ഉന്നതവിദ്യാഭ്യാസരംഗത്തും ഗവേഷണ മേഖലകളിലും കരിയർ ആഗ്രഹിക്കുന്നവർക്കായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന യു.ജി.സി. നെറ്റ് ഡിസംബർ 2026 സെഷനിലേക്ക് അപേക്ഷിക്കാം. സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), പിഎച്ച്.ഡി. പ്രവേശനം എന്നിവ നിർണയിക്കുന്നതിനാണ് ഈ ദേശീയതല പരീക്ഷ നടത്തുന്നത്.

To advertise here,

മലയാളം ഉൾപ്പെടെയുള്ള ഭാഷാവിഷയങ്ങളും ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ്, കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്‌ട്രോണിക് സയൻസ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് തുടങ്ങിയ പ്രധാന മേഖലകളും ഉൾപ്പെടെ 87 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി ഡിസംബർ 14 മുതൽ 19 വരെ നടക്കും.

പരീക്ഷാകാറ്റഗറികളും അർഹതയും

പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ മൂന്ന് കാറ്റഗറികളിലായി തരംതിരിക്കുന്നു:

കാറ്റഗറി 1 (ജെ.ആർ.എഫ്., അസിസ്റ്റന്റ് പ്രൊഫസർ, പി.എച്ച്.ഡി.): ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പിഎച്ച്.ഡി. പ്രവേശനം എന്നിവയ്ക്ക് ഒരുപോലെ അർഹത. കാറ്റഗറി 2 (അസിസ്റ്റന്റ് പ്രൊഫസർ ആൻഡ് പിഎച്ച്.ഡി.): അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും പിഎച്ച്.ഡി. പ്രവേശനത്തിനും അർഹത ലഭിക്കും (ജെ.ആർ.എഫ്. ലഭിക്കില്ല).

കാറ്റഗറി 3 (പിഎച്ച്.ഡി. പ്രവേശനം മാത്രം): പിഎച്ച്.ഡി. പ്രവേശനത്തിനുമാത്രം അർഹത (ജെ.ആർ.എഫ്. അല്ലെങ്കിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അർഹതയുണ്ടായിരിക്കില്ല).

കാറ്റഗറി 2, 3 എന്നിവയിലുള്ളവർക്ക് പിഎച്ച്.ഡി. പ്രവേശനത്തിനായി നെറ്റ് പരീക്ഷയിലെ മാർക്കിന് 70 ശതമാനം വെയ്റ്റേജും ഇന്റർവ്യൂവിന് 30 ശതമാനം വെയ്റ്റേജും ഉണ്ടായിരിക്കും. ഈ മാർക്കിന്റെ കാലാവധി ഫലപ്രഖ്യാപനംമുതൽ ഒരുവർഷമാണ്.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി.-എൻ.സി.എൽ.), ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽപ്പെട്ടവർക്ക് 50 ശതമാനം മാർക്ക് മതിയാകും. ബിരുദാനന്തര ബിരുദ ഫൈനൽ വർഷ വിദ്യാർഥികൾക്കും 75 ശതമാനം മാർക്കോടെ നാല് വർഷത്തെ (8 സെമസ്റ്റർ) ഓണേഴ്സ് ബിരുദം പൂർത്തിയാക്കിയവർക്കും (സംവരണ വിഭാഗങ്ങൾക്ക് 70 ശതമാനം) അപേക്ഷിക്കാം. ജെ.ആർ.എഫിന് ഉയർന്ന പ്രായപരിധി 30. സംവരണ വിഭാഗങ്ങൾക്കും വനിതകൾക്കും ഗവേഷണപരിചയമുള്ളവർക്കും നിയമാനുസൃതമായി അഞ്ചുവർഷംവരെ പ്രായമിളവ് ലഭിക്കും. അതേസമയം അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കും പിഎച്ച്.ഡി. പ്രവേശനത്തിനുമായി അപേക്ഷിക്കുന്നവർക്ക് ഉയർന്നപ്രായപരിധിയില്ല.

അപേക്ഷ

ugcnet.nta.nic.in വഴി ഒക്ടോബർ 28-ന് രാത്രി 11.50 വരെ അപേക്ഷിക്കാം. ₹500 ലേറ്റ് ഫീയോടെ 31 രാത്രി 11.50 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് -ജനറൽ/അൺറിസർവ്ഡ് വിഭാഗക്കാർ ₹1,150 രൂപ. ജനറൽ-ഇ.ഡബ്ല്യു.എസ്./ഒ.ബി.സി.-എൻ.സി.എൽ. വിഭാഗക്കാർ -₹600. എസ്.സി./എസ്.ടി./പി.ഡബ്ല്യു.ബി.ഡി./ട്രാൻസ്ജെൻഡർ - ₹325. ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ, വയനാട് എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.