ഭാവിയിലെ തൊഴിലുകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമായിരുന്നു കഴിഞ്ഞ ലേഖനത്തില്‍ നമ്മള്‍ ചര്‍ച്ചചെയ്തത്. പ്രധാനമായും WEF, ഫ്യൂച്ചര്‍ ഓഫ് ജോബ്സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അതെഴുതിയത്. ജീവിതത്തിലെ എല്ലാ കോണുകളിലും അതി-യന്ത്രവല്‍ക്കരണം സംഭവിക്കുമ്പോള്‍ തൊഴിലുകളെ അതെങ്ങനെ ബാധിക്കുമെന്ന് നമ്മള്‍ കണ്ടു. ഇതില്‍ നിന്നും ഓട്ടോമേഷന്‍ കൊണ്ട് പൂര്‍ണമായി ചെയ്യാന്‍ സാധിക്കുന്ന, ക്ലറിക്കല്‍, ഡാറ്റ-എന്‍ട്രി, നിര്‍മാണ ജോലികള്‍, ഫാക്ടറി ജോലികള്‍, തുടങ്ങി പല തൊഴിലുകളും അപ്രത്യക്ഷമാകുമെന്ന് മനസിലാക്കി. കൂടാതെ എല്ലാ മേഖലകളിലും ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിക്കേണ്ടി വരുമെന്നും ചില തൊഴില്‍ മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ വന്നുചേരുമെന്നും കണ്ടു. ഇത്തരമൊരു ലോകത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും സുസ്ഥിര വികസനവും വളരെ പ്രധാനപ്പെട്ട രണ്ടു മേഖലകളാണ്. നാളെയെ മുന്‍നിര്‍ത്തി സുസ്ഥിരതയിലൂന്നിയ സാങ്കേതിക സാധ്യതകളാണ് വികസനത്തിനായി പ്രയോജനപ്പെടുത്തേണ്ടി വരിക. ഇങ്ങനെയുള്ള ഒരു മേഖലയെക്കുറിച്ചും അതിലെ സാധ്യതകളെ കുറിച്ചുമാണ് ഈ ലേഖനം.

To advertise here,

എന്താണ് ഡെവലപ്‌മെന്റ് എന്‍ജിനീയറിങ്‌?

മെഡിസിന്‍, എന്‍ജിനീയറിങ് തുടങ്ങിയ വിഷയങ്ങള്‍ വളരെ പോപ്പുലറായി തുടരുമ്പോള്‍തന്നെ ഇതില്‍നിന്ന് വ്യത്യസ്തമായി ശാസ്ത്രത്തിലും ടെക്‌നോളജിയിലും താല്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു വിഷയമാണ് ഡെവലപ്‌മെന്റ് എന്‍ജിനീയറിങ്‌. കാലാവസ്ഥാ വ്യതിയാനം മുതല്‍ വിഭവങ്ങളുടെ (resources) കൃത്യമായ ഉപയോഗം ഉറപ്പുവരുത്തുന്നതുള്‍പ്പെടെ സമൂഹത്തിലും പരിസ്ഥിതിയിലും വ്യക്തമായ സ്വാധീനം ചെലുത്താന്‍ പര്യാപ്തമായ വിവിധ വിഷയങ്ങളാണ് ഡെവലപ്‌മെന്റ് എഞ്ചിനീയറിങ്ങിനു കീഴില്‍ വരുന്നത്.

ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെ നൂതനമായ ആശയങ്ങള്‍ സാമൂഹിക പുരോഗതിക്കായി ഉപയോഗിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ രണ്ടുരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാണാം. ഒന്ന് ഈ മേഖലയുടെ പ്രായോഗിക വശമാണ്. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി, ഭാവിയെക്കൂടി മുന്നില്‍ കണ്ടുകൊണ്ട് സമൂഹത്തിനാവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് ലക്ഷ്യം. രണ്ടാമത്തേത് ഈ ലക്ഷ്യത്തിനാവശ്യമായ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ളതാണ്. അതിലേക്കായി വേണ്ട പ്രോഗ്രാമിംഗ് ഭാഷകള്‍ ഉണ്ടാക്കുക, സോഫ്റ്റ്​വെയറുകള്‍ വികസിപ്പിക്കുക, ആവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം ഉണ്ടാക്കിയെടുക്കുക എന്നിങ്ങനെ.

എന്താണിതിന്റെ പ്രാധാന്യം?

