ചേർത്തല: അരനൂറ്റാണ്ടിലേറെയായി മദ്യത്തോടൊപ്പമുള്ള ഔദ്യോഗികജീവിതം. സ്വന്തമായി ഒരുക്കിയത് 44 ബ്രാൻഡ്. എങ്കിലും ചേർത്തല കടക്കരപ്പള്ളി ശാരദാ നിവാസിൽ കെ.ആർ. രാധാകൃഷ്ണൻനായർ എന്ന 76-കാരനായ ബ്ലെൻഡർ ഒരിക്കലും മദ്യത്തോട് അടുത്തില്ല. ജോലിയുടെ ഭാഗമായി രുചിക്കുമെങ്കിലും കുടിക്കില്ല.

To advertise here,

സംസ്ഥാനത്തും പുറത്തുമുള്ള 10 മദ്യോത്പാദന കമ്പനികളിലെ ചീഫ് ബ്ലെൻഡറും കൺസൾട്ടന്റുമാണ് അദ്ദേഹമിപ്പോൾ. ചേർത്തല എൻ.എസ്.എസ്. കോളേജിൽനിന്ന് ബി.എസ്‌സി.ബിരുദം നേടി 1975-ൽ യു.ബി. ഗ്രൂപ്പിന്റെ ചേർത്തല വാരനാട്ടെ മക്ഡവലിൽ ജൂനിയർ കെമിസ്റ്റായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്.

അവിടെ, പ്രഗല്ഭരായ ബ്ലെൻഡർമാർക്കൊപ്പം സഹായിയായിനിന്ന് മദ്യത്തിന്റെ കൂട്ടറിഞ്ഞു. 2008-ൽ യു.ബി. ഗ്രൂപ്പിൽനിന്ന് 58-ാം വയസ്സിൽ പിരിയുമ്പോൾ ആ കൂട്ടെല്ലാം മനസ്സിൽ പതിഞ്ഞിരുന്നു. വിരമിച്ചതിനു പിന്നാലെ രാധാകൃഷ്ണൻനായരെത്തേടി മറ്റു മദ്യക്കമ്പനികളെത്തി.

പിന്നീടുള്ള 18 വർഷം കൊണ്ട് അദ്ദേഹം 44 പുതിയ ബ്രാൻഡുകളൊരുക്കി; കേരളത്തിൽ ജനപ്രിയമായ 32 ബ്രാൻഡും അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിലേക്കു കയറ്റിയയക്കുന്ന 12 ബ്രാൻഡും.

കേരളത്തിൽ ശരാശരി 28 ലക്ഷം കെയ്‌സ് മദ്യമാണ് ഓരോ മാസവും വിൽക്കുന്നത്. ഇതിൽ രണ്ടുലക്ഷം കെയ്‌സും രാധാകൃഷ്ണൻനായർ ഒരുക്കിയ 32 ബ്രാൻഡിലുള്ളതാണ്.

കഴിഞ്ഞദിവസം ഹോങ്‌ കോങ്ങിൽ 62 രാജ്യങ്ങളിലെ മദ്യക്കമ്പനികളുടെ നാനൂറ്റിയിരുപതോളം ബ്രാൻഡുകൾ മത്സരിച്ച ഏഷ്യൻ വൈൻ ചലഞ്ചിൽ സ്വർണം നേടിയത് രാധാകൃഷ്ണൻനായർ ഒരുക്കിയ ലാപ്പസ് പ്രീമിയം ബ്രാണ്ടിയാണ്. മുഗൾമൊണാർക്ക് വിസ്കിയിലൂടെ വെങ്കലവും അദ്ദേഹത്തെ തേടിയെത്തി. ഗോവ ആസ്ഥാനമായ ഇൻഡോ പസഫിക് ബെവറജസിൽ ഉത്പാദിപ്പിച്ചതാണ് രണ്ടു ബ്രാൻഡും.

മദ്യവുമായി ഇത്ര ഇഴുകി ജീവിച്ചിട്ടും മദ്യപിക്കാത്തതെന്തെന്ന ചോദ്യത്തിനു രാധാകൃഷ്ണൻനായരുടെ ഉത്തരമിങ്ങനെ: ‘മദ്യം ഒരുക്കുന്നതും പരിശോധിക്കുന്നതും എന്റെ ജോലിയാണ്. മദ്യപിക്കേണ്ടാ എന്നത് സമൂഹജീവിയെന്ന നിലയിൽ എന്റെ തീരുമാനവും. 52 വർഷം മുൻപ് യു.ബി. ഗ്രൂപ്പിന്റെ ഭാഗമായപ്പോൾ എടുത്ത തീരുമാനമാണത്. അതിപ്പോഴും തുടരുന്നു’.

ഓരോ കമ്പനിയിലെയും ഉത്പാദനനിരീക്ഷണത്തിനും പരിശോധനയ്ക്കും മറ്റുമായി മിക്കസമയത്തും യാത്രയിലാകും അദ്ദേഹം. മകൻ പ്രഭാതും ബ്ലെൻഡറാണ്. യു.ബി. ഗ്രൂപ്പിന്റെ ബിയർ വിഭാഗത്തിലാണു ജോലി. കണിച്ചുകുളങ്ങര ദേവസ്വം സ്കൂളിലെ റിട്ട. അധ്യാപിക ശാരദാമണിയാണു ഭാര്യ. മകൾ: പ്രിയ.