തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി വിജയിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷേ, ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും പരാജയം ഇത്രത്തോളം ഗുരുതരമായിരിക്കുമെന്ന് അവരുടെ രാഷ്ട്രീയ എതിരാളികൾ പോലും കരുതിയിരിക്കില്ല. ഈ തോൽവിയോടെ സിപിഎമ്മിന്റെ ഇന്ത്യയിലെ അവസാനത്തെ കോട്ടയും നഷ്ടമായിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യൻ പാർലമെന്റിലെ മൂന്നാമത്തെ വലിയ ശക്തിയായിരുന്ന സിപിഎം ഇന്ന് ഒരു സംസ്ഥാനത്തിൽ പോലും അധികാരമില്ലാത്ത, ചില പോക്കറ്റുകളിൽ മാത്രം ഒതുങ്ങുന്ന പ്രാദേശിക പാർട്ടിയായി മാറിയിരിക്കുന്നു.

To advertise here,

1980-ൽ രൂപീകരിച്ച ശേഷം ഇടതുമുന്നണി കുറിച്ച ഏറ്റവും മോശപ്പെട്ട തിരഞ്ഞെടുപ്പു പ്രകടനം 2001-ലെ നാൽപ്പതു സീറ്റായിരുന്നു, ഇക്കുറി അതിലും താഴെപ്പോയിരിക്കുകയാണ്. സമാനതകളില്ലാത്ത തകർച്ച. 2011-ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പിൽ 68 സീറ്റു നേടിയ മുന്നണി കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ (2021) ഇടതുമുന്നണി 99 ഇടത്തു ജയിച്ചു. അതിൽ സിപിഎമ്മിന്റെ നേട്ടം 62 ആയിരുന്നു. ഇത്തവണ ഇടതുമുന്നണിയ്ക്കും സിപിഎമ്മിനും നിലവിലുണ്ടായിരുന്ന സീറ്റുകളുടെ പകുതി പോലും നേടാനായിട്ടില്ല.

ബംഗാളിൽ 34 വർഷം ഭരിച്ച ഇടതുപ്രസ്ഥാനം ഒരിക്കലും തിരിച്ചു വരാനാവില്ലെന്നു തോന്നിക്കുന്ന സാഹചര്യമാണ്. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഇടതുപക്ഷത്തിന്റെ തൊഴിലാളിവർഗ്ഗ വോട്ടുകളെ പിടിച്ചെടുത്തപ്പോൾ അവശേഷിച്ച ഹിന്ദു വോട്ട്ബാങ്ക് ബിജെപിയിലേക്ക് ചേക്കേറി. മണിക് സർക്കാരിന്റെ ത്രിപുര 2018-ൽ ബിജെപി പിടിച്ചതാണ്. അവിടെയും നിലവിലെ സാഹചര്യത്തിൽ തിരിച്ചുവരവിന് സാധ്യതയൊന്നുമില്ല. ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇടതുപക്ഷം ആർജെഡിയും എൻസിപിയും ശിവസേനയുടെ പോലുള്ള വലിയ പാർട്ടികളുടെ ഔദാര്യത്തിൽ ലഭിക്കുന്ന ചുരുക്കം സീറ്റുകളിൽ ഒതുങ്ങി. ഇന്ത്യയുടെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നതിൽ നിർണായ സ്വാധീനമാവാനുള്ള ശേഷി നഷ്ടമായിട്ട് ദശകങ്ങൾ പിന്നിട്ട ഇടതർക്ക് ഈ തിരിച്ചടി അതിജീവിക്കാവുമോ?

കേരളത്തിലെ മഹാപതനം

ഈ തോൽവിയെ പാർട്ടിക്കും കേരളത്തിനും നിസ്സാരമായി കാണാനാവില്ല. ഇടതുമുന്നണിയും ഐക്യമുന്നണിയും മാറിമാറി ഭരിച്ചുവന്ന കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തുടർച്ചയായി പത്തുവർഷമാണ് അധികാരത്തിലിരുന്നത്. ഒരു പരിധി വരെ 2021-ലെ വമ്പൻ വിജയത്തിന് മുന്നണിയെ സഹായിച്ചത് കോവിഡ് മഹാമാരിക്കാലത്തെ ശക്തമായ നേതൃത്വമായിരുന്നു. ക്ഷേമപദ്ധതികളും ന്യൂനപക്ഷ ഏകീകരണവുമൊക്കെ സർക്കാരിന് തുണയായി. കിണഞ്ഞു പരിശ്രമിച്ചെങ്കിലും മൂന്നാംഭരണം സാധ്യമാക്കാൻ എൽഡിഎഫിന് കഴിയാതെ പോയതിനു കാരണം ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും മാത്രമല്ല, അഹങ്കാരവും ധിക്കാരവും നിറഞ്ഞ പെരുമാറ്റമെന്ന പ്രതിച്ഛായയും കൂടിയാണ്.

പൊതുജനങ്ങൾ മാത്രമല്ല, പാർട്ടിയുടെ പോക്കിൽ അടിയുറച്ച കേഡർമാരും അസംതൃപ്തരാണ് എന്നു വ്യക്തമാക്കുന്നതാണ് കണ്ണൂരിലെ കോട്ടകളിൽ പോലും ഉണ്ടായ വിള്ളലുകൾ. അവർ വലിയ കോപത്തോടെ പ്രതിഷേധം രേഖപ്പെടുത്തിയതാണ് ഈ തൂത്തെറിയലിന് പിന്നിലെന്ന് വ്യക്തമാണ്. പാർട്ടി വിട്ട് യുഡിഎഫിനൊപ്പം മത്സരിച്ച ടികെ ഗോവിന്ദൻ, വി കുഞ്ഞികൃഷ്ണൻ, ജി സുധാകരൻ, ഐഷാ പോറ്റി എന്നിവർ നേടിയ അട്ടിമറി വിജയങ്ങൾ സൂചിപ്പിക്കുന്നത് അതാണ്. ധർമ്മടത്ത് പിണറായി വിജയൻ ആദ്യത്തെ ആറുറൗണ്ട് എണ്ണിക്കഴിയും വരെ പിന്നിലായിരുന്നുവെന്നതും പാർട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടികൾ എപ്പോഴും വ്യക്തികളേക്കാൾ പ്രസ്ഥാനത്തിന് പ്രാധാന്യം നൽകുന്നവരാണ്. എന്നാൽ കഴിഞ്ഞ പത്തുവർഷങ്ങളിൽ കേരളം കണ്ടത് പിണറായി വിജയൻ എന്ന വ്യക്തിയിലേക്ക് പാർട്ടിയും സർക്കാരും കേന്ദ്രീകരിക്കുന്നതാണ്. പിണറായിയെപ്പോലെ ഒരു സർക്കാരിന്റെ മുഖമായി പ്രൊജക്ട് ചെയ്യപ്പെട്ടൊരു മുഖ്യമന്ത്രി മുമ്പ് കേരളത്തിലുണ്ടായിട്ടില്ല. നേട്ടങ്ങളുടെ ക്രെഡിറ്റ് കപ്പിത്താനിലേക്ക് കേന്ദ്രീകരിക്കുമ്പോൾ സർക്കാരിനെതിരെയുള്ള എല്ലാ വിമർശനങ്ങളും അദ്ദേഹം ഏറ്റുവാങ്ങേണ്ടിവരും. അതാണ് സംഭവിച്ചത്. പലയിടത്തും യുഡിഎഫിനെ ജയിപ്പിച്ചത് സംസ്ഥാനത്തുണ്ടായ പിണറായി വിരുദ്ധവികാരമാണ്്. ഏറെക്കുറെ നിർവീര്യമായിരുന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ പാർട്ടി ബഹുജനസംഘടനകൾക്ക് അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞുമില്ല.

സ്വജനപക്ഷപാതം സംബന്ധിച്ച വാർത്തകളും ആരോപണങ്ങളും ഈ സർക്കാരിനെ പിടിച്ചുലച്ചു. സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ മത്സരിപ്പിച്ചത് കേഡർമാരെയും അസ്വസ്ഥരാക്കി. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ചു പോലുമുണ്ടായ ആരോപണങ്ങൾ സാധാരണ പാർട്ടിപ്രവർത്തകരെ വിഷമിപ്പിച്ചു. സമയത്ത് നിയമനം നടത്താതെ പിഎസ്സി റാങ്ക് ലിസ്റ്റുകൾ ലാപ്സായത്, സമരം ചെയ്ത യുവാക്കളോട് ക്രൂരമായ നിസ്സംഗതയോടെ പ്രതികരിച്ചത്, ആശാ വർക്കർമാരുടെ സമരം പോലുള്ള വിഷയങ്ങളെ അവഗണിച്ചത്, പരക്കെയുണ്ടായ പിൻവാതിൽ നിയമനങ്ങൾ... ഇവയെല്ലാം യുവജനങ്ങളെ സർക്കാരിൽ നിന്നകറ്റി. അവരെ തിരിച്ചുപിടിക്കാൻ കോടികൾ ചെലവഴിച്ച് നടത്തിയ പ്രചാരണപരിപാടികൾക്ക് കഴിഞ്ഞില്ല.

ശബരിമലയിലെ സ്വർണ്ണക്കൊള്ള ഹിന്ദു വോട്ടർമാരെ വ്രണപ്പെടുത്തി. പരമ്പരാഗതമായി ഭൂരിപക്ഷ വോട്ടർമാർ കൂടുതലായി വോട്ടുചെയ്യുന്നത് സിപിഎമ്മിനാണ്. അവരുടെ വോട്ട് ബാങ്കായ ഈഴവ സമുദായത്തിലെ വിള്ളൽ കൂടുതൽ വലുതാവുന്ന കാഴ്ചയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിരിച്ചടി ശരിപ്പെടുത്താൻ സർക്കാർ സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റി. ശബരിമലവിവാദം മുതൽ വഖഫ് ബോർഡ് വരെ നീളുന്ന സംഭവവികാസങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. പക്ഷേ, ബിജെപിയുടെ വളർച്ച കൂടുതൽ ബാധിച്ചത് ഇടതുമുന്നണിയെ ആണെന്നു കാണാം. ഏറെക്കാലം ചർച്ചയിൽ നിറഞ്ഞ സിപിഎം- ആർഎസ്എസ് ഡീലും എൽഡിഎഫിനെതിരായ വ്യൂനപക്ഷ ഏകീകരണത്തെ സഹായിച്ചു.

തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് കവി സച്ചിദാനന്ദനെ പോലുള്ള ഇടതുപക്ഷ സഹയാത്രികർ ഈ തിരഞ്ഞെടുപ്പ് തോൽക്കുന്നതാണ് സിപിഎമ്മിനു നല്ലതെന്ന രീതിയിൽ പ്രതികരിച്ചിരുന്നു. ഭരണത്തിന്റെ ശീതളഛായയിൽ നിന്ന് തെരുവുകളിലേക്ക് മടങ്ങി ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കുന്ന ജീവസ്സുറ്റ പ്രതിപക്ഷമായി പ്രവർത്തിക്കാനും നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കാനും ഇടതുപക്ഷത്തിനാവുമോ? കേരളം ഉറ്റുനോക്കുന്നു.