കാക്കനാട്: ഏത് മൂഡ് വോട്ടെണ്ണൽ മൂഡ്, ഏത് മൂഡ് നെഞ്ചിടിപ്പ് മൂഡ്, ഏത് മൂഡ് ആഘോഷ മൂഡ്... സ്ഥാനാർഥികളോടും രാഷ്ട്രീയ പാർട്ടി പ്രവർത്തകരോടും നാട്ടിലിറങ്ങി ചോദിച്ചാൽ പലരുടെയും മറുപടി ഇങ്ങനെയൊക്കെയാണ്. ശനിയാഴ്ചത്തെ ഫലപ്രഖ്യാപനദിനം ആഘോഷമാക്കാൻ ജില്ലയിൽ പ്രവർത്തകരും വ്യാപാരികളും ഒരുപോലെ ഒരുങ്ങി.

To advertise here,

വിജയം ഉറപ്പിച്ച സ്ഥാനാർഥികളുടെ ഒപ്പമുള്ള പ്രവർത്തകർ മധുരപലഹാരങ്ങളും പടക്കങ്ങളും ബുക്ക് ചെയ്തു തുടങ്ങി. ലഡുവിനും ജിലേബിക്കുമാണ് ആവശ്യക്കാർ കൂടുതൽ. ക്രിസ്മസ് വിപണിയിൽ ധാരാളമായി ലഭ്യമായ കെയ്ക്കും വിതരണം ചെയ്യാമെന്ന ചിന്തയും പ്രവർത്തകർക്കുണ്ട്.

വിജയം ഉറപ്പിച്ച സ്ഥാനാർഥികളിൽ ചിലർ മൈക്കും വിജയഗാനങ്ങളും ഒരുക്കുന്ന തിരക്കിലാണ്. ഫലം പ്രഖ്യാപിക്കുമ്പോൾ ചെറിയൊരു പ്രകടനം, വൈകീട്ട് നാടിനെ ഇളക്കിമറിക്കുന്ന ആഹ്ളാദ പ്രകടനം, ഞായറാഴ്ച വീടുകൾ കയറി നന്ദി പറയൽ-വിജയിക്കുന്ന സ്ഥാനാർഥികളിൽ പലരുടെയും ഷെഡ്യൂൾ ഇങ്ങനെയാണ്. ശനിയാഴ്ച ഉച്ചയ്ക്കു മുൻപുതന്നെ മുഴുവൻ ഫലവും ലഭ്യമാകും.

ഓപ്പൺ ജീപ്പിനായി നെട്ടോട്ടം

ശനിയാഴ്ച വിജയികളെ കയറ്റി നഗരപ്രദക്ഷിണം നടത്താനുള്ള ജീപ്പിനായി അന്വേഷണത്തിലാണ് ചിലർ. ഇത്തരം ജീപ്പുകൾക്ക് ലഭ്യത കുറവായതിനാൽ വലിയ പ്രതിഫലം നൽകാനും ഇവർ തയ്യാറാണ്.

ഷാൾ അണിയിച്ച് സ്വീകരിക്കും

പ്രാദേശികതലങ്ങളിൽ നടക്കുന്ന സ്വീകരണത്തിൽ വിജയികളെ അണിയിക്കുന്നതിന് ഷാളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇത് മുൻകൂട്ടിക്കണ്ട് ചില വസ്ത്രശാലകളിൽ ഇത്തരത്തിൽ ഷാളുകൾ കൂടുതലായി കരുതിയിട്ടുണ്ട്.കടകളിൽ ത്രിവർണ നിറത്തിലും ചുവന്ന നിറത്തിലും കാവി നിറത്തിലുമുള്ള ഷാളുകൾ കൂടുതലായി കരുതിയിട്ടുണ്ട്.

ചെണ്ട മേളം

തിരഞ്ഞെടുപ്പ് ആഘോഷങ്ങളിൽ ചെണ്ട മേളമില്ലാതെ എന്ത് ആഘോഷമെന്നാണ് പ്രവർത്തകർ പറയുന്നത്. വിജയികളായ സ്ഥാനാർഥികൾക്കൊപ്പം ലോറിയിൽ താളം കൊഴുപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ. ചെറിയ സംഘങ്ങളെയാണ് പ്രവർത്തകർ അന്വേഷിക്കുന്നത്.