ക്കാനിപ്പിക്കുന്ന ഒരു പകലായിരുന്നു അത്. ഗുവാഹത്തിയില്‍ നിന്ന് അഗര്‍ത്തലയിലേക്ക്. ബ്രഹ്‌മപുത്രയുടെ വിശാലതയില്‍ വിസ്മയിച്ച ഒരു സായാഹ്നം തലേന്നു തന്നെ എന്നെന്നേക്കുമായി മനസ്സില്‍ കൊത്തിവച്ചിരുന്നു. ലക്ഷ്യം ത്രിപുരയിലെ തിരഞ്ഞെടുപ്പ്. ബംഗാള്‍, ത്രിപുര, കേരളം. ഇന്ത്യയിലെ ചെങ്കൊടിമുക്കുകള്‍. അവിടെ തിരഞ്ഞെടുപ്പാണ്. ജ്യോതി ബസുവും ബുദ്ധദേബും പോലെ മണിക് സര്‍ക്കാരും മലയാളിക്ക് വികാരമായി നിന്ന കാലം. 2008 ഫെബ്രുവരി. 26 മണിക്കൂറെങ്കിലുമെടുക്കും കാമാഖ്യയില്‍ നിന്ന് അഗര്‍ത്തലയിലേക്ക്. വോള്‍വോ ബസ്സില്‍ രണ്ടു സീറ്റുകള്‍ ബുക്ക് ചെയ്തു. പക്ഷേ പുലര്‍ച്ചെ നാലരയ്ക്ക് പുറപ്പെട്ട ബസ്സിന്റെ പേരു മാത്രമായിരുന്നു വോള്‍വോ. ആ ബസ്സിലെ മുഖങ്ങള്‍ ഇന്നും ഓര്‍മയിലുണ്ട്. മുറിച്ചു വച്ച ഒരു കഷണം ഇന്ത്യ. നവവധൂവരന്മാര്‍. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍. പിന്നിലെ കുടുംബത്തിനൊപ്പം രണ്ട് കറുകറുത്ത ആട്ടിന്‍കുട്ടികളും.

To advertise here,

എട്ടു മണിയോടെ വണ്ടി ഷില്ലോംഗില്‍ നിര്‍ത്തി. വീണ്ടും പുറപ്പെടും മുമ്പേ കിളി വന്നു. എല്ലാ സീറ്റുകള്‍ക്കും മുന്നില്‍ നീലനിറത്തിലുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ കെട്ടിഞാത്തി. ക്യാമറാമാന്‍ ശശികാന്ത് ചോദിച്ചു.
' ഈ പൊട്ടന്മാര് എന്താ കാണിക്കണത്?'
' അറീല്ല്യാ, നോക്കാം.'
' ചെലപ്പോ പോണ വഴിക്ക് ഫ്രൂട്ട്സൊക്കെ വാങ്ങി ഇടാനാവും.'

വടക്കു കിഴക്കിന്റെ തുടിക്കുന്ന ഞരമ്പിലൂടെ വണ്ടി നീങ്ങി. തെല്ലു നേരം കഴിഞ്ഞു. പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം തുടങ്ങി. പാനും മുറുക്കാനും പലരും അതിലേക്ക് ചവച്ചു തുപ്പി. വൈകാതെ ചലര്‍ ഛര്‍ദ്ദിച്ചു. വണ്ടിയില്‍ പുകവലി നിരോധിച്ചിരുന്നില്ല. ഓടുന്ന വണ്ടിയിലും ബീഡിപ്പുക കനത്തു. തല കനത്തു. പരിക്ഷീണമായ പകല്‍. വഴിയിലെവിടെയോ കുഴിബോംബു പൊട്ടി. പിന്നെ സൈനിക വണ്ടികള്‍ക്കിടയില്‍ കോണ്‍വോയിയായി യാത്ര. ടൈഗര്‍ ബിസ്‌കറ്റും പഴവുമായി വിശപ്പ് അകറ്റി. വണ്ടിയില്‍ നാലു തവണ ഹല്‍ചുല്‍ എന്ന ഹിന്ദി സിനിമയുടെ കാസറ്റിട്ടു. ഗോഡ് ഫാദറിന്റെ ഹിന്ദിപതിപ്പ്. ഉറങ്ങാനാവാതെ പകലും രാത്രിയും. കണ്ണു തുറന്നു, ഞെട്ടിക്കുന്ന പ്രഭാതത്തിലേക്ക്.  

വണ്ടി മനു നദിക്കരയില്‍ നിര്‍ത്തി. പരപരാ പുലരുന്ന ത്രിപുര. മനുഘട്ടിലെ തട്ടുകടകള്‍ക്ക് പിന്നില്‍ പാടങ്ങള്‍ മൂരി നിവര്‍ത്തി. യാത്രക്കാര്‍ ഇറങ്ങി. കയ്യില്‍ കുപ്പി വെള്ളവുമായി. എന്നിട്ട് എല്ലാവരും നടന്നു. വരമ്പില്‍ ഒറ്റ വരിയായി ഇരുന്നു. കാര്യം സാധിച്ചു. തികഞ്ഞ അച്ചടക്കത്തോടെ. പരസ്യ വിസര്‍ജ്ജനത്തിന്റെ മാനക്കേടില്‍ നീറി ശശികാന്ത് എന്നെ പകയോടെ നോക്കി.

അഗര്‍ത്തലയിലെത്തി ആദ്യ പരിപാടി തന്നെ മണിക് സര്‍ക്കാരിനെ കാണലായിരുന്നു. ത്രിപുരയിലെ പാര്‍ട്ടിപ്പത്രമായ ദേശര്‍കഥയിലെ ഒരു സുഹൃത്തു വഴി ശ്രമിച്ചു. വൈകാതെ മുഖ്യമന്ത്രിയെ ഫോണില്‍ കിട്ടി. പിറ്റേന്ന് രാവിലെ തന്നെ സമയം തന്നു.
'കോമ്രേഡ്, ഞങ്ങള്‍ രാവിലെ വീട്ടില്‍ വരാം '
' വേണ്ട, ഓഫീസില്‍ കാണാം. വീട്ടില്‍ സൗകര്യമില്ല.' മണിക് സര്‍ക്കാര്‍ പറഞ്ഞു

ഭാര്യ പാഞ്ചാലിയുടെ രണ്ടു മുറി ഫ്ളാറ്റിലായിരുന്നു അദ്ദേഹത്തിന്റെ താമസം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സ്. മാണിക്യരാജവംശത്തിന്റെ കൊട്ടാരമായിരുന്ന ഉജ്ജയന്താ പാലസിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിറ്റേന്ന് മണിക് സര്‍ക്കാര്‍ എത്തും മുമ്പേ ഞങ്ങള്‍ കാത്തുനിന്നു.
' വീട്ടില്‍ ഭരണം ഞാനല്ല. രാവിലെ ജോലിക്കു പോകാനൊരുങ്ങുന്ന പാഞ്ചാലിയെ ബുദ്ധിമുട്ടിക്കാന്‍ പറ്റില്ല. അതിനാലാണ് ഇവിടെ കാണാം എന്നു പറഞ്ഞത്.', അദ്ദേഹം പറഞ്ഞു.
ത്രിപുരയെപറ്റി മുഖ്യമന്ത്രി വിശദമായി തന്നെ പറഞ്ഞു. മൂന്നു ഭാഗവും ബംഗ്ലാദേശിന്റെ അതിര്‍ത്തി പങ്കിടുന്ന നാടിനെപ്പറ്റി. വികസനത്തെ പറ്റി. കേന്ദ്ര അവഗണനയെ പറ്റി. കേരളത്തിലെ കാര്യങ്ങള്‍ അറിയാനും അദ്ദേഹം തല്‍പരന്‍. കേരളത്തിലോ, അന്ന് സി.പി.എം. വിഭാഗീയതയുടെ അമ്പുപെരുന്നാള്‍. മണിക് സര്‍ക്കാര്‍ അന്നു പറഞ്ഞു.
'ഞാന്‍ എപ്പോഴും പറയാറുണ്ട്. കേരളത്തില്‍ നിങ്ങള്‍ ചക്ക ഉപയോഗിക്കുന്നതിനെപ്പറ്റി. ഇവിടേയും വേണ്ടത്ര പ്ലാവുകളുണ്ട്. പക്ഷേ ചക്ക വറുക്കാറില്ല.' മലയാളത്തിന്റെ ചക്കരുചിയില്‍ വടക്കുകിഴക്കിന്റെ ദരിദ്ര മുഖ്യമന്ത്രി വ്യാമുഗ്ദ്ധനായി.

