കൊച്ചി: ആരാവും കൊച്ചി മേയര്‍? കോണ്‍ഗ്രസ് ക്യാമ്പില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. നാലുപേരുകളാണ് രണ്ടുപക്ഷത്തുമായി ഉയര്‍ന്നിട്ടുള്ളത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന്റെ പേരാണ് ആദ്യം കേള്‍ക്കുന്നത്. ഒപ്പംതന്നെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. മിനിമോളുടെ പേരുമുണ്ട്.

To advertise here,

ഐ വിഭാഗത്തില്‍നിന്നാണ് ഈ രണ്ടുപേരുകളും വന്നിരിക്കുന്നത്. ദീപ്തി കെ.സി. വേണുഗോപാല്‍ വിഭാഗത്തിന്റെ ആളായാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. മിനിമോളെ വി.ഡി. സതീശന്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്ക് ഊഴംവെച്ച് മേയര്‍സ്ഥാനം നല്‍കിയേക്കും. എ വിഭാഗത്തില്‍നിന്ന് മുന്‍ കൗണ്‍സിലിലെ ഷൈനി മാത്യുവും സീന ടീച്ചറും രംഗത്തുണ്ട്.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും വലിയൊരു നിരതന്നെയുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ എം.ജി. അരിസ്റ്റോട്ടിലും ഡെപ്യൂട്ടി ലീഡറായിരുന്ന ഹെന്‍ട്രി ഓസ്റ്റിനും കൂടാതെ മുന്‍ കൗണ്‍സിലര്‍മാരായ മുതിര്‍ന്ന നേതാക്കളുടെയും വലിയ നിരതന്നെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായുണ്ട്.

ചര്‍ച്ചയിലൂടെ ഒരാളെ കണ്ടെത്തലും വീതംവയ്ക്കലുമെല്ലാം ഇനി കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാവും. അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാമ്പാക്കുടയില്‍നിന്ന് വിജയിച്ച കെ.ജി. രാധാകൃഷ്ണനായിരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന് ഉറപ്പാണ്. 6346 വോട്ടിനാണ് അദ്ദേഹം വിജയിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എസ്സി സംവരണമാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വലിയ മത്സരംതന്നെ നടന്നേക്കും. നിരവധി പേരുകള്‍ ഡിസിസി നേതൃത്വത്തിനു മുന്നിലെത്തിയിട്ടുണ്ട്.