ചില ഉദാഹരണങ്ങളിലൂടെ കൂടുതല്‍ വിശദമാക്കാം. ഡെവലപ്‌മെന്റ് എന്‍ജിനീയറിങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട സാധ്യതകളിലൊന്ന് അടിസ്ഥാന സൗകര്യ വികസനം അഥവാ Infrastructure Development ആണ്. ജലവിനിയോഗം (Water management), ശുചിത്വം (Sanitation), ഊര്‍ജ ഉപഭോഗം, ഗതാഗതം (Transportation) തുടങ്ങി പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. അര്‍ബന്‍, റൂറല്‍ ഡെവലപ്‌മെന്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായും ഇതിനെ കൂട്ടിക്കെട്ടാം. സുസ്ഥിരമായ കൃഷി, ഭക്ഷ്യ സുരക്ഷ (Sustainable Agriculture and Food Security),  ഊര്‍ജ പുനരുപയോഗം, കാലാവസ്ഥാ വ്യതിയാനം (Renewable Energy and Climate Change Mitigation), ദുരന്തലഘൂകരണം (Disaster risk reduction and resilience), പൊതുജനാരോഗ്യം, സാമൂഹിക വികസനം (Public Health and Community Development) എന്നിങ്ങനെ വിവിധ വിഷയങ്ങളെ ഉള്‍പ്പെടുത്തുന്ന വിശാലമായ ഒരു മേഖലയാണിത്.

രണ്ടാമതായി സൂചിപ്പിച്ച സാങ്കേതികവിദ്യകളുടെ പ്രയോഗം നോക്കിയാല്‍ ഡേറ്റ അനലിറ്റിക്സ് (Data Analytics), എക്കണോമിക്‌സ് എന്നിവയുള്‍പ്പെടെ മറ്റു സാങ്കേതിക വശങ്ങളും ഈ വിഷയത്തിന്റെ ഭാഗമായി വരുന്നതായി മനസിലാക്കാം. ഡേറ്റ അനലിറ്റിക്‌സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നിലവിലെ സ്ഥിതിവിവര കണക്കുകളും ട്രെന്‍ഡുകളും തിരിച്ചറിയാനും ഇതുവഴി പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താനും സാധിക്കും.  ഇത്തരത്തില്‍ ഡേറ്റ വിശകലനം ചെയ്യുന്നതിലൂടെ പ്രശ്‌നങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ലഭിക്കുമോ എന്ന് വിലയിരുത്താനും ആവശ്യമെങ്കില്‍ പദ്ധതികളില്‍ പുനഃക്രമീകരണം നടത്താനും കഴിയും. ഉദാഹരണങ്ങള്‍ നോക്കാം. കൃഷി, ഭക്ഷ്യ സുരക്ഷാ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മണ്ണിന്റെ ഘടന, കാലാവസ്ഥ, വ്യത്യസ്ത വിളകളുടെ ഉത്പാദനം എന്നിവ വിശകലനം ചെയ്യാന്‍ ഡാറ്റ അനലിറ്റിക്‌സ് ഉപയോഗപ്പെടുത്താം. ഇങ്ങനെ നോക്കിയാല്‍ ഓരോ പ്രദേശങ്ങള്‍ക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ വിളകള്‍ ഏതൊക്കെയാണെന്ന് മനസിലാക്കാനും സാധ്യമായ പുതിയ കൃഷിരീതികള്‍ വികസിപ്പിക്കാനും സാധിക്കും. ഇതേ രീതിയില്‍ സാമ്പത്തികശാസ്ത്ര തത്വങ്ങളും ഈ മേഖലയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഓരോ ആസൂത്രണങ്ങളുടെയും ചെലവും അതുണ്ടാക്കിത്തരാവുന്ന നേട്ടങ്ങളും വിലയിരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. നാഗരാസൂത്രണമോ കൃഷിയോ വികസനമോ എന്തുമായിക്കൊള്ളട്ടെ, പദ്ധതികള്‍ തുടങ്ങുന്നതിനു മുന്‍പും ശേഷവും അതിന്റെ സാമ്പത്തിക സാധ്യതകളെക്കുറിച്ചുകൂടി അറിയേണ്ടതുണ്ട്. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും അതുവഴിയുള്ള പരമാവധി നേട്ടവും ഇത്തരം പഠനങ്ങളും വിലയിരുത്തലുകളും കൊണ്ട് സാധ്യമാക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഭാവിയെക്കൂടി മുന്നില്‍ക്കണ്ട് സുസ്ഥിരമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനും സാമ്പത്തിക വിശകലനങ്ങള്‍ അനിവാര്യമാണ്.

