തൃശൂർ ജില്ലയിൽ ഒമ്പത് എംഎൽഎമാരാണ് എൽഡിഎഫിനുള്ളത്; യുഡിഎഫിന് നാലും

സംസ്ഥാനമാകെ ആഞ്ഞടിച്ച യുഡിഎഫ് കൊടുങ്കാറ്റിനിടയിലും ഇടതുപക്ഷജനാധിപത്യ മുന്നണിയെ കൈവിടാതെ തൃശൂർ. വരാനിരിക്കുന്ന നിയമസഭയിലെ പ്രതിപക്ഷബെഞ്ചിലേക്ക് ഏറ്റവും കൂടുതൽ എംഎൽഎമാരെ സംഭാവന ചെയ്തത് തൃശൂർ ജില്ലയാണ്. ആകെയുള്ള 13 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽഡിഎഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. അതേസമയം ഒരു സീറ്റിൽ നിന്ന് നില മെച്ചപ്പെടുത്താൻ യുഡിഎഫിനും കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി എംപിയെ സമ്മാനിച്ച ഇടമായിട്ട് പോലും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ചിത്രത്തിൽ പോലും ബിജെപി ഇല്ലായിരുന്നു. സിറ്റിങ് സീറ്റായ ചാലക്കുടി നിലനിർത്തിയതിനൊപ്പം കൊടുങ്ങല്ലൂർ, തൃശൂർ, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളാണ് യുഡിഎഫ് ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്തത്.
കൊടുങ്ങല്ലൂർക്കോട്ട കീഴടക്കി ജനീഷ്
കൊടുങ്ങല്ലൂരിലെ ഇടുതുകോട്ട കീഴടക്കിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുകൂടിയായ ഒ.ജെ. ജനീഷ് നിയമസഭയിലെത്തുന്നത്. 2021-ൽ യു.ഡി.എഫിലെ എം.പി. ജാക്സനെതിരേ വി.ആർ. സുനിൽകുമാർ 23,893 വോട്ട് ഭൂരിപക്ഷം നേടിയ സ്ഥാനത്താണ് ഇത്തവണ ജനീഷ് 8,308 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചത്. കഴിഞ്ഞതവണത്തെ വോട്ട് എൻ.ഡി.എ.ക്ക് നേടാനുമായില്ല. രണ്ടുവട്ടം വിജയംകൊയ്ത വി.ആർ. സുനിൽകുമാറിനെയാണ് ജനീഷ് മലർത്തിയടിച്ചത്.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ കൈവിട്ട മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ യു.ഡി.എഫിനനുകൂലമായി. ജനീഷിന്റെ നേതൃപാടവവും തുണയായി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മത്സരിക്കുന്നു എന്നതിലൂടെ യുവാക്കളുടെ പരിശ്രമവും പിന്തുണയും ജനീഷിന് കൂടുതൽ കിട്ടി. വേണ്ടത്ര ജനകീയനാകാൻ സാധിക്കാത്തത് സുനിൽകുമാറിന് വിനയായി. തിരഞ്ഞെടുപ്പിനുശേഷവും വിജയപ്രതീക്ഷ പുലർത്തിയിരുന്ന എൽ.ഡി.എഫ്. ക്യാമ്പുകൾക്ക് ഈ വിജയം തിരിച്ചടിയായി.
എൻ.ഡി.എ.ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ വോട്ടുകുറഞ്ഞതും ജനീഷിന്റെ വിജയത്തിന് സഹായിച്ചു. 2021-ൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന സന്തോഷ് ചെറാക്കുളം 28,204 വോട്ടാണ് നേടിയത്. ഇത്തവണ എൻ.ഡി.എ.ക്കുവേണ്ടി മത്സരിച്ച ട്വന്റി 20 സ്ഥാനാർഥി വർഗീസ് ജോർജ് 23,933 വോട്ടു മാത്രമാണ് നേടിയത്. ക്രിസ്ത്യൻ വോട്ടുകൾ കൂടുതൽ സമാഹരിക്കാനോ പരമ്പരാഗത ബി.ജെ.പി. വോട്ടുകൾ പരമാവധി സമാഹരിക്കാനോ ഇദ്ദേഹത്തിനായില്ല. ഇത് ജനീഷിന് മെച്ചമായി.
ആദ്യം മാളയായും പിന്നീട് കൊടുങ്ങല്ലൂരായുമുള്ള 1957 തൊട്ടുള്ള മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പുചരിത്രത്തിൽ കൈപ്പത്തിയിൽ വിജയമെത്തുന്നത് ഇത് നാലാംതവണ. 1960, 1965 വർഷങ്ങളിലെ കോൺഗ്രസ് വിജയത്തിനുശേഷം 2011-ൽ ടി.എൻ. പ്രതാപനാണ് ഇവിടെ കോൺഗ്രസ് കൊടി പാറിച്ചത്. മണ്ഡലപുനർനിർണയത്തിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലായിരുന്നു ഇത്. 2001-ൽ ജെ.എസ്.എസിലെ ഉമേഷ് ചള്ളിയിലൂടെ സീറ്റ് യു.ഡി.എഫ്. പക്ഷത്തേക്ക് ചായുകയും ചെയ്തിരുന്നു. ഇവയ്‌ക്കെല്ലാം പിന്തുടർച്ചയായാണ് ജനീഷ് ഇത്തവണയെത്തുന്നത്.
നാടകമാടിയ നാട്ടിക
സി.പി.െഎ.വിട്ടെത്തിയ സി.സി. മുകുന്ദനെ നാട്ടികയിലെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കിയാൽ മുന്നണിയിലെ വിജയികളുടെ എണ്ണം 103 ആയേനേ. നാട്ടികയിലെ മത്സരക്കണക്കുകൾ കാണിക്കുന്നതിതാണ്. യു.ഡി.എഫ്. കൈവിട്ടതോടെ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച മുകുന്ദൻ നേടിയത് 45,216 വോട്ടാണ്. മണ്ഡലത്തിൽ വിജയിച്ച സി.പി.െഎ.യിലെ ഗീതാഗോപി ജയിച്ചതാകട്ടെ 7,093 വോട്ടിനും.
ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥിയായ സുനിൽ ലാലൂർ 51,886 വോട്ടും നേടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.സി. മുകുന്ദൻ സി.പി.െഎ.യുടെ സ്ഥാനാർഥിയായി ജയിച്ചത് 28,431 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു.
സി.പി.െഎ.യിലെ ചേരിതിരിവും പിടിവാശിയുമാണ് നാട്ടികയിൽ തുടക്കം മുതൽ അരങ്ങേറിയത്. അത് ചെന്നെത്തിയത് വലിയ ഭൂരിപക്ഷത്തിനു ജയിച്ച സിറ്റിങ് എം.എൽ.എ. പാർട്ടിവിട്ട് ബി.ജെ.പി.യിലേക്കു ചേക്കേറുന്നതിലേക്കും. ഒരു തവണ മാത്രം മത്സരിക്കുകയും ജയിക്കുകയും ചെയ്ത മുകുന്ദനെ മാറ്റിനിർത്താനുള്ള പാർട്ടിയുടെ തീരുമാനമാണ് നാട്ടികയെ ഇത്തവണ ശ്രദ്ധാ കേന്ദ്രമാക്കിയത്. ഈ മണ്ഡലത്തിൽനിന്ന് രണ്ടുതവണ വിജയിച്ച ഗീതാ ഗോപിക്ക് വീണ്ടും അവസരം നൽകാനുള്ള തീരുമാനവുമെടുത്തു. ഇതോടെ പാർട്ടിയോട് പിണങ്ങിയ മുകുന്ദൻ േകാൺഗ്രസിന്റെ പിന്തുണേതടി. യു.ഡി.എഫ്.പിന്തുണയോടെ അനായാസവിജയം നേടാമെന്ന് കോൺഗ്രസ് വിലയിരുത്തിയിട്ടും അവസാനഘട്ടത്തിൽ തള്ളി. അതിനു കാരണം കോൺഗ്രസിലെ ചില നേതാക്കളായിരുന്നു.
അതോടെ മുകുന്ദൻ ബി.ജെ.പി.യിൽ അംഗത്വമെടുത്തു. എൻ.ഡി.എ. സ്ഥാനാർഥിയുമാക്കി. മണ്ഡലത്തിൽ ഇക്കുറി എൻ.ഡി.എ., യു.ഡി.എഫ്. സ്ഥാനാർഥികൾ വൻ മുന്നേറ്റമുണ്ടാക്കി. കഴിഞ്ഞ തവണയും യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന സുനിൽ 44,499 വോട്ടുനേടിയിരുന്ന സ്ഥലത്ത് ഇത്തവണ 51,886 വോട്ടാക്കി. കഴിഞ്ഞതവണ എൻ.ഡി.എ.സ്ഥാനാർഥി നേടിയത് 33,716 വോട്ടാണ്. ഇത്തവണ സി.സി. മുകുന്ദൻ നേടിയത് 45,216 വോട്ടും.
2021-ൽ സി.പി.െഎ. സ്ഥാനാർഥി നേടിയത് 72,930 വോട്ടാണ്. ഗീതാഗോപി ഇത്തവണ നേടിയത് 58,979 വോട്ടും. വോട്ടിലും ശതമാനത്തിലും ഭൂരിപക്ഷത്തിലും പിന്നാക്കംപോയി. ആരോപണപ്രത്യാരോപണങ്ങൾകൊണ്ടും േപാലീസ്, കോടതി കേസുകൾ കൊണ്ടും കലുഷിതമായിരുന്നു നാട്ടികയിലെ മത്സരരംഗം.
പിന്മാറാതെ പോരാടി ഉണ്ണിയാടൻ
രണ്ട് പരാജയങ്ങൾക്കുശേഷം ഇരിങ്ങാലക്കുടയിൽ വിജയക്കുടചൂടി കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻകൂടിയായ തോമസ് ഉണ്ണിയാടൻ. മന്ത്രി ആർ. ബിന്ദുവിനെതിരേയാണ് ഈ വിജയം എന്നത് യു.ഡി.എഫിന് ഇരട്ടിമധുരമായി. 2021-ലെ അപേക്ഷിച്ച് ബി.ജെ.പി.യുടെ വോട്ടിൽ വൻകുറവുണ്ടാകുകയും ചെയ്തു. മന്ത്രിസ്ഥാനത്തേക്കുകൂടി സാധ്യത തുറക്കുന്നതായി ഈ വിജയം. 10,212 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉണ്ണിയാടൻ വിജയിച്ചത്. 2021-ൽ 5949 വോട്ടിന്റെ ഭൂരിക്ഷത്തിനാണ് ആർ. ബിന്ദു, തോമസ് ഉണ്ണിയാടനെ പരാജയപ്പെടുത്തുന്നത്. ഇതിനുള്ള മധുരപ്രതികാരമായി ഭൂരിപക്ഷം ഇരട്ടിപ്പിച്ചുള്ള ഈ വിജയം.
സ്വന്തം പാർട്ടിയിൽനിന്നും സഖ്യകക്ഷിയായ കോൺഗ്രസിൽനിന്നുമുള്ള കടുത്ത എതിർപ്പിനെ മറികടന്നാണ് ഉണ്ണിയാടൻ സ്ഥാനാർഥിയായത്. ഉണ്ണിയാടനെ സ്ഥാനാർഥിയാക്കിയാൽ ബദൽസ്ഥാനാർഥിയെ നിർത്തുമെന്നുവരെ യൂത്ത് കോൺഗ്രസ് നിലപാട് എടുത്തിരുന്നു. സ്ഥാനാർഥിപ്രഖ്യാപനത്തോടെ ഇത്തരം വിമർശനങ്ങളെ നിശ്ശബ്ദമാക്കാൻ ഉണ്ണിയാടന് സാധിച്ചത് വിജയത്തിന്റെ അടിത്തറയായി. എതിർപക്ഷത്തെ തർക്കങ്ങൾകൂടി കണക്കിലെടുത്ത് മന്ത്രി ആർ. ബിന്ദു തുടക്കംമുതലേ ജയപ്രതീക്ഷയിലായിരുന്നു.
മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ പ്രതീക്ഷയ്ക്ക് ബലമേകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപി ഉണ്ടാക്കിയ ഓളം മികച്ച പ്രവർത്തനങ്ങളിലൂടെ മറികടക്കാനായതും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ആളൂർ നഷ്ടപ്പെട്ടെങ്കിലും മറ്റ് ആറ് പഞ്ചായത്തുകളിലും ഭരണം നിലനിർത്താനായതും പ്രതീക്ഷയായിരുന്നെങ്കിലും അത് ഫലിച്ചില്ല.
കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച ബി.ജെ.പി.യുടെ വോട്ടുകൾ ഇത്തവണ വൻതോതിൽ കുറഞ്ഞതും ഉണ്ണിയാടന്റെ വിജയത്തിന് സഹായിച്ചു. ബി.ജെ.പി.ക്കുവേണ്ടി മുൻ ഡി.ജി.പി. ജേക്കബ് തോമസ് 2021-ൽ 34329 വോട്ടുകളാണ് നേടിയത്. ഇത്തവണ ബി.ജെ.പി. സ്ഥാനാർഥി സന്തോഷ് ചെറാക്കുളത്തിന് 27167 വോട്ടുകൾ മാത്രമാണ് നേടാനായത്.
2001 മുതൽ തുടർച്ചയായി മൂന്നുതവണ തോമസ് ഉണ്ണിയാടനാണ് ഇവിടെനിന്ന് വിജയിച്ചിരുന്നത്. 2016-ൽ കെ.യു. അരുണനോടുള്ള ഇദ്ദേഹത്തിന്റെ പരാജയം അപ്രതീക്ഷിതമായിരുന്നു. പിന്നീടാണ് 2021-ൽ ആർ. ബിന്ദുവിനോട് പരാജയപ്പെടുന്നത്. പ്രാദേശിക കോൺഗ്രസുമായുള്ള പിണക്കമായിരുന്നു ഈ പരാജയങ്ങൾക്കെല്ലാം കാരണം.
മൂന്നാം തവണയും ഒല്ലൂർ രാജനൊപ്പം
ഒല്ലൂർ ഇത്തവണയും മാറിച്ചിന്തിച്ചില്ല. ഭൂരിപക്ഷം കുറഞ്ഞെങ്കിലും വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപ്പോലും പിന്നോട്ടുപോകാതെ റവന്യൂമന്ത്രികൂടിയായ കെ. രാജൻ മൂന്നാംതവണയും ജയിച്ചുകയറി. ഇരുമുന്നണികളെയും ഒരുപോലെ പരിഗണിക്കുകയും അവഗണിക്കുകയും ചെയ്ത ചരിത്രമാണ് ഒല്ലൂരിന്റേത്. എന്നാൽ, തുടർവിജയത്തിന്റെ പുതുചരിത്രമാണ് ഒല്ലൂരിലുണ്ടായിരിക്കുന്നത്. വിജയാഹ്ലാദത്തിനിടയിലും കഴിഞ്ഞതവണത്തെ 21,506 എന്ന ഭൂരിപക്ഷം 8884-ലേക്കു താഴ്ന്നത് എൽ.ഡി.എഫ്. ക്യാമ്പുകളെ അമ്പരപ്പിച്ചിട്ടുണ്ട്.
മലയോര കർഷകരുടെ പ്രശ്‌നങ്ങളിലും ടോൾപ്രശ്‌നങ്ങളിലും മറ്റും സജീവമായി ഇടപെട്ടുകൊണ്ട് കഴിഞ്ഞ അഞ്ചുവർഷവും മണ്ഡലത്തിൽ സജീവമായിരുന്ന യു.ഡി.എഫ്. സ്ഥാനാർഥി ഷാജി ജെ. കോടങ്കണ്ടത്തിനുവേണ്ടി ഔദ്യോഗിക സ്ഥാനാർഥിപ്രഖ്യാപനത്തിനു മുൻപേ പ്രചാരണബോർഡുകളുയർന്നിരുന്നു. ഇത്തവണ മണ്ഡലം ഉറപ്പായും സ്വന്തമാക്കുമെന്ന കണക്കുകൂട്ടലിൽ ഷാജി കോടങ്കണ്ടത്ത് നടത്തിയ ആസൂത്രിതനീക്കങ്ങളൊന്നും വിജയംകണ്ടില്ല.
റവന്യൂവകുപ്പിനെതിരായി കോടതിയുത്തരവെന്നു ചൂണ്ടിക്കാട്ടി നടത്തിയ പത്രസമ്മേളനമുൾപ്പെടെ സ്ഥാനാർഥിക്ക് തിരിച്ചടിയായി. കോടതി നിർദേശത്തെത്തുടർന്ന് ആരോപണം പരസ്യമായി തിരുത്തേണ്ടിയും വന്നു. 16 കോർപറേഷൻ ഡിവിഷനുകളും കുട്ടനെല്ലൂർ ഡിവിഷന്റെ പകുതിയും നാല് പഞ്ചായത്തുകളുമുള്ള മണ്ഡലത്തിൽ തദ്ദേശതിരഞ്ഞെടുപ്പുഫലം യു.ഡി.എഫിനനുകൂലമായിരുന്നു. ഈ ഘടകങ്ങളൊന്നും മുന്നണിക്ക് തുണയായില്ല. മാത്രമല്ല, സാമുദായികപിന്തുണയുമുണ്ടായില്ല.
പട്ടയപ്രശ്‌നത്തിലും പുത്തൂർ സുവോളജിക്കൽ പാർക്കിനുവേണ്ടിയും ജനപ്രതിനിധിയെന്നനിലയിൽ നടത്തിയ ശക്തമായ ഇടപെടലുകളും ജനം പരിഗണിച്ചു. അതേസമയം കഴിഞ്ഞതവണ എൽ.ഡി.എഫ്. 76,657 വോട്ട് നേടിയത് ഇത്തവണ 69,703 ആയി കുറഞ്ഞു. യു.ഡി.എഫ്. 55,151-ൽനിന്ന് 60,819 ആയി ഉയർത്തി.
വോട്ടുകണക്കിൽ തിരിച്ചടിയുണ്ടായത് എൻ.ഡി.എ.യ്ക്കാണ്. കഴിഞ്ഞതവണ ബി. ഗോപാലകൃഷ്ണൻ 22,295 വോട്ട് നേടിയ സ്ഥാനത്ത് ഇത്തവണ ബിജോയ് തോമസ് നേടിയത് 19,737.
ചേലക്കരയുടെ ചേലുള്ള പ്രദീപ്
ചേലക്കരയുടെ ചങ്കാണ് യു.ആർ. പ്രദീപെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. എല്ലാ ട്രെൻഡുകളെയും മറികടന്ന വിജയം. ഒരു പക്ഷേ, കേരളത്തിൽത്തന്നെ മുൻ ഭൂരിപക്ഷം ഉയർത്തിയ എൽ.ഡി.എഫ്. സ്ഥാനാർഥിയെന്ന ഖ്യാതിയും പ്രദീപിനാകാം.
1996-മുതൽ ചേലക്കര, എൽ.ഡി.എഫിനൊപ്പമാണ്. ഉപതിരഞ്ഞെടുപ്പിലെ വിജയത്തെ കവച്ചുവെക്കുന്നതാണ് പ്രദീപിന്റെ ഭൂരിപക്ഷം. സൗമ്യതയും വികസനനേട്ടവുമാണ് വിജയഘടകമെന്നാണ് വിലയിരുത്തൽ. 2016-ൽ കെ. രാധാകൃഷ്ണന്റെ പിൻഗാമിയായെത്തിയ യു.ആർ. പ്രദീപിന് മികച്ച ജനപ്രതിനിധിയെന്ന മുൻതൂക്കം തുടക്കംമുതലേ ഉണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ കിട്ടിയ 64,827 വോട്ടുകളുടെ സ്ഥാനത്ത് ഇത്തവണ പ്രദീപ് നേടിയത് 76,073 വോട്ടാണ്. 2021-ൽ കെ. രാധാകൃഷ്ണൻ നേടിയത് 83,415 വോട്ടായിരുന്നു.
യു.ഡി.എഫാകട്ടെ ആദ്യംമുതൽത്തന്നെ മത്സരം കൈവിട്ട നിലയിലായിരുന്നു. ശിവൻ വീട്ടിക്കുന്നടക്കമുള്ള നേതാക്കളുണ്ടായിട്ടും സീറ്റ് ലീഗിന് വിട്ടുകൊടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ സീറ്റിൽ സ്ഥാനാർഥികളെ കണ്ടെത്താൻ ലീഗിനായില്ല. അറ്റകൈ എന്ന നിലയിലാണ് കോൺഗ്രസ് നേതാവിനെ സ്വതന്ത്രനാക്കിയത്. അപ്പോഴേക്കും പ്രചാരണത്തിലും മറ്റും ഇടതുമുന്നണിക്ക് ഏറെ മുന്നേറാനായി. ചിഹ്നമില്ലാത്തതും പ്രതിസന്ധിയായി. നേതാക്കളിൽ പലരും ആദ്യഘട്ടത്തിൽ സജീവമല്ലാതിരുന്നതും സാമ്പത്തിക പരിമിതിയും യു.ഡി.എഫ്. പ്രവർത്തനത്തെ ബാധിച്ചു. ഉപതിരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസ് നേടിയ 52,626 വോട്ടിന്റെ സ്ഥാനത്ത് ശിവൻ വീട്ടിക്കുന്നിന് കിട്ടിയത് 46,687 വോട്ടാണ്. പ്രാദേശികനേതാവിനെ രംഗത്തിറക്കി ഉപതിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടത്തിയ ബി.ജെ.പി. വീണ്ടും കെ. ബാലകൃഷ്ണനെത്തന്നെ രംഗത്തിറക്കിയപ്പോൾ വോട്ടുനില 33,609-ൽ നിന്ന് 37,286-ലേക്ക് വളർന്നു.
തൃശ്ശൂരിൽ പല്ലനിലേറി യു.ഡി.എഫ്. തിരിച്ചുവരവ്
തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ കോർപറേഷന്റെ 39 ഡിവിഷനുകൾ പൂർണമായും ഒരെണ്ണത്തിന്റെ പകുതിയുമാണുള്ളത്. ഇതുതന്നെയായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥിനിർണയത്തിന്റെ നട്ടെല്ല്. 25 വർഷത്തിലധികമായി പല ഡിവിഷനുകളിൽ കൗൺസിലറായും ഒന്നരവർഷം മേയറായും അഞ്ചുവർഷം പ്രതിപക്ഷനേതാവായും പ്രവർത്തിച്ച രാജൻ ജെ. പല്ലനിലേക്ക് തീരുമാനമുറച്ചത് സ്വാഭാവികമായിരുന്നു.
രണ്ടു പ്രാവശ്യം പാർട്ടിസ്ഥാനാർഥിയായി മത്സരിച്ച പദ്മജ ബി.ജെ.പി. സ്ഥാനാർഥിയായി മുൻകൂട്ടി പ്രഖ്യാപിക്കപ്പെട്ടതോടെ കൂടുതൽ ജാഗ്രതയോടെ സ്ഥാനാർഥി നിർണയത്തിന് യു.ഡി.എഫിന് കഴിഞ്ഞു. മുന്നണി മാറിയുള്ള മത്സരം അനുകൂലമാകുമെന്ന പദ്മജാ വേണുഗോപാലിന്റെ സ്വപ്നം പക്ഷേ, പൊലിഞ്ഞെന്നുമാത്രമല്ല, മൂന്നാം സ്ഥാനത്താകുകയും ചെയ്തു. സി.പി.ഐ.യുടെ ആലങ്കോട് ലീലാകൃഷ്ണനാകട്ടെ, കന്നിയങ്കത്തിൽ അഭിമാനാർഹമായ പോരാട്ടം കാഴ്ചവെച്ചു.
തേറമ്പിൽ രാമകൃഷ്ണനിലൂടെ 1991-മുതൽ തുടർച്ചയായി അഞ്ചുപ്രാവശ്യം യുി.ഡി.എഫ്. ജയിച്ചുകയറിയ മണ്ഡലമാണ് തൃശ്ശൂർ. 2016-ലെ തിരഞ്ഞെടുപ്പിൽ തേറമ്പിലിനു പകരം പദ്മജ മത്സരിച്ചപ്പോൾ വി.എസ്. സുനിൽകുമാറിനോട് തോറ്റു. 2021-ൽ ആദ്യ പിണറായി മന്ത്രിസഭയിലെ മികച്ച പ്രകടനക്കാരനായിട്ടും പാർട്ടിയുടെ നിബന്ധനകളിൽത്തട്ടി സുനിൽകുമാറിന് സ്ഥാനാർഥിത്വം കിട്ടിയില്ല. പകരം വന്ന പി. ബാലചന്ദ്രൻ പദ്മജയെ 946 വോട്ടിന് തോൽപ്പിച്ചു.
മണ്ഡലത്തിലെ ഓരോ വോട്ടറെയും നേരിൽ പരിചയമുണ്ടെന്ന സവിശേഷതയാണ് രാജൻ പല്ലന് കരുത്തായത്. സാമുദായിക ധ്രുവീകരണത്തിന് അനുയോജ്യമായ പ്രചാരണങ്ങളെ വളരെ സമർഥമായി നേരിട്ടാണ് പല്ലൻ കരുക്കൾ നീക്കിയത്. അതൃപ്തിയുള്ള നേതാക്കളെയും വിഭാഗങ്ങളെയും നേരിൽക്കണ്ട് സമാധാനിപ്പിച്ച് പിന്തുണ ഉറപ്പിക്കുകയായിരുന്നു.
അതേസമയം സ്വന്തം ശക്തികേന്ദ്രങ്ങളിൽ പരമാവധി വോട്ടുറപ്പിക്കുകയും ചെയ്തു. എൻ.ഡി.എ.യ്ക്കാകട്ടെ, കഴിഞ്ഞ നിയമസഭയിൽ സുരേഷ്ഗോപി നേടിയ 40,457 വോട്ടിന്റെ അടുത്തെത്താനായില്ലെന്നത് തിരിച്ചടിയാണ്.പദ്മജക്ക് കിട്ടിയത് 28,662 വോട്ടുമാത്രമാണ്. ലോക്സഭാമത്സരത്തിൽ സുരേഷ്‌ഗോപിക്ക് ഇവിടെ കിട്ടിയത് 55,057 വോട്ടുകളാണ്. സി.പി.ഐ.യ്ക്കും ഈ ഫലം തിരിച്ചറിവിന്റെ അവസരമാണ്. കഴിഞ്ഞതവണ പി. ബാലചന്ദ്രൻ നേടിയ 44,263 വോട്ടിന്റെ സ്ഥാനത്ത് ആലങ്കോടിന് നേടാനായത് 33,487 എണ്ണം മാത്രമാണ്.
മനം മാറാതെ ഗുരുവായൂർ
2006-മുതൽ സി.പി.എം. കൈവശംവെച്ചിരുന്ന ഗുരുവായൂർ മണ്ഡലം ഇത്തവണ പാർട്ടിയെ അല്പം വെള്ളം കുടിപ്പിച്ചു. മൂന്നാമങ്കത്തിനിറങ്ങിയ എൻ.കെ. അക്ബർ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും ഇടവേളകളിൽ ഭൂരിപക്ഷമില്ലാതെ അല്പം വിയർത്തു. 2021-ൽ 77,072 വോട്ടും 18,268 വോട്ടിന്റെ ഭൂരിപക്ഷവുമായി ജയിച്ച അക്ബർ ഇത്തവണ വോട്ടിലും ഭൂരിപക്ഷത്തിലും പിന്നാക്കംപോയി. യു.ഡി.എഫിലെ മുസ്ലിംലീഗ് സ്ഥാനാർഥി സി.എച്ച്. റഷീദ് 64,071 വോട്ട് പിടിച്ചതോടെ അക്ബറിന്റെ ഭൂരിപക്ഷം 1,998 ആയി.
തിരഞ്ഞെടുപ്പുപ്രക്രിയ ആരംഭിച്ചതു മുതൽ ബി.ജെ.പി. സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനായിരുന്നു മണ്ഡലത്തിലെ താരം. കഴിഞ്ഞ തവണ ബി.ജെ.പി.ക്ക് ഔദ്യോഗിക സ്ഥാനാർഥിയില്ലായിരുന്ന ഗുരുവായൂരിൽ ഇത്തവണ ഗോപാലകൃഷ്ണൻ 28,947 വോട്ടുനേടി. പെരുമാറ്റച്ചട്ടലംഘനമുണ്ടാകാത്തരീതിയിൽ ഗോപാലകൃഷ്ണൻ പറഞ്ഞ മത-ജാതി ധ്വനിയുള്ള വാക്കുകൾ വലിയ ചർച്ചയായി.
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ താമര വരച്ച് പ്രചാരണം തുടങ്ങിയ ഗോപാലകൃഷ്ണനെ അവസാനനിമിഷത്തിലാണ് പാർട്ടി ഗുരുവായൂരിൽ മത്സരിക്കാൻ നിയോഗിച്ചത്. ഗുരുവായൂർ മണ്ഡലം മുസ്ലിംലീഗ് കോൺഗ്രസിനു വിട്ടുകൊടുക്കുമെന്ന് തുടക്കത്തിൽ പ്രചാരണമുണ്ടായിരുന്നു. കെ. മുരളീധരനെയോ ടി.എൻ. പ്രതാപനെയോ മത്സരിപ്പിച്ചാൽ ജയിക്കുമെന്ന കണക്കൂകൂട്ടലിലായിരുന്നു കോൺഗ്രസ് നേതൃത്വം.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ മാത്രമാണ് യു.ഡി.എഫ്. സ്ഥാനാർഥിയായ മുരളീധരന് ലീഡ് ലഭിച്ചത്. തദ്ദേശതിരഞ്ഞെടുപ്പിലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്താനും യു.ഡി.എഫിനു കഴിഞ്ഞിരുന്നു. ഈ നീക്കത്തിനെതിരേ ഗുരുവായൂരിലെ പ്രാദേശിക ലീഗ് നേതൃത്വം പരസ്യമായി കടുത്ത എതിർപ്പറിയിച്ചതോെട മണ്ഡലത്തിൽനിന്നുള്ള ലീഗ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.എച്ച്. റഷീദ് സ്ഥാനാർഥിയായി. വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളിൽ റഷീദ് മുന്നിലെത്തിയിരുന്നു. അവസാനഘട്ടത്തിലാണ് അക്ബർ വിജയിച്ചത്.
കുന്നംകുളത്തിന്റെ സ്വന്തം മൊയ്തീൻ
2006-നുശേഷം കുന്നംകുളത്ത് തിരഞ്ഞെടുപ്പിൽ ചെങ്കൊടിയല്ലാതെ പാറിയിട്ടില്ല. ആദ്യ രണ്ടുവട്ടം ബാബു എം. പാലിശ്ശേരിയായിരുന്നു നായകനെങ്കിൽ ശേഷം മൂന്നുതവണ എ.സി. മൊയ്തീനായിരുന്നു ഊഴം. സംസ്ഥാനത്താകമാനം യു.ഡി.എഫ്. തരംഗം ആഞ്ഞടിച്ചിട്ടും കുന്നംകുളം മൊയ്തീൻ പിടിച്ചുനിർത്തി.
കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിന്റെ നാലിലൊന്നില്ല ഇത്തവണ. 4,563 വോട്ടിനാണ് പൊന്നാനിയിൽനിന്നെത്തിയ കോൺഗ്രസ് നേതാവ് പി.ടി. അജയ് മോഹനെ ഇത്തവണ തോൽപ്പിച്ചത്. ഏറെത്തവണ മത്സരിച്ച മൊയ്തീനു പകരം മറ്റൊരാളെ സി.പി.എം. പരിഗണിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ജയസാധ്യത കണക്കിലെടുത്ത് മാനദണ്ഡങ്ങളിൽ ഇളവുനൽകുകയായിരുന്നു. ചില പ്രാദേശിക ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ ഉയരാമെന്ന് മുൻകൂട്ടിക്കണ്ട് കൂടുതൽ ജാഗ്രതയോടെയായിരുന്നു പ്രവർത്തനം.
കോൺഗ്രസിലാകട്ടെ, പ്രാദേശികമായി അത്ര പരിചിതനല്ലാത്ത സ്ഥാനാർഥി തിരിച്ചടിയാകുമെന്ന ആശങ്കയായിരുന്നു ആദ്യം. എന്നാൽ, ഭേദപ്പെട്ട ഏകോപനത്തിലൂടെയും മത്സരരംഗത്തെ പരിചയത്തിലൂടെയും അജയ് മോഹൻ അതിനെ മറികടന്നു. ഇടതുമുന്നണിയുടെ ജില്ലയിലെ കരുത്തുറ്റ നേതാവിന്റെ ഭൂരിപക്ഷം വലിയതോതിൽ ഇടിക്കാനായി എന്ന അഭിമാനം യു.ഡി.എഫിന് സ്വന്തം.
കഴിഞ്ഞതവണ 75,532 വോട്ടുകൾ കിട്ടിയ മൊയ്തീൻ ഇത്തവണ 69,522 വോട്ടുകൾ മാത്രമാണ് നേടിയത്. അന്ന് കോൺഗ്രസിന്റെ പ്രാദേശിക നേതാവായ ജയശങ്കർ നേടിയത് 48,901 വോട്ടുകളാണെങ്കിൽ അജയ്മോഹൻ അത് 64,959 ആക്കി.
അതേസമയം എൻ.ഡി.എ. വോട്ടുകളിലുണ്ടായ കുറവ് വോട്ടുനിലയെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടാകാം. കഴിഞ്ഞ തവണത്തെക്കാൾ 10,529 വോട്ടിന്റെ കുറവാണ് ഇത്തവണ അവർക്ക്. ഇത്തവണ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. ആണ് മത്സരിച്ചതെന്നതും വസ്തുതയാണ്. കാട്ടകാമ്പാൽ(394), പോർക്കുളം(259), കടവല്ലൂർ(1,635), കടങ്ങോട്(293), ചൊവ്വന്നൂർ (308), പഞ്ചായത്തുകളും കുന്നംകുളം(2,976) നഗരസഭയും ഇടതിന് ലീഡ് നൽകിയപ്പോൾ എരുമപ്പെട്ടിയും (155), വേലൂരും(1,027) യു.ഡി.എഫാണ് ലീഡ് ചെയ്തത്.
മണലൂരിൽ നാടകാന്തം
ഏറ്റവും ശ്രദ്ധേയ മത്സരമായിരുന്നു ഇത്തവണ മണലൂർ മണ്ഡലത്തിൽ. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ പ്രമുഖർ. നാടൊട്ടുക്കും ചർച്ചയായ മണ്ഡലം വിധിദിനത്തിലും ശ്രദ്ധ നേടി. ജില്ലയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി സി. രവീന്ദ്രനാഥ് ജയിച്ചത്-126. മുൻമന്ത്രിയും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ സി. രവീന്ദ്രനാഥ് മണ്ഡലത്തിൽ പരിചിതനായിരുന്നില്ല.
എങ്കിലും ജയിച്ചുകയറിയതിന് കാരണം മന്ത്രിയായിരിക്കെ കാഴ്ചവെച്ച പ്രവർത്തനങ്ങളാണ്. മാത്രമല്ല, ലളിതജീവിതവും. തുടർച്ചയായി രണ്ടുതവണ സി.പി.എം. സ്ഥാനാർഥിയായിരുന്ന മുരളി പെരുനെല്ലി ജയിച്ച മണ്ഡലത്തിലെ ഈ ആയാസകരമായ ജയം ഒരു സീറ്റ് ഉറപ്പാക്കുന്നതിന് കാരണമായി എന്നു മാത്രമേ പറയാനാകൂ. മുരളിയെ മാറ്റിപ്പരീക്ഷിച്ചത് സി.പി.എമ്മിന് െതറ്റിയില്ലെന്ന് അഭിമാനിക്കാം. 2016-ൽ മുരളിയുടെ ഭൂരിപക്ഷം 19,325 വോട്ടും 2021-ൽ 29,876-ഉം ആയിരുന്നു. അവിടെനിന്നാണ് രവീന്ദ്രനാഥ് 126 വോട്ടിന് ജയിച്ചത്.
ജില്ലയിൽനിന്നുള്ള ഏക എ.െഎ.സി.സി. സെക്രട്ടറിയാണ് എതിർസ്ഥാനാർഥി എന്ന പ്രത്യേകതയുമുണ്ടായിരുന്നു. മത്സരിച്ചയിടങ്ങളിലൊന്നും തോറ്റ ചരിത്രമില്ലാത്ത ടി.എൻ. പ്രതാപന്റെ ആദ്യ തോൽവിയാണിത്. കടുത്ത മത്സരം നടന്ന ഈ മണ്ഡലം സി.പി.എം. കുത്തക ഇടമാണെന്നറിഞ്ഞ് പ്രതാപൻ മത്സരിക്കാനായി സ്വയം തിരഞ്ഞെടുത്തതാണ്. കനത്ത മത്സരമാണ് നടന്നതെന്ന് തെളിയിക്കുന്നതാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.
ഇവിടെ ജയിച്ച്, കോൺഗ്രസ് അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനം ഉറപ്പായിരുന്നു പ്രതാപന്. പ്രചാരണത്തിന് ആദ്യമേ തുടക്കമിട്ടത് പ്രതാപനായിരുന്നു. പ്രതാപനും ഇത് പരിചിത മണ്ഡലമായിരുന്നില്ല. എങ്കിലും ഇഞ്ചോടിഞ്ച് വോട്ട് പിടിച്ചതിൽ അഭിമാനിക്കാം.
ശക്തനായ നേതാവിനെയാണ് ബി.ജെ.പി.യും രംഗത്തിറക്കിയത്. തൃശ്ശൂരിൽ ബി.ജെ.പി.ക്ക് വലിയ ലേബലും എം.പി.സ്ഥാനവും നേടിക്കൊടുത്തതുവഴി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുയർന്ന കെ.െക. അനീഷ്‌കുമാറായിരുന്നു സ്ഥാനാർഥി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.െജ.പി. മണ്ഡലത്തിൽ നേടിയ ഉയർന്ന വോട്ടുവിഹിതവും തദ്ദേശതിരഞ്ഞെടുപ്പിലെ മേൽക്കോയ്മയും ഈ തിരഞ്ഞെടുപ്പിൽ അതേപടി നിലനിർത്താനായില്ലെങ്കിലും വോട്ടുവിഹിതത്തിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ നേട്ടമുണ്ടാക്കി. 2021-ൽ 36,566 നേടിയ സ്ഥലത്ത് ഇത്തവണ 38,125 വോട്ട് നേടി.
രാമചന്ദ്രനെ വിടാതെ പുതുക്കാട്
തൃശ്ശൂർ യു.ഡി.എഫ്. തരംഗത്തിലും എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. രാമചന്ദ്രനെ വിടാതെ പുതുക്കാട്. മണ്ഡലരൂപവത്കരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം എൽ.ഡി.എഫ്. പക്ഷത്തുനിന്ന മണ്ഡലമെന്ന പേര് പുതുക്കാട് ഇത്തവണയും നിലനിർത്തി. പക്ഷേ, ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.
2021-ൽ 27,353 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ 2853 ആയിമാറി. ലഭിച്ച വോട്ടിൽ എണ്ണത്തിൽ പതിനായിരത്തിലേറെ കുറവുമുണ്ടായി.
2021-ൽ രാമചന്ദ്രൻ 73,365 വോട്ടുകൾ നേടിയപ്പോൾ ഇത്തവണ 63,136 വോട്ടുകളാണ് നേടാനായത്. കോൺഗ്രസിന്റെ കെ.എം. ബാബുരാജ് പരാജയപ്പെട്ടെങ്കിലും വൻതോതിൽ വോട്ട് വർധിപ്പിച്ചു. കഴിഞ്ഞതവണ സുനിൽ അന്തിക്കാട് നേടിയ 46,012 വോട്ടുകൾക്ക് പകരം ഇത്തവണ ബാബുരാജ് 60,283 വോട്ടാണ് നേടിയത്. അതേസമയം എൻ.ഡി.എ.ക്ക് വോട്ട് കുറഞ്ഞു.
ഇത്തവണ ബി.ജെ.പി.യിലെ എ. നാഗേഷ് 28,018 വോട്ടാണ് നേടിയത്. 2021-ൽ നാഗേഷ് 34893 വോട്ടാണ് നേടിയിരുന്നത്. ഒരേ ആൾത്തന്നെ മത്സരിച്ചിട്ടും വോട്ട് കുറഞ്ഞുവെന്നത് എൻ.ഡി.എ.ക്ക് തിരിച്ചടിയാണ്.
എൽ.ഡി.എഫിന്റെ പരമ്പരാഗത മണ്ഡലമായ പുതുക്കാട് തിരിച്ചുപിടിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. നാട്ടുകാരനായ ബാബുരാജിനെ സ്ഥാനാർഥിയാക്കിയും സാമുദായികപിന്തുണ ഉറപ്പാക്കിയുമാണ് കോൺഗ്രസ് ഇതിനായി ശ്രമം നടത്തിയത്.
