ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത ചോദ്യപേപ്പർ ചോർച്ച തടയാൻ, പരീക്ഷാദിവസം അവസാന നിമിഷം മാത്രം എ.ഐ. ഉപയോഗിച്ച് ചോദ്യപേപ്പർ നിർമ്മിക്കുന്ന പുതിയ രീതി നിർദ്ദേശിച്ച് കേന്ദ്ര ഉന്നതതല സമിതി അധ്യക്ഷൻ നന്ദൻ നിലേകനി. ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിൽ പരീക്ഷാ സുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് ഇൻഫോസിസ് സഹസ്ഥാപകൻ കൂടിയായ അദ്ദേഹം സമിതിയുടെ സുപ്രധാന നിർദ്ദേശങ്ങൾ വെളിപ്പെടുത്തിയത്.
ചോദ്യപേപ്പർ വിൽക്കുമ്പോഴുള്ള സാമ്പത്തിക ലാഭം ഇല്ലാതാക്കണം
മുൻകൂട്ടി ചോദ്യപേപ്പർ അച്ചടിച്ച് സൂക്ഷിക്കുന്ന രീതിയാണ് ചോർച്ചയ്ക്കും അത് വിറ്റ് ലാഭമുണ്ടാക്കാനുള്ള സാമ്പത്തിക പ്രേരണയ്ക്കും കാരണമാകുന്നതെന്ന് നിലേകനി ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി ക്വസ്റ്റ്യൻ ബാങ്ക് രൂപീകരിക്കുകയും പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രം അതിൽ നിന്ന് എ.ഐ. സഹായത്തോടെ ചോദ്യപേപ്പർ ജനറേറ്റ് ചെയ്യുകയും ചെയ്യുന്ന സംവിധാനം കൊണ്ടുവരണമെന്ന് അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രശ്നത്തിന്റെ വേരിലേക്ക് ഇറങ്ങി പ്രവർത്തിച്ചാൽ പരിഹരിക്കാവുന്ന വിഷയമാണിതെന്നും കൂട്ടിച്ചേർത്തു.
പേനയും പേപ്പറും ഉപേക്ഷിച്ച് സി.ബി.ടി രീതിയിലേക്ക്
അവസാന നിമിഷ ചോദ്യപേപ്പർ തയ്യാറാക്കൽ സാധ്യമാകണമെങ്കിൽ പരമ്പരാഗത പേനയും പേപ്പറും ഉപയോഗിച്ചുള്ള പരീക്ഷാരീതി പൂർണ്ണമായും ഉപേക്ഷിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് (സി.ബി.ടി.) മാറേണ്ടതുണ്ട്. ഏകദേശം 22 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ നീറ്റ്-യു.ജി 2026 ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും സി.ബി.ടി ആക്കി മാറ്റാനുള്ള സാധ്യതകളാണ് സമിതി പരിശോധിച്ച് വരുന്നത്. ഇതിനായി നിലവിലുള്ള ഒന്നര ലക്ഷം പരീക്ഷാ കേന്ദ്രങ്ങളുടെ ശൃംഖല വിപുലീകരിക്കേണ്ടതുണ്ടെന്നും നിലേകനി പറഞ്ഞു.
സ്വകാര്യ കേന്ദ്രങ്ങൾ ഒഴിവാക്കും; പരീക്ഷാകേന്ദ്രങ്ങൾ സർക്കാർ സ്ഥാപനങ്ങളിൽ
സുരക്ഷാ വീഴ്ചകളും ചോർച്ചാ സാധ്യതകളും കണക്കിലെടുത്ത് സ്വകാര്യ സ്ഥാപനങ്ങളെ പരീക്ഷാ കേന്ദ്രങ്ങളാക്കുന്നതിൽ സർക്കാരിന് താല്പര്യമില്ല. പകരം സർക്കാർ സ്ഥാപനങ്ങളിലെ ഐ.ടി. സൗകര്യങ്ങളും ഒഴിവുള്ള സ്ഥലങ്ങളും കണ്ടെത്തി സുരക്ഷിതമായ സി.ബി.ടി കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിന് നാഷണൽ ടെസ്റ്റിങ് ഏജൻസി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ (എ.ഐ.സി.ടി.ഇ.) സഹായം തേടിയിട്ടുണ്ട്.
പരീക്ഷാ പരിഷ്കരണ സമിതിയുടെ പ്രവർത്തനങ്ങൾ
നീറ്റ്-യു.ജി പരീക്ഷാ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതിനും തൊട്ടടുത്ത ദിവസം, ജൂലൈ 26-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആറംഗ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകിയത്. എൻ.ടി.എ.യുടെ പ്രവർത്തനം സാങ്കേതികവിദ്യയിലൂടെ നവീകരിക്കാനും ഘടനാപരമായ മാറ്റങ്ങൾ വരുത്താനുമാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥ്, മുൻ ഐ.ബി ഡയറക്ടർ തപൻ ഡേക്ക, ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്സ് വിദഗ്ദ്ധൻ അമൃത് ലാൽ മീണ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച സമിതി ഇതിനോടകം 18 അംഗയോഗങ്ങളും 40 ആശയവിനിമയ യോഗങ്ങളും പൂർത്തിയാക്കി. കൂടാതെ വിദ്യാർഥികൾ, രക്ഷിതാക്കൾ, ഡോക്ടർമാരുടെ സംഘടനകൾ, എൻ.ആർ.എ, എസ്.എസ്.സി, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങിയ പരീക്ഷാ ബോർഡുകൾ എന്നിവയിൽ നിന്നായി 50,000-ത്തിലധികം നിർദ്ദേശങ്ങളും സമിതി ശേഖരിച്ചിട്ടുണ്ട്.
Content Highlights: Nandan Nilekani proposes last-minute AI-generated question papers to prevent leaks.
Published: 14 Oct 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented