ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ എൻ.സി.ഇ.ആർ.ടി, സി.ബി.എസ്.ഇ എന്നിവയിൽ  ജീവനക്കാരുടെ ക്ഷാമം അധികമെന്ന് പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട്. ലോക്‌സഭയിൽ സമർപ്പിച്ച എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

To advertise here,

എൻ.സി.ഇ.ആർ.ടിയിൽ ആകെ അനുവദിച്ച് കിട്ടിയ 2,844 തസ്തികകളിൽ 1,248 എണ്ണത്തിൽ മാത്രമാണ് നിലവിൽ ജീവനക്കാരുള്ളത്. അതായത്, ആകെ തസ്തികകളുടെ 56 ശതമാനത്തോളം വരുന്ന 1,596 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിൽ 916 മിനിസ്റ്റീരിയൽ, 404 അനുബന്ധ തസ്തികകൾ, 145 അക്കാദമിക്, 131 സ്കൂൾ ടീച്ചിങ് തസ്തികകൾ ഉൾപ്പെടുന്നു. ജീവനക്കാരുടെ ക്ഷാമം പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെയും പുതിയ പാഠ്യപദ്ധതി തയ്യാറാക്കുന്നതിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

സമാനമായ പ്രതിസന്ധിയാണ് സി.ബി.എസ്.ഇയും നേരിടുന്നത്. അനുവദിച്ച് കിട്ടിയ 2,117 തസ്തികകളിൽ 933 എണ്ണത്തിലും (44%) നിയമനങ്ങൾ നടന്നിട്ടില്ല. ഇതിൽ 595 ഒഴിവുകളും ഗ്രൂപ്പ് 'സി' സപ്പോർട്ട് സ്റ്റാഫ് വിഭാഗത്തിലാണ്. ദിനംപ്രതിയുള്ള പ്രവർത്തനങ്ങൾക്കും പരീക്ഷാ നടത്തിപ്പിനുമായി ബോർഡ് ഇപ്പോൾ താൽക്കാലിക (കോൺട്രാക്ട്) ജീവനക്കാരെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

എന്നാൽ പരീക്ഷാ നടത്തിപ്പ് പോലുള്ള അതീവ രഹസ്യസ്വഭാവമുള്ള ജോലികൾക്ക് താൽക്കാലിക ജീവനക്കാരെ ഉപയോഗിക്കുന്നത് ബോർഡ് പരീക്ഷകളുടെ സുതാര്യതയെയും സുരക്ഷയെയും സാരമായി ബാധിക്കുമെന്ന് പാർലമെന്ററി സമിതി മുന്നറിയിപ്പ് നൽകുന്നു. അതിനാൽ താൽക്കാലിക നിയമനങ്ങൾ അവസാനിപ്പിച്ച് സമയബന്ധിതമായി സ്ഥിരനിയമനങ്ങൾ നടത്താൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

1992-93 കാലഘട്ടത്തിൽ 3,787 സ്കൂളുകൾ മാത്രമുണ്ടായിരുന്ന സി.ബി.എസ്.ഇക്ക് കീഴിൽ ഇപ്പോൾ 31,234 സ്കൂളുകളുണ്ട്. കൂടാതെ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലുമായി 40 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഈ സാഹചര്യത്തിൽ രണ്ട് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിനും സുതാര്യതയ്ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടിയന്തരമായി ഇടപെട്ട് വേഗത്തിൽ റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.