placeholder
ത്രിപുരയിലെ കാഴ്ചകള്‍ (ഫയല്‍ ചിത്രം)

പുറത്ത് തിരഞ്ഞെടുപ്പിന്റെ ചൂട് പടര്‍ന്നു. അസ്വസ്ഥമാകുന്ന നാടിന്റെ ഇരമ്പങ്ങള്‍ അന്തരീക്ഷത്തില്‍ കണ്ടു. സി.പി.എമ്മിനെതിരേ നിരവധി അഴിമതി ആരോപണങ്ങള്‍. വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍, നിര്‍മാണങ്ങളില്‍ എല്ലാം. എന്നാലും മണിക് സര്‍ക്കാരിനെ ആ നാട് ആദരവോടെ നോക്കിനിന്നു. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചിത്രത്തിലേ ഉണ്ടായില്ല. സമീര്‍ രഞ്ജന്‍ ബര്‍മനടക്കമുള്ളവര്‍ പരാജയം സമ്മതിച്ചായിരുന്നു പ്രചാരണം. ത്രിപുരാ ഉപജാതി ജൂബാ സമിതി പലതായി പിളര്‍ന്ന് പുതിയ പേരിലായിരുന്നു മത്സരം. പാര്‍ടി ഓഫീസിന് പുറത്തല്ലാതെ മറ്റെങ്ങും ബി.ജെ.പിയുടെ കാവിക്കൊടിയും പറന്നില്ല. സി.പി.എം പ്രകടനങ്ങള്‍ ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളായി. പ്രകടനം കഴിഞ്ഞ് നേതാക്കളുടെ വാക്കുകള്‍ക്ക് കാത്തിരിക്കുന്നവരിലേക്ക് ബിഡിക്കെട്ടുകളെത്തി. ആണ്‍പെണ്‍വ്യത്യാസമില്ലാതെ പുകയൂതി അവര്‍ ക്ഷീണമാറ്റി. ചുറ്റികയരിവാള്‍ തൊപ്പികളും ചെങ്കൊടികളും എങ്ങും പാറി. ഇടതു മുന്നണിയില്‍ ഫോര്‍വേഡ് ബ്ലോക് സി.പി.എം. എന്ന വല്യേട്ടന്റെ അധികാരധാര്‍ഷ്ട്യത്തില്‍ പ്രതിഷേധിച്ച് പതിമൂന്നിടത്ത് ഒറ്റയ്ക്ക് മത്സരിച്ചു.

ത്രിപുര പക്ഷേ അസ്വസ്ഥമായിരുന്നു. ആള്‍ ത്രിപുരാ ടൈഗര്‍ ഫോഴ്സിന്റെ വക്താക്കള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ബംഗാളികള്‍ ത്രിപുര വിടണം. അധിനിവേശം ത്രിപുരയുടെ സംസ്‌കാരത്തെ തകര്‍ക്കുന്നു. ത്രിപുരി ഭാഷ ഇല്ലാതാക്കുന്നു. ത്രിപുര ത്രിപുരികള്‍ക്ക്. സി.പി.എം. ബംഗാളികളുടെ പാര്‍ട്ടി.. ആ വിരോധം ത്രിപുരയില്‍ കൂടുതലായി അനുഭവിച്ചത് പക്ഷേ ചക്മകളാണ്്. ബംഗ്ലാദേശില്‍ നിന്ന് വിഭജനകാലത്ത് പലായനം ചെയ്തവരാണ് ത്രിപുരയിലെ ചക്മകളില്‍ കൂടുതലും. അഗര്‍ത്തലയില്‍ നിന്ന് വിളിച്ച ടാക്സി ഡ്രൈവര്‍ രാകേഷ് ആ യാത്രയില്‍ വഴികാട്ടിയും ദ്വിഭാഷിയുമായി. മണിക് സര്‍ക്കാരിനെ കണ്ടിറങ്ങിയതു തൊട്ടേ രാകേഷ് എന്തിനും തയ്യാര്‍. മുഖ്യമന്ത്രിയുടെ അമ്മാതിരിയുള്ള ആരാധകന്‍. ഉദയ്പൂരിലെ ച്ക്മാ ഗ്രാമത്തിലേക്ക്  രാകേഷ് വണ്ടി വിട്ടു.

