രാജസ്ഥാനിലെ ഭാൻഗഢിൽ ഒരു പുരാതന കോട്ടയുണ്ട്. പ്രേതങ്ങൾ വാഴുന്ന കോട്ട എന്ന് പേരുകേട്ട ആ കോട്ടയിൽ രാത്രിയിൽ സന്ദർശകരെ അനുവദിക്കാറില്ല.

To advertise here,

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആ കോട്ടയ്ക്ക് മുന്നിൽ ഒരു സൈൻബോർഡ് വെച്ചിട്ടുണ്ട്. 'സൂര്യാസ്തമനത്തിനുശേഷം കോട്ടയിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു' എന്നാണത്.

രാത്രിയിൽ കോട്ടയിൽ കയറിയവരെല്ലാം ഭയന്ന് പുറത്തേക്കോടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രേതങ്ങളുടെ ശല്യം നിമിത്തം നാട്ടുകാർ ടൗണിലേക്ക് താമസംമാറ്റുകപോലുമുണ്ടായി!

എന്താണാ കോട്ടയിലെ ഭയാനകതയുടെ രഹസ്യം?

കഥകൾ പലതുണ്ട്. വിശുദ്ധ സന്യാസിയായിരുന്ന ബാബാ ബൽനാഥ് അവിടെ നഗരം പണിയാൻ അനുമതി കൊടുത്തപ്പോൾ ഒരു നിബന്ധന വെച്ചു. തന്റെ ഭവനത്തെക്കാൾ വലിയ വീട് ആരും പണിയരുത്. മറ്റു ഗൃഹങ്ങളുടെ നിഴൽ തന്റെ ഭവനത്തിനുമേൽ പതിക്കരുത്. അതായിരുന്നു നിബന്ധന. പക്ഷേ, രാജകുമാരൻ അത് ലംഘിച്ചു. കോപാകുലനായ ബാബ നഗരത്തെ ശപിച്ചു എന്നാണ് കഥ.

ഒരു മാന്ത്രികനുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കഥ. മഹാമാന്ത്രികനായ സിംഖ്യയ്ക്ക് രാജകുമാരിയോട് ഇഷ്ടം തോന്നി. മാന്ത്രികവിദ്യ പ്രയോഗിച്ച് കുമാരിയുടെ ഇഷ്ടം സമ്പാദിക്കാൻ ശ്രമിച്ചു. പക്ഷേ, രാജകുമാരി രത്നാവതി മാന്ത്രികനെ പരിഹസിച്ചു. കുപിതനായ മാന്ത്രികൻ കുമാരിയുടെ കോട്ടയെ ശപിച്ചു എന്നാണ് ആ കഥ.

മാന്ത്രികന്റെയും രാജകുമാരിയുടെയും പ്രേതങ്ങൾ കോട്ടയിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു കാര്യം സത്യമാണ്. രാത്രി കോട്ടയിലെത്തിയ പലർക്കും വിചിത്രാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.