ഇന്ത്യയിലെ അതിവേഗം വളരുന്ന ഡിജിറ്റല്‍ വിജ്ഞാനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ പുതിയ പങ്കാളിത്ത പദ്ധതികള്‍ ആരംഭിച്ച് യുട്യൂബ്. ഇതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കാനും നിര്‍മ്മിതബുദ്ധി അധിഷ്ഠിതമായ വിവിധ ടൂളുകള്‍ ഉള്‍പ്പെടുത്താനും യുട്യൂബ് പ്രഖ്യാപിച്ചു. യുട്യൂബ് ഇംപാക്ട് സമ്മിറ്റിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

To advertise here,

പുതുതായി പ്രചാരം നേടുന്ന തൊഴില്‍ മേഖലകളില്‍ യുവാക്കള്‍ക്ക് കരിയര്‍ കെട്ടിപ്പടുക്കാനും ക്രിയേറ്റര്‍മാരെ പിന്തുണയ്ക്കാനും വിശ്വസനീയമായ ആരോഗ്യ വിവരങ്ങളുടെ വ്യാപനം ഉറപ്പാക്കാനും വേണ്ടിയാണ് ഈ സംരംഭങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു.

2023- ല്‍ ഇന്ത്യയുടെ ജിഡിപിയിലേക്ക് 16,000 കോടിയിലധികം രൂപ യുട്യൂബ് സംഭാവന ചെയ്തിട്ടുണ്ട്. ഇത് കൂടാതെ 9.3 ലക്ഷത്തിലധികം മുഴുവന്‍സമയ ജോലിക്ക് തുല്യമായ വരുമാനവും നേടിക്കൊടുത്തു എന്നും പറയുന്നുണ്ട്‌. സാമ്പത്തിക രംഗത്ത്  യുട്യൂബിന്റെ സ്വാധീനത്തെക്കുറിച്ച് ഓക്സ്ഫോഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

യുട്യൂബ് എന്ന പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ച അതുമായി ബന്ധപ്പെട്ട ഉപജീവനമാര്‍ഗ്ഗങ്ങളുമായി മുന്നോട്ട് പോകുന്നവരുടെ ജീവിതവുമായി അടുത്ത് കിടക്കുന്നതായി യുട്യൂബ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഗുഞ്ജന്‍ സോണി പറഞ്ഞു.തങ്ങളുടെ സ്വാധീനം കാഴ്ചക്കാരെ കൂട്ടുക എന്നതിലല്ല മറിച്ച് യുട്യൂബിലൂടെ പങ്ക് വെക്കുന്ന സാമ്പത്തിക പുരോഗതിയും ഇതിന്റെ ഭാഗമാണ്. യുട്യൂബിലെ 63 ശതമാനം ക്രിയേറ്റര്‍മാരും യുട്യൂബാണ് തങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ്‌ എന്ന് പറയുന്നു. ഈ അടിത്തറയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക, സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, പുതിയ എഐ ടൂളുകള്‍ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം എന്നും സോണി കൂട്ടിച്ചേര്‍ത്തു.

ആനിമേഷന്‍, ഗെയിമിങ്, വിഷ്വല്‍ എഫക്ട്‌സ്, അനുബന്ധ മേഖലകളില്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിന് പുതുതായി രൂപീകരിച്ച

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോള്ജിയുമായിട്ടാണ് (IICT) യൂട്യൂബ് സഹകരിക്കുക. വ്യാവസായിക അധിഷ്ഠിതമായ ശില്‍പശാലകള്‍, പരീക്ഷണാത്മക പ്രോജക്റ്റുകള്‍ക്കായി 'ക്രിയേറ്റ് വിത്ത് എഐ' ഫണ്ടിംഗ് പ്രോഗ്രാം, IICT-യുടെ ഔദ്യോഗിക യുട്യൂബ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനുള്ള പിന്തുണ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ ക്രിയേറ്റീവ് മേഖലയ്ക്ക് ഉണര്‍വ് പകരുന്ന രീതിയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നതാണ് ഈ സഹകരണം എന്ന് ഐഐസിടി സിഇഒ വിശ്വാസ് ഡിയോസ്‌കര്‍ പറഞ്ഞു. യുട്യൂബില്‍ കഥകള്‍ പറയുന്ന രീതിയെ പുനഃനിര്‍വചിക്കാന്‍ എഐ ടൂളുകളെ രൂപകല്‍പ്പന ചെയ്യുകയാണെന്നും ഇത്  ആഗോളതലത്തിലുണ്ടാകുന്ന മത്സരങ്ങളെ അഭിമുഖീകരിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയിംസിലെ കോളേജ് ഓഫ് നഴ്‌സിങുമായി ചേര്‍ന്ന് പ്രത്യേക നഴ്‌സിങ് കോഴ്‌സുകള്‍ യുട്യൂബില്‍ ലഭ്യമാക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അയ്യായിരത്തിലധികം വീഡിയോകള്‍ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇതിലൂടെ ലഭ്യമാകും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഇത്തരം ഇടപെടലുകള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലെ നിര്‍ണായകമായ വിടവുകള്‍ നികത്തുന്നതിന് സഹായിക്കുമെന്ന് എയിംസ് കോളേജ് ഓഫ് നഴ്‌സിങ് പ്രിന്‍സിപ്പല്‍ ഡോ. ലത വെങ്കിടേശന്‍ പറഞ്ഞു.

അന്വേഷണം, സുരക്ഷ, ക്രിയേറ്റീവ് വര്‍ക്ക്ഫ്‌ലോസ് എന്നിവയ്ക്കായുള്ള പുതിയ എഐ ടൂളുകള്‍

യുട്യൂബില്‍ വീഡിയോ കാണുമ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കാനും തല്‍ക്ഷണം ഉത്തരം ലഭിക്കാനും കാഴ്ചക്കാരെ അനുവദിക്കുന്ന കോണ്‍വര്‍സേഷണല്‍ എഐ ടൂളാണ് പ്രഖ്യാപനത്തിലെ പ്രധാന ആകര്‍ഷണം. നിലവില്‍ ഈ ഫീച്ചര്‍ ഇംഗ്ലീഷിലാണ് ലഭിക്കുന്നതെങ്കിലും അടുത്ത് തന്നെ ഹിന്ദിയിലും ലഭ്യമാക്കുമെന്ന് കരുതുന്നു.

ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടി 'എഡിറ്റ് വിത്ത് എഐ' എന്ന ടൂള്‍ കൂടി യുട്യൂബില്‍ ലഭ്യമാണ്. യുട്യൂബില്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന വീഡിയോയുടെ ആദ്യ ഘട്ടത്തിലുള്ള എഡിറ്റിങ് നടത്താന്‍ ഇത് സഹായിക്കും. യുട്യൂബില്‍ പ്രചരിക്കുന്ന മറ്റേതെങ്കിലും വീഡിയോയില്‍ എഐയുടെ സഹായത്തോടെ തങ്ങളുടെ മുഖം ഉപയോഗിക്കുന്നുണ്ടോ എന്ന് ക്രിയേറ്റര്‍മാര്‍ക്ക് അറിയാന്‍ വേണ്ടി 'ലൈക്ക്‌നെസ് ഡിറ്റക്ഷന്‍’ എന്ന സാങ്കേതിക വിദ്യയും പ്ലാറ്റ്‌ഫോം വികസിപ്പിച്ചുണ്ട്.

സുരക്ഷിതമായ സ്‌ക്രീന്‍ ശീലങ്ങള്‍ ആളുകള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കാന്‍ യുട്യൂബ് ഷോര്‍ട്‌സ് സക്രോള്‍ ചെയ്യുന്നതില്‍ നിശ്ചിത പരിധിവെക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫീച്ചര്‍ കൂടി യുട്യൂബ് അവതരിപ്പിക്കുന്നുണ്ട്.