ഇവയെ കൂടാതെ ആശയങ്ങള്‍ പ്രായോഗികമാക്കണമെങ്കില്‍ മറ്റു സാങ്കേതിക സാധ്യതകളും പരിഗണിക്കണം. പ്രോഗ്രാമിങ്, സോഫ്റ്റ്​വെയർ ഡെവലപ്‌മെന്റ്‌റ്, യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈന്‍ (UX), തുടങ്ങി ഏതാണ്ടെല്ലാ ടെക്‌നിക്കല്‍ നൈപുണ്യങ്ങളും കൂട്ടായി വേണ്ട മേഖലയാണിത്. ചുരുക്കിപ്പറഞ്ഞാല്‍ ഡെവലപ്‌മെന്റ് എന്‍ജിനീയറിങ്‌ എന്നത് ഒരു 'Umbrella Term' ആണെന്ന് പറയാം. മേല്‍പ്പറഞ്ഞ വിഷയങ്ങളും നൈപുണ്യങ്ങളും ഒന്നിച്ചു വരുന്ന ഒരു മേഖല.

സാധ്യതകള്‍

കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, വിദ്യാഭ്യാസം, പബ്ലിക് ഹെല്‍ത്ത്, കൃഷി, ഗ്രാമ-നഗര വികസനം, റിന്യൂവബിള്‍ എനര്‍ജി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത നിവാരണവും ലഘൂകരണവും തുടങ്ങി വിവിധ മേഖലകളിലായി സാധ്യതകളുണ്ട്. അന്താരാഷ്ട്ര സംഘടനകള്‍, ഗവണ്‍മെന്റ് ഏജന്‍സികള്‍, പ്രൈവറ്റ് കോര്‍പ്പറേഷനുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ സെക്ടറുകളില്‍ ജോലി ചെയ്യാം.

ഡെവലപ്‌മെന്റ് എന്‍ജിനീയറിങ്‌ തിരഞ്ഞെടുക്കുമ്പോള്‍?

മുന്‍പ് സൂചിപ്പിച്ചതുപോലെ ഡെവലപ്മെന്റ് എന്‍ജിനീയറിങ്‌ എന്നത് വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഒരു മേഖലയാണ്. ഡെവലപ്‌മെന്റ് എന്‍ജിനീയറിങ് പഠിക്കാന്‍ സാധിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ ലോകത്തുണ്ട്. നിങ്ങളുടെ അഭിരുചിയും താല്പര്യങ്ങളും അനുസരിച്ചുവേണം ഇതില്‍ ഏതു സ്റ്റഡി പ്രോഗ്രാം തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍. ഈ വിഷയത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം. ബിരുദപഠനത്തിനുശേഷം: ഏതെങ്കിലും ശാസ്ത്ര വിഷയത്തിലോ എഞ്ചിനീയറിങ്ങിലോ (STEM) അടിസ്ഥാന ബിരുദം നേടിയതിനുശേഷം നിങ്ങളുടെ അഭിരുചിക്കും താല്പര്യങ്ങള്‍ക്കും ചേരുന്നതെങ്കില്‍ മാത്രം ഈ വിഷയത്തില്‍ തുടര്‍പഠനത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം.

എവിടെ പഠിക്കണം?

ഏതു സ്ഥാപനത്തില്‍ പഠിക്കണമെന്നത് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. നിങ്ങൾ ഉദ്ദേശിക്കുന്ന യൂണിവേഴ്‌സിറ്റി ഈ വിഷയത്തിലെ ഏതൊക്കെ മേഖലകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ഏതൊക്കെ ഐച്ഛിക വിഷയങ്ങളാണ് ഓഫര്‍ ചെയ്യുന്നതെന്നും മനസിലാക്കുക. അതാതു യൂണിവേഴ്‌സിറ്റിയുടെ വെബ്സൈറ്റില്‍ നിന്നും അവരുടെ കരിക്കുലത്തില്‍ എന്തൊക്കെ ഉള്‍പെടുത്തിയിട്ടുണ്ടെന്നും മനസിലാക്കണം. ഇതെല്ലാം നിങ്ങളുടെ താല്പര്യങ്ങളുമായി ഒത്തുപോകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കഴിയുമെങ്കില്‍ അവിടെ മുന്‍കാലങ്ങളില്‍ പഠിച്ച വിദ്യാര്‍ഥികളോട് അവരുടെ അനുഭവങ്ങളെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചുമെല്ലാം ചോദിച്ചറിയുക.

മെച്ചപ്പെട്ട സ്ഥാപനം തിരഞ്ഞെടുക്കുക: സര്‍വകലാശാലയിലെ അദ്ധ്യയനവിഭാഗം എങ്ങനെയുണ്ടെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രസ്തുത മേഖലയില്‍ വൈദഗ്ദ്ധ്യമുള്ളവരും പരിചയസമ്പന്നരുമാണോ അധ്യാപകര്‍ എന്നത് പ്രാധാനമാണ്. ഇതിനെല്ലാം പുറമെ പ്രായോഗികാനുഭവം നേടുന്നതിനുള്ള അവസരങ്ങളുണ്ടെന്നും ഉറപ്പുവരുത്തണം. ഗവേഷണ സാധ്യതകളോ ഇന്റേണ്‍ഷിപ്പിനുള്ള അവസരങ്ങളോ ലഭ്യമാക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം.

പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍

ഈ മേഖലയുമായി ബന്ധപ്പെട്ട സ്റ്റഡി പ്രോഗ്രാമുകള്‍ നല്‍കുന്ന ചില സ്ഥാപനങ്ങളെപ്പറ്റി പറയാം. ലിങ്കുകളും നല്‍കിയിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയുടെ (University of California, Berkeley) Blum Center for Developing Economies ഡിപാര്‍ട്‌മെന്റിനു കീഴിലാണ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡെവലപ്‌മെന്റ് എന്‍ജിനീയറിങ്‌ പ്രോഗ്രാമുള്ളത്. മൂന്നു സെമെസ്റ്ററുകളായി തിരിച്ചിരിക്കുന്ന 15 മാസമാണ് പഠന കാലയളവ്. ഗവേഷണ താല്പര്യങ്ങളുള്ളവര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ PhD പ്രോഗ്രാമും തെരഞ്ഞെടുക്കാം. വിശദമായി നോക്കിയാല്‍ Design and Management of Technology, Application of Emerging Technologies, Evidence-based Assessment Techniques, Economic Development, Social Problem Solving, Cross-cultural Collaboration, Community Engagement എന്നിവയില്‍ ഊന്നല്‍ നല്‍കിയാണ് കരിക്കുലം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് കാണാം. AI/Data Analytics for Social Impact, Energy, Water and the Environment, Sustainable Design Innovations, Healthcare Transformations എന്നിവയാണ് ഈ പ്രോഗാമിലെ കോര്‍ കോഴ്സുകള്‍. അതനുസരിച്ചുള്ള ഇലക്റ്റിവ് കോഴ്സുകളും പഠനകാലത്ത് തിരഞ്ഞെടുക്കേണ്ടതായി വരും. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (STEM) വിഷയങ്ങളില്‍ നല്ല അടിത്തറയുള്ള വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്. സോഷ്യല്‍ സയന്‍സ് അടിസ്ഥാനമുള്ള ആളുകള്‍ക്കും ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. മതിയായ quantitative coursework ചെയ്തിട്ടുള്ളവരും സാങ്കേതിക വിഷയങ്ങള്‍ പഠിക്കാനും പ്രയോഗിക്കാനുമുള്ള കഴിവുള്ളവരും ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി https://developmentengineering.berkeley.edu/ സന്ദര്‍ശിക്കുക.

Engineering for International Development എന്ന മാസ്റ്റേഴ്‌സ് പ്രോഗ്രാം ആണ് മറ്റൊന്ന്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ (UCL) ആണ് ഈ പ്രോഗ്രാം ഓഫര്‍ ചെയ്യുന്നത്. ഒരു വര്‍ഷത്തെ ഫുള്‍-ടൈം മാസ്റ്റേഴ്‌സ് പ്രോഗ്രാം ആണിത്. എന്‍ജിനീയറിങ്‌, ആര്‍ക്കിടെക്ച്ചര്‍, ജിയോഗ്രഫി, അര്‍ബന്‍ പ്ലാനിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. Conflict, Humanitarianism and Disaster Risk Reduction, Engineering and International Development, Appropriate Technologies in Practice, Collaborative Project in International Development എന്നിവയെ കൂടാതെ ഒരു റിസര്‍ച്ച് പ്രബന്ധവും അടിസ്ഥാന വിഷയങ്ങളാണ്. Environmental GIS, Environmental Systems Engineering, GIS Principles and Technology, Disaster Risk Reduction in Cities, Sustainable Infrastructure and Services in Development തുടങ്ങി പത്തൊന്‍പതോളം ഐച്ഛിക വിഷയങ്ങളും ഉണ്ട്. UCL ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിവില്‍, എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് ജിയോമാറ്റിക് എന്‍ജിനീയറിങ് ആണ് ഈ വിഷയം പഠിപ്പിക്കുന്നത്. https://www.ucl.ac.uk/civil-environmental-geomatic-engineering/ സന്ദര്‍ശിക്കുക.

ഡെവലപ്‌മെന്റ് എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ലോകത്തെ പല യൂണിവേഴ്‌സിറ്റികളും നല്‍കുന്നുണ്ട്. ഉദാഹരണമായി അര്‍ബന്‍ പ്ലാനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ്, സസ്റ്റൈനബിലിറ്റി, വാട്ടര്‍ മാനേജ്മന്റ് എന്നിങ്ങനെ. ഈ ലേഖനത്തില്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ യൂണിവേഴ്‌സിറ്റികളും അവര്‍ നല്‍കുന്ന പ്രോഗ്രാമുകളുമെല്ലാം നന്നായി വിലയിരുത്തിയതിനു ശേഷം മാത്രം തീരുമാനങ്ങളെടുക്കുക.