ണ്ണില്‍ കുത്തുന്ന കുറ്റാക്കുറ്റിരുട്ടായിരുന്നു. ദേഹത്ത് തട്ടി ഇടിച്ചു നിന്നാല്‍ മാത്രമേ, എതിരെ ഒരാള്‍ നടന്നു വന്നിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയു. അത്രയ്ക്ക് അന്ധകാരം. വളരെ ദൂരെ വീടുകളില്‍ ചെറുവിളക്കുകളുടെ തിരിയില്‍ നിന്ന് പ്രാണന്‍ നേടിയ മിന്നാമിനുങ്ങുകള്‍. അവ പറക്കുന്നില്ല, തിരിയുടെ

placeholder
എണ്ണമിനുക്കില്‍ പറ്റിപ്പിടിച്ചിരിക്കുന്നു. പാന്‍, പാനി കടകള്‍ പോലീസ് നേരത്തെ അടപ്പിച്ചിരുന്നതിനാല്‍, വഴിയില്‍ വെളിച്ചത്തിന്റെ വെള്ളക്കീറ് കിട്ടാന്‍ ആ പോംവഴിയും അടഞ്ഞു. ഇരുട്ടേ വിഴുങ്ങ് എന്ന് ഒരു പ്രദേശം പറയും പോലെ. ആ കൂരിരുട്ടില്‍ പെട്ടെന്ന് ഒരു വെളിച്ചം തെളിഞ്ഞു- കൊടുംവെയിലത്ത് വിയര്‍ത്തു കുളിച്ചു നിന്നവന് ഒരു വിശറി കിട്ടിയത് പോലെ കണ്ണ് തുറന്നത് വിനോദ് മൊറാഴയുടെ ക്യാമറാ ലൈറ്റ്! പെട്ടെന്ന് ഇരുട്ടില്‍ കിടന്ന വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് രാഹുല്‍ ഗാന്ധി ഉറക്കെ വിളിച്ചു: 'ഭായ് സാബ് ആവോ, ആവോ...ലൈറ്റ് യഹാം ഫോക്കസ് കരോ'.

To advertise here,

വിനോദ് ക്യാമറയും വെളിച്ചവുമായി രാഹുല്‍ കയറിയ വാഹനത്തിന്റെ അടുത്തേക്ക് നീങ്ങാനൊരുങ്ങി. ലൈറ്റ് കണ്‍തുറന്ന ക്യാമറ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് വിനോദ് അങ്ങോട്ടെത്താന്‍ തിരക്കിട്ടു. വിനോദിന്റെ തൊട്ടുപുറകെ ചാനല്‍ മൈക്ക് ഉയര്‍ത്തിപ്പിടിച്ച് ഈ ലേഖകനും. എന്നാല്‍, ആള്‍ക്കൂട്ടവും സുരക്ഷാവലയവും ഞങ്ങള്‍ക്ക് മുന്നില്‍ തടസ്സങ്ങളുടെ കോട്ട കെട്ടിയിരിക്കുന്നു. പ്രിയ നേതാവിനെ കണ്ടതിന്റെ ആഹ്ളാദത്തില്‍ ജനക്കൂട്ടം ഇളകിമറിയുന്നു. നെഹ്‌റു കുടുംബത്തിന്റെ പതിവ് മണ്ഡലമാണെങ്കിലും രാഹുലിനെ അടുത്തുകിട്ടുക അന്നത്തെ കാലത്ത് നാട്ടുകാര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. കാരണം സുരക്ഷാവലയം.

ആരും വാഹനത്തിന് അടുത്തെത്താതിരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈകോര്‍ത്ത് പിടിച്ച് നിലയുറപ്പിച്ചിരിക്കുന്നു. വാഹനത്തിന് മുകളില്‍ നിന്ന് രാഹുല്‍ വീണ്ടും വിളിച്ചു. ഭായ് സാബ് ആവോ... ആള്‍ക്കൂട്ടക്കോട്ടയെ ചൂണ്ടി വിനോദ് നിസ്സഹായത പ്രകടിപ്പിച്ചപ്പോള്‍ രാഹുല്‍ അവരോട് അഭ്യര്‍ഥിച്ചു: ഭായ് സാബ് കോ രാസ്താ ദീജിയേ... ആള്‍ക്കൂട്ടം വിനോദിനായി തെല്ലൊന്നൊതുങ്ങി. വിനോദ് ക്യാമറയും തോളില്‍ വച്ച് തിങ്ങിഞെരുങ്ങി വാഹനത്തിനരുകിലേക്ക്. തൊട്ടുപിന്നാലെ മൈക്കുമായി ഞാനും. വിനോദിനോട് വാഹനത്തിന് മുകളിലേക്ക് കയറാന്‍ രാഹുല്‍ അഭ്യര്‍ഥിച്ചു. നിത്യവ്യായാമത്തിലൂടെ ആരോഗ്യം പരിപാലിക്കുന്നതിന്റെ ഗുണം വിനോദിനെ തുണച്ചു. ഒരു വിധത്തില്‍ വാഹനത്തിന്റെ ബോണറ്റില്‍ കയറി ക്യാമറാ ലൈറ്റ് രാഹുലിനെ ഫോക്കസ് ചെയ്ത്, സുരക്ഷാ ഉദ്യോഗസ്ഥരുടെ കടുംപിടുത്തത്തില്‍ വിനോദ് നിലയുറപ്പിച്ചു. വിനോദിന്റെ കയ്യിലും കാലിലുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടുത്തം. കത്രികപ്പൂട്ടുള്‍പ്പടെയുള്ള സകല പൂട്ടുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിനോദില്‍ പരീക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. ഒരിഞ്ച് അനങ്ങിയാല്‍ പൂട്ടു മുറുകും. ആള്‍ക്കൂട്ടത്തിന്റെ ഒരു ദാക്ഷിണ്യവുമില്ലാത്ത തിരതള്ളലില്‍, വാഹനത്തിന്റെ താഴത്തെ ചവിട്ടുപടിയില്‍ കയറി ഞാനും നിന്നു. എന്നെയും ഒരിഞ്ചുപോലും അനങ്ങാന്‍ കഴിയാത്ത വിധം സകലമാന പൂട്ടും പൂട്ടി എസ്.പി.ജി. വട്ടം പിടിച്ചിരിക്കുന്നു.

placeholder
Photo: PTI

വിനോദ് വിതറിയ വെളിച്ചത്തില്‍ രണ്ടോ മൂന്നോ മിനിറ്റ് പ്രസംഗിച്ച ശേഷം ഞങ്ങളെ നോക്കി നന്ദി പ്രകാശിപ്പിച്ച് രാഹുല്‍ വാഹനത്തിന്റെ സീറ്റിലേക്ക് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മൈക്ക് നീട്ടി- ഒരഭിമുഖം വേണം. നാലഞ്ച് ചോദ്യങ്ങള്‍ക്ക് നാലഞ്ച് ഉത്തരങ്ങളെങ്കിലും... സുരക്ഷാ ഉദ്യോഗസ്ഥര്‍ ചിതറിയെറിയാന്‍ ശ്രമിക്കുന്നതിനിടയില്‍, ചോദിച്ചോളു... എന്ന് ചെറുചിരിയോടെ രാഹുല്‍. ചോദിക്കാന്‍ ഒരുങ്ങുമ്പോഴേക്ക് വിനോദിനെയും ക്യാമറയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ താഴെ ഇറക്കി. വിനോദ് ആള്‍ക്കൂട്ടത്തില്‍ അകപ്പെട്ടു. ക്യാമറയില്ലാതെ എങ്ങനാ, ക്യാമറാമാന്‍ ദൂരെയായിപ്പോയല്ലോ എന്ന് ഞാന്‍ സ്വയം അറിയാതെ ചോദിച്ചു പോയി. എന്ത് ചെയ്യാന്‍ കഴിയുമെന്ന് നിഷ്‌കളങ്കമായ ചെറുചിരിയോടെ രാഹുലിന്റെ പ്രതികരണം. 'ഒരു കാര്യം ചെയ്യൂ, നിങ്ങള്‍ ഈ വാഹനത്തെ ഒപ്പത്തിനൊപ്പം പിന്തുടര്‍ന്നോളു, എവിടെയെങ്കിലും വച്ച് അവസരം കിട്ടിയാല്‍ അപ്പോള്‍ ഞാന്‍ സംസാരിക്കും'- രാഹുലിന്റെ ഉറപ്പ്. എന്നാല്‍ പിന്നെ അതുതന്നെ എന്നുറപ്പിച്ച് വിനോദും ഞാനും. പിന്നെ നടന്നതെല്ലാം അവിസ്മരണീയമായ അനുഭവങ്ങള്‍...

അവിസ്മരണമീയമായ അനുഭവങ്ങള്‍ വിവരിക്കുന്നതിന് മുമ്പ് ഒരു ചെറിയ ഇടവേള. ഇടവേളയില്‍ ഇത് എവിടെ, എങ്ങനെ, എപ്പോഴുണ്ടായ സംഭവം എന്ന് വിവരിക്കാം.

അമേഠി മണ്ഡലത്തിന്റെ ഉള്‍പ്രദേശങ്ങളിലൊരിടത്തായിരുന്നു, ഞങ്ങള്‍ മൂന്നു പേര്‍. മാതൃഭൂമി ചാനലിന്റെ റിപ്പോര്‍ട്ടറായ ഞാനും ക്യാമറാമാന്‍ വിനോദ് മൊറാഴയും വാഹനസാരഥി രമേഷും. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശില്‍ കവര്‍ ചെയ്യാനായി ഇറങ്ങിത്തിരിച്ചതാണ്. വാരാണസിയില്‍ നിന്നാണ് അക്കൊല്ലം തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗ് യാത്ര ഞങ്ങള്‍ ആരംഭിച്ചത്. വാരാണസി പിന്നിട്ട് ലഖ്‌നൗവും റായ്ബറേലിയും കടന്ന് അമേഠിയില്‍ എത്തിയതാണ്. തലേദിവസം റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അടുത്തദിവസം രാഹുലിന്റെ റോഡ് ഷോ കവര്‍ ചെയ്യാനായി അമേഠിയിലെത്തിയതാണ്. പ്രിയങ്കാ ഗാന്ധിയുടെ അഭിമുഖം തരമായതിന്റെ ആത്മവിശ്വാസവും സന്തോഷവും കലര്‍ന്ന പ്രകാശത്തിലാണ് അമേഠിയിലെത്തിയത്.

placeholder
Photo: PTI

ഉരുളിയില്‍ ശര്‍ക്കര ഉരുകും പോലെ കൊടുംചൂടിന്റെ ചെമ്പുരുളിയില്‍ ആളുകളെ ഉരുക്കിയെടുക്കുന്ന ഉച്ചവെയിലിലേക്കാണ് ഞങ്ങളെത്തിയത്. രാവിലെ 11 മണിക്ക് തന്നെ സൂര്യന്‍ ഒരു മറയുമില്ലാതെ വിശ്വരൂപം കാട്ടുന്ന ഉത്തരേന്ത്യന്‍ വേനല്‍.

ഗ്രാമത്തിലെ നാലും കൂടിയ കവല. നാടന്‍ മുറുക്ക് മുതല്‍ നാടന്‍ മുറുക്കാന്‍ വരെ കിട്ടുന്ന ചെറുകടി- ചെറുകിട കടകള്‍. പരിഷ്‌കാരങ്ങളുടെ പരവേശമൊന്നുമാര്‍ക്കുമില്ല. ഗ്രാമത്തിന്റെ നേരെ വാ നേരോ പോ സ്വഭാവം. ഉള്‍വഴികളില്‍ നിന്നും ഇടവഴികളില്‍ നിന്നും ആളുകള്‍ ഗ്രാമത്തിലേക്ക് പടര്‍ന്നൊഴുകാന്‍ തുടങ്ങി. ഏത് നിമിഷവും റോഡ്‌ഷോയുമായി സ്ഥലം എം.പി. കൂടിയായ രാഹുല്‍ഗാന്ധി കടന്നുവരുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ അണിചേരുകയാണ്. കീരയെന്ന് ഹിന്ദി നാടുകള്‍ പറയുകയും കക്കിരിയെന്നോ കക്കിരിക്കയെന്നോ കേരളം വിളിക്കുകയും ചെയ്യുന്ന ചെറുവെള്ളരി, ഉപ്പ് പുരട്ടി വില്‍പന നടത്തുന്ന ഉന്തുവണ്ടിക്കാര്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ ചാകര. ഗ്രാമപ്രദേശം പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വലയത്തിലായി. തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തിന് പോലീസുകാരുടെ സാന്നിധ്യവും കൗതുകമേറ്റി. ഉച്ചമുതലുള്ള ആ കാത്തിരിപ്പിന്റെ അരികുപറ്റി ഞങ്ങളും. നിന്ന് നിന്ന് കാല്‍ പിണങ്ങിയപ്പോള്‍, തൊട്ടടുത്ത വീട്ടുകാരന്‍ വിളിച്ചു. നിങ്ങളെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ, ഏത് നാട്ടില്‍ നിന്ന് വരുന്നു?. ഗ്രാമ്യനിഷ്‌കളങ്കതയോടെ വീട്ടുകാരന്റെ ചോദ്യം. ഉത്തരേന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ കേരളത്തോടുള്ള പ്രിയം പലവട്ടം അനുഭവിച്ചറിഞ്ഞതിനാല്‍, ഇത്തരം യാത്രകളില്‍ എപ്പോഴും കേരളത്തില്‍ നിന്ന് വരുന്നുവെന്നാണ് പതിവായി പറയുക. അതിനാല്‍ കേരളത്തില്‍ നിന്നുള്ള വരവാണെന്നറിയിച്ചപ്പോള്‍ പതിവ് പോലെ ആതിഥ്യത്തിന് മധുരം കൂടി. മധുരമുള്ള ചായയും ഒപ്പമെത്തി. ചായ കുടിച്ച് വീണ്ടും സൊറ പറഞ്ഞിരുന്നപ്പോള്‍, പരിചയപ്പെടാനെത്തിയ ചെറുപ്പക്കാരന്‍ പരിസരത്ത് ട്യൂട്ടോറിയല്‍ നടത്തുന്ന അധ്യാപകന്‍. സമയം പോകാനുള്ള വഴിയെന്ന നിലയിലാണ് യുവാവുമായി ഏറെ നേരം സംസാരിച്ചിരുന്നതെങ്കിലും പെട്ടെന്ന് ചങ്ങാതിമാരായി(അടുത്ത കാലം വരെ അമേഠിയില്‍ നിന്ന് ആ യുവാവിന്റെ, കുശലാന്വേഷണങ്ങള്‍ ഫോണില്‍ എത്തുമായിരുന്നു).

പക്ഷേ, കുശലങ്ങളുടെ ആവര്‍ത്തനങ്ങള്‍ പലകുറി കൊണ്ടാടിയിട്ടും സമയം നീങ്ങുന്നില്ല. രാഹുല്‍ എത്തുന്നുമില്ല. വെയില്‍ കുറയുന്നതുമില്ല. കാത്തിരിപ്പ് തുടരുന്നതിനിടയില്‍ ഉച്ച മാഞ്ഞു, സന്ധ്യയായി. കാത്തിരിപ്പ് രാത്രി എട്ടു മണി വരെ നീളുന്നതിനിടയില്‍, പെട്ടെന്ന് ദൂരെ നിന്ന് രണ്ട് തീഷ്ണദൃഷ്ടികള്‍ ഇരുട്ടിനെ കീറിമുറിച്ച് പതുക്കെ വരുന്നത് കണ്ടു. ആള്‍ക്കൂട്ടത്തിന് നടുവില്‍ അതുവരെ കാലിടറാതെ ഒരു വിധം ഒപ്പിച്ചു നിന്ന പ്രാദേശിക നേതാവ് വാഹനത്തിന്റെ വരവ് കണ്ട് തൊണ്ട പൊട്ടുമാറുച്ചത്തില്‍ അലറി, 'രാഹുല്‍ജി സിന്ദാബാദ്, സോണിയാജി സിന്ദാബാദ്, പ്രിയങ്കാജി സിന്ദാബാദ്...' കയ്യില്‍ കരുതിയ പേരുകളുടെ സ്റ്റോക്ക് തീര്‍ന്നപ്പോള്‍ അയാള്‍ വീണ്ടും വിളിച്ചു:'അമേഠിയുടെ നേതാവേ സിന്ദാബാദ്.' ആള്‍ക്കൂട്ടവും അക്ഷരംപ്രതി അതെല്ലാം ഏറ്റ് വിളിച്ചു. അമേഠിയിലെ ലോക്‌സഭാ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ അപ്പോള്‍ ആള്‍ക്കൂട്ടത്തിനരുകിലേക്ക് പതുക്കെ സഞ്ചരിച്ചു വരികയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ അഭിമുഖം അല്ലെങ്കില്‍ ബൈറ്റ് ചാനല്‍ മൈക്കില്‍ എടുക്കണം. അതായിരുന്നു ലഖ്നൗവില്‍ നിന്ന് പുലര്‍ച്ചെ യാത്ര തിരിക്കുമ്പോഴും അമേഠിയുടെ റോഡില്ലാ റോഡിലൂടെ യാത്രചെയ്ത് പൊടിയില്‍ കുളിച്ച് ആ ഉള്‍ഗ്രാമത്തില്‍ എത്തുമ്പോഴും ആഗ്രഹം. ഇതുപോലെയുള്ള രാഷ്ട്രീയ വി.വി.ഐ.പിയുടെ ബൈറ്റുകള്‍ സ്വന്തം ചാനല്‍ മൈക്കില്‍ എടുക്കുകയും അത് ബ്രേക്കിംഗ് ന്യൂസിന്റെ ആഡംബരത്തില്‍ ആകാശത്തേയ്ക്ക് വിക്ഷേപിക്കുകയും ചെയ്യുക തിരഞ്ഞെടുപ്പ് കാല ദൃശ്യമാധ്യമപ്രവര്‍ത്തനത്തില്‍ ഒരു ഹരമാണ്. ബൈറ്റ് കിട്ടാന്‍ ഏറ്റവും ദുഷ്‌കരമായ നിരയിലുള്ള നേതാക്കളുടെ ബൈറ്റുകള്‍ സ്വന്തമാക്കുക എന്നതിന്റെ സാഹസികത ഹരമേറ്റും.

പലമടങ്ങുകളുള്ള സുരക്ഷാവലയം ഭേദിച്ച് രാഹുലിന് അടുത്തെത്തുകയും ബൈറ്റെടുക്കുകയും ചെയ്യുക അത്യാഗ്രഹമാണ്. എങ്കിലും ശ്രമിച്ചു കളയാം എന്ന മട്ടില്‍ മൈക്കുമായി ഞാനും ക്യാമറയുമായി വിനോദും തയ്യാറായി നിന്നു. പറഞ്ഞാല്‍ വിശ്വസിക്കില്ല, ആ ഉള്‍ഗ്രാമത്തില്‍ രാഹുലിന്റെ റോഡ് ഷോ റിപ്പോര്‍ട്ട് ചെയ്യാന്‍ അപ്പോള്‍ മാധ്യമപ്രവര്‍ത്തകരായി ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ!

ചിലപ്പോള്‍ എല്ലാം ഒത്തുവരും. അന്ന്, ആ ദിവസം ചെയ്യുന്നതെല്ലാം അച്ചട്ടായിരിക്കും. എന്നാല്‍, ചിലപ്പോള്‍ ഒന്നും ശരിയാകില്ല. അന്ന്,ആ ദിവസം ചെയ്യുന്നതെല്ലാം ചീട്ട് കൊട്ടാരം പോലെ വീണടിയും. (എങ്കിലും അതിന് തൊട്ടുമുന്നിലുള്ള ദിവസം റായ്ബറേലിയില്‍ നിന്ന് പ്രിയങ്കയുടെ ബൈറ്റ് ഏറെ പരിശ്രമിച്ച് എടുക്കാനായതിന്റെ പ്രതീക്ഷ കൂട്ടിനുണ്ടായിരുന്നു.)

placeholder
Photo: PTI

ഇരുട്ടില്‍ ഒരു പ്രകാശം

ഇടവേളയും ഫ്‌ളാഷ്ബാക്കും കഴിഞ്ഞു. ഇനി വീണ്ടും കാര്യത്തിലേക്ക്.

വാഹനം പതുക്കെ ഇരുട്ടില്‍ വന്നു നിന്നു. ഉച്ചയ്ക്ക് എത്തേണ്ട റോഡ് ഷോയാണ്. പക്ഷേ,, ആ ഗ്രാമത്തില്‍ എത്തിയപ്പോള്‍ രാത്രി എട്ടുമണിയായി. റോഡ് ഷോയുടെ അവസാന ഘട്ടമായിരുന്നു അത്. ഇരുട്ടോടിരുട്ട്. അപ്പോള്‍ അവിടെ തെളിഞ്ഞ ഏക വെളിച്ചം രാഹുല്‍ വന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റുകള്‍ മാത്രം! പടര്‍ന്നു കിടന്ന ഇരുട്ടില്‍ രാഹുലിന്റെ മുഖം ജനങ്ങള്‍ക്ക് കാണാനാവുന്നില്ല. ജനങ്ങളുടെ മുഖം രാഹുലിനും. വൈദ്യുതിയെത്താത്ത പാവം പിടിച്ച ഗ്രാമത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല. റോഡ് ഷോ പകല്‍ വെളിച്ചത്തില്‍ എത്തുമെന്ന് കരുതി പകരം സംവിധാനം കരുതി വയ്ക്കാതിരുന്നതോ, ആ പ്രദേശത്ത് ജനറേറ്ററുകള്‍ പോലെയുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതോ ആകാം കാരണം. പിന്നീട് സംഭവിച്ചതാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ വിശദീകരിച്ച സംഭവങ്ങള്‍.

ഇരുട്ടില്‍ എങ്ങനെ രാഹുല്‍ പ്രസംഗിക്കുമെന്ന് പ്രാദേശിക സംഘാടകര്‍ ആശയക്കുഴപ്പത്തിലാണ്ടപ്പോഴാണ്, പെട്ടെന്ന് വിനോദിന്റെ ക്യാമറാ ലൈറ്റ് പകല്‍ വെളിച്ചം പരത്തി കണ്‍ തുറന്നത്. രാഹുലിന്റെ മുഖത്തും വെളിച്ചം വീണു. വാഹനത്തിന് മുകളില്‍ കയറി നിന്ന് സംസാരിക്കാനൊരുങ്ങിയ രാഹുല്‍, വെളിച്ചത്തിന്റെ ഉടമയായ വിനോദിനെ കയ്യാട്ടി വിളിച്ചു. 'ഭായ് സാബ് ആവോ, ആവോ... ലൈറ്റ് യഹാം ഫോക്കസ് കരോ...'

അഭിമുഖം തരുമെന്ന രാഹുലിന്റെ ഉറപ്പില്‍ ഞങ്ങള്‍, ജനക്കൂട്ടത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഇടിയും തൊഴിയുമേറ്റ് വാഹനത്തിന് പിന്നില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ 'നടപ്പോട്ടം ' (നടപ്പും ഓട്ടവും) തുടങ്ങി. ഒറ്റലക്ഷ്യം മാത്രം കണ്ണിലുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടംവലം നോട്ടമില്ല. ഇടിച്ചുതള്ളലിന് ഒരു തരിമ്പും മാര്‍ദവമില്ല. വി.ഐ.പിയുടെ സുരക്ഷയല്ലാതെ ഒന്നും അവരുടെ മനസ്സില്‍ അപ്പോഴില്ല. വിനോദിന്റെയും എന്റെയും പാന്റസിന് പിന്നില്‍ എസ്.പി.ജി ഉദ്യോഗസ്ഥര്‍ കടുംപിടിത്തം പിടിച്ചിരിക്കുകയാണ്. കത്രികപ്പൂട്ടുമുണ്ട്. അങ്ങനെ തന്നെ നടപ്പ് തുടര്‍ന്നു. അല്പ ദൂരം പിന്നിട്ടപ്പോള്‍, രാഹുല്‍ വാക്കു പാലിച്ചു. വാഹനത്തിന്റെ പിന്‍ഭാഗത്ത് എത്തി രാഹുല്‍ സംസാരിക്കാന്‍ തയ്യാറായി. ചോദിച്ചോളു. ചോദിച്ചു. ഒന്നല്ല, രണ്ട് മൂന്ന് ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ക്കെല്ലാം രാഹുല്‍ ഉത്തരം നല്‍കി. വിനോദിന്റെ ക്യാമറ അതെല്ലാം പകര്‍ത്തി. ആവേശം മൂത്ത് വീണ്ടും ചോദ്യത്തിനൊരുങ്ങുമ്പോള്‍, എസ്.പി.ജി. ഉദ്യോഗസ്ഥര്‍ പാന്റ്സിന്റെ പുറകിലെ കൊളുത്തില്‍ പിടിച്ച് വലിച്ച് വിനോദിനെയും എന്നെയും വഴിയോരത്തേക്ക് എറിഞ്ഞു. ഒരു വലിയ കിതപ്പിന്റെ ചുവരും ചാരി ഞങ്ങള്‍ രണ്ടു പേരും കുറെ നേരമിരുന്നുപോയി. എങ്കിലും, ലക്ഷ്യം സാധിച്ചെന്ന സന്തോഷം ഞങ്ങളെ പരസ്പരം നോക്കി ചിരിക്കാന്‍ പ്രേരിപ്പിച്ചു. ഞങ്ങള്‍ ആനന്ദത്തോടെ ചിരിച്ചു. ഇരുട്ടിലും ഞങ്ങള്‍ ചിരി കൈമാറി. അപ്പോഴേക്ക് റോഡ് ഷോ അടുത്ത പോയിന്റിലേക്ക് നീങ്ങിയിരുന്നു. ഞങ്ങള്‍ പിന്നിലേക്ക് നടന്ന് പാര്‍ക്ക് ചെയ്ത വാഹനത്തില്‍ കയറി ലഖ്നൗവിലേക്കും.

placeholder
Photo: PTI

അമേഠിയുടെ കഥ

വികസനവുമായി കാര്യമായ ചങ്ങാത്തമുണ്ടായിരുന്നില്ല 2014 ല്‍ അമേഠിക്ക്. പരന്നു കിടക്കുന്ന വരണ്ട പ്രദേശത്തിന് പരാധീനതകളുടെ മേല്‍വിലാസം. റോഡുകളെന്ന പേരില്‍ പൊടിയില്‍ കുളിച്ച നടവഴികള്‍. വെള്ളവും വെളിച്ചവും എത്താത്ത മേഖലകളേറെ. എന്നാല്‍ നെഹ്‌റു കുടുംബത്തിന്റെ പതിവ് മണ്ഡലമെന്നതിനാല്‍ റായ്ബറേലിക്കൊപ്പം താരപരിവേഷമുണ്ട് അമേഠിക്ക്.

കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാണ് 1960-കള്‍ മുതല്‍ അമേഠി. ആദ്യ പാര്‍ലമെന്റ് അംഗം കോണ്‍ഗ്രസ് നേതാവായിരുന്ന വിദ്യാധര്‍ ബാജ്‌പേയിയാണ്. 1967-ലും 1971-ലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1977- ലെ ഇന്ദിരാവിരുദ്ധ തരംഗത്തില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥി രവീന്ദ്ര പ്രതാപ് സിംഗ് ഇന്ദിരാഗാന്ധിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ സഞ്ജയ് ഗാന്ധിയെ അമേഠിയില്‍ തോല്‍പിച്ചു. ഇന്ദിരാഗാന്ധിയാകട്ടെ, റായ്ബറേലിയിലും പരാജയപ്പെട്ടു. 1980- ല്‍ സഞ്ജയ് ഗാന്ധി അതേ രവിന്ദ്ര പ്രതാപ് സിംഗിനെ പരാജയപ്പെടുത്തി അമേഠിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് ഗാന്ധിയുടെ മരണശേഷം 1981- ലെ ഉപതിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി വിജയിച്ചു. അന്ന് ലോക്ദള്‍ നേതാവായിരുന്ന ശരദ് യാദവായിരുന്നു എതിരാളി. 1984- ല്‍ രാജീവിനെ എതിരിട്ടത് മേനകാ ഗാന്ധി. മേനക സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്നു. രാജീവിന് കിട്ടിയത് മൂന്ന് ലക്ഷത്തി അറുപത്തി അയ്യായിരം വോട്ടും മേനകയ്ക്ക് അമ്പതിനായിരം വോട്ടും. 1989-ല്‍ അമേഠി ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിച്ചത്. രാജീവ് ഗാന്ധിക്കെതിരെ ജനതാദള്‍ സ്ഥാനാര്‍ഥി രാജ്മോഹന്‍ ഗാന്ധിയും ബി.എസ്.പി. സ്ഥാനാര്‍ഥി കാന്‍ഷി റാമുമായിരുന്നു എതിരാളികള്‍. മൊത്തം 47 സ്ഥാനാര്‍ഥികള്‍. എന്നാല്‍ പോള്‍ ചെയ്തതില്‍ 67.43% വോട്ട് നേടി രാജീവ് വന്‍ വിജയം നേടി.