മനോഹരമാണ് ചക്മാ ഗ്രാമങ്ങള്‍. മുളയും പുല്ലും തകരഷീറ്റുകളും കൊണ്ട് നിര്‍മ്മിച്ച വീടുകള്‍. മീന്‍പിടുത്തവും നെയ്ത്തും കൃഷിയും ജീവിതം. കുട്ടികളെ തുണിസഞ്ചിയിലിട്ട് ഒക്കത്തെടുക്കുന്ന അമ്മമാര്‍. പാക് സംസ്‌കാരത്തേക്കാള്‍ കൂടുതല്‍ ഇഴയടുപ്പം ഇന്ത്യയെന്ന് കരുതി പോന്നവരുടെ പിന്മുറക്കാര്‍. അവരും അരക്ഷിതരായിരുന്നു. വിദ്യാഭ്യാസവും ആരോഗ്യവും തൊട്ടുള്ള സൂചികകളിലെല്ലാം അവഗണിക്കപ്പെടുന്നു എന്ന വികാരം ശക്തമായിരുന്നു. ഗ്രാമദൃശ്യങ്ങള്‍ പകര്‍ത്തി ഞങ്ങള്‍ നീങ്ങി. പെട്ടെന്ന് രാകേഷ് അപ്രത്യക്ഷനായി. അതിലേറെ വേഗത്തില്‍ കുറേപ്പേര്‍ ഞങ്ങളെ വളഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പേ അടി പൊട്ടി.

അതെ, യോഗമുണ്ടെങ്കില്‍ നല്ല തല്ല് ത്രിപുരയിലും കിട്ടും. ഞങ്ങള്‍ ഓടി. അടി പിന്‍തുടര്‍ന്നു. തെല്ലു കഴിഞ്ഞപ്പോള്‍ അവര്‍ക്ക് മനസ്സിലായി. പൊട്ടന്മാര്‍. എന്തിനാണ് അടി കിട്ടുന്നതെന്ന് പോലും മനസ്സിലാവാത്തവര്‍. ചുറ്റും നോക്കി. രാകേഷ് പ്രദേശത്തേയില്ല.
അതിനിടെ ഒരു കണക്കിന് പറഞ്ഞൊപ്പിച്ചു. 'കേരളത്തില്‍ നിന്നാണ്. എന്താണ് പ്രശ്നം ? '
ക്യാമറ പിടിച്ചെടുക്കലാണ് ലക്ഷ്യം. ആരാഞ്ഞപ്പോള്‍ മറുപടി.
'നിങ്ങള്‍ എന്തിനാണ് വാറ്റുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്?'
കള്ളവാറ്റു നടക്കുന്നത് കണ്ടിട്ടേയില്ലെന്ന് പറഞ്ഞിട്ടും അവര്‍ക്ക് വിശ്വാസമില്ല ഓടുന്നതിനിടെ ഞങ്ങളുടെ ക്യാമറാ സ്റ്റാന്‍ഡ് എടുത്തിട്ടില്ല. തല്ലിയവരോട് തന്നെ ചിരിച്ചു കൊണ്ട് കാര്യം പറഞ്ഞു. ബോധ്യപ്പെടുത്തി. അവരിലൊരു പയ്യന്‍ പോയി സ്്റ്റാന്‍ഡുമായി തിരിച്ചെത്തി. എല്ലാം സബൂറാക്കുന്നതിനിടെ രാകേഷ് വന്നു.
കണ്ണിന്നു മുന്നില്‍ ആ ആള്‍ക്കൂട്ടം ഒരുവട്ടം കൂടി രോഷാകുലമായി.
'ദാ, ഇവനാണ്. അവിടെ കയറി വന്ന് കുറച്ചുനേരം നിന്നു. ഇവനാണ്. ഇവനാണ്.? '
രാകേഷിന് വീണ്ടും ഓടാനായില്ല. അതിനും മുമ്പേ അവര്‍ എടുത്തിട്ട് അലക്കി. ഞങ്ങള്‍ കയ്യും കാലും പിടിച്ചു കേണു. കാര്യമറിയാതെ ഞങ്ങള്‍ കൊണ്ട തല്ലിന്റെ ദയയില്‍ അവര്‍ രാകേഷിനെ വിട്ടു. ഞങ്ങളെ അടി കൊള്ളിച്ചതിന്റെ തെറിവിളി പലിശയായി കൊടുത്ത്.
വണ്ടിയില്‍ കയറിയപ്പോള്‍ രാകേഷ് കുപ്പി പുറത്തെടുത്തു.
'തെണ്ടികളാണ് സാബ്. തെമ്മാടികള്‍. എന്നാലും ഇവന്‍ പൊളിക്കും. വിലപേശിയത് അവര്‍ക്ക് പിടിച്ചില്ല. ഞാനിതിങ്ങെടുത്തു'. നാടന്‍ വാറ്റ് അടിയുടെ വേദന മായ്ക്കുമെന്ന ആടുതോമയുടെ വിശ്വാസമൂര്‍ച്ഛയില്‍ രാകേഷ് ഉറക്കെച്ചിരിച്ചു.

placeholder
ത്രിപുരയിലെ കാഴ്ചകള്‍ (ഫയല്‍ ചിത്രം)

ആ പാടത്തും കുന്നിന്‍ചെരുവുകളിലും പറമ്പുകളിലുമെല്ലാം ആട്ടിന്‍ പറ്റങ്ങളെ കണ്ടു കറുത്ത നിറത്തിലുള്ള ആടുകളായിരുന്നു കൂടുതല്‍. ഒരു വെള്ളപ്പുള്ളി പോലുമില്ലാത്ത ഓമനത്തമുള്ള ആട്ടിന്‍കുട്ടികള്‍. സ്നിഗ്ദ്ധമായ ഘനശ്യാമഭംഗി. ഇവിടെ മാത്രം എന്താണിത്ര കറുത്ത ആടുകള്‍.
രാകേഷ് പറഞ്ഞു.
'മാതാബാരിയുടെ വഴിപാടുകളാണ് സാബ്. ത്രിപുരസുന്ദരിയുടെ മുന്നില്‍ പോകുന്നവര്‍.'
പിന്നെ നേരേ ത്രിപുരസുന്ദരിയുടെ മുന്നിലേക്ക് നീങ്ങി.
പോത്തിനേയും ആടിനേയും ബലിയായി സ്വീകരിക്കുന്ന ത്രിപുരയുടെ അമ്മ. ത്രിപുരസുന്ദരിയുടെ പടവുകളില്‍ പൂജാദ്രവ്യങ്ങള്‍. വഴിക്കടകളില്‍ പട്ടിനൊപ്പം കെട്ടിത്തൂക്കിയ ചെമ്പരത്തിമാലകള്‍. 
നട്ടുച്ചയിലെ നീലമാനത്തേക്ക് ആ ചുവന്ന ക്ഷേത്രമകുടം തലി ഉയര്‍ത്തിപ്പിടിച്ചു. ചിറ്റഗോംഗില്‍ നിന്നെത്തിച്ച ശിലാപാളികള്‍. അവിഭക്തബംഗാളിന്റെ അമ്മദൈവം. മാണിക്യരാജവംശത്തിന്റെ ഭരദേവത. സാമ്രാജ്യദായിനി. ശക്തിസ്വരൂപിണി. മഹാകാളി.
ക്ഷേത്രത്തിന് ചേര്‍ന്ന് ഇടതുവശത്ത് ബലിത്തറ. പോത്തിനെ അറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അഴികള്‍ വലുതാണ്്. പൂജാരി ആട്ടിന്‍കുട്ടികളുടെ മേല്‍ തീര്‍ത്ഥം തളിച്ചു. ചെമ്പരത്തി മാലയിട്ടു. ആ ആട്ടിന്‍കുട്ടികളിലൊന്ന് മറ്റേതിന്റെ കഴുത്തിലെ ചെമ്പരത്തിമാല കടിച്ചു. ബലി കൊടുക്കാന്‍ കൊണ്ടു വന്നവര്‍ വിശ്വാസതീവ്രതയില്‍ മിഴിയടച്ചു. ദേവിക്കു മുന്നില്‍ കൈകൂപ്പി നിന്നു.  
രണ്ട് ആട്ടിന്‍കുട്ടികളേയും പൂജാരി കുരുതിത്തറയിലേക്ക് വലിച്ചിഴച്ചു. മുന്‍ബലികളുടെ ചോര മണത്ത് ആ ആട്ടിന്‍കുട്ടികള്‍ ഒന്നു നിശ്ശബ്ദരായി. പിന്നെ ചകിതമായി അലറാന്‍ തുടങ്ങി. ഏതു ദേവിയുടേയും കരളലിയിക്കുന്ന കരച്ചില്‍. പൂജാരി അത് കേട്ടതേയില്ല. അല്ലെങ്കില്‍ കാതുകള്‍ക്ക് അത് തഴമ്പിച്ചിരിക്കണം. ആദ്യത്തെ ആട്ടിന്‍കുട്ടിയെ കയറ്റിനിര്‍ത്തി. അറവുവാള്‍ ആഞ്ഞുയര്‍ത്തി. അമര്‍ന്നുതാഴ്ത്തി. തലയറ്റ് ഒരു പ്രാണന്‍ പിടഞ്ഞു. രണ്ടാമത്തെ ആട്ടിന്‍കുട്ടിയുടെ മുന്നില്‍ ചെമ്പരത്തിയേക്കാള്‍ ചുവന്ന ചോര തെറിച്ചു. സ്വന്തം വിധി മുന്‍പേ കണ്ട നിര്‍ഭാഗ്യജീവി. ബലിയാട് എന്ന വാക്കിന്റെ അര്‍ത്ഥം സുഷുമ്നയില്‍ മിന്നല്‍പ്പിണരായി കടന്നുപാഞ്ഞു.

ഉദയപൂരിലെ തടാകമധ്യത്തിലെ പഴയകൊട്ടാരമോ കല്ല്യാണസാഗരതടാകത്തിലെ പ്രാചീനരായ ഇരുണ്ട ആമകളോ ഉജ്ജയന്താ പാലസിന്റെ ഗാംഭീര്യമോ എന്തിന് ചക്മാഘട്ടില്‍ നിന്നു കിട്ടിയ അടിയോ ഒന്നും, ഒന്നും ആ യാത്രയില്‍ പിന്നെ ഓര്‍മ്മവന്നില്ല. കടലു പോലുള്ള ബ്രഹ്‌മപുത്രയുടെ കാഴ്ച പോലും കലങ്ങി. പോയ പോലെയുള്ള മറ്റൊരു ബസ്സില്‍ പിറ്റേന്ന് ഞങ്ങള്‍ മടങ്ങി. അഗര്‍ത്തലയില്‍ നിന്ന് ഗുവാഹതിയിലേക്ക്. മടക്കത്തില്‍ ഞങ്ങളുടെ ബസ്സായിരുന്നു കോണ്‍വോയി സംഘത്തിന്റെ പിന്നില്‍. അതിനും പിന്നില്‍ ഒരു സൈനിക വാഹനം. ആ രാത്രി ഞങ്ങള്‍ക്കു പിന്നില്‍ റോഡ് പൊട്ടിത്തെറിച്ചു. സൈനികരുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍ക്ക് നടുവില്‍ വാഹനവ്യൂഹം നിര്‍ത്താതെ മുന്നോട്ട് പോന്നു.

ഏതു സങ്കടമാണ് ത്രിപുരസുന്ദരി കേട്ടിടുണ്ടാവുക?  ഉടലറ്റ തലയില്‍ നിന്ന് തെറിച്ച ചോരക്കുളത്തിന് മുന്നില്‍ നിന്ന ആട്ടിന്‍കുട്ടിയുടെ അനാഥമായ കരച്ചിലാകുമോ? അതോ ലോകഗതി നിരാലംബം നിര്‍ത്തിയ നിസ്സഹായ കുടുംബത്തിന്റെ പ്രാര്‍ത്ഥനയോ? അറിഞ്ഞുകൂടാ. ബലിയാടുകളുടെ കരച്ചിലും ചോരയും ചാപ്പ കുത്തിയ പ്രാണനുമായി കാലം പുളഞ്ഞിഴഞ്ഞു.