തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾ ഇനി മാർക്ക് ലിസ്റ്റിനും സർട്ടിഫിക്കറ്റിനുംവേണ്ടി കാത്തിരിക്കേണ്ടാ. പരീക്ഷാഫലം പ്രഖ്യാപിക്കുന്ന ദിവസംതന്നെ മാർക്ക് ലിസ്റ്റ് ഡിജിലോക്കറിലെത്തും. പാസായവർക്ക് ഉടൻ പ്രൊവിഷണൽ സർട്ടിഫിക്കറ്റും ആറുമാസത്തിനുള്ളിൽ സർട്ടിഫിക്കറ്റുകളും ഡൗൺലോഡ് ചെയ്യാം.

To advertise here,

സർവകലാശാലകളിലെ പഠനവിവരങ്ങളെല്ലാം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴിലെ നാഷണൽ അക്കാദമിക് ഡിപ്പോസിറ്ററി (എൻ.എ. ഡി.) യുമായി ബന്ധിപ്പിച്ചാണ് നടപടി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക സർട്ടിഫിക്കറ്റുകൾ ഓൺലൈനായി സംഭരിക്കുന്ന സംവിധാനമാണ് എൻ.എ.ഡി. ഈ സൗകര്യം എല്ലാ സർവകലാശാലകളിലും നിർബന്ധമാക്കാൻ മന്ത്രി റോജി എം. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽയോഗം തീരുമാനിച്ചു. ഇപ്പോഴുള്ള ഫീസ് ഈടാക്കി വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കോളേജുകൾക്ക് ഡിജിലോക്കറിൽ ലഭ്യമാക്കാനാവും. ഇതിനായി വിദ്യാർഥി വിവരങ്ങൾ ഓൺലൈനായി എൻ.എ.ഡി.യിൽ സമർപ്പിക്കണം.

അതതു സർവകലാശാലകളിൽ ചുമതലപ്പെട്ട നോഡൽ ഓഫീസർ പരീക്ഷാഫലം എക്‌സൽ ഷീറ്റിൽ നൽകിയാൽ, ഉടനടി വിദ്യാർഥികളുടെ മൊബൈലിൽ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റുകളുമെത്തും. പദ്ധതി എല്ലാ സർവകലാശാലകളിലും ഈ വർഷം നടപ്പാക്കുമെന്ന് കൗൺസിൽ ഉപാധ്യക്ഷൻ ഡോ. എസ്. അച്യുത് ശങ്കർ പറഞ്ഞു.

ഡിജിലോക്കറിൽ സൂക്ഷിച്ച രേഖകൾ ഔദ്യോഗികമായി ഉപയോഗിക്കാമെന്ന് 2016-ലെ ഐ.ടി. നിയമഭേദഗതിയിൽ വ്യക്തമാക്കിയിരുന്നു.