placeholder
രഞ്ഞെടുപ്പ് കാലത്ത് ഏറ്റവും നല്ല മത്സരം തന്ന പ്രതിയോഗി ആരാ ? ''-ഞാന്‍ നായനാരോട് ചോദിച്ചു. മറുപടി ഉടനെത്തി : കടന്നപ്പള്ളി രാമചന്ദ്രന്‍. അവിടെ നിര്‍ത്തിയില്ല മറുപടി : ''അതിലും ടെന്‍ഷനായിരുന്നു 1974-ല്‍ ഇരിക്കൂറില്‍ നടന്ന തിരഞ്ഞെടുപ്പ്. ടഫ് ഫൈറ്റ്. എന്റെ പാര്‍ട്ടി മാത്രം ഒരു വശത്ത്. ബാക്കിയെല്ലാവരും മറുവശത്ത്. എന്നിട്ടും ഞാന്‍ ജയിച്ചു ''- പതിവ് നായനാര്‍മുദ്ര വീണ ചിരിയോടെ നായനാര്‍ പറഞ്ഞു. 1971-ല്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കടന്നപ്പള്ളി രാമചന്ദ്രനുമായി നടന്ന മത്സരത്തിന്റെ ഓര്‍മകളായിരുന്നു അപ്പോള്‍ ഇ.കെ.നായനാരുടെ മനസ്സില്‍. (അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ സി.പി.എം സ്ഥാനാര്‍ഥി ഇ.കെ.നായനാരെ 28,404 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. തോറ്റ നായനാരും ജയിച്ച കടന്നപ്പള്ളിയും പിന്നീട് ഒരേ മുന്നണിയിലായി എന്നത് പില്‍ക്കാല ചരിത്രം)

To advertise here,

1996-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസങ്ങളിലൊന്നിലായിരുന്നു നായനാര്‍ അക്കഥ പറഞ്ഞത്. മുഖ്യമന്ത്രിക്കസേരയിലായാലും പാര്‍ട്ടി സെക്രട്ടറിയുടെ കസേരയിലായാലും നായനാര്‍, നായനാര്‍ തന്നെ. റൈറ്റ്... സംസാരം മുറുകുമ്പോള്‍ ഇടക്കിടെ 'റൈറ്റ് 'എന്ന് മുഴക്കി ലെഫ്റ്റിലൂടെയാണ്  സഞ്ചാരം. നല്ല മൂഡിലായിരുന്നു അന്ന് നായനാര്‍.ഏ.കെ.ജി. സെന്ററിലെ സംസ്ഥാന സെക്രട്ടറിയുടെ മുറി. പൊട്ടിച്ചിരിയല്ലാതെ ചെറുകിടചിരികള്‍ നായനാര്‍ക്ക് പഥ്യമില്ല. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണനെ മുന്നില്‍ കണ്ടപ്പോള്‍ അതുപോലൊരു വമ്പന്‍ ചിരി പൊട്ടിയുതിര്‍ന്നു. 'ങാ.വാ...' അവര്‍ തമ്മില്‍ കാലങ്ങളായുള്ള അടുപ്പക്കാര്‍.

തൊട്ടുപുറകില്‍ പമ്മി നിന്ന എന്നെ നോക്കി ഇതേതാ ഈ പയ്യന്‍ എന്ന മട്ടില്‍ ചിരിക്കിടയിലും ഒരു ചോദ്യമുന. മലയിന്‍കീഴണ്ണന്‍ എന്ന് ഞങ്ങള്‍ ആദരപൂര്‍വം വിളിക്കുന്ന മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ അന്ന് മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയില്‍ ചീഫ് റിപ്പോര്‍ട്ടര്‍. പിന്നില്‍ പമ്മി നിന്ന ഈ ലേഖകന്‍ അന്ന് ജേണലിസ്റ്റ് ട്രെയിനി. യുവലേഖകനെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, നായനാര്‍ക്ക് പരിചയപ്പെടുത്തി. അപ്പോഴും നായനാര്‍ പറഞ്ഞു :റൈറ്റ്.

