കൊച്ചി: 2026-ൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഗവേഷണത്തിന് പ്രവേശനം നേടിയ എല്ലാ വിദ്യാർഥികൾക്കും ഫെലോഷിപ്പ് അനുവദിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. സർക്കാർ നിർദേശപ്രകാരം പുനഃസംഘടിപ്പിച്ച സിൻഡിക്കേറ്റിന്റെ ആദ്യ യോഗത്തിലാണ് സുപ്രധാന തീരുമാനം.

To advertise here,

ഗവേഷകർക്കുള്ള ഫെലോഷിപ്പ് തുകയും വർധിപ്പിച്ചു. ജൂനിയർ റിസർച്ച് ഫെലോമാരുടെ (ജെ.ആർ.എഫ്) ഫെലോഷിപ്പ് പ്രതിമാസം 20,000 രൂപയിൽനിന്ന് 22,000 രൂപയായും സീനിയർ റിസർച്ച് ഫെലോമാരുടെ (എസ്‌.ആർ.എഫ്‌.) ഫെലോഷിപ്പ് 22,000 രൂപയിൽനിന്ന് 24,000 രൂപയുമായാണ് ഉയർത്തിയത്.

സർവകലാശാലയുടെ തുടർവികസനത്തിനായി സമഗ്രമായ വികസന നയരേഖ തയ്യാറാക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. അക്കാദമിക, അടിസ്ഥാനസൗകര്യം, ബൗദ്ധിക വികസനസാധ്യതകൾ ഉൾക്കൊള്ളുന്നതായിരിക്കും നയരേഖ. തുടർവികസനപ്രവർത്തനങ്ങൾ ഈ നയരേഖയുടെ അടിസ്ഥാനത്തിൽ ആസൂത്രണംചെയ്ത് നടപ്പാക്കും. സർവകലാശാലയുടെ നിലവിലെ സ്ഥിതിസംബന്ധിച്ച് ധവളപത്രം പുറത്തിറക്കും. സാമ്പത്തിക, അക്കാദമിക സാഹചര്യങ്ങൾ ഉൾപ്പെടെ നിലവിലെ സ്ഥിതിയുടെ സമഗ്രമായ വിലയിരുത്തൽ ധവളപത്രത്തിൽ ഉൾപ്പെടുത്തും. സിൻഡിക്കേറ്റ് ഉപസമിതികളും പുനഃസംഘടിപ്പിച്ചു.