
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിലേക്ക് പിന്നാക്ക സമുദായ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം. മെഡിക്കൽ/എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. എന്നിവയുടെ പരിശീലനത്തിനാണ് സഹായം.
പദ്ധതി
* മെഡിക്കൽ/എൻജിനിയറിങ് എൻട്രൻസ് പരിശീലനത്തിന് പരമാവധി 20,000 രൂപ ട്യൂഷൻ ഫീസും 1,000 രൂപ വീതം 10 മാസത്തെ മെയിന്റനൻസ് അലവൻസും ഉൾപ്പെടെ ആകെ 30,000 രൂപ ലഭിക്കും. കുടുംബവാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്
* സിവിൽ സർവീസ് പരിശീലനത്തിന് ട്യൂഷൻ ഫീസ് 15,000 രൂപ ഉൾപ്പെടെ ആകെ 25,000 രൂപ. കുടുംബ വരുമാനപരിധി 4.5 ലക്ഷം രൂപ
* ബാങ്കിങ് സർവീസ് പരിശീലനത്തിന് ട്യൂഷൻ ഫീസ് പരമാവധി 10,000 രൂപ, മൊത്തം 20,000വരെ. വരുമാനപരിധി രണ്ട് ലക്ഷം രൂപ
* ഗേറ്റ്/മാറ്റ്, യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. പരിശീലനങ്ങൾക്ക് ട്യൂഷൻ ഫീസ് പരമാവധി 15,000 രൂപ. ആകെ 25,000 രൂപവരെ. കുടുംബ വരുമാനപരിധി 2.5 ലക്ഷം രൂപ. മെയിന്റനൻസ് അലവൻസ് അഡ്മിഷൻ തീയതി മുതൽ കുറഞ്ഞത് ആറ് മാസവും പരമാവധി 10 മാസവും ലഭിക്കും
യോഗ്യത
അപേക്ഷകർ കേരളീയരും സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടികയിൽ ഉൾപ്പെട്ട ഒ.ബി.സി./ഒ.ഇ.സി./ഒ.ബി.സി.-എച്ച്/എസ്.ഇ.ബി.സി. വിഭാഗങ്ങളിലെ അംഗങ്ങളുമായിരിക്കണം. വകുപ്പ് എംപാനൽ ചെയ്ത സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നവർക്കേ അപേക്ഷിക്കാനാകൂ. പരിശീലനവിഭാഗവും ജില്ലയും തിരിച്ചുള്ള സ്ഥാപനപ്പട്ടിക വിജ്ഞാപനത്തിന്റെ അനുബന്ധത്തിലും ഇ-ഗ്രാന്റ്സ് അപേക്ഷയിലെ ഡ്രോപ്പ്‌ഡൗൺ പട്ടികയിലുമുണ്ട്. ആഴ്ചയിൽ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും പരിശീലനം ഉണ്ടാകണം. ഓൺലൈൻ, അവധിദിന, ഈവനിങ് ബാച്ചുകളിലും ആറ് മാസത്തിൽ താഴെ ദൈർഘ്യമുള്ള കോഴ്സുകളിലും പഠിക്കുന്നവരെ പരിഗണിക്കില്ല.
മെഡിക്കൽ/എൻജിനിയറിങ് എൻട്രൻസ് പരിശീലനത്തിന് അപേക്ഷിക്കുന്നവർ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ (2023-’24, 2024-’25, 2025-’26) ഹയർ സെക്കൻഡറി പരീക്ഷയിൽ 90 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. മാർക്ക് ലിസ്റ്റ് നൽകേണ്ട. പകരം പരീക്ഷയുടെ രജിസ്റ്റർ നമ്പർ നൽകിയാൽ മതി. 17 വയസ്സ് പൂർത്തിയായിരിക്കണം. പ്രത്യേക പരിഗണനാ വിഭാഗത്തിന് (വിധവകളുടെ മക്കൾ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, മാരകരോഗം ബാധിച്ചവരുടെ മക്കൾ, ഭിന്നശേഷിക്കാർ) 80 ശതമാനം മാർക്ക് മതി.
സിവിൽ സർവീസ് പരിശീലനത്തിന് സർക്കാർ നിയന്ത്രിത സിവിൽ സർവീസ് അക്കാദമികളിൽ പ്രവേശനം നേടിയവർക്കാണ് മുൻഗണന. ബിരുദ മാർക്ക്‌ലിസ്റ്റാണ് നൽകണം. ബാങ്കിങ്, ഗേറ്റ്/മാറ്റ് പരിശീലനത്തിന് ബിരുദമാർക്ക് ലിസ്റ്റും യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. പരിശീലനത്തിന് ബിരുദാനന്തരബിരുദ മാർക്ക് ലിസ്റ്റുമാണ് വേണ്ടത്.
അപേക്ഷ
egrantz.kerala.gov.in വഴി നവംബർ 20വരെ അപേക്ഷിക്കാം. അപേക്ഷകന്റെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം. സഹായത്തിന്: പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളെ സമീപിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് കൊല്ലം ഓഫീസ് (0474-2914417). ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് എറണാകുളം ഓഫീസ് (0484-2983130). തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് പാലക്കാട് ഓഫീസ് (0492-2222335). വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് കോഴിക്കോട് ഓഫീസ് (0495-2377786).
Content Highlights: Financial assistance for medical, engineering entrance, civil services, banking, GATE, MAT, and UGC-NET/JRF coaching
Published: 01 Nov 2026, 08:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented