാഷ്ട്രീയം അറിയാന്‍ കഴിയുകയുള്ളു.''-രവീഷ് അന്ന് പറഞ്ഞു.
Content Highlights: election memories by manoj menon
Published: 31 Mar 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented