തിരുവനന്തപുരം: സർക്കാർ പുതിയതായി അവതരിപ്പിക്കുന്ന സ്വകാര്യ സർവകലാശാലാനിയമത്തിൽ വിദേശ സർവകലാശാല സ്ഥാപിക്കുന്നതിനും വ്യവസ്ഥ. സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്ന ഏജൻസിക്ക് അന്താരാഷ്ട്ര പങ്കാളിയാവാമെന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തുക. ഇതിലൂടെ വിദേശ സർവകലാശാല വരാൻ വഴിയൊരുക്കുമെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്ത് വിദേശ സർവകലാശാലകൾ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിൽ, കേരളത്തിലും അതിന് അവസരമൊരുക്കാമെന്ന നിലപാടിലാണ് സർക്കാർ.

To advertise here,

ഉന്നതവിദ്യാഭ്യാസത്തിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്ന 'നോളജ് വാലി' ലക്ഷ്യമിട്ട്, സ്വകാര്യ-വിദേശ സർവകലാശാലകൾകൂടി ഉൾപ്പെട്ട വൻകിട വിദ്യാഭ്യാസപദ്ധതികളുടെ മേൽനോട്ടത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 'കേരള നോളജ് വാലി വികസന അതോറിറ്റി’യും രൂപവത്കരിക്കും. നിലവിലെ സ്വാശ്രയ കോളേജുകൾക്ക് സ്വകാര്യ സർവകലാശാലയായി മാറാനുള്ള അവസരവും ബില്ലിൽ വ്യവസ്ഥചെയ്യും. 2025 മാർച്ചിൽ എൽ.ഡി.എഫ്. സർക്കാർ പാസാക്കിയ സ്വകാര്യ സർവകലാശാലാ ബിൽ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിയമസഭയിൽ പ്രത്യേകം പ്രമേയത്തിലൂടെ ഈ ബിൽ മടക്കിവാങ്ങി, പുതിയത് കൊണ്ടുവരാനാണ് തീരുമാനം.

കേന്ദ്ര മാർഗരേഖ

ട്രസ്റ്റ്, സൊസൈറ്റി, കമ്പനി, നിയമാനുസൃത ഏജൻസി തുടങ്ങി ഏതുതരത്തിലും നിയമപരമായി വിദേശ സർവകലാശാലകളോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആരംഭിക്കാം. ആഗോള റാങ്കിങ് പട്ടികയിൽ 500 എണ്ണത്തിൽ വരുന്ന സ്ഥാപനങ്ങൾക്ക് രാജ്യത്ത് അനുമതി നൽകാം.

സ്വാശ്രയ കോളേജുകൾ സ്വകാര്യ സർവകലാശാലയാക്കാം

ബില്ലിലെ പ്രധാന മാറ്റങ്ങൾ

പുതിയ ബിൽ

• സർവകലാശാല സ്ഥാപിക്കാൻ 5-10 കോടി രൂപ കെട്ടിവെച്ചാൽമതി.

• നിശ്ചിത ഏക്കർ ഭൂമി വേണമെന്ന വ്യവസ്ഥ ഉണ്ടാവില്ല. നൂറേക്കർ ഭൂമിവരെ കൈവശംവെക്കാനുള്ള നിയന്ത്രണത്തിൽ ഇളവ്. ആദ്യ പത്തുവർഷം സ്റ്റാമ്പ്, രജിസ്‌ട്രേഷൻ നികുതികൾ ഒഴിവാക്കും.

• മലയാളിവിദ്യാർഥികൾക്ക് 25 ശതമാനം സംവരണത്തിന് വ്യവസ്ഥ.

• വിവിധ ഭരണാനുമതികൾക്കായി ഏകജാലകസംവിധാനം.

എൽ.ഡി.എഫ്. ബിൽ

• സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ 25 കോടി രൂപ സർക്കാരിൽ കെട്ടിവെക്കണം

• ചുരുങ്ങിയത് പത്തേക്കർ സ്ഥലം വേണം.

• മലയാളിവിദ്യാർഥികൾക്ക് 40 ശതമാനം സീറ്റുകളിൽ സംവരണം.

• ഭരണസമിതിയിലും മറ്റും സർക്കാർ പ്രതിനിധികൾ