തിരുവനന്തപുരം: കീം (കേരള എൻജിനീയറിങ് ആർക്കിടെക്ച്ചർ മെഡിക്കൽ) പ്രവേശന പരീക്ഷ എഴുതുന്ന ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിക്കാൻ സർക്കാർ തീരുമാനം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ആണ് ഇതുസംബന്ധിച്ച ഉത്തരവിന് അംഗീകാരം നൽകിയത്. അംഗീകൃത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികൾക്ക് ആനുകൂല്യം ലഭിക്കുക.
പരീക്ഷയ്ക്കിടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ (ഹൈപ്പോഗ്ലൈസീമിയ, ഹൈപ്പർഗ്ലൈസീമിയ) മൂലം വിദ്യാർഥികൾക്ക് നേരിടേണ്ടിവരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സുപ്രധാനമായ നടപടി. നേരത്തെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രൊഫഷണൽ കോളേജുകളിലും നടത്തുന്ന പരീക്ഷകളിൽ ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കീം പ്രവേശന പരീക്ഷയിലും ഇളവ് അനുവദിച്ചിരിക്കുന്നത്.
പരീക്ഷാഹാളിൽ അനുവദനീയമായ വസ്തുക്കൾ:
അധികസമയത്തിന് പുറമെ, ആരോഗ്യപരമായ ആവശ്യങ്ങൾക്കായി താഴെ പറയുന്ന വസ്തുക്കൾ പരിശോധനയ്ക്ക് ശേഷം പരീക്ഷാഹാളിൽ കൈവശം വെക്കാനും വിദ്യാർഥികൾക്ക് അനുമതിയുണ്ടായിരിക്കും:
-
ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്
-
തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനമായ സി.ജി.എം.എസ്
-
ഷുഗർ ടാബ്ലെറ്റുകൾ, വെള്ളം
-
ലഘുഭക്ഷണങ്ങൾ, പഴങ്ങൾ
പൊതുപ്രവർത്തകയായ ബുഷ്റ, ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ എന്നിവർ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചും ധനകാര്യ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അംഗീകാരം ലഭിച്ചുമാണ് തീരുമാനം കൈക്കൊണ്ടത്. 2027-ലെ കീം പ്രോസ്പെക്ടസിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തി തീരുമാനം നടപ്പാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Content Highlights: The Kerala government has approved granting 20 minutes of extra time per hour, along with permission to carry essential medical devices and snacks
Published: 13 Nov 2026, 12:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented