ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിലെ പകുതിയിലേറെ ഗ്രാമപ്പഞ്ചായത്തുകളിലും ഒരു മുന്നണിക്കും കേവലഭൂരിപക്ഷം നേടാനായില്ല. 72 ഗ്രാമപ്പഞ്ചായത്തുകളിൽ 32 ഇടത്തു മാത്രമാണ് ഏതെങ്കിലും മുന്നണിക്കു കേവലഭൂരിപക്ഷമുള്ളതെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്ക്. 40 പഞ്ചായത്തുകളിൽ ആർക്കും കേവലഭൂരിപക്ഷമില്ല. അതിനാൽ, കൂടുതൽ സീറ്റു കിട്ടിയ മുന്നണിതന്നെ ഇവിടങ്ങളിൽ അധികാരത്തിലെത്തണമെന്നില്ല.
ജയിച്ചുവന്ന വിമതരും സ്വതന്ത്രരും രണ്ടാമതെത്തിയ മുന്നണിയെ പിന്തുണച്ചാൽ കാര്യങ്ങൾ മാറിമറിയും. മൂന്നു മുന്നണികളിലേതെങ്കിലും രാഷ്ട്രീയംമറന്ന് എതിരാളികളെ പിന്തുണയ്ക്കാൻ തീരുമാനിച്ചാലും കൂടുതൽ സീറ്റുനേടിയ മുന്നണിക്ക് അധികാരത്തിലെത്താൻ കഴിയില്ല.
പാർട്ടി പിന്തുണയോടെ മത്സരിച്ചു ജയിച്ച സ്വതന്ത്രരുടെ നിലപാടും നിർണായകമാണ്. ചിലയിടങ്ങളിൽ പാർട്ടിപിന്തുണയിൽ ജയിച്ച സ്വതന്ത്രരിൽ ചിലർ സ്വതന്ത്രനിലപാടെടുത്ത് മാറിനിൽക്കുകയാണ്. അധ്യക്ഷ-ഉപാധ്യക്ഷ തിരഞ്ഞെടുപ്പു നടക്കുന്നതിനുമുൻപ് ഇവരെ അനുനയിപ്പിച്ച് ഒപ്പം നിർത്തിയാലേ കൂടുതൽ സീറ്റുനേടിയ മുന്നണികൾക്ക് അധികാരത്തിലെത്താനാകൂ.
എൽ.ഡി.എഫിന് 36-ഉം യു.ഡി.എഫിന് 23-ഉം എൻ.ഡി.എ.യ്ക്ക് അഞ്ചും പഞ്ചായത്തുകളിലാണ് മേൽക്കൈയുള്ളത്. എട്ടിടത്ത് മുന്നണികൾ തുല്യനിലയിലാണ്.
ബ്ലോക്കിൽ രണ്ടിടത്ത് ഞാണിന്മേൽക്കളി
: ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിടത്തും ഏതെങ്കിലും മുന്നണി കേവലഭൂരിപക്ഷം നേടിയിട്ടുണ്ട്. എന്നാൽ, തൈക്കാട്ടുശ്ശേരി, വെളിയനാട് എന്നീ ബ്ലോക്കുകളിൽ ആർക്കും കേവലഭൂരിപക്ഷമില്ല. വെളിയനാട് യു.ഡി.എഫും എൽ.ഡി.എഫും ആറു വീതം സീറ്റു നേടി തുല്യത പാലിച്ചു. അതുകൊണ്ടുതന്നെ ഇവിടങ്ങളിൽ ആരു ഭരണത്തിലെത്തുമെന്നു വ്യക്തമായിട്ടില്ല.
ആലപ്പുഴ നഗരസഭയിൽ സ്വതന്ത്രനാണ് താരം
ആലപ്പുഴ നഗരസഭാ ഭരണത്തിനായി ആർക്കു പിന്തുണ നൽകുമെന്നതിൽ മംഗലം വാർഡിൽനിന്നു ജയിച്ച സ്വതന്ത്ര സ്ഥാനാർഥി ജോസ് ചെല്ലപ്പൻ മനസ്സു തുറന്നില്ല. ഇരുമുന്നണികളും ആശങ്കയിലാണ്. രണ്ടുകൂട്ടരുമായും ചർച്ചനടത്തിയെന്നും സ്വതന്ത്രനായി മത്സരിച്ച വാർഡിലെ സൗഹൃദവലയത്തിൽ രൂപവത്കരിച്ച എക്സിക്യുട്ടീവിന്റെ അഭിപ്രായംതേടിയാകും നിലപാടെന്നും ജോസ് ചെല്ലപ്പൻ പറയുന്നു. നഗരത്തിൽ നടപ്പാക്കേണ്ട വികസനരേഖ ഇരുമുന്നണികളുടെയും മുന്നിൽ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിനു പുറമേ പി.ഡി.പി.യുടെ പിന്തുണയുംതേടി ഭരണം നിലനിർത്താനാണ് എൽ.ഡി.എഫ്. ശ്രമിക്കുന്നത്. എന്നാൽ, ജോസ് ചെല്ലപ്പന്റെ പിന്തുണ ഉറപ്പായെന്ന തരത്തിലാണ് യു.ഡി.എഫിന്റെ നീക്കം. മുസ്‌ലിം ലീഗിന് ആരോഗ്യ സ്ഥിരംസമിതി നൽകി അവരുടെ പ്രശ്നം പരിഹരിക്കാനാണു ശ്രമം. എന്നാൽ, ഇതുസംബന്ധിച്ച് ചർച്ചകൾ ഉണ്ടായിട്ടില്ലെന്നാണ് മുസ്‌ലിം ലീഗ് വ്യക്തമാക്കുന്നത്. പാർട്ടി യോഗം ചേർന്ന് നിലപാട് യു.ഡി.എഫിൽ വ്യക്തമാക്കും.
അൻപത്തിമൂന്നംഗ നഗരസഭയിൽ യു.ഡി.എഫിന് 23 സീറ്റും എൽ.ഡി.എഫിന് 22 സീറ്റുമാണുള്ളത്. ബി.ജെ.പി-അഞ്ച്, പി.ഡി.പി-ഒന്ന്, എസ്.ഡി.പി.ഐ-ഒന്ന്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. വരും ദിവസങ്ങളിലേ ചിത്രം തെളിയുകയുള്ളു.
ഇ.എം.എസ്. സ്റ്റേഡിയം മുതൽ ലഹരിമുക്ത നഗരംവരെ
:ഇ.എം.എസ്. സ്റ്റേഡിയം യാഥാർഥ്യമാക്കണമെന്നാണ് ജോസ് ചെല്ലപ്പൻ അവതരിപ്പിച്ച വികസനരേഖയിലെ പ്രധാന ആവശ്യം. ഇതിനുപുറമേ ലൈഫ് ഫ്ലാറ്റ്, അറവുശാല, പഞ്ചകർമ ആശുപത്രി തുടങ്ങിയ മുടങ്ങിയ പദ്ധതികൾക്കായി അനുകൂല നടപടിയിൽ ഉറപ്പുനൽകണം.
കനാലുകളുടെ അരികിലൂടെ സൈക്കിൾപാതയും നടപ്പാതയും വേണം, കാൽനടക്കാർക്കായി സൗകര്യങ്ങൾ, നഗരത്തിലാകെ സി.സി.ടി.വി. സ്ഥാപിച്ച് ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കണം, അനധികൃത വഴിയോരക്കച്ചവടത്തിനെതിരേ നടപടിയെടുക്കണം, ജനറൽ ആശുപത്രിയിലെ ട്രോമ കെയർ സൗകര്യം ശക്തിപ്പെടുത്തണം തുടങ്ങിയവയാണ് മറ്റാവശ്യങ്ങൾ.
Content Highlights: Alappuzha Local Body Elections: Hung Grama Panchayats Redefine Power Dynamics
Published: 16 Dec 2025, 07:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented