
ലോകത്തെതന്നെ മികച്ച നിലവാരമുള്ള വിദ്യാഭ്യാസവും സമാനതകളില്ലാത്ത അവസരങ്ങളുമുള്ള ഒരു രാജ്യമാണ് അമേരിക്ക. പത്തു ലക്ഷത്തിലധികം വിദേശവിദ്യാർഥികളാണ് അവിടെ പഠിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നാണ്. 2024 ലെ കണക്കനുസരിച്ച് പതിനൊന്നു ലക്ഷം വിദേശവിദ്യാർഥികളാണ് അവിടെ പഠിക്കുന്നത്. സാധാരണഗതിയിൽ വിദേശവിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും പഠനത്തോടൊപ്പവും പഠനത്തിന് ശേഷവും അവിടെ തൊഴിൽ ചെയ്യുകയും ഏറെപ്പേർ സ്ഥിരതാമസമാക്കുകയും പൗരത്വം നേടുകയും ചെയ്യാറുണ്ട്. ഇതെല്ലാം തികച്ചും നിയമവിധേയമായ കാര്യവുമാണ്. അമേരിക്കൻ വിദ്യാഭ്യാസത്തിന്റെ സാങ്കേതിക മികവിനോടൊപ്പം അവിടെ തൊഴിൽ ചെയ്യാനുള്ള സാഹചര്യവും അവസരങ്ങളും കൂടിയാണ് അമേരിക്കയെ വിദേശ വിദ്യാർഥികളുടെ, പ്രത്യേകിച്ചും ഇന്ത്യൻ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആക്കിയത്.
അമേരിക്കൻ കോൺഗ്രസിൽ ഇക്കഴിഞ്ഞ മാർച്ച് 25 ന് അവതരിപ്പിച്ച ഒരു ബിൽ അമേരിക്കയിലുള്ള വിദേശവിദ്യാർഥികളിൽ വലിയ ഉത്കണ്ഠ ഉണ്ടാക്കിയിരിക്കുന്നു. വിദ്യാർഥികൾക്ക് പഠനകാലത്തും അതിന് ശേഷവും യൂണിവേഴ്‌സിറ്റിക്ക് പുറത്ത് തൊഴിൽചെയ്യാനുള്ള അവസരം ഇല്ലാതാക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം. ഇപ്പോൾ അമേരിക്കയിലെത്തുന്ന വിദേശവിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യൻ മാധ്യമങ്ങളാണ് ഈ വാർത്ത വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത്. ഈ ബില്ലിന്റെ പശ്ചാത്തലം, പ്രത്യാഘാതങ്ങൾ, ബിൽ പാസ്സാകാനുള്ള സാധ്യത, അമേരിക്കയിലെ മാറിയ രാഷ്ട്രീയസാഹചര്യങ്ങളിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയാണ് ഈ ലേഖനത്തിലെ ഉള്ളടക്കം.
ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് പ്രോഗ്രാം (OPT)
അമേരിക്കയിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കിന് ഒരു പ്രധാന കാരണമാണ് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് പ്രോഗ്രാം (Optional Practical Training Programme) അഥവാ OPT. F-1 വിസയുള്ള വിദ്യാർഥികൾക്ക് പഠനശേഷം അതാതു മേഖലകളിൽ 12 മാസം പരിശീലനത്തൊഴിലിനായുള്ള അവസരം നൽകുകയാണ് ഈ പ്രോഗ്രാം വഴി ഉദ്ദേശിക്കുന്നത്. STEM വിഷയങ്ങൾ - സയൻസ്, ടെക്നോളജി, എഞ്ചിനീറിയറിങ്, മാത്തമാറ്റിക്സ് - പഠിക്കുന്ന വിദ്യാർഥികൾക്ക് 24 മാസങ്ങൾകൂടി അവസരം നീട്ടിക്കിട്ടും. എന്നാൽ നിലവിൽ കോൺഗ്രസിൽ അവതരിപ്പിച്ച ബിൽ OPT പ്രോഗ്രാം നിർത്തലാക്കാനുള്ള സൂചനയാണ് മുന്നോട്ടുവെക്കുന്നത്. ലഭ്യമായ വിവരങ്ങളനുസരിച്ച് അരിസോണയിൽനിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി റെപ്രെസന്റേറ്റിവായ കോൺഗ്രസ് അംഗം, പോൾ ഗോസാർ ആണ് ഈ ബിൽ അവതരിപ്പിച്ചത്. ‘H.R. 2315: Fairness for High-Skilled Americans Act of 2025’ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ബില്ലിന്റെ ലക്ഷ്യം, ഇമ്മിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ട് ഭേദഗതി ചെയ്ത്, അമേരിക്കയിലെത്തുന്ന വിദ്യാർഥികൾക്ക് പരിശീലനത്തൊഴിൽ ചെയ്യാൻ അവസരം നൽകുന്ന ഓപ്‌ഷണൽ പ്രാക്ടിക്കൽ പ്രോഗ്രാം അവസാനിപ്പിക്കുക എന്നതാണ്. ബില്ലിലെ ഓപ്പറേഷണൽ പാരഗ്രാഫ് താഴെ പറയുന്നതാണ്.
"Employment authorization for aliens no longer engaged in full-time study in the United States
Not withstanding any other provision of law, no alien present in the United States as a nonimmigrant under section 101(a)(15)(F)(i) may be provided employment authorization in the United States pursuant to the Optional Practical Training Program, or any such successor program, without an express Act of Congress authorizing such a program."
വാസ്തവത്തിൽ ഇത്തരമൊരു ബില്ല് വിദേശവിദ്യാർഥികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും എന്നതിൽ തർക്കമില്ല. എന്നാൽ അതിനപ്പുറം ഈ ബിൽ പാസായാൽ അത് അമേരിക്കൻ യൂണിവേഴ്സിറ്റികളുടെയും അമേരിക്കയുടെ തന്നെയും സമ്പത്തികക്ഷമതയുടെ (economic competitiveness) അടിത്തറയിളക്കാൻ പര്യാപ്തമാണ്. കാരണം OPT പ്രോഗ്രാം വിദ്യാർഥികൾക്കും അമേരിക്കയെന്ന രാജ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ്. വിദ്യാർഥികളെ സംബന്ധിച്ച് അക്കാദമിക പഠനവും അതിന്റെ പ്രൊഫെഷണലായ പ്രയോഗവും തമ്മിൽ ബന്ധിപ്പിക്കുന്നത് ഇത്തരം അവസരങ്ങളിലൂടെയാണ്. ഈ പ്രോഗ്രാം അവർ പഠിച്ച അറിവുകൾ യഥാർത്ഥത്തിൽ പ്രയോഗത്തിലാക്കാനും കൂടുതൽ പ്രൊഫഷണൽ ബന്ധങ്ങൾ (network) ഉണ്ടാക്കിയെടുക്കാനും അതുവഴി തൊഴിൽ സാധ്യത കൂട്ടാനും കാരണമാകും. OPT പ്രോഗ്രാം റദ്ദാക്കുന്നത് അമേരിക്കൻ സർവകലാശാലകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് വിദേശവിദ്യാർഥികളെ പിന്തിരിപ്പിക്കും എന്നതിൽ സംശയമില്ല. പഠനശേഷം പ്രായോഗിക പരിശീലനത്തിനുള്ള സാധ്യത ഉറപ്പായും വിദ്യാർഥികളുടെ തീരുമാനങ്ങളെ സ്വാധീനിക്കുമല്ലോ. പ്രത്യേകിച്ചും പഠനശേഷം ജോലിചെയ്യാനുള്ള സാദ്ധ്യതകൾ തുറന്നുകൊടുത്തുകൊണ്ട് കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങി മറ്റുരാജ്യങ്ങൾ ഉള്ളപ്പോൾ. ഇത്തരത്തിൽ വിദ്യാർഥികളുടെ കുറവുണ്ടായാൽ യൂണിവേഴ്സിറ്റികളെ അത് സാരമായി ബാധിക്കും. വിദേശത്തുനിന്നുള്ള വിദ്യാർഥികൾ കൊണ്ടുവരുന്ന ഫീസ് മാത്രമല്ല, അതുമൂലമുണ്ടാകുന്ന വൈവിധ്യം നിറഞ്ഞ പഠനാന്തരീക്ഷം, അക്കാദമികമായ സംഭാവനകൾ, എന്നിവയെല്ലാം സർവകലാശാലകളെ മികച്ചതാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. ഇതെല്ലാം ഇല്ലാതാകുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും. 2023/2024 അധ്യയനവർഷത്തിൽ 1.1 ദശലക്ഷത്തിലധികം വിദേശവിദ്യാർഥികൾ എന്ന റെക്കോർഡ് നേട്ടത്തിന് യു.എസ്. സാക്ഷ്യം വഹിച്ചിരുന്നു. ഈ വിദ്യാർഥികളെല്ലാം അമേരിക്കയിലെ സർവകലാശാലകളെ പുഷ്ടിപ്പെടുത്തുക മാത്രമല്ല അവരുടെ സമ്പദ്‌വ്യവസ്ഥയിലും കാര്യമായ സംഭാവന ചെയ്യുമെന്നതിൽ തർക്കമില്ല.
യു.എസിലെ വിദേശവിദ്യാർഥികളിൽ കൂടുതലും ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, കാനഡ, തായ്‌വാൻ എന്നീ അഞ്ച് രാജ്യങ്ങൾ നിന്നാണ്. ഇരുന്നൂറിൽ പരം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഈ രാജ്യത്തു പഠിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇവരെല്ലാം ചേർന്ന് ബഹുസ്വരതയും വ്യത്യസ്ത കാഴ്ചപ്പാടുകളുമുള്ള അക്കാദമിക ലോകമാണ് അവിടെ സൃഷ്ടിക്കുന്നത്. വിദ്യാർഥികൾ വരാതായാൽ ട്യൂഷൻ ഫീസ് ഇനത്തിൽ ലഭിക്കുന്ന വരുമാനം ഗണ്യമായും കുറയുമെന്ന് മാത്രമല്ല, ഇത് പല യൂണിവേഴ്സിറ്റികളുടെയും റീസേർച്ച് ഫണ്ടിങ്ങിനെയും അമേരിക്കൻ വിദ്യാർഥികൾക്ക് തന്നെ നൽകിവരുന്ന സ്കോളർഷിപ്പ് സഹായങ്ങളെയും ബാധിക്കുകയും ചെയ്തേക്കാം. കൂടാതെ യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ര നിലവാരത്തിലും കുത്തനെയുള്ള ഇടിവുണ്ടാക്കും.
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ടാലെൻറ് പൂളിൽ ഒരു പ്രധാന ഘടകമാണ് വിദേശവിദ്യാർഥികൾ. പ്രത്യേകിച്ചും STEM വിഷയങ്ങളിൽ പ്രാവീണ്യമുള്ളവർ. ഇത്തരം വിദ്യാർഥികൾ അവരുടെ ഗവേഷണങ്ങളിലും വ്യവസായ മേഖലയിലുമെല്ലാം വലിയ സംഭാവനയാണ് നൽകിവരുന്നത്. പലരും പിന്നീട് അവരവരുടെ മേഖലകളിൽ പുതിയ കണ്ടുപിടുത്തങ്ങളുമായി മുന്നോട്ടുവന്നവരും (innovators) സംരംഭകരുമായി മാറുന്നു. ശ്രദ്ധേയമായ കാര്യം, ഫോർച്യൂൺ 500 ലിസ്റ്റിലുള്ള അനേകം കമ്പനികളുടെ സ്ഥാപകരോ നിലവിലുള്ള ലീഡർമാരോ ഇത്തരത്തിൽ അമേരിക്കയിലെത്തിയ വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് എന്നതാണ്. കണക്കുകൾ സൂചിപ്പിക്കുന്നത്, പഠനശേഷം അമേരിക്കയിൽ തുടരുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും ബിരുദാനന്തര ബിരുദ വിദ്യാർഥികളും ഗവേഷകരുമാണ് എന്നാണ്. OPT പ്രോഗ്രാമിലൂടെ ഇത്തരം വിദ്യാർഥികൾക്ക് തൊഴിൽ പരിചയം നേടുന്നതിനുള്ള വിലപ്പെട്ട അവസരം നൽകുന്നതോടൊപ്പം H-1B വിസ സ്പോൺസർഷിപ്പിലേക്കും സ്ഥിരതാമസത്തിലേക്കും നയിച്ചേക്കാം. എന്നാലിത് ഒഴിവാക്കുന്നതോടെ കഴിവുള്ള നിരവധി ബിരുദധാരികൾ യു.എസ് വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകുവാനും അവരുടെ കഴിവുകൾ ആ നാടുകളിലെ വികസനത്തിനായി ഉപയോഗിക്കുവാനും നിർബന്ധിതരാകുകയും ചെയ്യും. അതുവഴി യു.എസ്സിന് എല്ലാ മേഖലകളിലും കടുത്ത മത്സരം നേരിടേണ്ടിവരികയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ OPT, വിദ്യാർഥികൾക്കുള്ള ഒരു വർക്ക് പെർമിറ്റ് മാത്രമല്ല, അതവരുടെ അക്കാദമികവും പ്രൊഫഷണലുമായ വികസനത്തിന് അനിവാര്യമായ ഒന്നുകൂടിയാണ്. ഒപ്പം അമേരിക്കൻ സർവകലാശാലകളുടെ ബഹുസ്വരതക്കും സാമ്പത്തിക സ്ഥിരതയ്ക്കും രാജ്യത്തിൻറെ പുരോഗതിക്കും ഒരു സുപ്രധാന ഘടകവുമാണ്.
ഇതൊക്കെ ശരിയാണെങ്കിലും ഇന്നത്തെ അമേരിക്കൻ രാഷ്ട്രീയ അന്തരീക്ഷം വളരെ വ്യത്യസ്തമാണ്. റാഡിക്കലായ പല തീരുമാനങ്ങളും അതിവേഗത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. വരുംവരായ്കകൾ ഒക്കെ പിന്നീടാണ് പരിഗണിക്കുന്നത്. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന ബിൽ നിലവിലെ ഭരണത്തിൽ നിയമമാകാനുള്ള സാധ്യതയില്ല എന്ന് കരുതാം. ഇതിന്റെ പ്രധാനകാരണം അനധികൃത കുടിയേറ്റങ്ങളോട് പൊതുവെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കൈക്കൊള്ളുന്നതെങ്കിലും, അമേരിക്കയിലെത്തുന്ന മിടുക്കരായ വിദേശവിദ്യാർഥികൾക്ക് അദ്ദേഹം പലപ്പോഴും പിന്തുണ അറിയിച്ചിട്ടുണ്ട്. അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ മിടുക്കരായ വ്യക്തികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുന്നതിൽ അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. 2024 ജൂണിൽ നൽകിയ ഒരഭിമുഖത്തിൽ (ഓൾ-ഇൻ പോഡ്‌കാസ്റ്റിൽ) പ്രസിഡന്റ് ട്രംപ് താൻ തിരഞ്ഞെടുക്കപ്പെട്ടാൽ, യു.എസ് കോളേജുകളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ വിദേശവിദ്യാർഥികൾക്ക് ഗ്രീൻ കാർഡുകൾ നൽകാനുള്ള തന്റെ ഉദ്ദേശത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഈ വിദ്യാർഥികൾ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയി ആ നാടുകളിൽ വിജയകരമായി കമ്പനികളും വ്യവസായങ്ങളും സ്ഥാപിച്ചാൽ നഷ്ടം യു.എസ്സിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പ്രൊപ്പോസ് ചെയ്തിരിക്കുന്ന ബിൽ നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വെബ്‌സൈറ്റിലും (https://www.govtrack.us/congress/bills/119/hr2315) ഇത് പാസാകാനുള്ള സാധ്യത വെറും 1% ൽ താഴെയാണ് നൽകിയിരിക്കുന്നത്.
ഈ ബിൽ നിയമമാകാനും വിദ്യാർഥികൾ പഠനശേഷം ജോലി ചെയ്യാതെ തിരിച്ചുപോരേണ്ടി വരുന്ന സാഹചര്യമുണ്ടാകാനുമുള്ള സാധ്യത തുലോം കുറവാണെങ്കിലും ഇപ്പോഴത്തെ അമേരിക്കയിലെ രാഷ്ട്രീയ - സുരക്ഷാ സാഹചര്യങ്ങളെ അമേരിക്കയിലുള്ള വിദ്യാർഥികളും അവിടേക്ക് പോകാൻ ആഗ്രഹിക്കുന്നവരും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടതുണ്ട്. അമേരിക്കയുൾപ്പെടെ വിദേശത്തു പഠിക്കാൻ പോകുന്നവർ മാറിയ ലോകത്തെക്കുറിച്ച് തീർച്ചയായും ബോധ്യമുള്ളവരായിരിക്കണം. ഇന്നത്തെ ലോകം ഡിജിറ്റലി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. കുടിയേറ്റങ്ങളുടെയും അന്താരാഷ്ട്രതലത്തിലുള്ള വിദ്യാഭ്യാസം, കരിയർ, എന്നിവയുടെയും പശ്ചാത്തലത്തിൽ ഇൻറർനെറ്റിൽ, പ്രത്യേകിച്ചും സാമൂഹ്യ മാധ്യമങ്ങളിലുള്ള അഭിപ്രായ പ്രകടനങ്ങളും അതുണ്ടാക്കുന്ന ഡിജിറ്റൽ ഫുട്പ്രിന്റുകളും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ പോന്നവയാണ്. അതുപോലെതന്നെ വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലെത്തുന്നവർ ദേശീയമോ അന്തർദേശീയമോ ആയ വിഷയങ്ങളിലുള്ള സമരങ്ങളിലും മറ്റും പങ്കെടുക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നതും ശ്രദ്ധിക്കപ്പെടും. അവരിൽ ചിലരെങ്കിലും അറസ്റ്റ് ചെയ്യപ്പെടുകയും ചിലർക്കെങ്കിലും സ്വമേധയാ നാടുവിടേണ്ടിയും വരുന്നു. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റികൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കുകയുമില്ല.
ചരിത്രപരമായി നോക്കിയാൽ ലോകത്തെമ്പാടും ജനാധിപത്യരാജ്യങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു (free speech) വലിയ പിന്തുണയാണ് നൽകിവന്നിരുന്നത്. ഇത്തരത്തിൽ അഭിപ്രായ സ്വാതന്ത്ര്യങ്ങളിലുണ്ടാകുന്ന കടന്നുകയറ്റം ശരിയാണോ എന്ന ചോദ്യം വിദ്യാർഥികളിൽ ഉണ്ടാകും, സ്വാഭാവികവുമാണ്. ഈ വിഷയത്തിൽ പ്രസിഡന്റ് ബരാക്ക് ഒബാമ ഈയടുത്തിടെ ഹാമിൽട്ടൺ കോളേജിൽ നൽകിയ ഒരു പ്രഭാഷണത്തിലെ ഉള്ളടക്കം ശ്രദ്ധിക്കേണ്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള അവകാശങ്ങൾ വെറുതെ കൈവന്നതല്ല. അതിനുവേണ്ടി നിരന്തരമായി പോരാടി നേടിയെടുത്തതാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് ഈ അവകാശങ്ങൾ സ്വാഭാവികമായി ലഭിച്ചതിനാൽ അതിനുവേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടി വരുന്നില്ല. പക്ഷേ, മാറുന്ന കാലത്ത് ഇത്തരം അവകാശങ്ങളൊന്നും എക്കാലവും നിലനിൽക്കുന്നതുമല്ല. അതിനായി നിരന്തരമായ ഇടപെടലുകളും പ്രതിരോധവും ആവശ്യമാണെന്നും, അങ്ങനെ ചെയ്യുമ്പോൾ അതുകൊണ്ട് നഷ്ടങ്ങൾ ഉണ്ടാകാമെന്നും അതിന് തയ്യാറായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരുക്കിപ്പറഞ്ഞാൽ സ്വന്തം വിശ്വാസങ്ങൾക്കും അഭിപ്രായങ്ങൾക്കും വേണ്ടി വാദിക്കുന്നത് പ്രധാനമാണെങ്കിലും, ഇത്തരം പ്രകടനങ്ങളുടെ അനന്തരഫലങ്ങൾ കൂടി വിലയിരുത്തേണ്ടതുണ്ട്, പ്രത്യേകിച്ച് ഒരു വിദേശരാജ്യത്ത് പഠിക്കുമ്പോൾ. അതേക്കുറിച്ചു ബോധ്യമുണ്ടായിരിക്കുക എന്നതും വളരെ പ്രധാനമാണ്. അതായത് നമ്മുടെ അവകാശങ്ങളെയും അതേസമയം അഭിപ്രായപ്രകടനങ്ങളിലെ റിസ്കുകളെയും കുറിച്ച് കൃത്യമായ വീക്ഷണവും സൂക്ഷ്മതയോടെയുള്ള സമീപനവും ആവശ്യമാണ്. ഇപ്പോൾ കാണുന്നിടത്തോളം OPT നിർത്തലാക്കുന്നതല്ല വിദ്യാർഥികൾ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി, മറിച്ച് മാറിയ അമേരിക്കയെ ശരിയായി മനസ്സിലാക്കി പ്രവർത്തിക്കുക എന്നതാണ്.
Content Highlights: US Bill Threatens OPT: Impact on Indian Students
Published: 12 Apr 2025, 01:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented