14 മുതൽ 21 വരെയാണു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ആലപ്പുഴ: ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് എൽഡിഎഫും എൻഡിഎയും സ്ഥാനാർഥികളെ ഏകേദേശം തീരുമാനിച്ചു. യുഡിഎഫ് മുന്നണി ചർച്ചകൾ പൂർത്തിയായിട്ടില്ല. 14-നു പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. 14 മുതൽ 21 വരെയാണു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എ. മഹേന്ദ്രനും ജില്ലാ കമ്മിറ്റിയംഗം എസ്. രാധാകൃഷ്ണനും മത്സരിക്കുന്നതിന് നേതൃത്വം പച്ചക്കൊടി കാണിച്ചു. എൻഡിഎയുടെ വടക്കൻ ജില്ലാ പ്രഖ്യാപനം ബുധനാഴ്ച നടത്തും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പ്രഖ്യാപനം നടത്തുമെന്ന് പ്രസിഡന്റ് പി.കെ. ബിനോയ് അറിയിച്ചു. തെക്കൻമേഖലാ ജനറൽ സെക്രട്ടറി കെ.കെ. അനൂപ്, നൂറനാട് മണ്ഡലത്തിൽ പൊന്നമ്മ, സുരേന്ദ്രൻ എന്നിവർ ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
എൽഡിഎഫിന്റെ മുന്നണിതല ചർച്ചകൾ ഏകദേശം ചൊവ്വാഴ്ച വൈകീട്ടോടെ പൂർത്തിയായി. ഘടക കക്ഷികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ജയത്തിനു മുൻതൂക്കം നൽകി നീങ്ങിയതിനാൽ ഇക്കുറി പലയിടത്തും ഒരു സ്ഥാനാർഥിയുടെ മാത്രം നിർദേശം എത്തിയതിനാൽ തർക്കമില്ലാതെ തീരുമെന്ന വിശ്വാസമാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്.
ഓരോ നിയോജകണ്ഡലത്തിന്റെയും ചുമതല കെപിസിസി നേതാക്കളായവർക്കു തന്നെ നൽകി പെട്ടെന്ന് സ്ഥാനാർഥികളെ രംഗത്തിറക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനായി അരൂർ- ഷാനിമോൾ ഉസ്മാൻ, ചേർത്തല- എ.എ. ഷുക്കൂർ, ആലപ്പുഴ- എം.ജെ. ജോബ്, അമ്പലപ്പുഴ- എം. ലിജു, ഹരിപ്പാട്- കോശി എം. കോശി, കായംകുളം- കെ.പി. ശ്രീകുമാർ, മാവേലിക്കര- സി.കെ. ഷാജിമോഹൻ, ചെങ്ങന്നൂർ- ഇ. സമീർ, കുട്ടനാട്- കറ്റാനം ഷാജി എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
സിപിഎം പാനൽ എ. മഹേന്ദ്രൻ നയിക്കും; എസ്. രാധാകൃഷ്ണൻ കഞ്ഞിക്കുഴിയിൽ
ആലപ്പുഴ : ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എ. മഹേന്ദ്രനും ജില്ലാ കമ്മിറ്റിയംഗം എസ്. രാധാകൃഷ്ണനും മത്സരിക്കാൻ അനുമതിയായി. ചൊവ്വാഴ്ച ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇരുവരുടെയും സ്ഥാനാർഥിത്വത്തിൽ തീരുമാനമായത്. മഹേന്ദ്രൻ നൂറനാട് ഡിവിഷനിൽനിന്നും രാധാകൃഷ്ണൻ കഞ്ഞിക്കുഴി ഡിവിഷനിൽനിന്നുമാണ് മത്സരിക്കുക. എ. മഹേന്ദ്രനാണ് പാനൽ നയിക്കുക.
ജില്ലാ സെക്രട്ടേറിയറ്റിൽ കെ.ആർ. ഭഗീരഥന്റെയും മഹേന്ദ്രന്റെയും പേരുകളാണ് ഉയർന്നുവന്നത്.
എല്ലാ പ്രാവശ്യവും ജില്ലയുടെ തെക്കുഭാഗത്തുള്ളവർ ജില്ലാ പഞ്ചായത്ത് നേതൃസ്ഥാനത്തുവരുന്നതു മാറണം എന്നു ഭൂരിഭാഗം പേരും പറഞ്ഞതോടെയാണു മഹേന്ദ്രന്റെ പേര് ഉറപ്പിച്ചതെന്നു പറയുന്നു. 24 ഡിവിഷനുകളാണ് ഇക്കുറി ജില്ലാ പഞ്ചായത്തിനുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 23 ആയിരുന്നു. കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് രണ്ടു സീറ്റിൽ മാത്രമാണു വിജയിച്ചത്. ജില്ലാ കൗൺസിലും ജില്ലാ പഞ്ചായത്തും രൂപംകൊണ്ട കാലംമുതൽ ആലപ്പുഴ നേതൃപദവി സിപിഎം ആണ് കൈയടക്കിയിട്ടുള്ളത്.
മറ്റു സ്ഥാനാർഥികളുടെ കാര്യത്തിലും തീരുമാനമുണ്ടായി ഉടൻ പ്രഖ്യാപനം നടത്തുന്ന തിരക്കിലാണു സിപിഎം ഏരിയ കമ്മിറ്റികൾ. ജില്ലാനേതൃത്വത്തിന്റെ പ്രഖ്യാപനത്തിനുശേഷം ബാക്കിയുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഏരിയ സെന്ററുകൾ ചേർന്ന് തീരുമാനിച്ച് അറിയിക്കുകയാണുചെയ്യുക.
Content Highlights: Alappuzha Local Elections: LDF and NDA finalize candidates; UDF talks nearing completion ahead of nomination filing deadline
Published: 12 Nov 2025, 05:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented