ആലപ്പുഴ: തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഇനി വേണ്ടത് സ്ഥാനാർഥി പ്രഖ്യാപനമാണ്. നഗരസഭാ സ്ഥാനാർഥികൾക്കായുള്ള ചൂടുപിടിച്ച ചർച്ചകളിലാണ് മുന്നണികൾ. എൽഡിഎഫിലും യുഡിഎഫിലും നഗരസഭാ സീറ്റുകളിൽ ഇനിയും ധാരണയാകേണ്ടതുണ്ട്. ഇരുമുന്നണികളുടെയും സ്ഥാനാർഥി പ്രഖ്യാപനത്തിനായി കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. വ്യാഴാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണിവർ. അതേസമയം, എൻഡിഎ സ്ഥാനാർഥിപ്പട്ടിക അന്തിമമായിട്ടുണ്ട്. ബുധനാഴ്ച രാവിലെ പ്രഖ്യാപനമുണ്ടാകും.
ആലപ്പുഴ
ആലപ്പുഴ നഗരസഭയിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥികളെ സംബന്ധിച്ചുള്ള വാർഡുതല ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചകളിൽനിന്ന് ഏതാണ്ട് അന്തിമഘട്ടത്തിലേക്കെത്തിയ നിലയിലാണ്. ജനറൽ, വനിതാ വാർഡുകളിൽ ഒന്നിലധികം പേരുകൾ വന്നതിൽനിന്ന് ഒരു പേര് തിരഞ്ഞെടുക്കുന്ന തലത്തിലേക്ക് തീരുമാനമായിട്ടുണ്ട്. ഘടകകക്ഷികളുടെ സ്ഥാനാർഥികളിൽ ചിലർ സ്വന്തംനിലയ്ക്ക് പ്രചാരണം തുടങ്ങിയിട്ടുണ്ട്. എൻഡിഎ സ്ഥാനാർഥികൾ ധാരണയായി. ബുധനാഴ്ച പ്രഖ്യാപിക്കും. അതേസമയം, സീറ്റ് കിട്ടാത്തവരിൽ ചിലർ സ്വന്തം നിലയ്ക്കും മറ്റും സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിട്ടുമുണ്ട്. നിലവിലെ ചെയർപേഴ്സൺ കെ.കെ. ജയമ്മ വീണ്ടും മത്സരിക്കാൻ സാധ്യതയുണ്ട്.
ചേർത്തല
നഗരസഭയിൽ സീറ്റുവിഭജന ചർച്ചകളിൽ മുന്നണികളിൽ തർക്കം. എൽഡിഎഫിൽ പ്രാഥമിക ചർച്ചയിൽ സിപിഎമ്മുമായി ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു. യുഡിഎഫിൽ 20 സീറ്റുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ വാർഡുകമ്മിറ്റികളിൽ തീരുമാനമായി. പത്തു സീറ്റുകളിലാണ് കോൺഗ്രസിനുള്ളിലെ തർക്കം. ഘടകകക്ഷികളുടെ സീറ്റുകളിലും ധാരണയായിട്ടില്ല. ഇരു മുന്നണികളിലും 50 ശതമാനം വാർഡുകളിലും സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായിട്ടുണ്ടെങ്കിലും പാർട്ടിതലത്തിലും മുന്നണികൾക്കുള്ളിലും തീരുമാനമാകാത്തതിനാൽ ഔദ്യോഗികമായി രംഗത്തിറങ്ങിയിട്ടില്ല. നഗരസഭാതലത്തിൽത്തന്നെ തർക്കങ്ങൾക്കു പരിഹാരം കാണാനുള്ള ശ്രമങ്ങളാണു നടക്കുന്നത്.
അതു നടന്നില്ലെങ്കിൽ മാത്രമായിരിക്കും ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ. എൻഡിഎയിൽ പ്രധാന വാർഡുകളിലടക്കം സ്ഥാനാർഥികളിൽ ധാരണയായിട്ടുണ്ട്. ചില വാർഡുകളിൽ കൂടുതൽപേർ അവകാശവാദമുയർത്തിയിട്ടുണ്ട്. ഇതു പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നു. നിലവിലെ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മത്സരിക്കുന്നില്ല.
ചെങ്ങന്നൂർ
ചെങ്ങന്നൂർ നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സീറ്റുവിഭജന ചർച്ചകൾ പൂർത്തിയായി. എൻഡിഎയുടെ സ്ഥാനാർഥിപ്പട്ടികയായി. ബുധനാഴ്ച പട്ടിക പുറത്തിറങ്ങും. എൽഡിഎഫിൽ ഘടകകക്ഷികൾക്ക് അനുവദിച്ച വാർഡുകളിൽ സ്ഥാനാർഥികളായിട്ടുണ്ട്. സിപിഎം സ്ഥാനാർഥികളുടെ പട്ടിക ചർച്ച നടന്നുക്കൊണ്ടിരിക്കുകയാണ്. യുഡിഎഫിൽ കോൺഗ്രസിന്‍റെ സീറ്റുകൾക്കായി പിടിവലിയാണ്. മുതിർന്ന നേതാക്കൾ അടക്കം മത്സര രംഗത്തുണ്ട്. 60 ശതമാനം സീറ്റുകളിൽ മാത്രമാണ് സ്ഥാനാർഥികളായിരിക്കുന്നത്. രണ്ടു വാർഡുകളിൽ ബിഡിജെഎസ് മത്സരിക്കും. നിലവിലെ ചെയർപേഴ്‌സൺ ശോഭാ വർഗീസ്, വൈസ് ചെയർമാൻ കെ. ഷിബുരാജൻ എന്നിവർ മത്സരരംഗത്തുണ്ട്.
ഹരിപ്പാട്
ഹരിപ്പാട് നഗരസഭയിലും മുന്നണികളുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ യുഡിഎഫാണ് ഭരിക്കുന്നത്. സീറ്റുകൾ നിലനിർത്തുന്നതിന് വാർഡ് കമ്മിറ്റികളിലടക്കം ചർച്ചകൾ കഴിഞ്ഞു. ഒരു വാർഡിൽ സ്ഥാനാർഥിയാകാൻ ഒരാൾ മാത്രമാണ് മുന്നോട്ടുവന്നതെങ്കിൽ അവരെ പരിഗണിക്കാനാണ് തീരുമാനം. ഒന്നിലധികം ആളുകളെത്തിയാൽ ചർച്ച ചെയ്ത് തീരുമാനിക്കും. ചില വാർഡുകളിൽ മാത്രമാണ് ധാരണയായത്. ഇതിൽ ചിലർ പ്രചാരണവും തുടങ്ങി. എന്നാൽ, ഔദ്യോഗികമായി പട്ടികയായില്ല. നിലവിലെ നഗരസഭാ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ വീണ്ടും മത്സരിക്കുന്നുണ്ട്.
എൽഡിഎഫ് സീറ്റു പിടിച്ചെടുക്കുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള പത്തു സീറ്റുകളിലെ ആറ് അംഗങ്ങളും ഇനി മത്സരിക്കുന്നില്ല. ലോക്കൽ-ഏരിയ തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്നു. തയ്യാറാക്കിയിട്ടുള്ള പട്ടികയുടെ അടിസ്ഥാനത്തിലാണിത്. നിലവിൽ അഞ്ചു സീറ്റുകളാണ് എൻഡിഎയ്ക്കുള്ളത്. ഇതിൽ മത്സരിച്ച നാലുപേർ ഇക്കുറിയും മത്സരത്തിനുണ്ട്. സംവരണ വാർഡുകളിൽ വനിതാ സ്ഥാനാർഥികളെ കണ്ടെത്താനുള്ള പ്രയാസം എല്ലാ മുന്നണികളും നേരിടുന്നുണ്ട്.
കായംകുളം
കായംകുളം നഗരസഭയിൽ എൽഡിഎഫിൽ ഘടകകക്ഷികൾക്കുള്ള സീറ്റിൽ ചർച്ചകൾ നടക്കുകയാണ്. വ്യാഴാഴ്ചയ്ക്കുള്ളിൽ സ്ഥാനാർഥിപ്രഖ്യാപനമുണ്ടാകും. യുഡിഎഫിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഇവർ പ്രചാരണവും തുടങ്ങി. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനമായില്ല. ഏഴു സീറ്റിലാണ് മത്സരിക്കുന്നത്. കോൺഗ്രസിൽ ചില വാർഡുകളിൽ ധാരണയായിട്ടുണ്ട്. ബിജെപി ഒന്നാംഘട്ട സ്ഥാനാർഥികളെ ബുധനാഴ്ച പ്രഖ്യാപിക്കും. ചില വാർഡുകളിൽ തർക്കമുണ്ട്. നിലവിലെ നഗരസഭാധ്യക്ഷ പി. ശശികല മത്സരിക്കാൻ സാധ്യതയില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
മാവേലിക്കര
മാവേലിക്കരയിൽ നിലവിലെ നഗരസഭാ ചെയർമാൻ നൈനാൻ സി. കുറ്റിശ്ശേരിൽ ഇക്കുറി മത്സരിക്കുന്നില്ല. വൈസ് ചെയർപേഴ്സൺ ടി. കൃഷ്ണകുമാരി മത്സരിച്ചേക്കും. മൂന്നു മുന്നണികളിലും സ്ഥാനാർഥികൾ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. എന്നാൽ, അന്തിമ പട്ടികയായിട്ടില്ല. യുഡിഎഫിൽ ഘടകകക്ഷികൾ തമ്മിൽ ധാരണയായിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ ഔദ്യോഗികമായി പട്ടിക പുറത്തുവിടും. എൽഡിഎഫിലും ജനറൽ, വനിതാ സീറ്റുകളിൽ ധാരണയായെങ്കിലും ജനറൽ സീറ്റുകൾക്കായി അന്തിമചർച്ചകൾ നടക്കുന്നു. അതേസമയം, എൻഡിഎ സ്ഥാനാർഥിപ്രഖ്യാപനം ബുധനാഴ്ച നടക്കും.
Content Highlights: Alappuzha Municipalities: LDF and UDF candidate discussions continue; NDA finalizes list with announcement expected on Wednesday
Published: 12 Nov 2025, 06:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented