ന്ത്യന്‍ ഉറുപ്പികയ്ക്ക് ഒരു വിലയുമില്ലാത്ത നാടുണ്ടാവുമോ ഇന്ത്യയില്‍. മാചി നദി കടന്നാല്‍ നേപ്പാളില്‍ കടക്കാവുന്ന ബംഗാളിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ചെന്നു നോക്കൂ. നേപ്പാളി രൂപ ഇന്ത്യന്‍ രൂപ പോലെ ഉപയോഗിക്കുന്നത് കാണാം. എന്നാല്‍ ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ രൂപ ആവശ്യമില്ലാത്ത നാടോ ഇന്ത്യയില്‍? അതെ അവിടെ ചെന്നു പെട്ടത് 2008 ലാണ്. 16 കൊല്ലം മുമ്പ്.

To advertise here,

ഛത്തിസ്ഗഡില്‍ തിരഞ്ഞെടുപ്പായിരുന്നു. ബസ്തറിന്റെ അസ്വസ്ഥതകളെ വായിച്ചേ ശീലിച്ചിട്ടുള്ളൂ. നേരില്‍ കാണുന്നത് ആ യാത്രകളിലാണ്. ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ കച്ചവടം നടക്കുന്ന ആഴ്ചച്ചന്തകളെ പറ്റി പറഞ്ഞത് അജയ് ടിജി. എഴുപതുകളില്‍ മണപ്പുറത്ത് നിന്ന്, ഏങ്ങണ്ടിയൂരില്‍ നിന്ന്, നാട് വിട്ട് ഭിലായിയിലെത്തി പിന്നീട് ബിബിസിക്ക്  വേണ്ടി ഡോക്യുമെന്ററി ചെയ്ത മലയാളി. ബിനായക് സെന്നിനൊപ്പം സര്‍ക്കാരിന്റെ സംശയപ്പട്ടികയില്‍ ഇടംപിടിച്ച സാമൂഹിക പ്രവര്‍ത്തകന്‍.

ബിജാപ്പൂരില്‍ നിന്നുള്ള മടക്കമായിരുന്നു അത്. അബൂജ്മാഡ് എന്ന മേഖലയെപ്പറ്റി അജയ് ടിജി പറഞ്ഞു. 'പോയാല്‍ ഒന്നുകില്‍ മാവോയിസ്റ്റുകളുടെ കയ്യില്‍ പെടും. അല്ലെങ്കില്‍ ആര്‍മി പിടിക്കും. സ്വന്തം റിസ്‌കില്‍ പോവുക. ചെന്നാല്‍ ഇന്നോളം കാണാത്ത കാഴ്ചകള്‍ കിട്ടും'

ആ ആഴ്ചച്ചന്തകള്‍ കണ്ടിട്ടു തന്നെ കാര്യം. ഭിലായിയില്‍ നിന്നുള്ള ഡ്രൈവര്‍ക്കും സന്തോഷം. ബസ്തറിന്റെ പച്ചപ്പ് അന്ന് അറിഞ്ഞു.

ജണ്ടു പത്ത എന്ന ബീഡിയിലക്ക് വേണ്ടിയുള്ള സമരങ്ങളാണ് ബസ്തറില്‍ ഒരു ഘട്ടത്തില്‍ മാവോയിസ്റ്റുകളെ ആദിവാസികള്‍ക്ക് പ്രിയപ്പെട്ടവരാക്കിയത്. മരങ്ങളില്‍ നിന്ന് വെട്ടിയിറക്കുന്ന ഇല തുച്ഛവിലയ്ക്ക് വാങ്ങി, അതിലും തുച്ഛമായി വില്‍ക്കുന്നവരുടെ ജീവിതങ്ങളെ മെതിക്കുന്ന നീതി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍.

പിന്നീട് ബസ്തര്‍ ഗ്രാമങ്ങളുടെ ജീവിതം സ്വതന്ത്ര ഇന്ത്യയുടെ വികസന സങ്കല്‍പങ്ങള്‍ക്കും മാവോയിസ്റ്റുകളുടെ ഒരിക്കലും നടക്കാത്ത വിമോചന സ്വപ്നങ്ങള്‍ക്കും ഇടയില്‍ വിഭജിക്കപ്പെട്ടു. അതിനിടെയാണ് അബൂജ് മാഡിലെ ആഴ്ചച്ചന്തയിലേക്ക് ഞങ്ങള്‍ ചെന്നെത്തിയത്.

ഒരു നാട് അപ്പാടെ തുടിക്കുന്നതു കാണണോ? ഉത്തരേന്ത്യയിലെ വിദൂരഗ്രാമങ്ങളിലെ നാട്ടുചന്തകളിലേക്ക് ചെന്നാല്‍ മതി. മലയാളിയുടെ മുന്‍വിധികള്‍ മാറ്റിവയ്ക്കുക. അര നൂറ്റാണ്ട് മുമ്പ് നമ്മുടെ അടുക്കളയില്‍ കണ്ടിരുന്നതെല്ലാം അവിടെ കാണാന്‍ പറ്റും. മിക്കപ്പോഴും പത്തും ഇരുപതും തരം ഭക്ഷ്യ ഇലകള്‍. കിഴങ്ങുകള്‍, പേരറിയാത്തതും അറിയുന്നതുമായ പലതരം പച്ചക്കറികള്‍. മത്സ്യങ്ങള്‍, ഇറച്ചിമാടുകള്‍, വളകള്‍, മാലകള്‍, അലങ്കാരങ്ങള്‍, പൊട്ട് വില്‍ക്കുന്നവര്‍, സിന്ദൂരരേഖയില്‍ വരയ്ക്കാന്‍ വിവിധ നിറങ്ങളില്‍ പൊടികള്‍. നിരത്തിയവര്‍, മഞ്ഞയും ചുവപ്പും ജിലേബികള്‍, മധുരപലഹാരങ്ങള്‍, വറുക്കലും പൊരിക്കലും,  റോട്ടിയും ചാവലും, ചായയും ചാരായവും എല്ലാം കിട്ടുന്ന ചന്തകള്‍. ഓരോ നിമിഷവും അവിടെ ത്രസിക്കുന്ന ജീവിതം കാണാം.

അബൂജ് മാഡിലെ ചന്തയില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ കാലം ഞങ്ങള്‍ക്കായി കൗതുകങ്ങള്‍ ബാക്കിയിട്ടിരുന്നു. കോഴിപ്പോരായിരുന്നു ചന്തയ്ക്ക് ചുറ്റും.  കാലില്‍ കെട്ടിയ കത്തിയുമായി പോരുകോഴികള്‍ പറന്നുവെട്ടി. പരിക്കേറ്റ കോഴികളെ മാറ്റി. മഹുവയുടെ മത്തില്‍ പുതിയ കോഴികള്‍ ഇറങ്ങി. പോരാവേശം പൂരാവേശമായി. ഞങ്ങളും ത്രില്ലടിച്ചു.

പിന്നെയാണ് ചന്തയില്‍ കടന്നത്. അരിയ്ക്കും പച്ചക്കറിക്കും കോഴിക്കും മാടിനുമെല്ലാം ആവശ്യമുള്ള വിഭവങ്ങളുടെ വിലയുണ്ടെന്ന് ബസ്തറിലെ ആദിവാസികള്‍ ബോധ്യപ്പെടുത്തി. അതിലും വിലയുള്ള മഹുവപ്പൂക്കള്‍ കൊണ്ട് എന്തും കിട്ടുമെന്നും. ഇലക്കുമ്പിളില്‍ വിളമ്പുന്ന നാടന്‍വാറ്റിനാല്‍ ഉന്മത്തരായ ആണും പെണ്ണും വഴിവക്കില്‍ വീണു പോയതും അന്നു കണ്ടു മഹുവ കൊടുത്ത് അരിയും അരി കൊടുത്ത് കോഴിയും വാങ്ങുന്ന കാലം അധികം നിലനില്‍ക്കില്ലെന്നും അന്നേ മനസ്സിലായി. ഉറുപ്പികയ്ക്കും ആ ചന്തയില്‍ സ്വീകാര്യത കിട്ടിത്തുടങ്ങിയിരുന്നു.

തിരഞ്ഞെടുപ്പ്  ബോര്‍ഡ് വച്ചതിനാലായിരിക്കണം ആരും അന്ന് വണ്ടി തടഞ്ഞില്ല. ഇരുളും മുമ്പേ ഞങ്ങള്‍ തിരിച്ചുപോന്നു. ജഗദാല്‍പൂരിലെ കൊട്ടാരത്തിലേക്ക്. ഇന്ത്യന്‍ ചരിത്രത്തിലെ രക്തരൂഷിതമായ ഏടിലേക്ക്. പ്രവീര്‍ ചന്ദ്ര ബഞ്ജ്ദേവ് എന്ന പഴയൊരു രാജാവിനെ കൊട്ടാരമുറ്റത്തിട്ട് പോലീസ് വെടിവച്ചുകൊന്ന മണ്ണിലേക്ക് .

പ്രവീര്‍ ചന്ദ്ര ബസ്തറിലെ അവസാനത്തെ രാജാവായിരുന്നു. ഇന്ത്യ സ്വതന്ത്രമാവുന്നതിനും പതിനൊന്നാണ്ടു മുമ്പേ പ്രവീര്‍ അധികാരമേറ്റു. വെള്ളച്ചായം പൂശിയ നീല അതിരുകളുള്ള കൊട്ടാരം. വെളുപ്പില്‍ നീലനിറത്തില്‍ ത്രിശൂലവും നക്ഷത്രവും ആലേഖനം ചെയ്ത പതാക. ജനകീയനായ രാജാവ്. അവിഭക്ത മധ്യപ്രദേശിന്റെ നിയമസഭയിലേക്ക് പ്രവീര്‍ചന്ദ്ര ജനപിന്തുണയോടെ കടന്നിരുന്നു. അറുപതുകളില്‍. കോണ്‍ഗ്രസ്സിന് തോല്‍വി എന്നൊന്നുണ്ട് എന്ന് ആലോചിക്കാന്‍ പറ്റുന്നതിന് മുമ്പേ.

1966 ജനുവരി 24 ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി. അന്നും ബസ്തര്‍ സമരഘട്ടത്തിലായിരുന്നു. നായകന്‍ രാജാവ് തന്നെ. ബൈലാഡൈലയിലെ ഖനികള്‍ വരുന്ന കാലം. കുടിയൊഴിക്കപ്പെടുന്ന ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കണം എന്നായിരുന്നു എംഎല്‍എ ആയ രാജാവിന്റെ ആവശ്യം. ജനങ്ങളെ പണയം വച്ച് സമരത്തില്‍ നിന്ന് ലാഭം കൊയ്യുന്ന നേതാവായിരുന്നില്ല പ്രവീര്‍. ജഗദാല്‍പൂരിലെ കൊട്ടാരമുറ്റത്ത് രാജാവിന്റെ അനുയായികളും പോലീസുമായി ഏറ്റുമുട്ടി. ഇന്ദിര അധികാരമേറ്റ് രണ്ടു മാസം മാത്രം പിന്നിട്ടപ്പോള്‍. പഴയ രാജാവിന് നേരേ പുതിയ രാജാവിന്റെ ആജ്ഞകള്‍ പാലിക്കപ്പെട്ടു. പ്രവീര്‍ ചന്ദ്ര ബഞ്ജ്ദേവ് വെടിയേറ്റു മരിച്ചു. ദണ്ഡകാരണ്യ ടൈംസില്‍ മാത്രം പിറ്റേന്ന  വെടിവയ്പ്പിന്റെ വാര്‍ത്ത വന്നു. ദേശീയ തലത്തില്‍ വാര്‍ത്ത ആഘോഷിക്കപ്പെട്ടില്ല.  ബസ്തര്‍ അനാഥമായി. ഭോപ്പാലിലെ സിംഹാസനങ്ങള്‍ക്ക് ബസ്തറിലെ കൊട്ടാരക്കെട്ടുകള്‍ പുരാണകഥയിലെ വരപ്പുകള്‍ മാത്രമായി.

ആ കൊട്ടരമുറ്റത്തേക്കുള്ള പടിവാതില്‍ തുറന്ന് ഞങ്ങള്‍ അകത്ത് കയറി. ജഗദീപ് എന്ന സര്‍ദാര്‍ജിയുടെ മുന്നിലേക്ക്. കേരളത്തില്‍ നിന്നുള്ള ചാനല്‍ എന്നു പറഞ്ഞപ്പോള്‍ സിംഗ് ചിരിച്ചു.

' നിങ്ങള്‍ എവിടേയും എത്തും. തൃശൂര്‍ അറിയുമോ? ഞാന്‍ ഒരിക്കല്‍ വന്നിട്ടുണ്ട്.'

'അവിടെ എന്താ കച്ചവടം? '

'അരേ, എന്റെ ഭാര്യ തൃശൂരില്‍ നിന്നാണ്. തങ്കമണി. കല്ലാണം കഴിഞ്ഞ് ഒരിക്കല്‍ മാത്രം ഞാന്‍ അവിടെ വന്നിട്ടുണ്ട്. അവര്‍ ഇവിടെ നഴ്സിംഗ് കോളേജില്‍ പഠിപ്പിക്കുന്നു.'

ജഗ്ദാല്‍പൂരിലെ കൊട്ടാരത്തിന്റെ ഒരു ഭാഗം നഴ്സിംഗ് കോളേജിനായി വിട്ടു കൊടുത്ത കഥകള്‍ പറഞ്ഞ് ജഗ്ദീപ് സിംഗ് ഞങ്ങളെ നയിച്ചു ക്യാമറാമാന്‍ പ്രമോദും ഞാനും സര്‍ദാര്‍ജിക്ക് പിന്നാലെ നടന്നു. പിന്നെ അവിടെ ചോദ്യോത്തരങ്ങള്‍ ഇല്ല. ഇഷ്ടമുള്ള ദൃശ്യങ്ങള്‍ പകര്‍ത്താം. ചോദ്യങ്ങള്‍ക്ക് എല്ലാ സിംഗ് മറുപടി പറഞ്ഞു.

'വിട്ടുകളഞ്ഞേക്ക്, മലയാളികളാണ്. നമ്മുടെ ആള്‍ക്കാര്‍.'

പഴയ രാജാവിന് ഇപ്പോഴും പിന്തുണയുണ്ടെന്ന് സര്‍ദാര്‍ജി പറഞ്ഞു.

'നാടിന് വേണ്ടി മരിച്ചവന്‍. പിന്നെ ആര്‍ക്കും ഈ നാട്ടുകാരെ വേണ്ടായിരുന്നു. സ്വന്തം കാര്യം മാത്രം നോക്കിയ രാഷ്ട്രീയക്കാര്‍. ഇന്ദിര നേരിട്ട് പറഞ്ഞിട്ടാണ് വെടിവച്ചതെന്നായിരുന്നു അന്നത്തെ കഥ. മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ കുറച്ചു പറഞ്ഞു. കണക്കില്‍ പറഞ്ഞതിന്റെ എത്രയോ കൂടുതല്‍ കൊല്ലപ്പെട്ടു. '

'അന്ന് ഇവിടെയുണ്ടോ?' ഞാന്‍ ചോദിച്ചു.

ഏയ് ഇല്ല, ഞാന്‍ പിന്നീടാണ് വന്നത്. വന്നകാലത്ത് കേട്ട കഥകളാണ്.'

ആ മറുപടിയുമായി ജഗ്ദീപ് സിംഗ് ഞങ്ങളെ നേരേ കൊണ്ടുപോയി, പുതിയ രാജാവിന്റെ മുന്നിലേക്ക്. കമല്‍ ചന്ദ്ര ബഞ്ജ്ദേവ് എന്ന വിദ്യാര്‍ത്ഥിയായ രാജകുമാരന്‍. വിദേശ പഠനത്തിനിടെ ഇടക്കാല അവധിയില്‍ വന്നതായിരുന്നു കമല്‍ദേവ്. രാഷ്ട്രീയത്തിലെ ഇടവഴികളും നടവഴികളും വെട്ടുവഴികളും കുറുക്കുവഴികളും അറിയാത്തവന്‍. സ്വപ്നം കാണുന്ന കണ്ണുകളുമായി തിരഞ്ഞെടുപ്പെന്ന മഹാഘോഷത്തെ നോക്കുന്നവന്‍. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് കമല്‍ പറഞ്ഞു. ബിജെപിയും  കോണ്‍ഗ്രസ്സും മത്സരിക്കാന്‍ സമീപിച്ചെന്നും.. ഇരുപത്തിയഞ്ചിന്റെ പടിവാതില്‍ക്കല്‍ സംശയിച്ചു നിന്ന രാജകുമാരന് രണ്ടു തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും സംശയം മാറി.  കമല്‍ദേവ് ബിജെപിയില്‍ ചേര്‍ന്നു.

ഏഴെട്ടു പതിറ്റാണ്ട് മുമ്പ് കേരളം കണ്ട മിഡ് വൈഫുമാരെ അന്ന് ഛത്തിസ്ഗഡില്‍ കണ്ടു. പന്ത്രണ്ടാം ക്ലാസും മിഡ് വൈഫറി കോഴ്സും കഴിഞ്ഞാല്‍ ഗൈനക്കോളജിസ്റ്റുകളാവുന്ന കുട്ടികളേയും. ദന്തേവാഡയിലെ ഗ്രാമമാണ് ഞെട്ടിച്ചത്. അടിയില്‍ പട്ടികള്‍ കിടക്കുന്ന ഒരിരുമ്പു കട്ടില്‍. ഒരു തുണി പോലും വിരിച്ചിട്ടില്ല. അതിന്മേല്‍ വേദനയില്‍ കരയുന്ന ഒരു ഗര്‍ഭിണി.

മിഡ് വൈഫ് ആവാനുള്ള കോഴ്സ് പഠിച്ചെത്തിയ ഗൈനക്കോളജിസ്റ്റ് പറഞ്ഞു.

