തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനം ആറുവയസ്സിലാക്കുന്നതിനുമുന്നോടിയായി പ്രീ സ്കൂൾ ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനൊരുങ്ങി സർക്കാർ. മൂന്നുമുതൽ അഞ്ചുവരെ വയസ്സുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തിൽ പ്രീ സ്കൂളിനു പൊതുചട്ടക്കൂടുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ, വനിത-ശിശുക്ഷേമ വകുപ്പുകളെ ചുമതലപ്പെടുത്തി. ഏകീകൃതമാനദണ്ഡം അടുത്ത അധ്യയനവർഷം നടപ്പാവുമെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു. അങ്കണവാടികളെല്ലാം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാവും.
പൊതുവിദ്യാഭ്യാസവകുപ്പിലെ എസ്സിഇആർടിയുടെ നേതൃത്വത്തിൽ പ്രീ സ്കൂളിനുള്ള പൊതുപാഠ്യപദ്ധതി തയ്യാറാക്കിവരുന്നു. 53 സർക്കാർ സ്കൂൾ ഉൾപ്പെടെ എൽകെജിയും യുകെജിയും ക്ലാസുള്ള 2200 സ്കൂളുകളുണ്ട്. 33,000-ത്തിലേറെ അങ്കണവാടികളും.
അടുത്ത അധ്യയനവർഷം അങ്കണവാടികളിലും എൽകെജി, യുകെജി ക്ലാസിലും പൊതുപാഠ്യപദ്ധതി നടപ്പാക്കും. അങ്കണവാടികളെ അതേപടി നിലനിർത്തി, പ്രീ സ്കൂൾ ഇല്ലാത്ത പൊതുവിദ്യാലയങ്ങളുമായി പ്രവർത്തനം സംയോജിപ്പിക്കാനാണ് നീക്കം. പ്രീ സ്കൂളോ അനുബന്ധ അങ്കണവാടിയോ ഇല്ലെങ്കിൽ അഞ്ചുവയസ്സായവർക്കുവേണ്ടി ദേശീയ വിദ്യാഭ്യാസനയം (എൻഇപി) നിർദേശിക്കുന്നതുപോലെ സ്കൂളിന്റെ ഭാഗമായി 'ബാലവാടിക' വേണ്ടിവരും. ആറുവയസ്സ് പൂർത്തിയായാലേ ഒന്നാംക്ലാസിൽ പ്രവേശിപ്പിക്കൂ
ആറുവയസ്സ് എന്ന എൻഇപി നിബന്ധന അധ്യാപകതസ്തികയെ ബാധിക്കുമെന്നതിനാൽ കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ വർഷം ഒന്നിൽ ചേർന്നവരിൽ 50 ശതമാനത്തിലേറെ കുട്ടികൾ ആറുവയസ്സുകഴിഞ്ഞവരായിരുന്നു. അടുത്ത അധ്യയനവർഷംകൂടി തത്സ്ഥിതി തുടർന്ന്, 2027-28 അധ്യയനവർഷം ആറുവയസ്സാക്കാനാണ് ധാരണ. ഇതിനായി പ്രത്യേകം ഉത്തരവിറക്കും. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായാണ് ഈ പരിഷ്കാരം.
Content Highlights: Kerala government is integrating pre-schools & Anganwadis into formal education. New curriculum and uniform standards for Class 1 entry at age 6 by 2027-28.
Published: 22 Dec 2025, 08:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented