To advertise here,

ചേർത്തലക്കാർക്ക് എളുപ്പം മനസ്സിലാകുന്ന ചില ചിഹ്നശാസ്ത്രങ്ങളുണ്ട്. അതിലൊന്നാണ് കയർ. തൊണ്ടും തൊണ്ട് ചീയലും ചീയാനിട്ട കുളവും മടൽ തല്ലലും കയർ പിരിക്കലുമെല്ലാം ജീവിതത്തോട് ഇഴപിരിഞ്ഞ് കിടക്കുന്നു.ബഹിരാകാശത്തിരുന്നാലും ചേർത്തലക്കാർ കയറിഴകളുടെ മണവും ഗുണവും തിരിച്ചറിയും.

അതുകൊണ്ടാണ് തീവണ്ടി കഴക്കൂട്ടത്തിന്റെ നടുവിലുടെ പാഞ്ഞപ്പോൾ രണ്ട് ചേർത്തലക്കാർ, ചേർത്തലയെക്കുറിച്ച് ഓർത്തത്. ചേർത്തലയുടെ നിറമുദ്രയായ കുളവും തെങ്ങും തൊണ്ട് ചീയലും കയർ പിരിക്കലും ജനൽകാഴ്ചകളിൽ. ഇത് കഴക്കൂട്ടമല്ലേ? ചേർത്തല പോലിരിക്കുന്നു.രണ്ടിടത്തും കയറാണല്ലോ-ജനലിന് പുറത്തെക്ക് കണ്ണിട്ട് അതിലൊരാൾ പറഞ്ഞു. ശരിയാണല്ലോയെന്ന് മറ്റെയാൾ ചെറുചിരിയോടെ സമ്മതിച്ചു.

placeholder

കാലം: 1995 മെയ് 29, പറഞ്ഞ ആൾ :ചേർത്തലക്കാരനായ അന്നത്തെ മുഖ്യമന്ത്രി ഏ.കെ.ആന്റണി, കേട്ടിരുന്ന ആൾ: ചേർത്തലയിലെ അരൂക്കുറ്റിക്കാരനായ ഈ ലേഖകൻ. ഞാൻ മത്സരിച്ച സ്ഥലങ്ങൾക്കെല്ലാം ഏതാണ്ട് ഒരേ സ്വഭാവമാ-ആത്മഗതം പോലെ തൊട്ടു പിന്നാലെ ആന്റണി പറഞ്ഞു. പിന്നെ ഓർമകളിലേക്ക് തിടുക്കത്തിൽ സഞ്ചരിച്ചു, ട്രെയിനിന്റെ വേഗതയെയും പിന്നിട്ടു കൊണ്ട്.

വൈകിട്ട് ആറ് മണിക്ക് തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വൈകി പുറപ്പെട്ട മലബാർ എക്‌സ്പ്രസ്. കഴക്കൂട്ടവും പിന്നിട്ട് അപ്പോൾ യാത്ര തുടരുകയായിരുന്നു. ട്രെയിനിന്റെ ഒന്നാം ക്ലാസ് കംപാർട്ട്‌മെന്റിലുണ്ടായിരുന്നത് മൂന്നേ മൂന്ന് പേർ.ഒരാൾ മുഖ്യമന്ത്രി ഏ.കെ.ആന്റണി, പിന്നെ പേഴ്‌സണൽ സ്റ്റാഫംഗവും സന്തത സഹചാരിയുമായ രാജീവ്, മൂന്നാമൻ മാതൃഭൂമി ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ജേർണലിസ്റ്റ് ട്രെയിനിയായിരുന്ന അന്നത്തെ ഇരുപത്തിയാറ് വയസ്സുകാരൻ യുവപത്രപ്രവർത്തകൻ. അന്നത്തെ ആ തീവണ്ടി യാത്ര, പതിവ് യാത്രയായിരുന്നില്ല. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം അറിയുന്ന ദിവസമായിരുന്നു ആ സഞ്ചാരം.
വോട്ടിംഗ് യന്ത്രത്തിന്റെ സ്വിച്ച് വിജയപരാജയങ്ങൾ നിശ്ചയിക്കുന്നതിന് പകരം ബാലറ്റ് പേപ്പറിലായിരുന്നു അക്കാലത്ത് വോട്ട് രേഖപ്പെടുത്തൽ.വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാൻ മൂന്ന് ദിവസം വരെ സമയമെടുക്കുന്ന കാലം. വിജയാഹ്ളാദപ്രകടനത്തിനായി മധുരം വാങ്ങിവച്ച് പാർട്ടി പ്രവർത്തകർ കണ്ണിലെണ്ണ ഒഴിച്ച് മണിക്കൂറുകൾ കാത്തിരിക്കേണ്ട കാലം. ടെലിവിഷൻ മാധ്യമങ്ങളുടെ തിരത്തള്ളലില്ലാതെ ദിനപത്രങ്ങളും റേഡിയോയും മാത്രം ജനങ്ങളിലേക്ക് വാർത്താജാലകം തുറക്കുന്ന കാലം.

ബാലറ്റ് പേപ്പർ തരം തിരിച്ച് വച്ച ശേഷം വോട്ടെണ്ണിത്തുടങ്ങിയപ്പോൾ ഉച്ച കഴിഞ്ഞ് 3 മണിയായി. ആകാംക്ഷ പുരണ്ട തയ്യാറെടുപ്പുകൾ. പത്രത്തിന്റെ അവസാന എഡീഷൻ ഇറങ്ങുന്നതുവരെ വോട്ടെണ്ണലിന്റെ വിവരങ്ങൾ പുതുക്കിക്കൊണ്ടിരിക്കണം. വാർത്തകളും ഉപവാർത്തകളും കൊണ്ട് നിറയണം. ഏതിർ പത്രങ്ങളെക്കാൾ മികച്ചതും ഒറ്റപ്പെട്ടതും (എക്സ്ലുസീവ്) പുതിയതുമായ വാർത്തകൾ വേണം. പത്രം നിറയ്ക്കുന്ന ഗുരുക്കൻമാരായ മുതിർന്ന പത്രപ്രവർത്തകരുടെ നീണ്ട നിരയ്ക്കുള്ളിൽ, കൗതുകത്തിന്റെ പാത്രം നിറച്ച് ഞങ്ങൾ ചില ജൂനിയർ പത്രപ്രവർത്തകർ ആവേശത്തോടെ.അപ്പോഴാണ് സണ്ണിച്ചായൻ എന്ന് എല്ലാവരും പ്രിയമോടെ വിളിക്കുന്ന അന്നത്തെ ചീഫ് റിപ്പോർട്ടർ സണ്ണിക്കുട്ടി ഏബ്രഹാം അടുത്ത് വിളിച്ച് ഒരു രഹസ്യപദ്ധതി ഏൽപിക്കുന്നത്. ആ രഹസ്യ പദ്ധതിയാണ് വൈകിട്ട് ആറ് മണിക്ക് തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ചത്.

ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കംപാർട്ട്‌മെന്റിൽ യാത്ര ആരംഭിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമല്ല, തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി കൂടിയായിരുന്ന ഏ.കെ.ആന്റണിയായിരുന്നു. വോട്ടെണ്ണൽ ദിവസം മുഖ്യമന്ത്രിക്കൊപ്പം ഫലമറിഞ്ഞ് ഒരു തീവണ്ടി യാത്ര.തിരുവനന്തപുരം മുതൽ എറണാകുളം വരെ ഒരു റിപ്പോർട്ടർ യാത്ര ചെയ്യുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് തരുന്ന വിജയവേലിയേറ്റത്തിന്റെ അനുനിമിഷസ്പന്ദനങ്ങൾ കുറിച്ചെടുത്ത് കൊച്ചി മാതൃഭൂമി ഓഫീസിലെത്തി അവിടെ നിന്ന് ആദ്യത്തെ വാർത്താ ഐറ്റം ഫയൽ ചെയ്യുന്നു. അപ്പോഴേക്ക് കൊച്ചിയിൽ നിന്ന് മറ്റൊരു റിപ്പോർട്ടർ ട്രെയിനിൽ കയറി യാത്ര തുടരുന്നു. ആ റിപ്പോർട്ടർ തൃശൂരിലെത്തി ബാക്കി വാർത്താ ഐറ്റം ഫയൽ ചെയ്യുന്നു. ഈ രീതിയിലായിരുന്നു സണ്ണിച്ചായൻ വോട്ടെണ്ണൽ റിപ്പോർട്ടിന്റെ രഹസ്യപദ്ധതി തയ്യാറാക്കിയത്. എതിർപത്രങ്ങളുടെ ഇരുചെവിയറിയാതെ ഒരു നീക്കം. പക്ഷേ, മുഖ്യമന്ത്രിക്കൊപ്പം  ആദ്യമായി യാത്ര ചെയ്യുന്ന ജേർണലിസ്റ്റ് ട്രെയിനിയുടെ ഉള്ളിൽ ആവലാതിയും വേവലാതിയും രണ്ട് പാളങ്ങൾ പോലെ സമാന്തരമായി ഒപ്പം! എന്നാൽ വണ്ടി നീങ്ങിത്തുടങ്ങും മുമ്പ് തന്നെ ആന്റണി എന്ന മുഖ്യമന്ത്രിയിൽ നിന്ന് ഒരു സാധാരണ ചേർത്തലക്കാരൻ ഇറങ്ങിവന്ന് കൈപിടിച്ചതോടെ പിരിമുറുക്കം വേമ്പനാട് കായൽ കടന്നു.ഒപ്പം യാത്ര ചെയ്യാൻ ഒരുങ്ങിയെത്തിയ പത്രപ്രവർത്തകൻ ചേർത്തലക്കാരനാണെന്ന് അറിഞ്ഞതോടെ തനി നാട്ടുമ്പുറത്തുകാരനുമായി. അരൂക്കുറ്റി, വടുതല, പാണാവള്ളി, പൂച്ചാക്കൽ തുടങ്ങി പരിചിത പ്രദേശങ്ങളുടെ ചിരപരിചയം ഓർത്തെടുത്തു.(ചേർത്തലക്കാരനായ പത്രപ്രവർത്തകനോടുള്ള ഇഴയടുപ്പം 29 വർഷങ്ങൾക്ക് ശേഷം ഇപ്പോഴും തുടരുന്നു.ഡൽഹി ജീവിതത്തിനിടയിൽ എപ്പോൾ കണ്ടാലും ചേർത്തല വിശേഷം പങ്കിടും. രണ്ടു പേരും എറണാകുളം മഹാരാജാസ് കോളേജിലെ പൂർവവിദ്യാർഥികളായതിനാൽ കോളേജ് വിശേഷം ഓർത്തെടുക്കും. രണ്ടു പേർക്കും ചേച്ചിമാരായിരുന്നു രക്ഷകർത്താക്കളെന്നതിനാൽ കണ്ണുനിറയെ അക്കാര്യങ്ങൾ പങ്കിടും. എന്റെ നാട്ടുകാരനാണ് കേട്ടോ എന്ന് അടുത്തു നിൽക്കുന്നവരെയെല്ലാം പരിചയപ്പെടുത്തും.എഴുതിയ വാർത്തകൾ വായിച്ചിട്ട് ഫോണിൽ വിളിച്ച് അഭിപ്രായം പറയും ).

വിജയത്തിലേക്ക് ഒരു തീവണ്ടി പുറപ്പെടുന്നു

കണ്ണൂരിലും കൽപറ്റയിലുമുള്ള രണ്ട് പരിപാടികളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയായിരുന്നു അത്. വണ്ടി പുറപ്പെടുമ്പോൾ തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ പുറത്തുവരുന്നതേയുണ്ടായിരുന്നുള്ളു.ആദ്യ റൗണ്ട് എണ്ണിയപ്പോൾ എതിർ സ്ഥാനാർഥി ഇടത് സ്വതന്ത്രൻ ഡോ.എൻ.എ.കരീമിനെക്കാൾ രണ്ടായിരത്തിന്റെ ലീഡുണ്ടെന്ന വാർത്തയുമായാണ് യാത്ര പുറപ്പെട്ടത്. തുടർന്ന് ഓരോ സ്റ്റേഷനിലും വണ്ടിയെത്തുമ്പോൾ ഭൂരിപക്ഷം ഉയർന്നു കൊണ്ടിരുന്നു.വിരൽ തുമ്പിൽ വിവരമെത്താനുള്ള മൊബൈൽ ഫോൺ വിളിപ്പുറത്തില്ലാത്ത കാലം.വിവരമറിയാൻ വണ്ടി സ്റ്റേഷനുകളിൽ നിൽക്കണം. ഓരോ സ്റ്റേഷനുകളിലും ലീഡ് നില പറയാൻ കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർഥിയെ കാത്ത് ആവേശത്തോടെ നിലയുറപ്പിച്ചിരുന്നു. തീവണ്ടി സ്റ്റേഷനുകൾ ആവേശക്കടലിരമ്പം തീർത്തു.അതോടെ, വിജയത്തിൽ നിന്ന് വിജയത്തിലേക്ക് യാത്ര പുറപ്പെട്ട ഒരു തീവണ്ടിയായി മലബാർ എക്‌സ്പ്രസ് മാറി. യാത്രയിലുടനീളം അടുത്തറിഞ്ഞ ആന്റണി എന്ന മനുഷ്യനും മുഖ്യമന്ത്രിയും. വിജയത്തിൽ അമിത ആഹ്ളാദമില്ലാതെ, ഭൂരിപക്ഷം ഇത്രയും പ്രതീക്ഷിച്ചില്ല എന്ന ഒറ്റ വാചകത്തിൽ വിജയത്തെ ഒതുക്കുന്നതും കണ്ടു.
എറണാകുളത്ത് രാത്രിയിൽ തീവണ്ടിയെത്തുമ്പോഴേക്ക്, ആന്റണിയുടെ ഭൂരിപക്ഷം പതിനയ്യായിരം കടന്നു.പിന്നെയും വണ്ടി യാത്ര തുടർന്നു.പിന്നെയും ഭൂരിപക്ഷം ഉയർന്നുകൊണ്ടിരുന്നു.

മുഖ്യമന്ത്രിയോടും രാജീവിനോടും യാത്രപറഞ്ഞ് ലേഖകൻ എറണാകുളത്ത് ഇറങ്ങി. ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ കാത്തു നിന്ന വാഹനത്തിൽ കയറി പാഞ്ഞു. വാർത്തയെഴുതി ചീഫിന് നൽകി. അടുത്ത ദിവസത്തെ (1995 മെയ് 30) മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജിൽ ആന്റണിയുടെ വിജയവാർത്തക്കൊപ്പം, അതിരു കടക്കാത്ത ആഹ്ളാദവുമായി  ജനനായകൻ എന്ന തലക്കെട്ടിൽ തീവണ്ടി വാർത്താ ഐറ്റം അണിനിരന്നു. എതിർപത്രങ്ങളിൽ നിന്ന് ഒറ്റപ്പെട്ട, അന്നത്തെ ആ വാർത്ത ഇതായിരുന്നു :

അതിരു കടക്കാത്ത ആഹ്ളാദവുമായി ജനനായകൻ

തിങ്കളാഴ്ച വൈകിട്ട് 6 മണി,സ്ഥലം തമ്പാനൂർ റെയിൽവെ സ്റ്റേഷൻ.വൈകി യാത്രക്കൊരുങ്ങിയ മലബാർ എക്‌സ്പ്രസിലേക്ക്  ആരവങ്ങളുടെ അകമ്പടിയില്ലാതെ ജനനായകൻ ഏ.കെ.ആന്റണി എത്തുമ്പോഴും തിരൂരങ്ങാടിയിൽ നിന്ന് ഏറെ വിശേഷങ്ങളെത്തിയിരുന്നില്ല. ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ രണ്ടായിരത്തിന്റെ ലീഡുണ്ട്.-പേഴ്‌സണൽ സ്റ്റാഫിലെ രാജീവ് പറഞ്ഞു.പക്ഷെ,സ്ഥാനാർഥി അതൊന്നും ശ്രദ്ധിച്ച മട്ട് കണ്ടില്ല.

ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിലേക്ക് കയറുമ്പോൾ, രണ്ടാം ബോഗിയിലിരുന്ന് ടി.കെ.രാമകൃഷ്ണൻ എം.എൽ.എ വിളിക്കുന്നു.മുഖ്യമന്ത്രി നേരെ ടി.കെയുടെ മുറിയിലേക്ക്.എന്താ ടി.കെ. വിശേഷങ്ങൾ? ആന്റണിയുടെ കരം ടി.കെ. ഗ്രഹിച്ചു.''ബദ്ധപ്പാടൊന്നും വേണ്ട, വിശേഷങ്ങൾ അറിഞ്ഞു വരുന്നുണ്ട് ''-എന്ന് ടി.കെ. മറുപടി പറഞ്ഞപ്പോൾ ചുറ്റും കൂടി നിന്നവരിൽ ചിരിയുടെ മാലപ്പടക്കം. 'ഞാൻ കണ്ണൂർക്കാ'-ആന്റണി.'ഞാനും അങ്ങോട്ടാണ്. കർഷക സംഘത്തിന്റെ ഫണ്ട് ഏറ്റുവാങ്ങണം'-ടി.കെ. വിശദീകരിച്ചു. 'എനിക്ക് കൽപറ്റയിൽ എസ്.കെ.എം.ജെ. സ്‌കൂൾ ഹാൾ ഉദ്ഘാടനം ഉണ്ട്, പിന്നെ കണ്ണൂരിൽ പ്രസ് ക്ലബ്ബിന്റെ പരിപാടിയും.'-ആന്റണി പറഞ്ഞു. പിന്നെ ഫസ്റ്റ്ക്ലാസ് കംപാർട്ടുമെന്റിൽ പിരിമുറുക്കമേതുമില്ലാതെ,വിജയത്തിന്റെ നടവരമ്പിലൂടെ ഒരു യാത്ര.

''ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ പരിഭ്രാന്തിയൊക്കെപ്പോയി.1970 ൽ ചേർത്തലയിലെ തിരഞ്ഞെടുപ്പിലായിരുന്നു ടെൻഷൻ. അവിടെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.തണ്ടാരായിരുന്നു (പരേതനായ എൻ.പി.തണ്ടാർ) എതിർ സ്ഥാനാർഥി. ഏറിയും കുറഞ്ഞുമുള്ള ലീഡ്. അവസാനത്തെ ബൂത്ത് എത്തുന്നതിന് മുമ്പ് ഞാൻ ഇരുനൂറ് വോട്ടിന് പിറകിൽ. അടുത്തത് എണ്ണാനുള്ളതാണെങ്കിൽ മാർക്‌സിസ്റ്റ് കോട്ട. പ്രവർത്തകരൊക്കെ പോയി. വയലാർ രവി അന്ന് കൗണ്ടിംഗ് ഏജന്റായിരുന്നു. നിരാശയോടെ രവിയും പോയി. അപ്പോൾ അടുത്ത വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഗൗരിയമ്മ പറഞ്ഞു, ആന്റപ്പാ ഇനി വീട്ടിൽ പൊക്കോ. പക്ഷേ, ഞാൻ അന്ന് 592 വോട്ടുകൾക്ക് ജയിച്ചു. പിന്നെ ഒരു തിരഞ്ഞെടുപ്പിലും കൗണ്ടിംഗ് സെന്ററിൽ പോയിട്ടില്ല ''-ചെറു ചിരിയോടെ ആന്റണി ഞങ്ങളോട് പറഞ്ഞു.

ഇത്രയും പറഞ്ഞ് നിർത്തുമ്പോൾ, മലബാർ എക്‌സ്പ്രസ് നീങ്ങിത്തുടങ്ങിയിരുന്നു. വണ്ടിക്കൊപ്പം ഓടിയെത്തുന്ന കുറച്ചു പ്രവർത്തകരെ കൈവീശി യാത്രയാക്കി തിരിയുമ്പോൾ ക്യാബിന് മുകളിൽ യാത്രക്കാരിലാരോ പതിച്ച വിശുദ്ധ വചനങ്ങൾ :എനിക്ക് നിന്നോടുള്ള സ്‌നേഹം അനന്തമാണ്.നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും.

തീരൂരങ്ങാടി തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി പ്രവർത്തനം തികച്ചും നിരാശാജനകമായിരുന്നുവെന്ന് ആന്റണി. ഇത്ര വ്യക്തിപരമായി ആക്ഷേപിച്ച് വർഗീയത കുത്തിയിളക്കി അവർ തിരഞ്ഞെടുപ്പിനെ നേരിടാൻ പാടില്ലായിരുന്നു. ''കൊച്ചിയിൽ ഞാനാരിക്കൽ ചെയ്ത പ്രസംഗത്തെ അവർ വളച്ചൊടിക്കുകയാണ് ചെയ്തത്.ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന് കീഴ്‌പ്പെട്ട് ജിവിക്കണമെന്ന് ഞാൻ പറഞ്ഞുവെന്നായിരുന്നു പ്രചരണം. ധൈര്യമുണ്ടെങ്കിൽ എന്റെ പ്രസംഗം മുഴുവൻ പ്രസിദ്ധീകരിക്കട്ടെ. മാത്രമല്ല, തിരുവനന്തപുരത്തെ കാഞ്ചി സ്വാമികൾക്കരികിൽ ഞാനിരിക്കുന്ന ചിത്രം അവർ അച്ചടിച്ചു വിതരണം ചെയ്തു. എനിക്ക് എല്ലാ മതങ്ങളെയും പരിഗണിക്കണ്ടേ? ''

ആന്റണിക്കൊപ്പം നടത്തിയ തീവണ്ടി യാത്രയുടെ വാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജ് (തീയതി : 1995 മെയ് 30).

തീവണ്ടി മുന്നോട്ട്.കയറിന്റെ മണം പരക്കുന്ന പാടങ്ങൾക്കരുകിലൂടെ കാറ്റുണർത്തി നീങ്ങുമ്പോൾ ഒരു നിമിഷം മുഖ്യമന്ത്രിയുടെ കണ്ണുകൾ ജനലിന് പുറത്തേക്ക്. ''ഇത് കഴക്കൂട്ടമല്ലേ ? ചേർത്തല പോലിരിക്കുന്നു.രണ്ടിടത്തും കയറാണല്ലോ.ഞാൻ മത്സരിച്ച സ്ഥലങ്ങൾക്കെല്ലാം ഏതാണ്ട് ഒരേ സ്വഭാവമാ..''ആത്മഗതം പോലെയായി ആന്റണിയുടെ സംസാരം.

തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള പ്രതീക്ഷകളെന്താണ് ? (പത്രപ്രവർത്തകൻ ചോദിക്കാൻ തുടങ്ങി)

തിരൂരങ്ങാടി തിരഞ്ഞെടുപ്പിനെക്കുറിച്ച് അമിത പ്രതീക്ഷയൊന്നുമെനിക്കില്ല. യാഥാർഥ്യം മറന്ന് കണക്ക് കൂട്ടിയിട്ട് കാര്യമില്ല. പതിനായിരത്തിൽ താഴെ ഭൂരിപക്ഷം കിട്ടും.

പി.ഡി.പി.യുടെ വളർച്ച സമീപകാലത്തെ തിരഞ്ഞെടുപ്പിൽ കാണുന്നുണ്ടല്ലോ?

അത് ഭാവിയെ ഗുരുതരമായി ബാധിക്കും.

ഈ തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമോ?

ഭരണത്തിന്റെ വിലയിരുത്തലെന്ന് പറയാനാകില്ല. അതിനുള്ള സമയമായിട്ടില്ലല്ലോ. പക്ഷേ, ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. തിരൂരങ്ങാടിയിലെ സാധാരണക്കാർ വളരെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ കണ്ടത്.

തീവണ്ടി കൊല്ലം ജില്ലയിലെ പരവൂർ സ്റ്റേഷനിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് പ്രതാപവർമ്മ തമ്പാൻ ഓടിക്കിതച്ച് എത്തി.നേതാവേ നമ്മൾ ലീഡിലാണ്. രണ്ട് റൗണ്ട് എണ്ണിയപ്പോൾ 2832 വോട്ടിന്റെ ലീഡുണ്ട്. ആരാ രണ്ടാമത് ?-സ്വന്തം വിജയത്തെക്കൾ തൊട്ടടുത്ത എതിരാളി ആരാണെന്നറിയാനുള്ള ആകാംക്ഷ.

കരീമാ രണ്ടാമത്.പി.ഡി.പി, ബി.ജെ.പി, ഐ.എൻ.എൽ എന്നിങ്ങനെയാണ് ക്രമം. കൊല്ലത്തെത്തുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാം-തമ്പാൻ ആവേശം വിടാതെ കൂട്ടിച്ചേർത്തു. എങ്ങനെയുണ്ട് തമ്പാനെ നിന്റെ ആരോഗ്യം ? വിഷയത്തിൽ നിന്ന് മാറിക്കൊണ്ട് ആന്റണി ഒരു നിമിഷം വല്യേട്ടന്റെ റോളിലേക്ക് മാറി.

അടുത്ത മുറിയിലേക്ക് പോകാനെത്തിയ ടി.കെ.രാമകൃഷ്ണൻ ഇതിനിടയിലെത്തി.എന്തായാലും അഭിനന്ദനങ്ങൾ.ആന്റണിയുടെ കൈ പിടിച്ചു  കുലുക്കിക്കൊണ്ട് രാമകൃഷ്ണൻ പറഞ്ഞു.
എന്താ നിങ്ങടെ അവസ്ഥ ?

മുപ്പതിനായിരത്തിനും മുപ്പത്തി അയ്യയായിരത്തിനും ഇടയിൽ വോട്ടു കിട്ടിയാലേ നമ്മുടെ ആളെക്കുറിച്ചെന്തെങ്കിലും പറയാനാവു.പി.ഡി.പി. ഇത്ര കേറുകയാണെങ്കിൽ എങ്ങനാ ? പിന്നെ ടി.കെയും ഏ.കെ.യും കൂടി ഒരു ചെറു സ്വകാര്യ സംഭാഷണം-ഇതൊന്നും എഴുതിക്കളയല്ലേ...

ആന്റണിക്കൊപ്പം നടത്തിയ തീവണ്ടി യാത്രയുടെ വാർത്ത, ഉൾപേജിൽ

അബുദാബിയിൽ നിന്ന് മടങ്ങുന്നത് വഴി വിഴിഞ്ഞവും സന്ദർശിച്ചെത്തിയ കാന്തപുരം അബുബക്കർ മുസ്ല്യാരും മുഖ്യമന്ത്രിയുടെ മുറിയിലെത്തി.പിന്നെ മൂവരും കൂടിയായി ചർച്ച.
കൊല്ലത്തെത്തിയപ്പോൾ സായാഹ്ന പത്രത്തിൽ വെണ്ടക്കയിൽ നിരത്തിയ ആന്റണിയുടെ ലീഡിനെക്കുറിച്ചുള്ള വാർത്ത. പത്രം വിതരണം ചെയ്യുന്ന പയ്യനെ ആന്റണി അകത്തേക്ക് കയ്യാട്ടി വിളിച്ച് പത്രം വാങ്ങി. മുഖ്യമന്ത്രി  നിശബ്ദമായി പത്രവായന തുടങ്ങിയപ്പോഴേക്ക് കാന്തപുരവും ടി.കെ.രാമകൃഷ്ണനും മടങ്ങി.

