കൊല്ലം: സർവകലാശാലകളിൽ ഓപ്പൺ-വിദൂരവിദ്യാഭ്യാസം കോഴ്‌സുകൾക്കോ ഓൺലൈൻ കോഴ്‌സുകൾക്കോ ചേരുന്നതിനുമുൻപായി, യു.ജി.സി. ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ വെബ്‌സൈറ്റ് (deb.ugc.ac.in) സന്ദർശിച്ച് കോഴ്‌സുകളുടെ അംഗീകാരപ്പട്ടിക വിദ്യാർഥികൾ നിർബന്ധമായും പരിശോധിക്കണമെന്ന ഓർമ്മപ്പെടുത്തലുമായി യു.ജി.സി.. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സർവകലാശാലകൾ നടത്തുന്ന കോഴ്‌സുകളുടെ അംഗീകാരം സംബന്ധിച്ച്‌ കോഴിക്കോട് നടക്കാവ് സ്വദേശി ദിലീപ്‌ വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്ക് മറുപടിയായാണ് യു.ജി.സി. ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

To advertise here,

പരമ്പരാഗത രീതി, ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ്, ഓൺലൈൻ എന്നിങ്ങനെ മൂന്ന് അംഗീകൃത പഠനരീതികളാണ് യു.ജി.സി. അംഗീകരിക്കുന്നത്. വിദൂരവിദ്യാഭ്യാസപ്രക്രിയയിൽ യു.ജി.സി. ഔദ്യോഗികമായി അംഗീകരിക്കുന്നത് ഓപ്പൺ-ഡിസ്റ്റൻസ്, ഓൺലൈൻ സമ്പ്രദായങ്ങളാണ്. പ്രൈവറ്റ് രജിസ്‌ട്രേഷൻ അംഗീകൃത പഠനരീതികളുടെ ഭാഗമാണെന്ന് യു.ജി.സി. വ്യക്തമാക്കിയിട്ടില്ല.

കേരളത്തിൽ മഹാത്മാഗാന്ധി സർവകലാശാല 2014-’15 അക്കാദമിക് വർഷംമുതൽ ഇതുവരെ ഓപ്പൺ-ഡിസ്റ്റൻസ് മോഡൽ കോഴ്‌സുകൾ നടത്താൻ യു.ജി.സി. അംഗീകാരം നൽകിയിട്ടില്ലെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. കാലിക്കറ്റ് സർവകലാശാലയ്ക്ക് 2015-’16 വർഷത്തിലും 2020-’21 വർഷത്തിലും ഓപ്പൺ-ഡിസ്റ്റൻസ് കോഴ്‌സുകൾക്ക് അംഗീകാരമുണ്ടായിരുന്നില്ല. 2026 ജനുവരിവരെയുള്ള കാലയളവിൽ തിരഞ്ഞെടുത്ത ചില പ്രത്യേക കോഴ്‌സുകൾക്കുമാത്രം അനുമതി നൽകിയിട്ടുമുണ്ട്. കണ്ണൂർ സർവകലാശാലയ്ക്ക് 2015-’16 വരെ തുടർച്ചയായ അംഗീകാരമുണ്ടായിരുന്നു. 2016 മുതൽ 2020 വരെയും 2022-’23 മുതൽ 2026-’27 വരെയുള്ള കാലയളവിലും നിർദിഷ്ട കോഴ്‌സുകൾക്ക് മാത്രമായി യു.ജി.സി. അനുമതി നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലെ സർവകലാശാലകൾക്ക് 2015-’16 മുതൽ തുടർന്നുള്ള ചില വർഷങ്ങളിൽ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് മോഡ് കോഴ്‌സുകൾ നടത്താൻ അനുമതിയുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് പല സർവകലാശാലകൾക്കും നിശ്ചിത കാലയളവിലേക്ക് പ്രത്യേക കോഴ്‌സുകൾ നടത്താൻ മാത്രമായി യു.ജി.സി. അനുമതി നൽകുകയായിരുന്നു.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നടത്തുന്ന വിവിധ കോഴ്‌സുകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനനുസരിച്ച് ഘട്ടങ്ങളായി യു.ജി.സി.യുടെ ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ അംഗീകാരം നൽകിയിട്ടുണ്ട്. ഇപ്പോൾ സർവകലാശാല നടത്തുന്ന പ്രോഗ്രാമുകൾക്കെല്ലാം അംഗീകാരവുമുണ്ട്.