തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, നിലവിലെ ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ സംസ്ഥാനത്ത് ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. ഇത്തവണത്തെ വിധിനിർണയം വളരെ വ്യക്തമാണെന്നും അത് എൽഡിഎഫിന് എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള ജനവികാരം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ, ഈ സർക്കാർ മാറണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ ഭരണം അത്ര മോശമല്ലെങ്കിലും, പല മന്ത്രിമാരുടെയും പ്രകടനം ജനമധ്യത്തിൽ പരിഹാസ്യമായി മാറിയെന്ന് അദ്ദേഹം വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വീഴ്ചകൾ പോലും നേട്ടങ്ങളായി ചിത്രീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, രണ്ടാം സർക്കാരിന്റെ കാലത്ത് നല്ല കാര്യങ്ങൾ പോലും ജനങ്ങളിലേക്ക് വിപരീത അർത്ഥത്തിലാണ് എത്തിയത്. നവകേരള സദസ്സ്, ലോക കേരള സഭ തുടങ്ങിയ 'കെട്ടുകാഴ്ചകൾ' ഒരു ഭാഗത്ത് നടക്കുമ്പോൾ, ആശാവർക്കർമാർ തിരുവനന്തപുരത്ത് നടത്തിയ സമരത്തോടുള്ള സർക്കാരിന്റെ അവഗണനയും അവരുടെ കണ്ണീരും സാധാരണക്കാരുടെ മനസ്സിനെ പൊള്ളിച്ചുവെന്ന് ജയശങ്കർ പറഞ്ഞു. ഇത് പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന ധാർമ്മിക വിശ്വാസികളെപ്പോലും വെറുപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തെ ജനവികാരം അനുസരിച്ചാണെങ്കിൽ യുഡിഎഫിന് 90 മുതൽ 110 സീറ്റുകൾ വരെ ലഭിക്കേണ്ടതായിരുന്നു. എന്നാൽ യുഡിഎഫിന്റെ തന്നെ ചില വീഴ്ചകൾ കാരണം നിലവിൽ 80, 85 അല്ലെങ്കിൽ 90 സീറ്റുകൾ വരെ യുഡിഎഫ് നേടാവുന്ന സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം വിലയിരുത്തുന്നു. എൽഡിഎഫ് വിരുദ്ധ വോട്ടുകൾ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ഇടയിൽ വിഭജിക്കപ്പെടും. ബിജെപി ശക്തമായ ഇടങ്ങളിൽ, ഉദാഹരണത്തിന് തിരുവനന്തപുരം കോർപ്പറേഷൻ പോലെയുള്ള സ്ഥലങ്ങളിൽ കോൺഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് തോന്നുമ്പോൾ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പത്തു കൊല്ലം പിന്നിട്ട ഒരു സർക്കാരിനെതിരെ സ്വാഭാവികമായും ഉണ്ടാകുന്ന വിപ്രതിപത്തി ഇത്തവണ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് ജയശങ്കറുടെ വിലയിരുത്തൽ
Content Highlights: Strong anti-incumbency sentiment against the Pinarayi Vijayan government., Performance of ministers viewed as unsatisfactory by the public., UDF projected to secure between 80-90 seats., Split in anti-LDF votes between UDF and BJP in specific regions., Public disillusionment due to government neglect of social welfare issues.
Published: 03 May 2026, 05:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented