കോട്ടയം: മാർക്ക് കൂട്ടിനൽകാമെന്ന് വാഗ്ദാനംചെയ്ത് വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയകേസിൽ എം.ജി. സർവകലാശാലാ പരീക്ഷാഭവൻ അസിസ്റ്റന്റ് സി.ജെ. എൽസിയെ പിരിച്ചുവിട്ട സംഭവത്തിൽ സിൻഡിക്കേറ്റ് ഉപസമിതി പുനരന്വേഷണം തുടങ്ങി. ഗവർണറുടെ ഉത്തരവുപ്രകാരമാണ് പുനരന്വേഷണം. ആദ്യപടിയായി സി.ജെ. എൽസിക്ക് കൈമാറാനുള്ള കുറ്റപത്രം അന്വേഷണസമിതി രജിസ്ട്രാറുടെ ഓഫീസിലേക്കയച്ചു.

To advertise here,

എൽസിയുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ചൂണ്ടിക്കാണിച്ച് നേരിട്ട് ഹാജരാകാൻ മെമ്മോ നൽകണമെന്നുകാണിച്ചാണ് റിപ്പോർട്ട് നൽകിയത്. തനിക്കെതിരേ സർവകലാശാലാ നടത്തിയ അന്വേഷണം ചട്ടങ്ങൾ പാലിക്കാതെയാണെന്നുകാണിച്ച് സി.ജെ.എൽസി ഗവർണർക്ക് അപ്പീൽ നൽകിയിരുന്നു.

ഇത് പരിഗണിച്ച് പിരിച്ചുവിടൽ നടപടി റദ്ദാക്കി ഗവർണർ സസ്പെൻഷനായി കുറച്ചു. ചട്ടപ്രകാരം വീണ്ടും അന്വേഷണം നടത്താനും ഗവർണർ നിർദേശിച്ചിരുന്നു. ഡോ. രാജേഷ് കോമത്ത്, കെ.എം. മിജാസ്, ആതിര പ്രകാശ് എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

സ്റ്റാറ്റ്യൂട്ട് 46 ചാപ്റ്റർ-4 എതിർവിസ്താരം

2022 ജനുവരി 29-ന് കൈക്കൂലി വാങ്ങവേയാണ് എൽസിയെ വിജിലൻസ് അറസ്റ്റുചെയ്യുന്നത്. തുടർന്ന് സർവകലാശാല ഇവരെ സസ്പെൻഡ് ചെയ്തു. അന്നത്തെ സിൻഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിന്നീട് പിരിച്ചുവിട്ടത്. അന്വേഷണനടപടിയിലെ ഒരുവിഴ്ച ചൂണ്ടിക്കാട്ടിയാണ് എൽസി ഗവർണർക്ക് അപ്പീൽ നൽകിയത്.

എതിർഭാഗം സാക്ഷികളെ ക്രോസ്‌വിസ്താരം ചെയ്യാൻ എൽസിക്ക് അവസരം നൽകിയില്ലെന്നാണ് പരാതി. സർവകലാശാലാ സ്റ്റാറ്റ്യൂട്ട് 46 ചാപ്റ്റർ -4 അനുസരിച്ച് അച്ചടക്കനടപടിക്ക് വിധേയനാകുന്ന ജീവനക്കാരന് അന്വേഷണഘട്ടത്തിൽ തനിക്കെതിരേ മൊഴി നൽകിയവരെ ക്രോസ് വിസ്താരംചെയ്യാൻ അവസരം നൽകണം.

ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നതിനാൽ സിൻഡിക്കേറ്റ് അന്വേഷണക്കമ്മിഷൻ എൽസിയുടെ മൊഴി ഓൺലൈനായാണ് രേഖപ്പെടുത്തിയത്. ക്രോസ് വിസ്താരത്തിന് അവസരം നൽകാൻ കഴിഞ്ഞതുമില്ല. ഇൗ സാങ്കേതിക പിഴവാണ് അടുത്ത അന്വേഷണത്തിന് വഴി വെച്ചിരിക്കുന്നത്.

എല്ലാം ഒന്നിൽനിന്ന് തുടങ്ങും

പുതിയ അന്വേഷണക്കമ്മിഷൻ നടപടിക്രമങ്ങൾ വീണ്ടും നടത്തും. മെമ്മോ നൽകി എൽസിയെ വിളിച്ചുവരുത്തും. അവർക്ക് പറയാനുള്ളത് കേൾക്കും. തുടർന്ന് എതിർവിഭാഗം സാക്ഷികളുടെ മൊഴിയെടുക്കും. പിന്നീട് എൽസിക്ക് എതിർസാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ അവസരം നൽകി മുമ്പുണ്ടായ പിഴവ് തിരുത്തും. തുടർന്ന് അന്തിമറിപ്പോർട്ട് സമർപ്പിക്കും.

വിജിലൻസ് മുമ്പാകെ എൽസി കുറ്റം സമ്മതിച്ചിരുന്നു. വിജിലൻസിന് പുറമേ സർവകലാശാലാ സിൻഡിക്കേറ്റ് ഉപസമിതിയും ജോയിന്റ് രജിസ്ട്രാറും നേരത്തേ അന്വേഷണം നടത്തിയിരുന്നു. അതുകൊണ്ട് സാങ്കതിക പിഴവ് പരിഹരിക്കാൻവേണ്ടി മാത്രമുള്ള നാലാമത്തെ അന്വേഷണമായി ഇതുമാറും.