'നില്‍ക്കൂ സര്‍, വേണമെങ്കില്‍ ചിത്രീകരിച്ചോളൂ. അല്‍പസമയം നിന്നാല്‍ മതി.'  

കേരളത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെ ഓര്‍ത്തു. എന്തായാലും ഇനിയിവിടെ നില്‍ക്കാന്‍ വയ്യ.
 
പുറത്ത് ഏതാനും പേര്‍ കൂടിനിന്നിരുന്നു. ഒഴിഞ്ഞ കണ്ണുകളുമായി. ഞങ്ങള്‍ വേഗം അവിടം വിട്ടുപോന്നു. അതിലും മുമ്പേ ഒഴിഞ്ഞ, നേരത്തേ കണ്ട മറ്റൊരാശുപത്രി ഓര്‍ത്തു.  ബഗരൂംനാലയിലെ ഡോ ബിനായക് സെന്നിന്റെ പൂട്ടിപ്പോയ ആശുപത്രി.

90 കിലോമീറ്റര്‍ ചുറ്റളവില്‍ അന്ന് അവിടെ ഉണ്ടായിരുന്ന ഒരേയൊരു ആതുരാലയം. രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അയച്ചു കൊടുത്ത ഔഷധങ്ങള്‍ ഉപയോഗിച്ച് ഡോക്ടര്‍ സെന്നും ഇലീനാ സെന്നും നടത്തിപ്പോന്ന ചെറിയ ആശുപത്രി. ആ കുഞ്ഞുകെട്ടിടം അനാഥമായി കിടന്നു.

റായ്പൂരില്‍ ഇലീനാ സെന്‍  ബിനായക് സെന്നിന്റെ മോചനത്തിനായുള്ള യുദ്ധങ്ങളിലായിരുന്നു. അവര്‍ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല. രാജ്യമെമ്പാടുമുള്ള സമാനഹൃദയരെ ഒപ്പംകൂട്ടി ഒറ്റപ്പടയാക്കി അവര്‍ പൊരുതി. ഗാന്ധിജിയുടെ വാര്‍ദ്ധയില്‍ നിന്നെത്തി ശങ്കര്‍ ഗുഹാ നിയോഗിയുടെ വാക്കുകളില്‍ ഊര്‍ജം കണ്ടെത്തിയ ഇലീനാ സെന്‍. അവര്‍ പറഞ്ഞു

'ബിനായകിന്റെ മോചനം അതിന്റെ വഴിക്കു നടക്കട്ടെ. അവിടെ ഒരാശുപത്രി നടത്തുന്നതിന് എന്താണ് തടസ്സം? '

ബസ്തറില്‍ എല്ലാത്തിനും തടസ്സങ്ങളായിരുന്നു. അന്നു പോയ വഴികളിലൂടെ പിന്നീടൊരിക്കലും പോകാനായില്ല. തൊട്ടടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലമായപ്പോഴേക്കും അന്ന് പോയ ഗ്രാമങ്ങളില്‍ പലതും ഖനനം ചെയ്യപ്പെട്ടിരുന്നു.. ഭൂമുഖത്ത് നിന്ന് പലപല നാടുകളും മാഞ്ഞുപോവുകയായിരുന്നു. ഓര്‍മ്മകളുമായി ആ ഗ്രാമീണര്‍ കുടിയിറക്കപ്പെട്ടിരുന്നു.

ഗ്രാമീണദേവതമാര്‍ നിസ്സഹായരാവുന്ന മധ്യേന്ത്യ. ക്ഷേത്രങ്ങള്‍ വോട്ടാവുന്ന നാടിന്റെ നാട്ടിന്‍പുറങ്ങളില്‍ നാള്‍തോറും മരിച്ചുപോകുന്ന ദൈവങ്ങള്‍. കുഴിച്ചെടുക്കുന്ന സമ്പത്തിനായി കുടിയിറക്കപ്പെടുന്ന മനുഷ്യര്‍.

പണ്ട് പറഞ്ഞുകേട്ട മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ഇപ്പോള്‍ എത്ര അവശേഷിക്കുന്നുണ്ടാവും. അറിഞ്ഞുകൂടാ.

പിന്നീടെന്നും അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ പ്രാര്‍ത്ഥിച്ചു പോന്നു.

'അഭിശപ്തമായ അലച്ചിലിന്റെ അടയാളം പേറുന്ന, മഹുവാ മരച്ചുവട്ടിലെ കാട്ടുദൈവങ്ങളേ, കാണാം. ഇനി അടുത്ത തവണ. ഇങ്ങേലോകത്തല്ലെങ്കില്‍ പരലോകത്ത്.'