കാലം: 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇ.കെ.നായനാര്‍ അന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി. തിരഞ്ഞെടുപ്പില്‍ നായനാര്‍ സ്ഥാനാര്‍ഥിയല്ല. എന്നാല്‍ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ കയ്യില്‍. സംഘാടനം, പ്രചരണങ്ങളുടെ നേതൃത്വം, ഓടി നടന്ന് പ്രസംഗം. പാര്‍ട്ടിയെ ജയിപ്പിക്കേണ്ടതിന്റെ ഭാരിച്ച ഉത്തരവാദിത്വത്തിനിടയില്‍ ഇത്തരത്തില്‍ അഭിമുഖങ്ങള്‍ നല്‍കണം. തലേദിവസം വിളിച്ചുറപ്പിച്ചതനുസരിച്ച് രാവിലെ 9 മണി കഴിഞ്ഞപ്പോള്‍ ഏ.കെ.ജി സെന്ററിലെ മുറിയിലെത്തിയതാണ്. മാതൃഭൂമി പത്രത്തിന്റെ തിരഞ്ഞെടുപ്പ് പേജില്‍ പതിവായി പ്രസിദ്ധീകരിക്കുന്ന, 'സാരഥികള്‍ 'എന്ന കോളത്തിലേക്ക് നായനാരെക്കുറിച്ച് എഴുതാനാണ് കണ്ടുമുട്ടല്‍. മിനിറ്റുകള്‍ക്കുള്ളില്‍ നായനാര്‍ തയ്യാര്‍. അഭിമുഖം മാത്രമല്ല, അന്നത്തെ ഒരു ദിവസത്തെ നായനാരുടെ പ്രചരണ പരിപാടികളും ഒപ്പിക്കുകയും ഒപ്പിയെടുക്കുകയും വേണം.

എന്നാ, തൊടങ്ങാ.. നായനാര്‍ പറഞ്ഞു. അതുവരെ മിണ്ടാതിരുന്ന യുവലേഖകന്‍  ചോദ്യങ്ങള്‍ തുടങ്ങി. വലിപ്പച്ചെറുപ്പങ്ങളില്ലാതെ ചോദ്യങ്ങളോട് പ്രതികരണം. സംസാരം മുറിച്ച് ഇടവിടാതെ എത്തുന്ന ഫോണ്‍ വിളികള്‍ (അന്നത്തെ ലാന്‍ഡ് ഫോണ്‍ ബെല്ലുകള്‍ക്ക് ചെവിപൊട്ടുന്ന ശബ്ദമായിരുന്നു).ഫോണ്‍ വിളികള്‍ കഴിയുമ്പോള്‍ വീണ്ടും സംസാരം, കുശലം. ഇടയ്ക്ക് പ്രസംഗത്തിനായി തിരുവനന്തപുരം നഗരത്തില്‍ തന്നെ ചെറിയ യാത്ര. ആ യാത്രയെ അനുഗമിച്ചു. പ്രസംഗം കഴിഞ്ഞ് മടങ്ങി വീണ്ടും ഏ.കെ.ജി. സെന്ററില്‍. അതിനിടയില്‍ പലവട്ടം ചിരികള്‍ മുഴങ്ങി. ഇടക്ക് കര്‍ണന്റെ കഥ പറഞ്ഞ് നായനാര്‍ കരഞ്ഞു.

വൈകിട്ട് 4 മണിയോടെ ഓഫീസില്‍ തിരിച്ചെത്തി. കണ്ടതും കേട്ടതും കടലാസിലാക്കാനുള്ള തത്രപ്പാട്. ചിരിയും കണ്ണീരും പുരണ്ട കുറിപ്പ് എഴുതി. പക്ഷേ, എത്രയെഴുതിയിട്ടും തലക്കെട്ട് തലയില്‍ കയറുന്നില്ല. എഴുതിയ കുറിപ്പും തലക്കെട്ടിടാനുള്ള ഇടവും അന്നത്തെ ചീഫ് റിപ്പോര്‍ട്ടര്‍ ബി. രമേഷ് കുമാര്‍ എന്ന രമേഷേട്ടനെ ഏല്‍പിച്ചു. ന്യൂസ് പ്രിന്റ്  കൊണ്ട് സൃഷ്ടിച്ച റൈറ്റിംഗ് പാഡിന്റെ പകുതിയില്‍ നിന്ന് തുടങ്ങിയ എന്റെ എഴുത്തിന്റെ തലയ്ക്കല്‍ രമേഷേട്ടന്‍ എഴുതി :'കണ്ണീരും ചിരിയുമായി കുരുക്ഷേത്രത്തിലൊരു കൃഷ്ണന്‍.'

അടുത്ത ദിവസത്തെ മാതൃഭൂമിയുടെ അഞ്ചാം പേജില്‍, കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാറിന്റെ (അടുത്തിടെ അന്തരിച്ചു)  കാരിക്കേച്ചറുമായി കുറിപ്പ് അച്ചടി മഷി പുരണ്ടെത്തി. ആ വാര്‍ത്തയുടെ പൂര്‍ണ രൂപം ഇതാ 


കണ്ണീരും ചിരിയുമായി കുരുക്ഷേത്രത്തിലൊരു കൃഷ്ണന്‍

നായനാര്‍ കരഞ്ഞു, കൈനിറയെ ചിരിയുടെ അരിമണികള്‍ വാരിയെറിയാറുള്ള ഇ.കെ.നായനാര്‍. ഏ.കെ.ജി സെന്ററിലെ മുറിയില്‍ സംസാരം രാഷ്ട്രീയത്തില്‍ നിന്ന് ഇഷ്ടകഥാപാത്രമായ കര്‍ണനിലേക്ക് വഴുതിയിറങ്ങിയപ്പോഴാണ് പോരാളിക്ക് വാക്കുകള്‍ ഇടറിയത്. കണ്ണുകള്‍ നിറഞ്ഞൊഴുകിയതും. സ്ഥാനാര്‍ഥിക്കുപ്പായം അഴിച്ചു വച്ചെങ്കിലും തിരക്കൊഴിയാത്ത നായനാര്‍ക്ക് ഇപ്പോള്‍ വായനയും ഫിലോസഫിയും കൂട്ടായുണ്ട്.

കര്‍ണനാ എന്റെ ഇഷ്ട കഥാപാത്രം. സ്വന്തം അമ്മ പോലും കര്‍ണന്റെയടുത്ത് അവസരവാദം കാട്ടി. സൂതപുത്രനാണെന്ന് പറഞ്ഞ് കൗരവരാക്ഷേപിച്ചപ്പോള്‍ മിണ്ടാതിരുന്ന കുന്തി കര്‍ണനോട് ഒടുവില്‍ പാണ്ഡവപക്ഷത്ത് ചേരാന്‍ പറഞ്ഞില്ലേ ? ദ്രോണാചാര്യര്‍ എന്നെ ആക്ഷേപിച്ചപ്പോള്‍ അമ്മ എവിടെയായിരുന്നൂന്നാ കര്‍ണന്‍ ചോദിച്ചത്.

രാഷ്ട്രീയത്തില്‍ മാത്രമല്ല. ജീവിതത്തിലും അവസരവാദം സഹിക്കാനാവാത്ത ഏറമ്പാല കൃഷ്ണന്‍ നായനാര്‍ ഒരങ്കത്തിന് ബാല്യമുണ്ടായിരുന്നിട്ടും ഇക്കുറി പയറ്റൊഴിവാക്കുകയായിരുന്നു. സ്ഥാനാര്‍ഥിയുടെ ടെന്‍ഷന്‍ കുറഞ്ഞപ്പോള്‍ എം.ടിയുടെ രണ്ടാമൂഴവും പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെയും വായിക്കാന്‍ നായനാര്‍ക്ക് നേരവും കിട്ടി.

എനക്ക് തെരക്കിനൊന്നും ഒരു കൊറവൂല്ല കേട്ടാ. സ്ഥാനാര്‍ഥിയായതിനെക്കാള്‍ തെരക്കിപ്ലാ. മത്സരിക്കുകയാണെങ്കില്‍ രാവിലെ 9 മണിക്കിറങ്ങും. ഈ സമയത്ത് തൃക്കരിപ്പൂരും കരിവെള്ളുരുമൊക്കെയാവും ഞാന്‍ .ഇപ്പോ തിരുവനന്തപുരം കേന്ദ്രീകരിച്ചാ. മറ്റ് ജില്ലകളിലെ പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. നാളെ പൊന്നാനീലേക്ക് പോവാ. 25 ന് വൈകിട്ട് നാല് വരെ സ്ട്രിക്ട് എന്‍ഗേജ്‌മെന്‍സാ.
ശാരദ ടീച്ചറുടെ വിലക്കും പാര്‍ട്ടി നിയന്ത്രണവുമൊക്കെയുണ്ടെങ്കിലും നായനാര്‍ക്ക് ഉല്‍സവത്തിന്റെ കൊടി ഉയര്‍ന്നു തന്നെ.

തിരുവനന്തപുരം നഗരം. ഹാളിന് പുറത്ത് കോരിച്ചൊരിയുന്ന കന്നിമഴ. നനഞ്ഞു നില്‍ക്കുന്ന ആള്‍ക്കൂട്ടം വി.കെ.എന്‍.ശൈലിയില്‍ തലയെറിഞ്ഞ് ചിരിക്കുന്നു. ഉറപ്പ്, അകത്ത് നായനാര്‍ പ്രസംഗിക്കുന്നുണ്ട്.

'' ദേ ഇപ്പോ രവി പറയുന്നത് എല്‍.ഡി.എഫിന്റെ പ്രകടന പത്രിക യു.ഡി.എഫില്‍ നിന്ന് കോപ്പിയടിച്ചെന്നാ. ഇയ്യാളെന്താടോ കുരുടനാ ? ''-വയലാര്‍ രവിയെ ലക്ഷ്യമിട്ട്, വേദയിലിരിക്കുന്ന ആര്‍.എസ്.പി നേതാവ് കെ.പങ്കജാക്ഷനോടാണ് ചോദ്യം.

 '' ഇവര്‍ക്ക് പ്രകടന പത്രിക ഉണ്ടോടോ? ഒരിക്കല്‍ ഞാന്‍ മൊറാര്‍ജിയോട് ചോദിച്ചു, ഇതെന്താ പ്രകടന പത്രികേല് പറഞ്ഞതൊന്നും നടപ്പാക്കാത്തതെന്ന്. അപ്പോ മൊറാര്‍ജി പറഞ്ഞു, നായനാര്‍ ഇറ്റ് ഈസ് ഒണ്‍ലി ഫോര്‍ എലക്ഷന്‍ ! ''

അണികള്‍ക്ക് ചിരിവിത്തുകള്‍ വാരിയെറിഞ്ഞ് പ്രസംഗിക്കുമ്പോള്‍ നായനാര്‍ക്ക് ഭാഷയൊരു വിഷയമല്ല. അദ്ദേഹത്തിന് ഭാഷ അപൂര്‍ണവുമല്ല. പകുതി മലയാളം, പകുതി ഇംഗ്ലീഷ്. ചിലപ്പോള്‍ തമിഴോ ഹിന്ദിയോ കയറി വരാം. ജനഹൃദയമറിയുന്നവര്‍ക്ക് ഭാഷയെന്തിനെന്നാവും നയനാരോട് ചോദിച്ചാല്‍ മറുപടി. പ്രസംഗം തീര്‍ത്ത് കണ്‍വെന്‍ഷന്‍ വേദിയില്‍ നിന്ന് അടുത്ത പ്രസംഗവേദിയിലേക്ക് പോവുകയാണ് നായനാര്‍.

സ്ഥാനാര്‍ഥിയല്ലെങ്കിലും നായനാര്‍ക്ക് എല്ലാ മണ്ഡലത്തിലും താന്‍ തന്നെ മത്സരിക്കുന്നത് പോലെയാണ്. ചിട്ടപ്പെടുത്തിയ ദിനചര്യകള്‍ക്കും മാറ്റമേതുമില്ല. അഞ്ചരയ്ക്ക് തന്നെ എഴുന്നേല്‍ക്കും. പിന്നെ മോണിംഗ് വാക്ക്-ആ നടത്തം ആന്റണിയുടെ വീടിനരുകിലൂടെയുമാണ്. തിരിച്ചു വന്ന ശേഷം പട്ടിയുമായി കുറച്ച് കുശലം. കിട്ടിയ പത്രം മുഴുവന്‍ ഒറ്റയിരിപ്പിന് വായന. അസുഖങ്ങളുടെ അസ്‌ക്യത മൂലം പഥ്യവും മരുന്നും തെറ്റാന്‍ ടീച്ചര്‍ വിടില്ല. പത്ത് മണിക്ക് സി.പി.എം ആസ്ഥാനമായ ഏ.കെ.ജി സെന്ററില്‍ നായനാര്‍ ഹാജരുണ്ട്.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പറഞ്ഞിരുന്നല്ലോ. എന്താ പാര്‍ട്ടി പറഞ്ഞില്ലേ.

പാര്‍ട്ടി എന്നോട് പറഞ്ഞത് പാര്‍ട്ടി സെക്രട്ടറിയായി തുടരാനാ. കേരളത്തിലെ പാര്‍ട്ടി സഖാക്കളും പറഞ്ഞു സെക്രട്ടറിഷിപ്പ്തന്നെ മതീന്ന്. അതിന് മുമ്പെ ഞാന്‍ തന്നെ മനസ്സില്‍ കരുതി. രണ്ടാ പ്രശ്‌നം. ഒന്ന് ഫിസിക്കല്‍ .കൊറച്ച് വീക്കാ. ഷുഗറൊക്കെ വേണ്ടത്ര ഉണ്ട്. നാക്കിന് മാേ്രത കൊഴപ്പമില്ലാണ്ടുള്ളു.

ഇത്തവണ കൂടി മത്സരിക്കണമെന്ന് പറഞ്ഞ് തൃക്കരിപ്പൂരുകാര്‍ വിളിച്ചില്ലേ.

വിളിച്ചു-തൃക്കരിപ്പൂരുകാര് മാത്രല്ല, മദ്രാസീന്നും ബോംബേന്നുമൊക്കെ ക്ഷണിച്ചു. അവടെയൊക്കെ ഞാന്‍ മത്സരിക്കണംന്നാ ആവശ്യം.

