കൊച്ചി: വിഷയങ്ങളുടെ പുതുമകൊണ്ടും വ്യത്യസ്തതകൊണ്ടും ബഹുജനപങ്കാളിത്തത്താലും ആഗോളശ്രദ്ധ നേടിയ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ മൂന്നാം പതിപ്പിന് ഏപ്രിൽ 21-ന് തിരിതെളിയും. ഫ്യൂച്ചർ കൊച്ചി കോൺക്ലേവ് വേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് രാജ്യത്തെ ഏറ്റവും വലിയ ഭാവി ഉച്ചകോടിയുടെ തീയതി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായി നടക്കുന്ന സമ്മിറ്റ് ഏപ്രിൽ 25 വരെ അഞ്ച് ദിനങ്ങളിലായാണ് അരങ്ങേറുക. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, ദീപക് ജോയി, ടോണി ചമ്മണി, ടി.ജെ വിനോദ്, ഉമാ തോമസ്, കൊച്ചി മേയർ അഡ്വ. വി.കെ. വിനിമോൾ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
വികസിത രാജ്യങ്ങളിലെ മുൻനിര സർവകലാശാലകൾ നാടിന്റെ സാമൂഹിക-സാമ്പത്തിക മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മാതൃകയിലാണ് ജെയിൻ യൂണിവേഴ്സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് രൂപം നൽകിയത്. ആഗോള നിലവാരത്തിലുള്ള സുസ്ഥിര വികസന മാതൃകയിൽ കേരളത്തെ മികച്ച വാസയോഗ്യ ഇടമാക്കുന്നതിനുള്ള ആശയങ്ങൾ രൂപീകരിക്കുക, ഭാവിയിലെ മാറ്റങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന സുപ്രധാന ലക്ഷ്യവും ഉച്ചകോടിക്കുണ്ട്. നാളെയുടെ കാഴ്ചപ്പാടും ആഘോഷവൈവിധ്യങ്ങളും സമന്വയിക്കുന്ന വേദി ഭാവിയെ ആവേശത്തോടെ വരവേൽക്കുന്ന വിജ്ഞാന-വിനോദ ആഘോഷങ്ങളുടെ ദിനരാത്രങ്ങളാകും കേരളത്തിന് സമ്മാനിക്കുക. പുതിയ ആശയങ്ങളും മാറ്റങ്ങളും നെഞ്ചിലേറ്റി നാളെയുടെ ലോകത്തെ സ്വീകരിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുമെന്നതാണ് ഉച്ചകോടിയുടെ പ്രത്യേകത.
സമഗ്ര വികസനത്തിനായി കേവലമൊരു ആശയക്കൈമാറ്റ വേദി എന്നതിലുപരി നാളെയുടെ വികസന നയങ്ങൾ രൂപീകരിക്കുന്ന കർമ്മപഥമായാണ് ഭാവി ഉച്ചകോടി വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ആദ്യ പതിപ്പിൽ പിറവിയെടുത്ത 'ഫ്യൂച്ചർ കേരള മിഷൻ' ഇതിനോടകം വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. കേരള സമൂഹം നേരിടുന്ന കാലികമായ വെല്ലുവിളികൾ പഠിക്കാനും അവയ്ക്ക് പരിഹാരങ്ങൾ നിർദേശിക്കാനും മിഷന് സാധിച്ചു. കോൺക്ലേവുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ക്രിയാത്മകമായ വികസന രേഖകൾ സർക്കാരിന് സമർപ്പിച്ചതിനൊപ്പം, സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ യുവതലമുറയുടെ നൂതന ആശയങ്ങളെ ഉപയോഗപ്പെടുത്താനും ഈ വേദി വഴിയൊരുക്കി.
വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എർത്ത്, സംരംഭകത്വം, പരിസ്ഥിതി, ഭക്ഷണം,സാഹിത്യം- സംസ്കാരം എന്നിങ്ങനെ ഏഴ് ട്രാക്കിലായാണ് ഉച്ചകോടി നടക്കുക. ഭാവി ലോകം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും വിദഗ്ധർ ഇഴകീറി പരിശോധിച്ച രണ്ടാം പതിപ്പ് വൻ ജനശ്രദ്ധ നേടിയിരുന്നു. ഈ വിജയത്തുടർച്ചയുടെ കരുത്തിലാണ് കൂടുതൽ വിപുലമായ കാഴ്ചപ്പാടുകളോടെ മൂന്നാം സീസണിന് കൊച്ചി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ആദ്യ രണ്ട് സീസണുകൾ ഗിന്നസ് ബുക്കിലും ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിലും ഏഷ്യാ ബുക്സ് ഓഫ് റെക്കോഡ്സിലും ഇടം പിടിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിപ്പുകളിലായി ലക്ഷക്കണക്കിന് പ്രതിനിധികളാണ് ഉച്ചകോടിയുടെ ഭാഗമായത്. വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സമാനതകളില്ലാത്ത മറ്റൊരു മഹാസംഗമത്തിന് കൂടിയാകും മൂന്നാം പതിപ്പ് വേദിയാകുക. പ്രായഭേദമന്യേ സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവർക്ക് ഒരേപോലെ പ്രയോജനപ്പെടുന്ന വൈവിധ്യമാർന്ന സെഷനുകൾ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലുണ്ടാകും.
മാറുന്ന ലോകത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കാനും കേരളത്തെ ലോകോത്തര വാസയോഗ്യ ഇടമാക്കി മാറ്റിയെടുക്കാനും ആവശ്യമായ ആശയങ്ങൾ രൂപീകരിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ് വ്യക്തമാക്കി. യുവതലമുറയുടെ നൈപുണ്യ വികസനത്തിനും സുസ്ഥിരമായ മാറ്റങ്ങൾക്കും ഭാവിയുടെ ഉച്ചകോടി വലിയൊരു ചാലകശക്തിയായി മാറും. പുതിയ കാലത്തിന്റെ സ്പന്ദനങ്ങളറിയുന്ന ജെൻ-സി തലമുറയ്ക്കും, ഇത്തരം വേദികളെ തികഞ്ഞ ഗൗരവത്തോടെ സമീപിക്കുന്ന ചിന്തകർക്കും ഒരുപോലെ ആസ്വദിക്കാനും സ്വായത്തമാക്കാനും കഴിയുന്ന ഒട്ടേറെ ഘടകങ്ങൾ ഈ സമ്മിറ്റിലുണ്ടാകും. എല്ലാം എല്ലാവർക്കും വേണ്ടിയുള്ളതല്ലെങ്കിലും, എല്ലാവർക്കും വേണ്ടതെല്ലാം ഈ സമ്മിറ്റിലുണ്ടാകും എന്ന സവിശേഷമായ കാഴ്ചപ്പാടാണ് മഹാസംഗമത്തെ കൂടുതൽ ജനകീയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സീസണുകൾക്ക് സമാനമായി മാസ്റ്റർ ക്ലാസുകളും വർക്ഷോപ്പുകളും സമ്മിറ്റിന്റെ ഭാഗമായി നടക്കും. കൂടാതെ, ഡ്രോൺ ഷോ, ലോകോത്തര വാഹന ബ്രാൻഡുകൾ അണിനിരക്കുന്ന ഫെസ്റ്റിവൽ ഓഫ് സ്പീഡ്, റോബോവേഴ്സ്, ഇ-സ്പോർട്സ് മത്സരങ്ങൾ അരങ്ങേറുന്ന ഗെയിം വേഴ്സ്, കേരളത്തിലെ ഉത്സവപ്പറമ്പുകളുടെ പ്രതീതി നൽകുന്ന ഫെസ്റ്റിവൽ വില്ലേജ്, ഫ്ലീ മാർക്കറ്റുകൾ, ഡിസൈൻ ഫെസ്റ്റിവൽ, ഫാഷൻ ഷോ, പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത നിശ എന്നിവ സമ്മിറ്റിനെ ഉത്സവ ലഹരിയിലാക്കും. വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ നാളെയുടെ കേരളം നടപ്പിലാക്കേണ്ട ക്രിയാത്മക നവീകരണങ്ങൾക്ക് ദിശാബോധം നൽകുന്ന ഉച്ചകോടിയിൽ ഭരണകർത്താക്കൾ ഉൾപ്പെടെ സമൂഹത്തിലെ നാനാതുറയിൽ നിന്നുള്ള പ്രമുഖർ അണിനിരക്കും.
Content Highlights: The third edition of Kochi Jain University’s five-day mega event, Summit of Future, will kick off on April 21 featuring seven specialized tracks, policy-shaping conclaves, drone shows, and cultural festivals aimed at building a sustainable future for Kerala.
Published: 13 Nov 2026, 10:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented