കൊച്ചി: പതിവ് തെറ്റിയില്ല, ഇത്തവണയും എറണാകുളം ജില്ല യുഡിഎഫിനൊപ്പം നിലയുറപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ ആഞ്ഞുവീശിയ യുഡിഎഫ് കൊടുങ്കാറ്റ് ജില്ലയിലും വലിയ അലയൊലി തീർത്തു. കോർപ്പറേഷൻ, നഗരസഭ, ത്രിതല പഞ്ചായത്തുകൾ എന്നിവയിലെല്ലാം യുഡിഎഫിന്റെ സർവാധിപത്യമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കാണാനാകുന്നത്. കൊച്ചി കോർപ്പറേഷനിലും വിവിധ നഗരസഭകളിലും വിമത ശല്യം രൂക്ഷമായിരുന്നിട്ടും പ്രതിസന്ധികളെയെല്ലാം വകഞ്ഞുമാറ്റി കോൺഗ്രസും യുഡിഎഫും വൻകുതിപ്പ് നടത്തി.

To advertise here,

എന്നാൽ മറുവശത്ത് എൽഡിഎഫ് നേരിട്ടത് വലിയ തിരിച്ചടിയാണ്. യുഡിഎഫിൽ നിന്ന് കഴിഞ്ഞ തവണ പിടിച്ചെടുത്ത കോർപ്പറേഷൻ ഇത്തവണ നഷ്ടമായി. ജില്ലയിലെ നഗരസഭകളിൽ സംപൂജ്യരായി. ജില്ലാ പഞ്ചായത്തിൽ കൈയിലുണ്ടായിരുന്ന സീറ്റുകൾ നിലനിർത്താനും സാധിച്ചില്ല. ബ്ലോക്കിലും അടിപതറി. കോർപ്പറേഷനിൽ ഒരു സീറ്റ് അധികം നേടി എൽഡിഎ നില മെച്ചപ്പെടുത്തി. തൃപ്പൂണിത്തുറ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത് ബിജെപിയുടെ ആത്മവിശ്വാസം ഏറെ വർധിപ്പിച്ചു.

കോർപ്പറേഷൻ യുഡിഎഫിനൊപ്പം

യുഡിഎഫ് തരംഗം കൊച്ചി കോർപ്പറേഷനിലും ആഞ്ഞുവീശി. കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കോർപ്പറേഷൻ തിരിച്ചുപിടിച്ചത് യുഡിഎഫ് ക്യാമ്പിനെ സമ്മാനിച്ച ആത്മവിശ്വാസം വലുതാണ്. 2020-ൽ കോൺഗ്രസ് വിമതരുടെ പിന്തുണയോടെയായിരുന്നു എൽഡിഎഫ് കൊച്ചി കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്.

എൽഡിഎഫ് 34, യുഡിഎഫ് 31, എൻഡിഎ അഞ്ച്, സ്വതന്ത്രർ നാല് എന്നിങ്ങനെയായിരുന്നു കക്ഷി നില. എന്നാൽ ഇത്തവണ എതിരാളികളുടെ എല്ലാ കണക്കുകൂട്ടലുകളേയും കാറ്റിൽപറത്തി 76 വാർഡുകളിൽ 46 വാർഡുകളിലും യുഡിഎഫ് മുന്നേറി. എൽഡിഎഫ് 20 ഇടത്തും ആറിടത്ത് എൻഡിഎയും മുന്നിട്ടുനിൽക്കുന്നു. നാല് സ്വതന്ത്രന്മാരും വിജയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 15 വാർഡുകൾ അധികമായി യുഡിഎഫ് നേടിയപ്പോൾ 14 വാർഡുകൾ എൽഡിഎഫിന് നഷ്ടമായി.

ഒരു വാർഡ് അധികം നേടി ബിജെപി പ്രകടനം മെച്ചപ്പെടുത്തി. വിമതരെകൊണ്ട് പൊറുതിമുട്ടിയെ കൊച്ചിയിൽ എല്ലാ പ്രതിസന്ധികളും മറികടന്നാണ് കോൺഗ്രസിന്റെ വമ്പൻ വിജയം എന്നതും ശ്രദ്ധേയമാണ്. വിമത പ്രശ്‌നം കോൺഗ്രസിനെയായിരുന്നു കൂടുതൽ വലച്ചത്. കൊച്ചിയിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ പ്രമുഖരായ പല നേതാക്കളും രംഗത്തുണ്ടായിരുന്നു.  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ ഇടഞ്ഞ് നിൽക്കുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. എന്നാൽ എതിരാളികളെപോലെ വിമതരേയും യുഡിഎഫ് തരിപ്പണമാക്കുന്നതാണ് പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലം.

നഗരസഭകളിൽ യുഡിഎഫ് സർവാധിപത്യം

ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരിടത്തും വിജയിക്കാനാവാതെ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽനിന്ന് എൻഡിഎ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു.

ഏലൂർ, കളമശ്ശേരി, കോതമംഗലം, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര, മരട്, കൂത്താട്ടുകുളം, മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി എന്നീ 12 നഗരസഭകളും യുഡിഎഫിനൊപ്പംനിന്നു. കഴിഞ്ഞതവണ പ്രതിപക്ഷമായിരുന്നെങ്കിൽ തൃപ്പൂണിത്തുറ നഗരസഭ ഇത്തവണ എൻഡിഎ ഭരിക്കും.

2020-ൽ 13 നഗരസഭകളിൽ എട്ടെണ്ണമായിരുന്നു യിഡിഎഫിനൊപ്പം നിന്നത്. ആലുവ, അങ്കമാലി, കളമശ്ശേരി, മരട്, മൂവാറ്റുപുഴ, പറവൂർ, പെരുമ്പാവൂർ, തൃക്കാക്കര മുനിസിപ്പാലിറ്റികളാണ് യു.ഡി.എഫ്. നേടിയത്. ഏലൂർ, കൂത്താട്ടുകുളം, പിറവം, കോതമംഗലം, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിൽ എൽ.ഡി.എഫ്. അധികാരത്തിലെത്തി.

ഇത്തവണ എൽഡിഎഫിന്റെ ഏലൂർ, കൂത്താട്ടുകുളം, പിറവം, കോതമംഗലം നഗരസഭകൾ യുഡിഎഫ് പിടിച്ചെടുത്തു. തൃപ്പൂണിത്തുറ നഗരസഭ ബിജെപിയും കൊണ്ടുപോയി. ഇതോടെ എറണാകുളം ജില്ലയിൽ നഗരസഭ ഭരണത്തിൽനിന്ന് എൽഡിഎഫ് പൂർണമായും തൂത്തെറിയപ്പെട്ടു. നഗരസഭകളിലുണ്ടായ കനത്ത തിരിച്ചടിയുടെ കാരണം കണ്ടെത്തുക എന്ന വലിയ ദൗത്യമാണ് സിപിഎമ്മിനും എൽഡിഎഫിനും മുന്നിലുള്ളത്.

ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തി 

ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്താൻ കഴിയുമെന്ന് കോൺഗ്രസിന് ആദ്യമേതന്നെ ഉറപ്പുണ്ടായിരുന്നു. അത് പാഴായില്ല. കഴിഞ്ഞ ഭരണകാലത്ത് പതിനാറു സീറ്റായിരുന്നെങ്കിൽ ഇത്തവണയത് 25 ആയി ഉയർന്നു. അതേസമയം, ഇടതുമുന്നണിക്ക്‌ നാല് സീറ്റ് നഷ്ടമായി അംഗസംഖ്യ മൂന്നിലേക്ക് ചുരുങ്ങി.

2020-ൽ രണ്ടു ഡിവിഷനുകൾ പിടിച്ച് ജില്ലാ പഞ്ചായത്തിലേക്ക് അരങ്ങേറ്റം കുറിച്ച ട്വന്റി-20ക്കും ഇത്തവണ അടിപതറി. വെങ്ങോല, കോലഞ്ചേരി ഡിവിഷനുകൾ യുഡിഎഫിനൊപ്പം നിന്നു. ഇതോടെ സ്വാധീനമുള്ള പഞ്ചായത്തുകളിലടക്കം ഉണ്ടായ തിരിച്ചടി ജില്ലാ പഞ്ചായത്തിലും ട്വന്റി-20 നേരിട്ടു. ഒരു സീറ്റുപോലും നേടാൻ എൻഡിഎയ്ക്കും സാധിച്ചില്ല.

ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫ് കൊടുങ്കാറ്റ്

മൊത്തം 82 ഗ്രാമ പഞ്ചായത്തുകളാണ് എറണാകുളം ജില്ലയിലുള്ളത്. പഞ്ചായത്തുകളിൽ വലിയ മുന്നേറ്റമാണ് യു.ഡി.എഫ്. നടത്തിയത്. 2020-ൽ 51 പഞ്ചായത്തുകളായിരുന്നു യുഡിഎഫിനൊപ്പം ഉണ്ടായിരുന്നത്. ഇത്തവണയിത് 66 ആയി. ഇക്കുറി 15 പഞ്ചായത്തുകൾ കൂടുതൽ പിടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു.

ഇരുപത് പഞ്ചായത്തുകളിൽ ഭരിച്ചിരുന്ന ഇടതുമുന്നണി ഏഴിലേക്ക് ചുരുങ്ങി. പഞ്ചായത്തുകളിലേക്ക് കടക്കാൻ ഇത്തവണയും എൻഡിഎക്ക് കഴിഞ്ഞില്ല. ചെങ്ങമനാട്, കല്ലൂർക്കാട്, പൂതൃക്ക, പോത്താനിക്കാട്, വെങ്ങോല പഞ്ചായത്തുകളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

കിഴക്കമ്പലത്തുനിന്ന് നാല്‌ പഞ്ചായത്തുകളിലേക്കു ഭരണം വ്യാപിപ്പിച്ച ട്വന്റി-20 തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. കിഴക്കമ്പലവും ഐക്കരനാടും മാത്രമാണ് നിലനിർത്താനായത്. മഴുവന്നൂരും കുന്നത്തുനാട്ടും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണം പ്രതിസന്ധിയിലാണ്.

ബ്ലോക്കിൽ വൻ ചലനം

പതിനാല് ബ്ലോക്ക്‌ പഞ്ചായത്തിൽ 12 എണ്ണം ഇത്തവണ യുഡിഎഫിനൊപ്പമാണ്. കഴിഞ്ഞതവണ നാലിടത്തു മാത്രം ഭരണമുണ്ടായിരുന്ന യുഡിഎഫ് എട്ട് ബ്ലോക്കുകൾ പിടിച്ചെടുത്ത് കരുത്തുകാട്ടി. ഒൻപതിടത്ത് ഭരണമുണ്ടായിരുന്ന എൽഎഫ് ഒന്നിലേക്ക് ഒതുങ്ങി.