ചേര്‍ത്തലയില്‍, നമ്മുടെ മുഖ്യമന്ത്രി മത്സരിക്കുന്ന സ്ഥലത്തൊക്കെ പോയോ 

പിന്നേ..അവിടെ ആന്റണി തോല്‍ക്കും. ഡഫിനിറ്റാ. ചന്ദ്രപ്പന്‍ കൊറച്ച് പണിയെടുക്കണം. മുഖ്യമന്ത്രീടെ വേഷം കെട്ടലുകൊണ്ടൊന്നും അവിട രക്ഷയില്ല. രാഷ്ട്രീയമാ അവടെ വിഷയം. കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചതു കൊണ്ടൊന്നും ഒരു കാര്യോമില്ല. ജനങ്ങളും കാന്റീനീന്നല്ലേ ഭക്ഷണം കഴിക്കുന്നത്. ചെലര്‍ക്കാണെങ്കി ഭക്ഷണം തന്നെയില്ല. അതിന്റെടേലാ ആന്റണീടെ തക്കിടി. പേപ്പറില്‍ നൂറ് ദിവസം പടം അടിച്ചതു കൊണ്ടൊന്നും കാര്യമില്ല കേട്ടാ. തക്കിടി കാണിച്ചാ വോട്ട് കിട്ടൂലാ..

ഇത്തവണ പ്രസംഗം തന്നെയാണല്ലോ പ്രധാന പരിപാടി. എന്തൊക്കെ വിഷയങ്ങളാണ് പറയുന്നത്.

സാമ്പത്തിക വളര്‍ച്ച, തൊഴിലില്ലായ്മ, വിലവര്‍ധന, ഹവാല, സൂര്യനെല്ലി. സൂര്യനെല്ലി ഞങ്ങള് രാഷ്ട്രീയായിട്ട് ഉപയോഗിച്ചെന്നാ കോണ്‍ഗ്രസുകാര് പറയുന്നത്. ഉപയോഗിക്കുമെടോ. എന്താ സംശയം ? കേന്ദ്ര മന്ത്രി കുര്യന്റെ പേര് പറഞ്ഞത് ഞങ്ങളാ ?ആ പെങ്കുട്ട്യല്ലേ? ആന്റണി എന്തേലും നടപടി എടുത്തോ? ആന്റണീടെ പെങ്ങക്കാണിത് സംഭവിച്ചതെങ്കില്‍ ഇയ്യാളെന്ത് ചെയ്യും? മാനനഷ്ടക്കേസൊന്നും എനിക്ക് പേടീല്ല. പണ്ട് മലബാറിലെ അബ്ദുള്‍ റഹ്‌മാന്‍ സാഹിബ് മൂന്ന് കോടിക്കാ കൊടുത്തത്. ഒടുവില് അയാടെ അനിയന്‍ അത് പിന്‍വലിച്ചു-വടിവുടയാത്ത ജുബാ വേഷത്തിനുള്ളിലിരുന്ന് നായനാര്‍ അക്കമിട്ട് നിരത്തുന്നു.

പതിനൊന്ന് മണിക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിക്കുന്ന മീറ്റ് ദ പ്രസ്. സമയം ഓര്‍മിപ്പിച്ചു കൊണ്ട് കേസരി സ്മാരകത്തില്‍ നിന്ന് ഫോണ്‍. പരിചയക്കാരനാണ് മറുപക്ഷത്ത്. നായനാരുടെ സ്വരത്തില്‍ കാര്‍ക്കശ്യമില്ല. അലിവിന്റെയോ സ്‌നേഹത്തിന്റെയോ ചേര്‍ത്തു നിര്‍ത്തലാണ്. മനസ്സിന് മുന്നിലെ അവശേഷിച്ച തിരശ്ശീലയും എടുത്തു കളഞ്ഞതുപോലെ.

പുളിമൂട്ടിലെ കേസരി സ്മാരകത്തിലേക്ക് ഏ.കെ.ജി സെന്ററിന് മുന്നില്‍ നിന്ന് കാര്‍ നീങ്ങി. പിന്‍സീറ്റില്‍ നായനാര്‍. പത്രപ്രവര്‍ത്തക യൂണിയന്‍ ആഫീസില്‍ പത്രക്കാര്‍ക്കൊപ്പം മദ്രാസില്‍ നിന്നുള്ള ഒരു ടെലിവിഷന്‍ സംഘവും കാത്തു നില്‍ക്കുന്നു. നായനാരുടെ അഭിമുഖമാണ് ടെലിവിഷന്‍ സംഘത്തിന്റെ ലക്ഷ്യം.

 '' എന്താ പേര്.''ടെലിവിഷന്‍ റിപ്പോര്‍ട്ടറോട് നായനാരുടെ ചോദ്യം ഇംഗ്ലീഷില്‍.'ക്രുഷ്‌ചേവ്.' റിപ്പോര്‍ട്ടറുടെ ഉത്തരം കേട്ടതും നായനാരുടെ ഉറക്കെച്ചിരി.' തനിക്കാരാടോ ഈ അറം പറ്റുന്ന പേരിട്ടത്.'ചിരി ,കേട്ടു നിന്നവരിലേക്കും.

മീറ്റ് ദി പ്രസ് തുടങ്ങി. ആമുഖ വിശദീകരണങ്ങള്‍ക്ക് ശേഷം പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉന്നം തെറ്റാത്ത ഏറ്. കുഴയ്ക്കാനാണെന്ന് തോന്നിയാല്‍ ഒഴിയാന്‍ മിടുക്ക്.'എനക്കറിയാം കേട്ടാ. ഞാനുമൊരു പത്രാധിപരാ.'

എല്‍.ഡി.എഫിന് ഇക്കുറി എത്ര സീറ്റ് കിട്ടും-പത്രക്കാരുടെ ചോദ്യം.

''സീറ്റ് കിട്ടണതൊക്കെ പറയാമ്പറ്റ്വോടോ? ഭൂരിപക്ഷം കിട്ടും. 72 സീറ്റ് കിട്ടിയാല്‍ പോരേ ?രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിനും ഇവിടെ ഭരിച്ചിട്ടൊണ്ട് കേട്ടാ. ഏതാ വര്‍ഷം? അറിയോ? അമ്പത്തിയേഴില്‍. നിങ്ങളാഗ്രഹിക്കണതൊക്കെ എന്റെ നാവീന്ന് കിട്ടൂല കേട്ടാ.''

ഔപചാരികതകള്‍ വെടിഞ്ഞ് വീട്ടുവിശേഷം പങ്കുവയ്ക്കുന്നതു പോലെ നായനാര്‍ കസറുന്നു. കെറുവിക്കുമ്പോഴും ആര്‍ക്കും പരിഭവമുണ്ടാകാത്ത മാന്ത്രികവിദ്യ കൈവശമാക്കിയതു പോലെ.''നിങ്ങളെഴ്തി നിറച്ച പത്രം മുഴോന്‍ വായിച്ചിട്ടാ ഞാന്‍ വന്നിരിക്കണത് ''

-ഇടയ്ക്ക് ഓര്‍മിപ്പിക്കാനും മറക്കുന്നില്ല. പത്രക്കാരുടെ മുഖാമുഖം കഴിഞ്ഞപ്പോള്‍ ടി.വി.സംഘത്തിന്റെ അഭിമുഖം. സംഗതി ഇംഗ്ലീഷിലായപ്പോള്‍ പെരുത്ത ഉത്സാഹം.

തിരിച്ച് വീട്ടിലേക്ക്. നഗരത്തിരക്കിലൂടെ കാര്‍. ഊണും വിശ്രമവും.

കുട്ടിയായിരുന്നപ്പോള്‍ മദ്യത്തിനെതിരെ സമരം നടത്തിയതല്ലേ, ഇപ്പോള്‍ ചാരായ നിരോധനത്തെ എതിര്‍ക്കുന്നതെന്തിനാണ്. 

'ഞാന്‍ മദ്യവര്‍ജനപക്ഷക്കാരനാ. പക്ഷെ, അതും ഇതും തമ്മില്‍ വ്യത്യാസമുണ്ട്. ഈ സര്‍ക്കാരെന്താടോ ചാരായം മാത്രം നിരോധിച്ചത്? വിസ്‌കീം കള്ളും ഒന്നും മദ്യമല്ലേടോ? ചാരായം മാത്രം പാടില്ല. മറ്റ് മദ്യങ്ങള്‍ പറ്റും എന്ന് പറയുന്നത് ശരിയാണോ? അതും നിരോധിച്ചതെപ്പഴാ. 26 ദിവസം മുമ്പ് മാത്രമല്ലേ?.

അങ്ങനെയാണെങ്കില്‍ ഇടതുമുന്നണി ഭരണകാലത്ത് മദ്യവര്‍ജന നടപടിയൊന്നും കണ്ടില്ലല്ലോ.

ആരു പറഞ്ഞു നടത്തീല്ലെന്ന്. ഞങ്ങള്‍ ഉദയഭാനു കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തുടങ്ങീതാ. ഉദയഭാനുവിനെ നിയമിച്ചത് ഐക്യമുന്നണിയാ. എന്നിട്ടും ഇടതുമുന്നണി ആ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കീല്ലേ? ഇപ്പോഴെന്താ, 27,000 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി.

തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും നല്ല മത്സരം തന്ന പ്രതിയോഗി ആരാ.

കടന്നപ്പള്ളി രാമചന്ദ്രന്‍. ലോക്‌സഭയിലേക്ക്. അതിലും ടെന്‍ഷനായിരുന്നു 1974 ല്‍ ഇരിക്കൂറില്‍ നടന്ന തെരഞ്ഞെടുപ്പ്. ടഫ് ഫൈറ്റ്. എന്റെ പാര്‍ട്ടി മാത്രം ഒരു വശത്ത്. ബാക്കിയെല്ലാവരും മറുവശത്ത്. എന്നിട്ടും ഞാന്‍ ജയിച്ചു.

 തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടയില്‍ ഉള്ളില്‍ തട്ടിയ സംഭവമെന്തെങ്കിലും.

ഒത്തിരിയുണ്ട്. മറക്കാമ്പറ്റാത്തത് നാട്ടുകാരുടെ സ്‌നേഹപ്രകടനമാ..അതെന്റെ ഉള്ളുലച്ചു. പ്രചരണം കൊണ്ടു മാത്രം ജനത്തെ പിടിക്കാന്‍ പറ്റൂല്ല. സ്ത്രീകളും കുട്ടികളുമൊക്കെ കാണിക്കുന്ന സ്‌നേഹപ്രകടനം നമ്മുടെ ഉള്ളില്‍തട്ടും.

 പക്ഷെ,ഇത്തവണ സ്ത്രീകളുടെ പിന്തുണ യു.ഡി.എഫിനാണെന്നാണല്ലോ അവര്‍ പറയുന്നത്.

    വെറുതെ പറഞ്ഞതുകൊണ്ടെങ്കിലും കാര്യമുണ്ടോടോ. ആന്റണി ജീവിതത്തില്‍ ഒരു മണിക്കൂറെങ്കിലും ത്യാഗം ചെയ്തിട്ടുണ്ടോ? അടി കൊണ്ടിട്ടുണ്ടോ ? ഗൗരിയമ്മ ഇപ്പോ എവിടെയാ. 48 ല്‍ വിപ്ലവകാരിയായെന്നല്ലേ പറയണത്. ഇപ്പോഴെവിടെ വിപ്ലവം? വിപ്ലവം തോക്കിന്‍ കുഴലിലൂടെയെന്ന് പറഞ്ഞ വേണു എവിടെയാ? മുമ്പ് ചെയ്തതെല്ലാം തെറ്റാണെന്നയ്യാള് പറയ്വോ. ഞാന്‍ പതിനൊന്ന് കൊല്ലം ജയിലിലായിരുന്നു. അറിയ്വോ? 

ഉച്ചവിശ്രമത്തിന് ശേഷം എഴുത്തും വായനയും. യാത്രയിലുടനീളം വായനക്കായി കയ്യില്‍ നോവലുകള്‍. വൈകിട്ട് വീണ്ടും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. നായനാരുടെ കാറിന്റെ മുഖം ദൂരെ തെളിയുമ്പോഴേ അണികളുടെ നിലയ്ക്കാത്ത കയ്യടി. ഈ മനുഷ്യനോടുള്ള സ്‌നേഹത്തിന് രാഷ്ട്രീയമില്ലെന്ന വിളംബരം. ഇല്ല,തിരക്കൊഴിഞ്ഞിട്ടില്ല.നായനാര്‍ ഇക്കുറിയും സ്ഥാനാര്‍ഥി തന്നെ.

തുടര്‍ക്കഥകള്‍

1996 ലെ തിരഞ്ഞെടുപ്പില്‍ നായനാര്‍ മത്സരിച്ചില്ലെങ്കിലും, മുഖ്യമന്ത്രിയായത് നായനാര്‍ തന്നെ.കേരളത്തിലെ ഇടതു രാഷ്ട്രീയത്തിലെയും സി.പി.എമ്മിലെയും നിര്‍ണായകമായ ചില ഏടുകള്‍ നടന്നത് അത്തവണത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. ഇടതുമുന്നണി 80 സീറ്റുകളോടെ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പിനെ നയിച്ച വി.എസ്.അച്യുതാനന്ദന്‍ മാരാരിക്കുളം മണ്ഡലത്തില്‍ പരാജയപ്പെട്ടു. അതോടെ സുശീലാ ഗോപാലന്‍ മുഖ്യമന്ത്രിയാകുമെന്ന സൂചന തലസ്ഥാന രാഷ്ട്രീയ മുറികളില്‍ ഉയര്‍ന്നു.എന്നാല്‍, പാര്‍ട്ടിയുടെ ഉന്നത സമിതിയില്‍ തീരുമാനമായത് നായനാരുടെ പേര്. അങ്ങനെ നായനാര്‍ മുഖ്യമന്ത്രിയായി.പിന്നീട് തലശ്ശേരി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് എം.എല്‍.എ.യുമായി. (ഇല്ല, തിരക്കൊഴിഞ്ഞിട്ടില്ല, നായനാര്‍ ഇക്കുറിയും സ്ഥാനാര്‍ഥി തന്നെ എന്ന വരിയോടെ അവസാനിപ്പിച്ച കുറിപ്പ് അങ്ങനെയും അച്ചട്ടായി!)

തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍, അതിന് മുമ്പും പിമ്പും നായനാരുടെ ഔദ്യോഗിക പരിപാടികള്‍  പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടികള്‍, പൊതുസമ്മേളനങ്ങള്‍, അങ്ങനെയങ്ങനെ. പുത്തരിക്കണ്ടത്തെ പൊതുസമ്മേളന വേദിയില്‍ നായനാര്‍ വാചകവെടിക്കെട്ടുകള്‍ നിരത്തി ആള്‍ക്കൂട്ടത്തെ ചരടില്‍ കോര്‍ത്തെടുക്കുന്നതിന് പല തവണ സാക്ഷിയായി. നായനാര്‍ താമസം പാര്‍ട്ടി ഫ്ളാറ്റിലേക്ക് മാറ്റുമ്പോഴും വാര്‍ത്തയെഴുത്തുകാരനായി സാക്ഷിയായി. 2001 ല്‍ ഡല്‍ഹിയിലേക്ക് സ്ഥലം മാറിയതിന് ശേഷവും നായനാരെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ടു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കേരളാ ഹൗസിലെ മുറിയിലോ കോണ്‍ഫ്രന്‍സ് മുറിയിലോ അദ്ദേഹം മടിയില്ലാതെ പത്രക്കാരെ കണ്ടു. പത്രക്കാര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ എവിടെ നിന്നൊക്കെയോ ഊര്‍ജ്ജം നായനാരില്‍ നിറയുന്നതും കണ്ടു.

2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മൂര്‍ധന്യത്തിലെത്തിയ വേളയിലാണ് രോഗബാധിതനായി നായനാര്‍ ഡല്‍ഹിയിലെത്തിയത്. തിരഞ്ഞെടുപ്പ് കാഹളങ്ങളില്‍ സ്വയം മുഴുകാറുള്ള ഒരാള്‍ക്ക് അത് സാധിക്കാതെ വരുന്നതിലുള്ള ഈര്‍ഷ്യയും സങ്കടവും മുഖത്ത് മിന്നിമായുന്നുണ്ടായിരുന്നു. 2004 ഏപ്രില്‍ 26 ന് കേരളാഹൗസിലെ പതിവ് മുറിയില്‍ നിന്ന്  നായനാര്‍ ഡല്‍ഹി എയിംസിലേക്ക് ചികിത്സക്കായി ശാരദ ടീച്ചര്‍ക്കൊപ്പം പോയത് ഇന്നലെ എന്നതു പോലെ ഓര്‍മയില്‍. വീല്‍ചെയറില്‍ കയറി കേരളാ ഹൗസില്‍ നിന്നിറങ്ങുമ്പോഴും, പോയിട്ട് വരാം കേട്ടാ എന്ന് കൂടി നിന്നവരോട് പറയാന്‍ മറന്നില്ല. ആ യാത്രയും വാര്‍ത്തയായി.

തുടര്‍ന്ന് ഒരു മാസത്തോളം ഡല്‍ഹി എയിംസില്‍ ചികിത്സക്കായി അദ്ദഹേം കഴിഞ്ഞു. നായനാര്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ,പല പ്രാവശ്യം  അന്നത്തെ പത്രാധിപര്‍ കെ.ഗോപാലകൃഷ്ണന്‍ സാറിന്റെ നിര്‍ദേശപ്രകാരം എയിംസിലെത്തി ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു. നായനാരുടെ സന്തതസഹചാരി വാര്യര്‍ ആശുപത്രി മുറിയില്‍ നിന്ന് പുറത്തെത്തുമ്പോഴൊക്കെ വിവരങ്ങള്‍ പറഞ്ഞു തന്നു.ഒടുവില്‍, 2004 മെയ് 19 ന് എയിംസില്‍ നിന്ന് കേരളാ ഹൗസിലേക്ക് ഓടിയെത്തിയ ആംബുലന്‍സില്‍ നിശബ്ദമായി കിടന്ന് ആള്‍ റൈറ്റ്.... എന്ന് നായനാര്‍ പറയുന്നതും കേട്ടു. (നായനാരുടെ മടക്കയാത്രയും മാതൃഭൂമിക്കായി റിപ്പോര്‍ട്ട് ചെയ്ത് അനുഭവങ്ങളുടെ ഒരു പര്‍വം പൂര്‍ത്തിയാക്കി.)