2026 അധ്യയന വര്‍ഷത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ലഖ്‌നൗവിലേക്കുള്ള ഗവേഷണത്തിന്‌ അപേക്ഷ ക്ഷണിച്ചു. മാനേജ്‌മെന്റ് പ്രോഗ്രാമിലേക്കുള്ള ഗവേഷണത്തിനാണ് അവസരം. 27- ാമത്തെ പിഎച്ച്ഡി ബാച്ച് 2026 ജൂണില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

To advertise here,

4.5 വര്‍ഷമാണ് പ്രോഗ്രാമിന്റെ കാലാവധി. പ്രധാന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, അക്കാദമിക് രംഗത്തും കോര്‍പ്പറേറ്റ് മേഖലയിലും പൊതു സ്ഥാപനങ്ങളിലും നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ഗവേഷണ വിദ്യാര്‍ഥികളെ സജ്ജരാക്കുകയും ചെയ്യും.

യോഗ്യത

താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്നാണ് പിഎച്ച്ഡിക്ക് അപേക്ഷിക്കാനുള്ള പ്രാഥമിക യോഗ്യത

  • ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്ക്.
  • എന്‍ജിനീയറിങ് ബിരുദം/നാല് വര്‍ഷത്തെ ബിരുദം, 75 ശതമാനം മാര്‍ക്കോടെ
  • ബികോം ബിരുദത്തോടൊപ്പം സിഎ, ഐസിഡബ്ല്യുഎ, സിഎസ് പോലുള്ള പ്രൊഫഷണല്‍ യോഗ്യതകളില്‍ കുറഞ്ഞത് 55% മാര്‍ക്ക്
  • ഏതെങ്കിലും ഐഐഎമ്മില്‍ നിന്നുള്ള രണ്ട്/മൂന്ന് വര്‍ഷത്തെ ഫുള്‍ടൈം പിജിഡിഎം, 6/10 സിജിപിഎ അല്ലെങ്കില്‍ 60% മാര്‍ക്കോടെ
  • ഐഐഎം ലഖ്നൗവില്‍ നിന്നുള്ള പിജിപി-ഡബ്ല്യുഇ (മുന്‍പ് ഡബ്ല്യുഎംപി) കുറഞ്ഞത് 6 സിജിപിഎയോടെ

എല്ലാ അപേക്ഷകരും പത്താം ക്ലാസ് മുതലുള്ള എല്ലാ പൊതുപരീക്ഷകളിലും കുറഞ്ഞത് 55% മാര്‍ക്ക് നേടിയിരിക്കണം.

2026 ജൂണ്‍ 30-ന് അപേക്ഷകര്‍ക്ക് 55 വയസ്സ് കവിയരുത്.

പ്രവേശന നടപടികള്‍

താഴെ പറയുന്ന പരീക്ഷകളിലൊന്നിന്റെ സാധുവായ സ്‌കോറുകളെ അടിസ്ഥാനമാക്കിയായിരിക്കും ചുരുക്കപ്പട്ടിക തയ്യാറാക്കുക. സിഎടി, ജിഎടിഇ, ജിആര്‍ഇ, അല്ലെങ്കില്‍ ജെആര്‍എഫ്/എസ്ആര്‍എഫ്/ (യുജിസി/ സിഎസ്‌ഐആര്‍/ ഐസിഎആര്‍) എന്നിവ ഉള്‍പ്പെടും. 2024 ജനുവരി ഒന്നിനോ ഏതിനു ശേഷമോ നേടിയ സ്‌കോറുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

ഐഐഎമ്മുകളില്‍ നിന്ന് പിജിഡിഎം/ പിജി-ഡബ്ല്യുഇ ബിരുദം നേടിയവരെ മുകളില്‍ നല്‍കിയ ടെസ്റ്റ് സ്‌കോറുകള്‍ സമര്‍പ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിദേശത്തുള്ള പൗരന്മാര്‍ക്കും പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നേടിയ ജിമാറ്റ്/ ജിആര്‍ഇ സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പരിഗണിക്കുക.

ട്യൂഷന്‍ ഫീസിലുള്ള ഇളവ്, ഫെല്ലോഷിപ്പ്, ദേശീയ അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നതിനുള്ള ഗ്രാന്റുകള്‍, കമ്പ്യൂട്ടര്‍ ഗ്രാന്റ്, കുടുംബാരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ലഭിക്കും. എന്‍ആര്‍ഐ അഥവാ വിദേശത്തുള്ള പൗരന്മാര്‍ എന്നിവര്‍ ട്യൂഷന്‍ ഫീസ് ഉള്‍പ്പടെ എല്ലാ ചെലവുകളും സ്വയം വഹിക്കണം.

അപേക്ഷാ ഫീസ്

ജനറല്‍- 1000/-

എസ്‌സി/എസ്ടി- 500/-

ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 16 ആണ്.