ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുടെയും പരീക്ഷ റദ്ദാക്കലിന്റെയും പശ്ചാത്തലത്തിൽ, എൻ.ടി.എയുടെ ഘടനയിലും പരീക്ഷാരീതിയിലും വ്യാപകമായ മാറ്റങ്ങൾ നിർദ്ദേശിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചു പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി. പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി പാർലമെന്റിനോട് നേരിട്ട് ഉത്തരവാദിത്തമുള്ള സ്ഥാപനമായി എൻ.ടി.എയെ മാറ്റാൻ പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന് സമിതി ശുപാർശ ചെയ്തു.
സിവിൽ സർവീസ് മാതൃകയിൽ നീറ്റ് പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന കാര്യം എൻ.ടി.എ പരിശോധിക്കണമെന്നാണ് പ്രധാന നിർദ്ദേശം. എല്ലാ മെഡിക്കൽ കോഴ്‌സുകൾക്കുമായി പൊതുവായ പ്രിലിമിനറി പരീക്ഷ നടത്തുകയും തുടർന്ന് എം.ബി.ബി.എസ്, ബി.ഡി.എസ്, നഴ്‌സിങ്, ആയുഷ് കോഴ്‌സുകൾക്കായി പ്രത്യേക മെയിൻ പരീക്ഷകൾ സംഘടിപ്പിക്കുകയും ചെയ്യാം. ഇത് വിദ്യാർഥികൾ തമ്മിലുള്ള അനാവശ്യ മത്സരം കുറയ്ക്കാനും കൃത്യമായ യോഗ്യതാ നിർണ്ണയത്തിനും സഹായിക്കും.
യു.ജി.സി-നെറ്റ് ഒഴികെയുള്ള പ്രധാന പ്രവേശന പരീക്ഷകൾക്ക് ന്യായമായ പ്രായപരിധിയും അവസര പരിധിയും നിശ്ചയിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടു.
പേപ്പർ ചോർച്ച തടയുന്നതിന്റെ ഭാഗമായി നിലവിലെ പേപ്പർ-പേന രീതി അവസാനിപ്പിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറണം. സ്വകാര്യ സെന്ററുകളെ ആശ്രയിക്കുന്നത് പൂർണ്ണമായി ഒഴിവാക്കി, പൂർണ്ണ സുരക്ഷയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കണം. കൂടാതെ, ഐ.ഐ.ടി, എയിംസ്, ഐ.ഐ.എം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി നിരന്തരം പുതുക്കുന്ന ചോദ്യശേഖരം എൻ.ടി.എ രൂപീകരിക്കണമെന്നും തട്ടിപ്പുകളിൽ പെടുന്ന ഏജൻസികളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാൻ പ്രത്യേക നാഷണൽ രജിസ്ട്രി തയ്യാറാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
എൻ.ടി.എയിൽ അനുവദിക്കപ്പെട്ട തസ്തികകളിൽ 41 ശതമാനം ഒഴിവുകൾ നിലനിൽക്കുന്നതിലും മുഴുവൻ ജീവനക്കാരും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിലും സമിതി ആശങ്ക പ്രകടിപ്പിച്ചു. ഇതിന് പരിഹാരമായി സൈക്കോമെട്രിക്‌സ്, പരീക്ഷാ സുരക്ഷ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയിൽ വിദഗ്ധരായ സ്വന്തം ജീവനക്കാരെ സ്ഥിരമായി നിയമിക്കണമെന്ന് സമിതി നിർദ്ദേശിച്ചു. വൈകിയെത്തുന്ന വിദ്യാർത്ഥികളെ ഉടനടി തിരിച്ചയക്കാതെ, അണ്ടർടേക്കിങ് എഴുതിവാങ്ങി പരീക്ഷ എഴുതിക്കാൻ അനുവദിക്കണമെന്ന നിർദ്ദേശവും സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
Content Highlights: Parliamentary panel recommends making NTA directly accountable to Parliament through special legislation
Published: 10 Oct 2026, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented