സോഷ്യൽ മീഡിയയിൽനിന്ന് വിട്ടുനിൽക്കുമ്പോൾ സമാധാനമുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. നിർമാതാവ് സൗന്ദര്യ രജനീകാന്ത്, സഹതാരം അർജുൻ ദാസ് എന്നിവർക്കൊപ്പം തന്റെ പുതിയ നെറ്റ്ഫ്ലിക്സ് സീരീസ് ആയ Love-ന്റെ പ്രചാരണത്തിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ തുടരുന്നതുകൊണ്ടുള്ള ഗുണങ്ങളേക്കുറിച്ചും അവർ അഭിപ്രായപ്പെട്ടു. 2025 സെപ്റ്റംബറിലാണ് സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഐശ്വര്യലക്ഷ്മി അറിയിച്ചത്.

To advertise here,

യൂട്യൂബിലെ 'ദി പൂജ തൽവാർ ഷോ'യിലാണ് ഐശ്വര്യലക്ഷ്മി തന്റെ സോഷ്യൽ മീഡിയാ പിന്മാറ്റത്തെക്കുറിച്ച് മനസുതുറന്നത്. "കാര്യങ്ങളെല്ലാം ശരിയായ രീതിയിൽ വരുന്നുണ്ട്. ഇപ്പോഴുള്ള എന്റെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്. സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്ന സമയത്തേക്കാൾ ഏറെ സമാധാനമുണ്ട്. ഞാൻ സോഷ്യൽ മീഡിയ വിടാൻ കാരണമായ കാര്യങ്ങൾ ഇപ്പോഴും ചെറിയ അളവിലെങ്കിലും നിലനിൽക്കുന്നുണ്ടെന്ന് എനിക്കറിയാം. എങ്കിലും ഞാൻ എപ്പോഴും അത് നോക്കിക്കൊണ്ടിരിക്കുന്നില്ല, അതുപോലെയുള്ള കാര്യങ്ങൾ കണ്ട് വിഷമിക്കേണ്ടി വരുന്നില്ല. മൊത്തത്തിൽ എന്റെ ജീവിതം ഇപ്പോൾ മികച്ച അവസ്ഥയിലാണ്." സോഷ്യൽ മീഡിയ ഉപേക്ഷിച്ചിട്ട് ഒരു വർഷമായപ്പോൾ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ ഐശ്വര്യയുടെ മറുപടി ഇങ്ങനെ.

പുതിയ കലാകാരന്മാർക്ക് സോഷ്യൽ മീഡിയ നൽകുന്ന അവസരങ്ങളെയും ഗുണങ്ങളെയും ഐശ്വര്യ അംഗീകരിക്കുന്നുണ്ട്. "നിരവധി കണ്ടന്റ് ക്രിയേറ്റർമാരെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ അധികാരം അവരുടെ കൈയിലാണ്. ഇൻഡസ്ട്രി നിങ്ങളെ തിരഞ്ഞെടുത്തില്ല എന്ന് ഇനി നിങ്ങൾക്ക് പറയാനാകില്ല എന്ന് പറയുന്ന ഒരു ലേഖനം ഞാൻ അടുത്തിടെ വായിച്ചു. നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും, ആരും ശ്രദ്ധിക്കാത്ത രീതിയിൽ സ്വയം വളർന്നു വരാനുമുള്ള വഴി ഇപ്പോൾ നിങ്ങളുടെ പക്കലുമുണ്ട്. കേരളത്തിൽ അടുത്തിടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ 'വാഴ 2' -ൽ നായകനായത് വളരെ ജനപ്രിയനായ ഹാഷിർ എന്ന ഇൻഫ്ലുവൻസറാണ്. ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നു. തീർച്ചയായും ആ വശം ഞാൻ കാണുന്നുണ്ട്. എങ്കിലും, വ്യക്തിപരമായി ഞാൻ അതിൽ നിന്നും പൂർണ്ണമായി പിന്മാറി." ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.

Also Read: ‘അല്ലു അർജുൻ- അറ്റ്‌ലി ചിത്രം രാക്കയിൽ ഞാനില്ല’; വ്യക്തമാക്കി നടി ഐശ്വര്യ ലക്ഷ്മി

സഹായിക്കുമെന്ന് കരുതിയ ഒരുകാര്യം തന്നെ വിഴുങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തേക്കുറിച്ച് ഐശ്വര്യ ലക്ഷ്മി കഴിഞ്ഞവർഷം അറിയിച്ചത്. സിനിമയിൽ നിലനിൽക്കാൻ സാമൂഹിക മാധ്യമങ്ങൾ ആവശ്യമാണെന്ന് താൻ കരുതിയിരുന്നു. എന്നാൽ അത് തന്റെ മൗലികമായ ചിന്തകളെ ഇല്ലാതാക്കി. ചെറിയ സന്തോഷങ്ങളെപ്പോലും ബാധിച്ചു. വിസ്മരിക്കപ്പെടാനുള്ള സാധ്യത ഏറ്റെടുത്തുകൊണ്ടാണ് താൻ സാമൂഹികമാധ്യമങ്ങളിൽനിന്ന് പിൻവാങ്ങുന്നതെന്നും നടി വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ 'സോഷ്യൽമീഡിയിൽ ഇല്ല' എന്ന് ബയോയും അവർ മാറ്റിയിരുന്നു.

ഈ വർഷം തമിഴിൽ 'ഗാട്ട കുസ്തി 2', മലയാളത്തിൽ 'ആശ' എന്നീ ചിത്രങ്ങളിലാണ് ഐശ്വര്യ അഭിനയിച്ചത്. വെബ്സീരീസായ #Love നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. കൂടാതെ തെലുങ്കിൽ 'SYG - സാമ്പരള യേതി ഗട്ടു' എന്ന ചിത്രത്തിലും ഐശ്വര്യ വേഷമിടും.