സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ്‌ലോങ് എജുക്കേഷൻ -കേരള (സ്കോൾ-കേരള) ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസ പ്രക്രിയയ്ക്ക് പുറത്തുനിൽക്കുന്നവർക്കും വിവിധ കാരണങ്ങളാൽ പഠനം പൂർത്തിയാക്കാൻ സാധിക്കാത്തവർക്കും തുല്യമായ ഗുണനിലവാരത്തോടെ തുടർപഠനം ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

To advertise here,

സവിശേഷതകൾ

അറിവ് നേടുന്നതിനൊപ്പം അതിനെ നൈപുണിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്കോൾ-കേരള പ്രവർത്തിക്കുന്നത്. പഠനം പൂർത്തിയാക്കുന്നവർ റെഗുലർ സ്കൂളുകളിൽ പഠിക്കുന്നവർക്കൊപ്പമാണ് പൊതുപരീക്ഷ എഴുതുന്നത്. ഇപ്രകാരം നേടുന്ന യോഗ്യത ഉപയോഗിച്ച് മെഡിക്കൽ, എൻജിനിയറിങ് തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള ദേശീയ-സംസ്ഥാന തല മത്സരപരീക്ഷകളിൽ പങ്കെടുക്കാം. ഉയർന്ന പ്രായപരിധിയില്ല.

വിവിധ കോഴ്‌സുകൾ

• ഓപ്പൺ റെഗുലർ കോഴ്‌സ്: സയൻസ് (ബയോളജി, കംപ്യൂട്ടർ സയൻസ്, സൈക്കോളജി കോമ്പിനേഷനുകൾ), ഹ്യൂമാനിറ്റീസ് (ജ്യോഗ്രഫി, സോഷ്യോളജി, സോഷ്യൽ വർക്ക്, സ്റ്റാറ്റിസ്റ്റിക്സ്), കൊമേഴ്‌സ് (മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ) എന്നീ ഗ്രൂപ്പുകളിൽ ലാബ് സൗകര്യങ്ങളോടും സമ്പർക്കക്ലാസുകളോടും കൂടി പഠിക്കാം.

• പ്രൈവറ്റ് രജിസ്ട്രേഷൻ: ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിൽ സമ്പർക്ക ക്ലാസുകൾ ഇല്ലാതെ രജിസ്റ്റർ ചെയ്ത് നേരിട്ട് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക്. പരീക്ഷാകേന്ദ്രങ്ങളിൽ രണ്ട് ദിവസത്തെ പ്രത്യേക ഓറിയന്റേഷൻ ക്ലാസുകൾ നൽകും.

• സ്പെഷ്യൽ കാറ്റഗറി (പാർട്ട് III): മുൻപ്‌ ഏതെങ്കിലും ഒരു കോമ്പിനേഷനിൽ ഹയർസെക്കൻഡറി വിജയിച്ചവർക്ക്, പഴയ രജിസ്ട്രേഷൻ റദ്ദാക്കാതെ പുതിയൊരു സബ്ജക്ട് കോമ്പിനേഷൻ തെരഞ്ഞെടുത്ത് രണ്ടുവർഷം പഠിക്കാനുള്ള സൗകര്യമാണിത്. മുൻപ്‌ വിജയിച്ച വിഷയങ്ങളുടെ പരീക്ഷ വീണ്ടും എഴുതേണ്ടതില്ല.

• രണ്ടാംവർഷ പ്രവേശനവും പുനഃപ്രവേശനവും: ഒന്നാംവർഷം പഠനം പൂർത്തിയാക്കി ഇടയ്ക്കുവെച്ച് മുടങ്ങിപ്പോയവർക്കും മറ്റ് ബോർഡുകളിൽ നിന്ന് ലാറ്ററൽ എൻട്രി വഴി കേരള സിലബസിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടാം.

• തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾ: ഹയർസെക്കൻഡറി പഠനത്തോടൊപ്പം സമാന്തരമായി ചെയ്യാവുന്ന പി.എസ്.സി. അംഗീകൃത ഡി.സി.എ., യോഗിക് സയൻസ്, ഡൊമിസിലിയറി നഴ്‌സിങ് കെയർ, ചൈൽഡ് കെയർ ആൻഡ് പ്രീസ്കൂൾ മാനേജ്‌മെൻറ് തുടങ്ങിയ ഡിപ്ലോമ കോഴ്‌സുകളും

യോഗ്യത

കേരള സിലബസ് എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., ടി.എച്ച്.എസ്.എൽ.സി. അല്ലെങ്കിൽ മറ്റ് സംസ്ഥാന/ദേശീയ ബോർഡുകളിൽനിന്ന് ഉന്നതപഠനത്തിന് അർഹത നേടിയവർക്ക് അപേക്ഷിക്കാം. കേരളത്തിനുപുറത്തുള്ള ബോർഡുകളിൽനിന്നോ എൻ.ഐ.ഒ.എസ്., സാക്ഷരതാ മിഷൻ എന്നിവ വഴിയോ യോഗ്യത നേടിയവർ കേരള പൊതുപരീക്ഷാ ബോർഡ് നൽകുന്ന ഇക്വലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷ

www.scolekerala.org വഴി അപേക്ഷിക്കാം. ഓൺലൈനായി ഫീസ് അടച്ച് അപേക്ഷ സ്ഥിരീകരിച്ചശേഷം ലഭിക്കുന്ന പ്രിൻറൗട്ടിനൊപ്പം ആവശ്യമായ രേഖകൾ ചേർത്താണ് ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കേണ്ടത്.

പഠനസഹായികളും തുടർനടപടികളും

ലളിതമായി തയ്യാറാക്കിയ സ്വയം പഠന സഹായികൾ സൗജന്യമായി ലഭിക്കും. ഹ്യൂമാനിറ്റീസ് വിഷയങ്ങളുടെ പഠന സഹായികൾ മലയാളത്തിലും ലഭ്യമാണ്. അതത് ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ വെച്ച് അവധി ദിവസങ്ങളിൽ വിദഗ്‌ധരായ അധ്യാപകരുടെ സമ്പർക്കക്ലാസുകളുണ്ട്. ഓപ്പൺ റെഗുലർ വിദ്യാർഥികൾക്ക് ഓരോ വിഷയത്തിനും വർഷത്തിൽ 30 മണിക്കൂർ വീതം തിയറി ക്ലാസുകളും രണ്ടാംവർഷം 20 മണിക്കൂർ ലാബ് ക്ലാസുകളും ഉണ്ടാകും. സമ്പർക്ക ക്ലാസുകളിൽ നിശ്ചിത ഹാജർ നിർബന്ധമാണ്.

അഡീഷണൽ മാത്തമാറ്റിക്സ് രജിസ്ട്രേഷൻ

ഹയർസെക്കൻഡറിയിലോ വൊക്കേഷണൽ ഹയർസെക്കൻഡറിയിലോ (ബി ഗ്രൂപ്പ്) റെഗുലർ വിഭാഗത്തിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിൽ ഇക്കണോമിക്സ് ഒരു വിഷയമായി പഠിക്കുന്നവർക്ക് അഡീഷണലായി മാത്തമാറ്റിക്സ് കൂടി പഠിക്കാനുള്ള അവസരമുണ്ട്. സി.ബി.എസ്.ഇ. പത്താംക്ലാസിൽ ‘മാത്തമാറ്റിക്സ് സ്റ്റാൻഡേഡ്’ പാസായവർക്ക് മാത്രമേ ഇതിന് അർഹതയുണ്ടാവൂ. ഇതിനായി പ്രത്യേക അപേക്ഷ നൽകി 1,500 രൂപ ഫീസ് അടയ്ക്കണം. റെഗുലർ കോഴ്‌സിന് പുറമേ 200 മാർക്കിലാണ് പരീക്ഷ. ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് പ്രത്യേക സർട്ടിഫിക്കറ്റ് അനുവദിക്കും.