മാത്രമല്ല, മണ്ഡലത്തിൽപ്പെടുന്ന എട്ട് പഞ്ചായത്തുകളിൽ നാലും കോൺഗ്രസാണ് ഭരിക്കുന്നത് എന്നതും അവർക്ക് പ്രതീക്ഷ നൽകിയിരുന്നു. ഭൂരിപക്ഷം കുറയ്ക്കാനല്ലാതെ ഇത് വിജയത്തിലേക്ക് എത്തിക്കാൻ അവർക്കായില്ല.
മണ്ഡലരൂപവത്കരണത്തിനുശേഷം നടന്ന 2011-ലെ ആദ്യ തിരഞ്ഞെടുപ്പിൽ സി. രവീന്ദ്രനാഥാണ് ഇവിടെനിന്ന് വിജയിച്ചത്. 2016-ൽക്കൂടി വിജയം ആവർത്തിച്ചശേഷമാണ് രവീന്ദ്രനാഥ് സീറ്റ് 2021-ൽ കെ.കെ. രാമചന്ദ്രന് കൈമാറുന്നത്.
വടക്കാഞ്ചേരി സേവ്യറിനെ ചേർത്തുനിർത്തി
ഉറച്ചകോട്ട അല്ലാതിരുന്നിട്ടും യു.ഡി.എഫ്. തരംഗം ആഞ്ഞടിച്ചിട്ടും എൽ.ഡി.എഫിനെ ചേർത്തുനിർത്തി വടക്കാഞ്ചേരി. യു.ഡി.എഫ്. യുവനേതാവിനെ രംഗത്തിറക്കിയിട്ടും നിലവിലെ എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി മണ്ഡലം നിലനിർത്തി.
സേവ്യറിന്റെ ജനകീയതയും സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിലുണ്ടായ പിണക്കങ്ങളും ഈ ജയത്തിന് അടിത്തറയായി. 2021-ൽ 15,168 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത് എന്നാൽ ഇത്തവണയത് 5690 ആയിക്കുറഞ്ഞു. എതിർ സ്ഥാനാർഥികൾ കഴിഞ്ഞ തവണത്തെ വോട്ട് നിലനിർത്തിയപ്പോൾ സേവ്യറിന്റെ വോട്ടിൽ പതിനായിരത്തിലേറെ കുറവുണ്ടായി.
കോൺഗ്രസ് സ്ഥാനാർഥി പി.എൻ. വൈശാഖിന്റെ ആദ്യ മത്സരമായിരുന്നു ഇത്. യുവത്വത്തിന്റെ കരുത്തിൽ സീറ്റ് തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷ വാടി. സ്ഥാനാർഥി പ്രഖ്യാപനം തൊട്ടുതന്നെ കോൺഗ്രസിൽ ഉണ്ടായിരുന്ന അസ്വാരസ്യം പരാജയത്തിന് കാരണമായി.
സീനിയർ നേതാക്കളെ തഴഞ്ഞു എന്ന പരാതിയാണ് ഉയർന്നിരുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തോടെ ഇത്തരം ചർച്ചകൾ പുറമേക്ക് അവസാനിച്ചെങ്കിലും ഉള്ളിൽ പ്രവർത്തിച്ചു എന്നു കാണിക്കുന്നതാണ് ഫലം.
2021-ൽ പരാജയപ്പെട്ട അനിൽ അക്കര നേടിയ വോട്ടിൽനിന്നും സ്ഥിതി മെച്ചപ്പെടുത്താൻ കോൺഗ്രസിന് സാധിച്ചില്ല. 65,858 വോട്ടാണ് അന്ന് അനിൽ അക്കര നേടിയത്. വൈശാഖ് ഇത്തവണ 65,035 വോട്ടും നേടി.
ബി.ജെ.പി.യുടെ ഉല്ലാസ് ബാബു വോട്ട് വർധിപ്പിച്ചു. കഴിഞ്ഞതവണ 21,747 വോട്ടുണ്ടായത് 25,844 ആക്കിയാണ് ഉയർത്തിയത്. 81,026 വോട്ടുകൾ കഴിഞ്ഞ തവണ നേടിയ സേവ്യർ ചിറ്റിലപ്പിള്ളി 70,725 വോട്ടാണ് ഇത്തവണ നേടിയത്.
ഇടത്തോട്ടും വലത്തോട്ടും മാറിമാറി ചായുന്ന മണ്ഡലമായിട്ടും ഈ തരംഗത്തിൽ മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസിനായില്ല എന്നത് ശ്രദ്ധേയമാണ്.
2021-ൽ സേവ്യർ ചിറ്റിലപ്പിള്ളി ജയിക്കും മുന്നെ കോൺഗ്രസിലെ അനിൽ അക്കരയും സി.എൻ. ബാലകൃഷ്ണനും വിജയക്കൊടി പാറിച്ച മണ്ഡലമാണിത്. 2004-ൽ കെ.പി.സി.സി. പ്രസിഡന്റായിരുന്ന കെ. മുരളീധരൻ വൈദ്യുതി മന്ത്രിയായ ശേഷം മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. എ.സി. മൊയ്തീനാണ് അന്നിവിടെ ജയിച്ചത്.
ഇടതിനെ കൈവിടാതെ കയ്പമംഗലം
കോൺഗ്രസ് കാറ്റിലും കയ്പമംഗലം ഒപ്പം നിന്നത് ഇടതിനൊപ്പം. സി.പി.ഐ. മുൻ ജില്ലാ സെക്രട്ടറികൂടിയായ കെ.കെ. വത്സരാജ് ഇവിടെ വിജയക്കൊടി നാട്ടി.
രൂപവത്കരണത്തിനുശേഷം ഇതുവരെ എൽ.ഡി.എഫിനൊപ്പം നിന്ന ഇവിടം ഇത്തവണയും പതിവ് തുടർന്നു. പക്ഷേ, 2021-ൽ ഇ.ടി. ടൈസൺ നേടിയ 22,698 വോട്ടിന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താൻപോലും ഇത്തവണയായില്ല. 9944 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വത്സരാജിന്റെ വിജയം.
തുടക്കംമുതൽത്തന്നെ എൽ.ഡി.എഫ്. വിജയപ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലമായിരുന്നു ഇത്. കയ്പമംഗലം ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും എൽ.ഡി.എഫിനാണ് മേൽക്കൈ. ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ്. മുന്നേറ്റം ഉണ്ടാക്കിയപ്പോൾപോലും പതിനായിരത്തിലധികം വോട്ടുകൾ എൽ.ഡി.എഫ്. ലീഡ് നേടിയ മണ്ഡലമാണ് കയ്പമംഗലം.
കഴിഞ്ഞ 10 വർഷം ഇ.ടി. ടൈസൺ എം.എൽ.എ. നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും അനുകൂലമായി. യു.ഡി.എഫ്. സ്ഥാനാർഥി ടി.എം. നാസറിന് പലഘട്ടങ്ങളിലും മുന്നിട്ടുനിൽക്കാനായി. എന്നാൽ, ഭരണവിരുദ്ധവികാരം വോട്ടായി മാറുമെന്ന ഇവരുടെ പ്രതീക്ഷ വേണ്ടത്ര വിജയിച്ചില്ല. പ്രതീക്ഷിച്ചപോലെ ന്യൂനപക്ഷ ഏകീകരണവും സംഭവിച്ചില്ല.
രണ്ടുതവണ എം.എൽ.എ. ആയ ഇ.ടി. ടൈസണെ ഒഴിവാക്കിയത് അനുകൂലമാക്കി മാറ്റാമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ നേരിടാനാണ് ഇ.ടി. ടൈസൺ ഇവിടെനിന്ന് മാറി പറവൂരിൽ മത്സരിച്ചത്.
എൻ.ഡി.എ. വൻതോതിൽ വോട്ട് വർധിപ്പിച്ചതും വിജയത്തെ സ്വാധീനിച്ചു. എൻ.ഡി.എ.ക്കുവേണ്ടി മത്സരിച്ച ബി.ഡി.ജെ.എസിലെ അതുല്യഘോഷ് 19,688 വോട്ടാണ് നേടിയത്. കഴിഞ്ഞതവണ എൻ.ഡി.എ. സ്ഥാനാർഥിയായിരുന്ന ബി.ഡി.ജെ.എസിലെത്തന്നെ സി.ഡി. ശ്രീലാൽ 9066 വോട്ട് നേടിയിരുന്ന സ്ഥാനത്താണിത്.
ബി.ഡി.ജെ.എസ്. വോട്ട് വൻതോതിൽ വർധിപ്പിച്ച മണ്ഡലം കൂടിയായി കയ്പമംഗലം മാറി. മണ്ഡലം രൂപവത്കരിച്ചശേഷം 2011-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ വി.എസ്. സുനിൽകുമാറാണ് ഇവിടെ ജയിച്ചത്. തുടർന്നുള്ള രണ്ടുതവണയാണ് ഇ.ടി. ടൈസൺ വിജയിച്ചത്. ഇതിന്റെ തുടർച്ചയാണ് വത്സരാജിന്റെ വിജയം.
ചാലക്കുടിയിൽ ഭൂരിപക്ഷം കൂട്ടി സനീഷ്
കഴിഞ്ഞതവണ 1057 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 23,202 ആക്കി ഉയർത്തിയാണ് ചാലക്കുടിയിൽ സനീഷ്‌കുമാർ ജോസഫ് യു.ഡി.എഫ്. തരംഗത്തിനൊപ്പം നിന്നത്. കോൺഗ്രസ് പശ്ചാത്തലമുള്ള അഡ്വ. ബിജു എസ്. ചിറയത്തിനെ എതിർസ്ഥാനാർഥിയായി കൊണ്ടുവന്നിട്ടും എൽ.ഡി.എഫിന് രക്ഷയുണ്ടായില്ല.
എൻ.ഡി.എ.ക്ക് വോട്ട് കുറയുകയും ചെയ്തു. 2021-ലെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫ്. കാറ്റുവീശിയപ്പോൾ പിടിച്ചുനിന്ന ഏകമണ്ഡലമായിരുന്നു ചാലക്കുടി. ഇതുകൊണ്ടുതന്നെ ജില്ലയിലെ ഏറ്റവുമധികം വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ കോൺഗ്രസ് പട്ടികയിൽ ആദ്യത്തേത് ചാലക്കുടിയായിരുന്നുതാനും. ഭൂരിപക്ഷംകൂട്ടിക്കൊണ്ട് ഈ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ സനീഷിനായി.
ന്യൂനപക്ഷ ഏകീകരണവും ഭരണവിരുദ്ധവികാരവും ഇവിടെയും യു.ഡി.എഫിനെ പിന്തുണച്ചു എന്നാണ് വിലയിരുത്തൽ. സനീഷിന്റെ സൗമ്യമായ പെരുമാറ്റവും ചിറക് എന്ന പേരിൽ എം.എൽ.എ. നടത്തിയ സഹായ പദ്ധതികളും വിജയത്തിന് സഹായിച്ചു.
എൽ.ഡി.എഫിനുവേണ്ടി കേരള കോൺഗ്രസി (എം) ൽ നിന്നുള്ള ബിജു എസ്. ചിറയത്താണ് ഇവിടെ മത്സരിച്ചത്. കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച നഗരസഭാ കൗൺസിലറായിരുന്ന ബിജു ഇത് രാജിവെച്ചാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയാകുന്നത്.
കഴിഞ്ഞതവണത്തേതു വെച്ചു നോക്കുമ്പോൾ എൽ.ഡി.എഫിന് വൻതോതിൽ വോട്ടുചോർച്ചയുണ്ടായി. കഴിഞ്ഞതവണ ഡെന്നിസ് കെ. ആന്റണിയിലൂടെ എൽ.ഡി.എഫ്. 60831 വോട്ടാണ് നേടിയത്. ഇത്തവണ അത് 48046 ആയി ചുരുങ്ങി. അതേസമയം എൻ.ഡി.എ.യ്ക്ക് ആ രീതിയിലുള്ള വോട്ടുചോർച്ച ഉണ്ടായില്ല. എൻ.ഡി.എ.യ്ക്കുവേണ്ടി മത്സരിച്ച അഡ്വ. ചാർലി പോൾ 16030 വോട്ടാണ് നേടിയത്. 2021-ലെ എൻ.ഡി.എ. സ്ഥാനാർഥി കെ.എ. ഉണ്ണികൃഷ്ണൻ 17301 വോട്ടാണ് നേടിയത്. 1271 വോട്ടിന്റെ കുറവ് എൻ.ഡി.എ.യ്ക്ക് ഉണ്ടായപ്പോൾ 12785 വോട്ടിന്റെ കുറവാണ് എൽ.ഡി.എഫിനുണ്ടായത്.
പരമ്പരാഗതമായി കോൺഗ്രസ് പക്ഷത്തുനിൽക്കുന്ന മണ്ഡലമാണ് ചാലക്കുടി. പക്ഷേ 2006 മുതൽ 2016 വരെ സി.പി.എമ്മിലെ ബി.ഡി. ദേവസി തുടർച്ചയായി ജയിച്ചു. കഴിഞ്ഞ തവണ സനീഷ്‌കുമാർ ഈ മണ്ഡലം തിരിച്ചുപിടിക്കുകയാണ് ചെയ്തതെങ്കിൽ ഇത്തവണത്തെ വിജയത്തോടെ ആധിപത്യം ഉറപ്പാക്കി.
Content Highlights: Thrissur remains an LDF bastion, contributing 9 MLAs to the opposition bench despite a state-wide UDF wave. UDF improved its tally to 4 seats, while the BJP failed to secure any.
Published: 05 May 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented