താമരശ്ശേരി: പപ്പയുടെ ഓർമ്മദിനങ്ങളിൽ, അദ്ദേഹത്തിന്റെ കല്ലറയിൽ അർപ്പിച്ചിരുന്ന പൂക്കൾ കുഞ്ഞു ക്രിസ്റ്റീനയുടെയും ചേട്ടൻ എബിന്റെയും വകയായിരുന്നു നാളിതുവരെ. അടുത്ത ഓർമ്മദിനത്തിൽ അവരുടെ കൊച്ചുകുടുക്കയിലെ പണം കല്ലറയ്ക്കു മുകളിൽ സുഗന്ധം തീർക്കില്ല. പകരമായി എസ്.എം.എ. ബാധിതരായ കല്ലുരുട്ടി പൂവ്വത്തേരിചാലിൽ ഈഥൻ, ഡേവിഡ്, ഒലിവർ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ പുഞ്ചിരി മായാതെ കാക്കാനുള്ള കരുതലിന് തുണയാകും. ഈ വലിയ നന്മയ്ക്ക് നന്ദിസൂചകമായി ക്രിസ്റ്റീനയുടെയും എബിന്റെയും പപ്പയുടെ ഓർമ്മദിനത്തിൽ ഇരുവരുടെയും വിദ്യാലയം ആ കല്ലറയിൽ പുഷ്പവൃഷ്ടി നടത്തും.

To advertise here,

അഞ്ചുവർഷം മുൻപ്‌ അകാലത്തിൽ വിടപറഞ്ഞ കണ്ണൂർ പയ്യന്നൂർ അരിയിൽ മനയത്ത്മാരിയിൽ എം.പി വിജേഷിന്റെ മക്കളാണ് എബിനും ക്രിസ്റ്റീനയും. ലോറി െെഡ്രവറായ വിജേഷ് കരളിന് അർബുദം ബാധിച്ചാണ് മരിച്ചത്. വിജേഷിന്റെ മരണത്തോടെ അമ്മ റിൻസിയുടെ നാടായ മുറന്പാത്തിയിലേക്കുവന്നു. കൂലിപ്പണി ചെയ്താണ് റിൻസി ഇരുവരെയും വളർത്തുന്നത്. പുലിക്കയത്തുള്ള ‌കൊച്ചുവാടകവീട്ടിലാണ് താമസം. കോടഞ്ചേരി സെയ്ന്റ് ജോസഫ്‌സ് ഹൈസ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാർഥിനിയാണ് ക്രിസ്റ്റീന. എബിൻ ഏഴാംക്ളാസിലും.

എസ്.എം.എ. ബാധിതരായ കുഞ്ഞുങ്ങൾക്ക് കഴിയുന്ന സഹായംചെയ്യാൻ സ്കൂൾ അധികൃതർ വിദ്യാർഥികളോട് അഭ്യർഥിച്ചിരുന്നു. പിറ്റേന്ന് ക്ലാസിലെത്തിയ എബിൻ അധ്യാപകൻ ജസ്റ്റിന് നേരേ ആ കുടുക്ക നീട്ടി പറഞ്ഞു: ''പപ്പയുടെ കല്ലറയിൽ വെക്കാനുള്ള പൂക്കൾക്കായി ശേഖരിച്ച പണമാണ്. ഇത് അവർക്കു കൊടുക്കണം...'’

സ്കൂൾ അസംബ്ലിയിൽ ഇരുവരെയും അഭിനന്ദിച്ചു. വിജേഷിന്റെ അടുത്ത ഓർമ്മദിനത്തിൽ കല്ലറയിൽ സമർപ്പിക്കാനുള്ള പൂക്കൾ സ്കൂളിന്റെ വകയായിരിക്കുമെന്ന് പ്രധാനാധ്യാപകൻ ബിനു ജോസ് പ്രഖ്യാപിച്ചു. സ്‌കൂൾ മാനേജർ ഫാ. ജോൺ ഒറവുങ്കര ഇരുവരെയും ചേർത്തുപിടിച്ച് അഭിനന്ദിച്ചു. ആകെ രണ്ട് ലക്ഷത്തി നാനൂറ് രൂപയാണ് ചികിത്സാസഹായനിധിയിലേക്ക് ഈ വിദ്യാലയം സംഭാവന ചെയ്തത്.

ഇതിനകം മൊത്തം 14.83 കോടി രൂപയാണ് അക്കൗണ്ടിൽ എത്തിയിരിക്കുന്നത്.