തിരുവനന്തപുരം: ആദ്യബാച്ച് ഡിഗ്രി വിദ്യാർഥികളെ തിടുക്കത്തിൽ പരീക്ഷനടത്തി പുറത്തിറക്കാനുള്ള ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നടപടിയിൽ വ്യാപകപ്രതിഷേധം. മലയാളവും ഇംഗ്ലീഷും ഉൾപ്പെടെ ആറു ഭാഷകളിൽ ഡിഗ്രിക്കു പഠിക്കുന്നവർക്കാണ് തട്ടിക്കൂട്ട് പരീക്ഷ. ആറാം സെമസ്റ്ററിൽ രണ്ടുമാസം മാത്രമേ പഠനം നടന്നിട്ടുള്ളൂ. പക്ഷേ, 16-ന് വാർഷികപരീക്ഷ നടത്താനാണ് തീരുമാനം. ‌മന്ത്രി ആർ. ബിന്ദുവിന് പരാതിനൽകിയിട്ടും ഫലമില്ലാത്ത സ്ഥിതി.

To advertise here,

ശനിയാഴ്ച തുടങ്ങുന്ന പരീക്ഷയെഴുതിയാൽ കൂട്ടത്തോൽവി നേരിടേണ്ടിവരുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്‌, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിൽ ബിരുദത്തിനു പഠിക്കുന്നവരാണ് പ്രതിസന്ധിയിലായത്. ഞായറാഴ്ചകളിൽ മാത്രമാണ് ക്ലാസ്. ചില ദിവസങ്ങളിൽ ഓൺലൈനായും നടത്തും.

പുസ്തകങ്ങൾ ഓൺലൈനിൽ വായിച്ചുപഠിക്കാൻ മാത്രമേ അവസരമുള്ളൂ. പകർപ്പവകാശപ്രശ്നം നേരിടുമെന്നതിനാൽ ഉള്ളടക്കം പ്രിന്റെടുത്ത് പഠിക്കാൻ തടസ്സമുണ്ട്.

പരീക്ഷയ്ക്കിനി വെറും നാലുദിവസം മാത്രമേയുള്ളൂ. സർവകലാശാലയ്ക്കുപുറമേ, സർക്കാരും മുഖംതിരിച്ചതോടെ നീതിതേടി ഇനി ഏതു വാതിലിൽ മുട്ടുമെന്ന് തലപുകയ്ക്കുകയാണ് നൂറുകണക്കിന് വിദ്യാർഥികൾ.