കൊല്ലം വിട്ടപ്പോൾ ഊണുപാത്രം തുറന്നു.വീട്ടുകാരി എലിസബത്ത് കൊടുത്തുവിട്ട അടുക്കു പാത്രത്തിൽ നിന്ന് ചപ്പാത്തിയും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും പിന്നെ പഴുത്ത പപ്പായ കഷ്ണങ്ങളും.മുറിയിലുണ്ടായിരുന്ന മൂന്ന് പേർക്കും ഒരോ ചപ്പാത്തി. പപ്പായ കഷ്ണവും.

തീവണ്ടി മാവേലിക്കര വിട്ടപ്പോൾ തന്നെ, ഉറക്കത്തിന്റെ അജണ്ട വെളിപ്പെടുത്തിയ മുഖ്യമന്ത്രി, അത്യാവശ്യക്കാർ വന്നാൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഓരോ സ്റ്റേഷനിലും പ്രവർത്തകർ ആവേശത്തിന്റെ മുല്ലപ്പൂമാലകളുമായെത്തിയപ്പോൾ നേതാവിനും പ്രതികരിക്കാനായില്ല.

രാത്രി 10 മണിയോടെ കോട്ടയത്ത് തീവണ്ടിയെത്തുമ്പോൾ പ്രവർത്തകർ ആവേശത്തോടെ കാബിനിലേക്ക് തള്ളിക്കയറി. ആവേശം അതിർത്തി കടന്നാലോ എന്ന് ഭയന്ന് ആന്റണി വാതിലിനരികിലേക്ക് നീങ്ങി. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ നൽകിയ കണക്ക് നോക്കിയപ്പോൾ സ്ഥാനാർഥിക്ക് അത്ഭുതം. പതിനായിരം വോട്ടിന്റെ ലീഡ്.ഇത്ര ഭൂരിപക്ഷം പ്രതീക്ഷക്കുമപ്പുറമാണ്. ജയിക്കുമെന്നേ കരുതിയുള്ളു-ആന്റണി പറഞ്ഞു.

എറണാകുളത്തെത്തുമ്പോൾ എം.എൽ.എമാരായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ എന്നിവരുടെ നേതൃത്വത്തിൽ വൻ സംഘം കാത്തു നിൽക്കുന്നു. എന്താ എല്ലാവരും കൂടി? -നേതാവിന്റെ ഒന്നുമറിയാത്തതു പോലെയുള്ള ചോദ്യം അണികളിൽ ചിരി പരത്തി.തിരഞ്ഞെടുപ്പ് കസറുകയാ-ആൾക്കൂട്ടത്തിൽ നിന്നൊരാൾ വിളിച്ചു പറഞ്ഞപ്പോൾ, അയാളെ തിരഞ്ഞു പിടിച്ച് കരം ഗ്രഹിച്ചു. അപ്പോൾ , മുഖ്യമന്ത്രി തീവണ്ടിയിൽ നിന്ന് താഴേക്ക് ഇറങ്ങി നിൽക്കണമെന്ന ആവശ്യം ആൾക്കൂട്ടത്തിൽ നിന്നുയർന്നു.

ഞാൻ താഴെ നിന്നാൽ ആർക്കും കാണാൻ പറ്റില്ല. ഇവിടെ നിന്നാൽ എല്ലാവരുടെയും മുഖം കാണാം-ആന്റണി മറുപടി പറഞ്ഞു. ഇപ്പോൾ ഇൻസ്റ്റാൾമെന്റായിട്ടാ റിസൾട്ട് കിട്ടുന്നത്. തിരൂരങ്ങാടിയിലെത്തുമ്പോൾ ബാക്കി അറിയാം.-ആന്റണി കൂട്ടിച്ചേർത്തു. തീവണ്ടി നീങ്ങുമ്പോഴേക്ക് വീണ്ടും ഉറക്കം.തൃശൂരെത്തുമ്പോൾ പ്രവർത്തകരുടെ വിജയഭേരി കേട്ട് ഉറക്കം മുറിച്ച് ഇറങ്ങുകയായി.