ഭുവനേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്‌സ് ആൻഡ് ആപ്ലിക്കേഷൻസ് യു.ജി., പി.ജി., ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ 2026-27ലെ പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

മാത്തമാറ്റിക്‌സിന്റെ പ്രായോഗിക വശങ്ങളുടെ പഠനങ്ങളിൽ താത്പര്യമുള്ളവർക്ക് മാത്തമാറ്റിക്‌സ്, കംപ്യൂട്ടിങ് പഠനങ്ങൾക്ക് അവസരം നൽകുന്നതിനൊപ്പം കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്റലിജൻസ് സിസ്റ്റംസ്, ഡേറ്റാ സയൻസ് തുടങ്ങിയ മേഖലകളിലെ സാധ്യതകൾ നിലനിർത്താനും അനുയോജ്യമായ പ്രോഗ്രാമുകളാണ് ഒഡിഷ സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനുകീഴിലുള്ള ഈ സ്ഥാപനത്തിൽ നടത്തുന്നത്. യോഗ്യതാ കോഴ്‌സ് അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

യു.ജി. 
നാലുവർഷ ബി.എസ്സി. (ഓണേഴ്‌സ്) ഇൻ മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ് പ്രോഗ്രാം പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച്, ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രതിവർഷ ഫീ 25,000 രൂപ.

ഇന്റഗ്രേറ്റഡ് പി.ജി.
അഞ്ചുവർഷം ദൈർഘ്യമുള്ള രണ്ട് ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വറ്റ് പ്രോഗ്രാമുകളും ഉത്കൽ യൂണിവേഴ്‌സിറ്റി അംഗീകാരത്തിനു വിധേയമായി സ്ഥാപനം നടത്തും. മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ്, മാത്തമാറ്റിക്‌സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലേക്ക് മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രതിവർഷ ഫീ ആദ്യ നാലുവർഷം 25,000 രൂപവീതം. അഞ്ചാം വർഷം 50,000 രൂപ.

പി.ജി. 
മാസ്റ്റേഴ്‌സ് തലത്തിൽ രണ്ടുവർഷ എം.എ./എം.എസ്സി. ഇൻ മാത്തമാറ്റിക്‌സ് വിത്ത് ഡേറ്റാ സയൻസ് പ്രോഗ്രാം ഉണ്ട്.

മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്, ഓണേഴ്‌സ്/പാസ് വിഷയമായി പഠിച്ച് ബാച്ച്ലർ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രതിവർഷ ഫീ 50,000 രൂപ.

പ്രവേശന പരീക്ഷ 
വിശദാംശങ്ങൾ iomaorissa.ac.in-ലെ ബ്രോഷറിൽ ലഭിക്കും (അക്കാദമിക്‌സ്> അഡ്മിഷൻ 2026-27 ലിങ്കിൽ). എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം ജൂൺ 23-ന് നടത്തുന്ന രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപരീക്ഷകൾ വഴിയാണ്. മുൻവർഷത്തെ ചോദ്യപ്പേപ്പറുകൾ വെബ്‌സൈറ്റിലെ ലിങ്കിൽ ലഭ്യമാണ്. കേരളത്തിലും പരീക്ഷാകേന്ദ്രം ഉണ്ട്. കൃത്യമായ സ്ഥലം, ബ്രോഷറിൽ വ്യക്തമാക്കിയിട്ടില്ല.

അപേക്ഷ 
അപേക്ഷാഫോം അഡ്മിഷൻ ലിങ്കിൽനിന്ന് ഡൗൺലോഡുചെയ്യാം. അപേക്ഷാ ഫീ 700 രൂപ. തുക ഓൺലൈനായി അഡ്മിഷൻ പേജിലെ പെയ്മന്റ് ലിങ്ക് വഴി അടയ്ക്കാം.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും (ബ്രോഷറിൽ ലിസ്റ്റ് ഉണ്ട്) മേയ് 30-നകം 'അഡ്മിഷൻ ഇൻ ചാർജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്‌സ് ആൻഡ് ആപ്ലിക്കേഷൻസ്, അന്ധാരുവ, ഭുവനേശ്വർ, ഒഡിഷ-751029' എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേഡ് പോസ്റ്റിൽ ലഭിക്കണം. 

അപേക്ഷയുടെ പകർപ്പ് സ്‌കാൻ ചെയ്തത് പി.ഡി.എഫ്. ആയി admission.ima@iomaorissa.ac.in ലേക്ക് അയക്കണം. സ്ഥാപനം ചില സ്‌കോളർഷിപ്പുകൾ നൽകിയേക്കാം.