2028-ലെ സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പുതിയ പരീക്ഷാ രീതി പ്രഖ്യാപിച്ചു. പുതിയ മാറ്റം അനുസരിച്ച് അഞ്ച് നിർബന്ധിത വിഷയങ്ങളും കൂടാതെ ഓപ്ഷണലായി ഒരു സ്കിൽ (നൈപുണ്യ) പേപ്പറും ഉണ്ടായിരിക്കും. മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പരാജയപ്പെട്ടാൽ, സ്കിൽ പേപ്പറിൽ ലഭിക്കുന്ന മാർക്ക് ഉപയോഗിച്ച് പരീക്ഷ ജയിക്കാൻ വിദ്യാർഥികൾക്ക് സാധിക്കും.

To advertise here,

രണ്ട് ഭാഷാ വിഷയങ്ങൾ, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് എന്നിവയാണ് പ്രധാന ബോർഡ് പരീക്ഷാ വിഷയങ്ങൾ. ഇതിനുപുറമെ, വിദ്യാർഥികൾക്ക് 'കൗശൽ വികാസ്' അല്ലെങ്കിൽ സി.ബി.എസ്.ഇ അംഗീകരിച്ച 22 സ്കിൽ വിഷയങ്ങളിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഹെൽത്ത് കെയർ, ഫിനാൻഷ്യൽ മാർക്കറ്റ് മുതലായവ) ഒന്ന് തിരഞ്ഞെടുക്കാം. സ്കിൽ പേപ്പർ ബോർഡ് പരീക്ഷ എഴുതി വിജയിക്കുന്നവർക്ക് നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് (NSQF) സർട്ടിഫിക്കറ്റ് ലഭിക്കും.

2026-27 അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസിലെത്തുന്ന വിദ്യാർഥികൾക്ക് 'ഇൻഡിവിജ്വൽസ് ഇൻ സൊസൈറ്റി', സി.ടി & എ.ഐ മൊഡ്യൂളുകൾ എന്നിവ പാഠ്യപദ്ധതിയിൽ ഉണ്ടാകില്ല. കൂടാതെ 2027-28 ലെ പത്താം ക്ലാസ് ബാച്ചിന് എൻവയോൺമെന്റൽ എഡ്യൂക്കേഷനും ഒഴിവാക്കിയിട്ടുണ്ട്.

2026-27 വർഷത്തിൽ ഒമ്പതാം ക്ലാസിൽ പ്രവേശിക്കുന്ന (2028-ൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന) വിദ്യാർഥികൾക്കാണ് മാറ്റങ്ങൾ ബാധകമാകുന്നത്. നിലവിലെ പത്താം ക്ലാസ് ബാച്ചിന് ഇതിൽ മാറ്റങ്ങളൊന്നുമില്ലെന്ന് സി.ബി.എസ്.ഇ അക്കാദമിക് ഡയറക്ടർ പ്രഗ്യ എം. സിങ് അറിയിച്ചു.