പശ്ചിമ ബംഗാൾ: ബിജെപിയുടെ ആദ്യരൂപമായിരുന്ന ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ ജീവിതവും സംഭാവനകളും പാഠപുസ്തക സിലബസ്സിൽ ഉൾപ്പെടുത്താനൊരുങ്ങി പശ്ചിമ ബംഗാൾ ഗവൺമെന്റ്. രാജ്യത്തിന്റെ ചരിത്രത്തിൽ നിർണായക സംഭാവന നൽകിയ വ്യക്തിത്വങ്ങളെ സിലബസിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സിംഗൂരിലെ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തെ കുറിച്ചുള്ള പാഠഭാഗങ്ങൾ പൂർണമായും സിലബസിൽ നിന്നും ഒഴിവാക്കും.

To advertise here,

എട്ടാം ക്ലാസിലെ സിലബസിന്റെ ഭാഗമായിരുന്ന സിംഗൂർ പ്രക്ഷോഭത്തെക്കുറിച്ചുള്ള അധ്യായം ഒഴിവാക്കാനും മുൻ ടി.എം.സി സർക്കാരിന്റെ പ്രമുഖ പദ്ധതിയായ 'കന്യാശ്രീ'യെക്കുറിച്ചുള്ള അധ്യായം ആറാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യാനും സിലബസ് പരിഷ്ക്കരണ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വ്യക്തമായ സിലബസോടെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ഒരു സ്ട്രക്ചേർഡ് വിഷയമായി അവതരിപ്പിക്കും. കൂടാതെ, 7, 8 ക്ലാസുകളിൽ മൂന്നാം ഭാഷാ പാഠപുസ്തകങ്ങളും പരിചയപ്പെടുത്തും.

എല്ലാ പുസ്തകങ്ങളുടെ തുടക്കത്തിലും വന്ദേ മാതരം അച്ചടിച്ച് ചേർക്കാനും ടെക്സ്റ്റ് ബുക്ക് പേപ്പറിന്റെ ഗുണനിലവാരം ഉയർത്താനും തീരുമാനിച്ചതായി പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ദീപക് ബർമ്മൻ അറിയിച്ചു. ഒമ്പതാം ക്ലാസ് വരെയുള്ള തോൽപ്പിക്കാതിരിക്കൽ നയം നിർത്തലാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും, ഉടൻ തന്നെ ഒരു തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ അധ്യാപകരെ ജനസംഖ്യാ കണക്കെടുപ്പ്ജോലികൾക്കായി നിയോഗിക്കേണ്ടി വരുന്നതിനാൽ 2027-ലെ പത്താം ക്ലാസ്സ്, ഹയർ സെക്കൻഡറി പരീക്ഷകളുടെ സമയക്രമം മാറ്റുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ഫെബ്രുവരി 15 മുതൽ 25 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാർച്ച് 2 മുതൽ 16 വരെ നടത്താനാണ് വെസ്റ്റ് ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 16-ന് ശേഷം നടത്തുമെന്നാണ് കരുതുന്നത്. പരീക്ഷകളുടെ പുതുക്കിയ തീയതികൾ അടുത്ത ആഴ്ചയോടെ പ്രഖ്യാപിക്കുമെന്നും ബർമൻ പറഞ്ഞു.