1991 വരെ രാജീവ്ഗാന്ധിയാണ് അമേഠിയെ പ്രതിനിധീകരിച്ചത്. രാജീവിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായിരുന്ന സതീഷ് ശര്‍മ തിരഞ്ഞെടുക്കപ്പെട്ടു. 1998-ല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി സഞ്ജയ് സിംഗ് സതീഷ് ശര്‍മയെ തോല്‍പിച്ചു. 1999-ല്‍ മണ്ഡലം വീണ്ടും കോണ്‍ഗ്രസിന് ലഭിച്ചു. 1999 മുതല്‍ 2004 വരെ സോണിയാഗാന്ധിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

2004 മുതലാണ് രാഹുല്‍ ഗാന്ധി അമേഠിയെ പ്രതിനിധീകരിക്കാന്‍ തുടങ്ങിയത്. 2004-ല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ചന്ദ്ര പ്രകാശ് മിശ്രയെ രാഹുല്‍ തോല്‍പിച്ചു. രാഹുലിന് 66.18 ശതമാനവും ചന്ദ്ര പ്രകാശിന് 16.85 ശതമാനവും വോട്ടുകളുമാണ് ലഭിച്ചത്. 2009-ല്‍ ത്രികോണമത്സരമായിരുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥി പ്രദീപ് കുമാര്‍ സിംഗും ബി.എസ്.പി. സ്ഥാനാര്‍ഥി അശീശ് ശുക്ലയുമാണ് നേരിട്ടത്. രാഹുല്‍ 71.78% വോട്ട് നേടിയപ്പോള്‍, ബി.എസ്.പി. സ്ഥാനാര്‍ഥി (14.54%) രണ്ടാം സ്ഥാനത്തും ബി.ജെ.പി. സ്ഥാനാര്‍ഥി (5.81%) മൂന്നാം സ്ഥാനത്തുമായി.

എന്നാല്‍ 2014-ല്‍ ചിത്രം മാറി. രാഹുലിന് 46.71 ശതമാനവും സ്മൃതി ഇറാനിക്ക് 34.38 ശതമാനവും വോട്ടുകള്‍ ലഭിച്ചു. രാഹുലിന്റെ ഭൂരിപക്ഷം 1,07,903 ആയി കുറഞ്ഞു. 2009 നെക്കാള്‍ 25.07% വോട്ടുകള്‍ രാഹുലിന് കുറവായിരുന്നു. പിന്നീട് 2019-ല്‍ എത്തിയപ്പോള്‍ രാഹുലിന് അമേഠി നഷ്ടമായി. സ്മൃതി ഇറാനി രാഹുലിനെ തോല്‍പിച്ച് ക്യാബിനറ്റ് മന്ത്രിയായി. 2024-ലും ബി.ജെ.പിയുടെ സ്ഥാനാര്‍ഥി സ്മൃതി ഇറാനി തന്നെ. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരെന്നത് ഇതെഴുതും വരെ സസപെന്‍സിന്റെ മൂടുപടം തുറന്ന് പുറത്തു വിട്ടിട്ടില്ല.