മലപ്പുറം: താമരക്കുഴി പാഞ്ചജന്യം വീടിന്റെ കോലായിലൊരു മേശയുണ്ട്. അതിനു ചുറ്റുമിരുന്ന് അരുൺകുമാറും ഇഷാനയും ശ്രേയയും പഠിക്കുകയാണ്. പരീക്ഷ അടുത്തതോടെ അച്ഛന്റെയും മക്കളുടെയും പഠനത്തിന് ചൂടുകൂടി.

To advertise here,

അത്താണിക്കൽ എംസിടി കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിൽ എൽഎൽബി വിദ്യാർഥിയാണ് സി.എ. അരുൺകുമാർ. പ്ലസ് ടു കഴിഞ്ഞതോടെ പഠനം മുടങ്ങി. പിന്നീട് രണ്ടുപതിറ്റാണ്ടിന് ശേഷമാണ് മുഴുവൻ സമയ നിയമപഠനത്തിന് ചേർന്നത്. അവസാന സെമസ്റ്റർ പരീക്ഷ 15-നാണ് തുടങ്ങുക.

മകൾ ഇഷാന പാർവതി ഈവർഷം എസ്എസ്എൽസി പരീക്ഷയെഴുതാനുള്ള ഒരുക്കത്തിലാണ്. മലപ്പുറം സെയ്ന്റ് ജമ്മാസ് സ്കൂളിലാണ് പഠിക്കുന്നത്. അച്ഛനേക്കാൾ ഉയർന്ന വിജയശതമാനം നേടണമെന്നാണ് ഇഷാനയുടെ ആഗ്രഹം. ശ്രേയ പാർവതിയും ഇതേ സ്കൂളിൽ ഏഴാം ക്ലാസ്സിലാണ്. അരുണിന്റെ ഭാര്യ രാജേശ്വരി കുസാറ്റിൽ ഗവേഷകയാണ്.

വൈകിയാണ് പഠിക്കാൻ മോഹമുദിച്ചതെങ്കിലും കോളേജിലെത്തിയതോടെ അരുൺ കൂടുതൽ ഉണർന്നു. നല്ല ഷട്ടിൽ പ്ലെയറായ അദ്ദേഹം തുടർച്ചയായി മൂന്നുവർഷം കോളേജിലെ സിങ്കിൾസ്, ഡബിൾസ് ചാമ്പ്യനാണ്. യൂത്ത് കോൺഗ്രസ്സിലൂടെ പൊതുരംഗത്തും സജീവമാണ്. മോഹിനിയാട്ടത്തിലും മറ്റുമായി കലാമണ്ഡലം ഹൈമാവതിയുമായിച്ചേർന്ന് കുട്ടികൾക്കായി നിരവധി ശില്പശാലകൾ നടത്തി. ഇപ്പോൾ എൽഎൽബി പ്രവേശനപ്പരീക്ഷാ പരിശീലനവുമുണ്ട്.

പല കാരണങ്ങൾകൊണ്ട് പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നവരോട് അരുൺകുമാറിന് ഒന്നേ പറയാനുള്ളൂ: ‘നിശ്ചയദാർഢ്യമുണ്ടെങ്കിൽ നഷ്ടസ്വപ്നങ്ങളെല്ലാം തിരിച്ചുപിടിക്കാം’.