ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടിങ്, കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാ ആനുപാതികമായി സ്‌കോളർഷിപ്പ് നൽകുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

To advertise here,

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ മതവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാർസി എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് അവസരം.

ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് അപേക്ഷിക്കാം. ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ. അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എ.പി.എൽ. വിഭാഗത്തെ പരിഗണിക്കും. മെറിറ്റിന്റെയും കുടുംബ വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ബി.പി.എൽ. വിഭാഗക്കാർ നിർബന്ധമായും റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം.

ഇന്റർമീഡിയറ്റ് കോഴ്‌സിന് പഠിക്കുന്നവർ ഫൗണ്ടേഷൻ അല്ലെങ്കിൽ ബിരുദത്തിന് 60 ശതമാനം മാർക്ക് നേടിയവരായിരിക്കണം. അവസാനവർഷ വിദ്യാർഥികൾ ഇന്റർമീഡിയറ്റ് പാസായവരായിരിക്കണം. 15,000 രൂപയാണ് ഒറ്റത്തവണ സ്‌കോളർഷിപ്പ്. മുൻവർഷങ്ങളിൽ വകുപ്പിൽനിന്നും ഈ സ്‌കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.

കുടുംബ വാർഷികവരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്/കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം. www.mwdscholarship.kerala.gov.in-ലെ സ്‌കോളർഷിപ്പ് ലിങ്ക് മുഖേന അപേക്ഷിക്കാം. അവസാനതീയതി നവംബർ 25.

ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്‌ലോഡ്‌ ചെയ്ത് പ്രിന്റൗട്ടും അനുബന്ധരേഖകളും നവംബർ 30-നുള്ളിൽ വകുപ്പിലേക്ക് നേരിട്ടോ/തപാൽ മാർഗമോ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2300523, 0471-2300524.