കൊച്ചി: ഇത്രവലിയ 'ജയപരാജയ'ങ്ങള്‍ എങ്ങനെയുണ്ടായെന്നതിന് മുന്നണി നേതൃത്വത്തിന് വ്യക്തമായ ഉത്തരമില്ല. ക്ഷേമപ്പെന്‍ഷന്‍ വാങ്ങി ചെലവഴിച്ചവര്‍ പോളിങ് ബൂത്തിലേക്കുപോകാന്‍ ഓട്ടോറിക്ഷയ്ക്കുള്ള പണം മാറ്റിവെച്ചുവെന്നാണ് ഒരു സരസനായ നേതാവ് തിരഞ്ഞെടുപ്പ് പരാജയത്തെ വിലയിരുത്തിയത്. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളൊന്നും ജനമനസ്സില്‍ ഇടംപിടിച്ചില്ല. പ്രളയകാലത്തെ സൗജന്യകിറ്റ് ജനമനസ്സില്‍ തറച്ചുനിന്നിരുന്നു. അതിന് പിന്നീടുകൊടുത്ത വില അവര്‍ തിരിച്ചറിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ജനങ്ങള്‍ ഈ രീതിയില്‍ പ്രതികരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ അമ്പരപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇടതുനേതാക്കള്‍ക്കുമുണ്ട്. ജയമൊക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും ജനവികാരം സുനാമിയായി അടിച്ചുകയറുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടാവുന്ന പതിവുതര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍കൂടി കഴിഞ്ഞിരുന്നെങ്കില്‍ പലയിടത്തും പ്രതിപക്ഷംപോലുമില്ലാത്ത സ്ഥിതിവന്നേനെ. സീറ്റുകിട്ടാത്ത അരിശത്തിന് പാര്‍ട്ടിവിട്ട് വിമതന്മാരാകാന്‍ പോയവരെല്ലാം പെരുവഴിയിലായിരിക്കുകയാണ്. നേരത്തേതന്നെ പാര്‍ട്ടിവിട്ട് ഇടതുപാളയത്തിലെത്തി അവിടെ സ്ഥാനാര്‍ഥികളായവരും തങ്ങളെടുത്ത 'രാഷ്ട്രീയമണ്ടത്തരത്തെ' പഴിക്കുന്ന സ്ഥിതിയാണ്. യൂദാസുകളെല്ലാം തോറ്റുവെന്നാണ് ഒരുമുതിര്‍ന്ന നേതാവ് ഇതേക്കുറിച്ച് പറഞ്ഞത്.
സിപിഎം ബ്രാഞ്ചിലെ കണക്കെടുപ്പുകാര്‍ക്ക് പാര്‍ട്ടി ഓഫീസിലെ വോട്ടുപുസ്തകത്തിലേക്ക് നോക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്. വോട്ടുചോര്‍ന്നവഴി കണ്ടെത്താന്‍ ഒരുമാര്‍ഗവുമില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞതുപോലെ എത്ര ഇരുന്നുചിന്തിച്ചാലും ജനങ്ങളുടെ ഉള്ളിലിരിപ്പ് പിടികിട്ടുമെന്ന് തോന്നുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ മുഖഛായ മാറാതെ ഇനിയൊരു തിരിച്ചുവരവ് അസാധ്യമായിരിക്കുമെന്ന് പറയുന്ന നേതാക്കളുമുണ്ട്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍തന്നെ സംസ്ഥാന സര്‍ക്കാരിലേക്ക് ചര്‍ച്ചകള്‍ എത്താതിരിക്കാന്‍ ഇടതുക്യാമ്പ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത്തരമൊരു കാടിളക്കിയ പ്രചാരണം യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല. പക്ഷേ, അതൊന്നും ശ്രദ്ധിക്കാതെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുകയായിരുന്നു.
സര്‍ക്കാര്‍ജീവനക്കാരുടെ വോട്ട് പാടെ തിരിഞ്ഞുവെന്നത് മറ്റൊരു യാഥാര്‍ഥ്യം. കൂടെയുണ്ടെന്ന് കരുതിയവരെല്ലാം കൂടുവിട്ടുപോയി. സര്‍വീസ് മേഖലയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി നിലനില്‍ക്കുന്ന കടുത്ത നിരാശ വോട്ടുമാറ്റിച്ചെയ്യുന്നതിന് പ്രധാന കാരണമായി. എന്‍ജിഒ യൂണിയനില്‍നിന്നും ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനില്‍നിന്നുമെല്ലാം വോട്ട് ഒലിച്ചുപോയിട്ടുണ്ട്. പുതുതായി ചേര്‍ത്തതുള്‍പ്പെടെ യുഡിഎഫ് വോട്ടുകള്‍ കൃത്യമായി വരുകയും ഇടതുപാളയത്തില്‍നിന്ന് പലവിധ കാരണങ്ങളാല്‍ കുത്തിയൊലിച്ചുവന്ന വോട്ടുകളും ചേര്‍ന്നപ്പോള്‍ അതൊരു പെരുവെള്ളപ്പാച്ചിലായി ബൂത്തുകളിലേക്ക് ഇരച്ചുകയറി. അതിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കുമായിരുന്നില്ല.
ജില്ലാ പഞ്ചായത്തില്‍ ചെറായിയിലും പുത്തന്‍കുരിശിലും സാമാന്യം നല്ല ഭൂരിപക്ഷം ഇടതുപക്ഷത്തിന് ലഭിച്ചിട്ടുണ്ട്. അവിടെമാത്രം എന്തുസംഭവിച്ചുവെന്നതിനും ഒരു ന്യായീകരണം മുന്നണികള്‍ക്കില്ല. കടമക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയില്ലാതെ, 'ലോട്ടറി അടിച്ചതുകൊണ്ട്' ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമെന്ന് പറയാന്‍ മൂന്നുപേരായി.
കൊച്ചി കോര്‍പ്പറേഷനിലും നഗരസഭകളിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും മറ്റും കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ബിജെപിക്ക് കുറച്ചുകൂടി മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. ജില്ലയില്‍തന്നെ മൂന്ന് ജില്ലാ കമ്മിറ്റികള്‍ ഉണ്ടാക്കിയുള്ള ബിജെപിയുടെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പു ജോലികള്‍ ഏകോപിപ്പിക്കുന്നതിന് വലിയ പ്രയാസമാണ് ഉണ്ടാക്കിയിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഏകീകൃത രൂപം ഉണ്ടാക്കാനും ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ ഏകോപിപ്പിക്കാനുമെല്ലാം പോരായ്മകള്‍ ഉണ്ടായി.
കത്തിക്കയറിയിരുന്ന ട്വന്റി 20ക്കും ഒരു 'ഷോക്ക്ട്രീറ്റ്മെന്റു'കൊടുക്കാന്‍ ജനവിധിക്കായി. നാലുപഞ്ചായത്തില്‍നിന്ന് രണ്ടിലേക്ക് എത്തുകയും രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളും വടവുകോട് ബ്ലോക്കുമെല്ലാം കൈവിട്ടുപോയതും ട്വന്റി 20ക്ക് ആത്മപരിശോധനയ്ക്കുള്ള അവസരമൊരുക്കിയിരിക്കുകയാണ്.
Content Highlights: Deep dive into the unexpected election results in Kerala. Understand the public`s sentiment, political party strategies, and the impact of welfare schemes.
Published: 15 Dec 2025, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented