
ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്ന വിദ്യാർഥികളുടെ സ്വപ്നമാണ് മികച്ച സര്‍വകലാശാലകളില്‍ അവരുടെ പഠനം തുടരുക എന്നത്. ഇതില്‍ ആദ്യ വെല്ലുവിളി അത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടുക എന്നതാണ്. പ്രവേശനം നേടിയാല്‍ത്തന്നെ പല മുന്തിയ യുണിവേഴ്‌സിറ്റികളിലെയും ഫീസ് വളരെ കൂടുതലാണ്. മറ്റൊരു രാജ്യത്ത് താമസിച്ചുപഠിക്കുമ്പോള്‍ ട്യൂഷന്‍ ഫീസ് മാത്രമല്ല, ജീവിതച്ചെലവും പഠനത്തോടനുബന്ധിച്ച മറ്റു ചെലവുകളും നമ്മുടെ നാട്ടിലെ ഒരു കുട്ടിക്ക് താങ്ങാവുന്നതിലും അധികമായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള പഠനച്ചെലവുകള്‍ വഹിക്കാനാകാത്തതുകൊണ്ട് മാത്രം മികച്ച വിദ്യാർഥികള്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കാനുള്ള മാര്‍ഗമാണ് സ്‌കോളര്‍ഷിപ്പുകളായി നല്‍കുന്ന സാമ്പത്തികസഹായം.
വിദ്യാർഥികള്‍ക്ക് പഠനസഹായമായി പണം നല്‍കുന്നു എന്നതിനേക്കാള്‍ പ്രാധാന്യം സ്‌കോളര്‍ഷിപ്പുകള്‍ക്കുണ്ട്. ആഗ്രഹിച്ച രീതിയില്‍ തുടര്‍പഠനം ലഭ്യമാകുന്നതോടൊപ്പം നിരവധി അവസരങ്ങളിലേക്കുള്ള ചവിട്ടുപടി കൂടിയാണ് സ്‌കോളര്‍ഷിപ്പുകള്‍. പല സ്‌കോളര്‍ഷിപ്പുകളും വിദ്യാർഥികളുടെ പഠനമികവിന്റെ അടിസ്ഥാനത്തിലാണ് നല്‍കപ്പെടുന്നത് എന്നതിനാല്‍ അഭിമാന നേട്ടമായാണ് സ്‌കോളര്‍ഷിപ്പുകള്‍ പൊതുവെ കണക്കാക്കപ്പെടുന്നത്. മാത്രമല്ല, ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയ മറ്റു വിദ്യാർഥികളുള്‍പ്പെടെയുള്ള ഒരു സാമൂഹ്യ ശൃംഖലയിലെ (network) അംഗമാകുകയെന്നത് ഭാവിയിലേക്കുള്ള ഒരു നിക്ഷേപമായി കരുതാം. തുടര്‍ന്നുള്ള പഠന/ഗവേഷണങ്ങളിലും തൊഴില്‍ജീവിതത്തിലും ഇത്തരം നെറ്റ്വർക്കുകളുടെ ഭാഗമാകുന്നത് വലിയ ഗുണംചെയ്യും.
സ്‌കോളര്‍ഷിപ്പുകള്‍ വിവിധ തരത്തിലുണ്ട്. ഗവണ്മെന്റ് ഫണ്ട് ചെയ്യുന്ന സ്‌കോളര്‍ഷിപ്പുകളാണ് ഇതില്‍ ആദ്യത്തേത്. സാമ്പത്തികമോ സാമൂഹികമോ ആയി പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ വിദ്യാർഥികള്‍ക്കായോ അര്‍ഹതപ്പെട്ട പൗരന്മാര്‍ക്കുവേണ്ടിയോ വിവിധ സര്‍ക്കാരുകള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളാണിവ. പലപ്പോഴും വിദ്യാർഥികളുടെ ട്യൂഷന്‍ ഫീസ് മാത്രമല്ല, യാത്രാടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ചെലവുകളും സ്‌കോളര്‍ഷിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ പോലുള്ള ഏജന്‍സികളും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യ, ഓസ്ട്രേലിയ, UK, US, കാനഡ, സിംഗപ്പൂര്‍, ജപ്പാന്‍, ജര്‍മനി, തുടങ്ങി അനവധി രാജ്യങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്.
ട്രസ്റ്റുകളും ഓര്‍ഗനൈസേഷനുകളും നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പുകളാണ് മറ്റൊന്ന്. ഇന്ത്യയില്‍നിന്നും ഇന്‍ലാക് ഫൌണ്ടേഷന്‍ (The Inlaks Shivadarsani Foundation), Tata Trust എന്നിങ്ങനെ വിവിധ സമിതികള്‍ ഉന്നതപഠനത്തിനായി വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നുണ്ട്.
യൂണിവേഴ്‌സിറ്റികള്‍ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പുകളാണ് മറ്റൊരു വിഭാഗം. ഇതില്‍ത്തന്നെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികള്‍ക്കുള്ള സാമ്പത്തികസഹായമുള്‍പ്പെടെ Teaching Assistantships (TA Ships) Research Assistantships (RA ships) എന്നിവയുമുണ്ടാകും. ഇവ ബിരുദാനന്തര ബിരുദ വിദ്യാർഥികള്‍ക്കും ഗവേഷണ വിദ്യാർഥികള്‍ക്കുമാണ് നല്‍കുന്നത്. അധ്യാപനത്തിന്റെ ഭാഗമായി നിങ്ങളുടെ പ്രൊഫസര്‍മാരെ സഹായിക്കുകയാണ് TA Ship കൊണ്ട് ഉദ്ദേശിക്കുന്നത്. മൂല്യനിര്‍ണയം, ലാബുകളില്‍ വിദ്യാർഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, ക്ലാസില്‍ ചര്‍ച്ചകള്‍ നയിക്കുക, ചില അവസരങ്ങളില്‍ ക്ലാസുകളെടുക്കുക എന്നിവയും TA Ship ന്റെ ഭാഗമാണ്. അതുപോലെ പ്രൊഫസര്‍മാരെ ഗവേഷണ സംബന്ധിയായി സഹായിക്കുകയാണ് RA ship കൊണ്ടുദ്ദേശിക്കുന്നത്. ഇവ രണ്ടും വിദ്യാർഥികള്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കുക മാത്രമല്ല, അതാതു മേഖലകളില്‍ പ്രവൃത്തിപരിചയം കൂടി നേടിത്തരുന്നു.
മേല്‍പ്പറഞ്ഞതുപോലെ വിദ്യാർഥികളുടെ മികവും നൈപുണ്യവും സാമൂഹിക സാഹചര്യങ്ങളും വിലയിരുത്തിയാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കപ്പെടുന്നത്. വളരെ മിടുക്കരും അര്‍ഹതയുള്ളവരുമായ അനേകമാളുകള്‍ ഇതിനായി മുന്നോട്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ വലിയ മത്സരവും നേരിടേണ്ടിവന്നേക്കാം. എങ്ങനെയാണ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷകള്‍ കൃത്യമായി സമര്‍പ്പിക്കേണ്ടത്, ഏതുവിധത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണം, നിങ്ങളുടെ സാദ്ധ്യതകള്‍ എങ്ങനെ കൂട്ടാം, ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്നത്.
തയ്യാറെടുപ്പുകള്‍
വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ നമ്മുടെ സാമ്പത്തികസ്രോതസുകളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. സ്‌കോളര്‍ഷിപ്പുകള്‍ പ്രതീക്ഷിച്ചുകൊണ്ടാണ് നിങ്ങള്‍ ഉന്നതപഠനത്തിന് ശ്രമിക്കുന്നതെങ്കില്‍ തീര്‍ച്ചയായും സമയമെടുത്ത് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചെയ്തിരിക്കണം. ഇതിനായി ഒരു അധ്യയനവര്‍ഷം മുന്‍പ് മുതലെങ്കിലും ചിന്തിച്ചുതുടങ്ങേണ്ടത് അത്യാവശ്യമാണ്.
നമ്മള്‍ പഠിക്കാനുദ്ദേശിക്കുന്ന വിഷയവും അത് നല്‍കുന്ന സര്‍വകലാശാലകളും അടങ്ങുന്ന ഒരു ചെറിയ പട്ടിക തയ്യാറാക്കുകയാണ് ആദ്യപടി. ഈ വിഷയങ്ങളില്‍ ഇന്ത്യന്‍ വിദ്യാർഥികള്‍ക്ക് ലഭ്യമായ സ്‌കോളര്‍ഷിപ്പുകള്‍ കണ്ടെത്തി ഒരു ലിസ്റ്റ് തയ്യാറാക്കാം. ഇതില്‍ത്തന്നെ ഗവണ്മെന്റ് ഫണ്ടുകളും അതാത് യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന സാമ്പത്തികസഹായങ്ങളും ഉള്‍പ്പെടും. കൂടാതെ ഗവേഷണവിദ്യാർഥികള്‍ അവരുടെ ഗൈഡുമായി ചര്‍ച്ചചെയ്ത് ഏതെങ്കിലും വിധത്തിലുള്ള ഫണ്ടിങ് ലഭ്യമാണോ എന്നും (TA ship / RA ship) ഉറപ്പുവരുത്തണം.
നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള സ്‌കോളര്‍ഷിപ്പുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി മതിയായ രേഖകള്‍ തയ്യാറാക്കണം. അതാത് സ്‌കോളര്‍ഷിപ്പുകളുടെ വെബ്സൈറ്റുകളില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ടാകും. അപേക്ഷകള്‍ക്കായി നിങ്ങളുടെ അക്കാദമിക് മികവ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രാന്‍സ്‌ക്രിപ്റ്റുകളും വേണ്ടിവന്നേക്കാം. ഇതെല്ലാം കാലേക്കൂട്ടി തയ്യാറാക്കിവെക്കണം. നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഇത്തരം രേഖകള്‍ ലഭ്യമാകാന്‍ എടുത്തേക്കാവുന്ന കാലതാമസം കൂടി കണക്കിലെടുക്കണം.
IELTS പോലുള്ള പല ടെസ്റ്റുകളുടെയും സ്‌കോറുകള്‍ ആവശ്യമായേക്കാം. അവ ഏതൊക്കെയാണെന്ന് മനസിലാക്കുകയും പരീക്ഷകള്‍ക്കായുള്ള പരിശീലനം നേടുകയുംവേണം.
റിസര്‍ച്ച് അനുബന്ധിയായ പഠനമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഒരുപക്ഷേ, നിങ്ങള്‍ക്ക് ഗവേഷണത്തിനുള്ള താല്പര്യം സ്‌കോളര്‍ഷിപ്പ് കമ്മിറ്റിയെ ബോധ്യപ്പെടുത്തേണ്ടിവന്നേക്കാം. ഇതിനായി മുന്‍പ് ചെയ്തിട്ടുള്ള ഗവേഷണറിപ്പോര്‍ട്ടുകള്‍ തെറ്റുകള്‍ കൂടാതെ തയ്യാറാക്കണം.
ചില സ്‌കോളര്‍ഷിപ്പുകള്‍ നിങ്ങളുടെ മേഖലയില്‍ പ്രവൃത്തിപരിചയം ആവശ്യപ്പെടുന്നുണ്ട്. നിങ്ങള്‍ ഇതുവരെ ചെയ്ത ജോലികളുടെയും ഇന്റേണ്‍ഷിപ്പുകളുടെയും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിവെക്കുക. എത്ര വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് അവര്‍ ആവശ്യപ്പെടുന്നതെന്ന് നോക്കി നിങ്ങളുടെ പ്രൊഫൈല്‍ അതുമായി യോജിക്കുമോ എന്ന് മനസിലാക്കണം. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. ചില സ്‌കോളര്‍ഷിപ്പുകള്‍ പ്രവൃത്തിപരിചയം കണക്കാക്കുമ്പോള്‍ ഇന്റേണ്‍ഷിപ്പ് കാലയളവുകളെ പരിഗണിക്കില്ല. എന്നാല്‍, മറ്റു ചിലത് മറിച്ചാണ്. ഇന്റേണ്‍ഷിപ്പുകളെ പ്രവൃത്തിപരിചയമായി (work experience) പരിഗണിക്കും. ഇത്തരം കാര്യങ്ങളില്‍ അപേക്ഷകര്‍ക്ക് വ്യക്തതയുണ്ടായിരിക്കണം.
ഇന്റര്‍വ്യൂകള്‍ പല സ്‌കോളര്‍ഷിപ്പ് അപേക്ഷകളുടെയും ഭാഗമാകാറുണ്ട്. അതിനായി തീര്‍ച്ചയായും ചോദിയ്ക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും മുന്‍കൂട്ടി തയ്യാറാക്കി ഒരുങ്ങിയിരിക്കുക. പ്രൊഫഷണലായി വേഷം ധരിക്കുകയും ആത്മവിശ്വാസത്തോടെ സംസാരിക്കുകയും വേണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എപ്പോഴും മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തുക. ഒരു വര്‍ഷമെങ്കിലും പ്ലാനിംഗിനും തയ്യാറെടുപ്പിനും ആവശ്യമായിവരാം.ഓരോ സ്‌കോളര്‍ഷിപ്പും നല്കപ്പെടുന്നതിനു പിന്നില്‍ അതാത് സ്ഥാപനങ്ങള്‍ക്ക് (ഗവണ്‍മെന്റുകള്‍, യൂണിവേഴ്‌സിറ്റികള്‍, ട്രസ്റ്റുകള്‍, ഓര്‍ഗനൈസേഷനുകള്‍) പ്രത്യേക താല്പര്യങ്ങളും ലക്ഷ്യങ്ങളുമുണ്ടാകും. മികച്ച വിദ്യാർഥികള്‍ക്ക് അവസരങ്ങള്‍ നല്‍കുക, സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാർഥികളെ സഹായിക്കുക എന്നിങ്ങനെ. ഏതെങ്കിലും പ്രത്യേക പ്രദേശത്തുള്ളവര്‍ക്ക് ചില രാജ്യങ്ങളിലേക്കുള്ള സ്‌കോളര്‍ഷിപ്പുകളും ഉണ്ട്. സ്‌കോളര്‍ഷിപ്പ് ലഭ്യമാകാന്‍ മറ്റുപല മാനദണ്ഡങ്ങളും ഉണ്ടാകാം. ഉദാഹരണമായി chevening scholarship. ഇത് മികച്ച ലീഡര്‍ഷിപ് സ്‌കില്ലുകളുള്ള വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്. മാത്രമല്ല, പഠനശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോയി അതുവരെ ആര്‍ജിച്ച അറിവുകള്‍ രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇത്തരം അവസരങ്ങളില്‍ നിങ്ങളുടെ കാര്യത്തില്‍ ഇത് വിശ്വസനീയമാണെന്ന് സ്‌കോളര്‍ഷിപ്പ് കമ്മറ്റിയെ ബോധ്യപ്പെടുത്താനും കഴിയണം.
Chivening, commonwealth തുടങ്ങി ഏതു സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കുന്നതിനോടൊപ്പം മുന്‍വര്‍ഷങ്ങളില്‍ അത് നേടിയ വിദ്യാർഥികളെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കായി സമീപിക്കാവുന്നതാണ്. നിങ്ങള്‍ക്ക് നേരിട്ട് രിചയമുള്ളവരോ, സീനിയറോ, ലിങ്ക്ഡ് ഇന്‍ വഴി കണ്ടെത്തുന്നവരോ ആയിക്കോട്ടെ, അവരുടെ അനുഭവങ്ങളും നിര്‍ദേശങ്ങളും നിങ്ങള്‍ക്ക് ഉപകാരപ്പെടും.
സ്‌കോളര്‍ഷിപ്പുകളോട് അനുബന്ധമായി ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്റര്‍വ്യൂസമയത്ത് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തണം. വീഡിയോ ഇന്റര്‍വ്യൂ ആണെങ്കില്‍ നിങ്ങളുടെ അപ്പിയറന്‍സ് (appearence) ഫോര്‍മല്‍ ആയിരിക്കണം. നിങ്ങള്‍ ഇന്റര്‍വ്യൂവിന് ഇരിക്കാനുദ്ദേശിക്കുന്ന മുറി നേരത്തെതന്നെ തീരുമാനിച്ച് ആവശ്യമായ വെളിച്ചത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. അശ്രദ്ധമായി വിരിച്ചിട്ട ടവ്വലുകള്‍ / വസ്ത്രങ്ങള്‍ തുടങ്ങിയവ നിങ്ങളുടെ പിന്നിലായി കാണുന്നില്ല എന്നുറപ്പു വരുത്തണം. പല വിദ്യാർഥികളും ഹോസ്റ്റല്‍ മുറികളില്‍നിന്നും മറ്റുമാകാം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത്. പരിമിതമായ സ്ഥലമാകുമ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാം. മറ്റാളുകളുടെ അനാവശ്യ സാന്നിധ്യവും ഒഴിവാക്കേണ്ടതാണ്. ടെലിഫോണിലൂടെയുള്ള ഇന്റര്‍വ്യൂ ആണെങ്കിലും ഇതെല്ലാം ശ്രദ്ധിക്കണം. ഒരിക്കലും യാത്രചെയ്തുകൊണ്ടും മറ്റും (ബസിലും ട്രെയിനിലും) ഇത്തരം ഇന്റര്‍വ്യൂകള്‍ക്ക് മുതിരരുത്. അതുപോലെതന്നെ കൃത്യസമയത്തിന് പത്തുമിനിറ്റ് മുന്നേതന്നെ തയ്യാറായി ഇരിക്കുകയും വേണം.
ആവശ്യമെങ്കില്‍ ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ളവക്കായി ഒരു മെന്ററിന്റെ (professional mentors) സഹായം തേടാം. ചോദ്യങ്ങളും ഉത്തരങ്ങളും മുന്‍കൂട്ടി തയ്യാറാക്കി ആത്മവിശ്വാസത്തോടെ മറുപടി പറയാന്‍ അവര്‍ നിങ്ങളെ പരിശീലിപ്പിക്കും.
നിങ്ങള്‍ പഠിക്കാനുദ്ദേശിക്കുന്ന വിഷയങ്ങളില്‍ ഒന്നിലധികം സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമെങ്കില്‍ ഒന്നിലധികം സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. ഭാവിയിലെ പഠനം മുന്‍കൂട്ടിക്കണ്ട് തയ്യാറെടുക്കുന്ന വിദ്യാർഥികളാണ് നിങ്ങളെങ്കില്‍ അത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഗുണംചെയ്യും. നിങ്ങളുടെ അക്കാദമിക് താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള മേഖലകളില്‍ തൊഴില്‍ / ഗവേഷണ പരിചയമുണ്ടാക്കിയെടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. (tailor your experience). ഇതോടനുബന്ധിച്ച മേഖലകളില്‍ പേപ്പര്‍ പബ്ലിഷ് ചെയ്യുക, സെമിനാറുകള്‍ നടത്തുക, ഓണ്‍ലൈന്‍ കോഴ്സുകള്‍ പഠിക്കുക, എല്ലാംതന്നെ ആ വിഷയത്തോടുള്ള നിങ്ങളുടെ താല്പര്യം തെളിയിക്കുന്ന കാര്യങ്ങളാണ്.
നിങ്ങള്‍ എന്തുകൊണ്ട് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ് എന്ന് നിങ്ങള്‍തന്നെ പ്രസ്താവിക്കുന്ന essay അല്ലെങ്കില്‍ മോട്ടിവേഷന്‍ ലെറ്റര്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതായി വരും. ഇത് വളരെ മികച്ചരീതിയില്‍ എഴുതി തയ്യാറാക്കണം. ഇന്റര്‍നെറ്റിലും മറ്റും ഇത്തരം ധാരാളം മോട്ടിവേഷന്‍ ലെറ്ററുകളും ലഭ്യമാണെങ്കിലും അതിലേതെങ്കിലും എഡിറ്റ് ചെയ്തുപയോഗിക്കുന്നത് നിങ്ങളുടെ സാധ്യതകളെ ഇല്ലാതാക്കാം. ഇത്തരം സാമ്പിളുകള്‍ പലപ്പോഴും വളരെ ഉപരിപ്ലവമായവയാണ്. എന്നാല്‍ നിങ്ങള്‍ക്കാവശ്യം നിങ്ങളുടെ പേര്‍സണല്‍ സ്റ്റോറി, നിങ്ങളുടെ യാഥാര്‍ഥ താല്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതുകയാണ്. അതിന്റെ ഒറിജിനാലിറ്റിയും എന്തുകൊണ്ട് നിങ്ങള്‍ ഈ വഴി തെരഞ്ഞെടുത്തു, നിങ്ങള്‍ക്ക് എന്തുകൊണ്ട് ഈ അവസരം ലഭിക്കണം, അങ്ങനെ സംഭവിച്ചാല്‍ അതിലൂടെ ആര്‍ജിക്കുന്ന സ്‌കില്ലുകള്‍ നിങ്ങള്‍ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തും എന്നീ കാര്യങ്ങളെല്ലാം വളരെ വ്യക്തതയോടെ പറയാന്‍ സാധിക്കണം. നിങ്ങള്‍ എഴുതുന്ന മോട്ടിവേഷന്‍ ലെറ്റര്‍ കുറ്റമറ്റതെന്ന് ഉറപ്പുവരുത്തണം. അതിനായി ഒരു ഭാഷ എഡിറ്ററുടെ സഹായം തേടാം. പിഴവുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
സ്‌കോളര്‍ഷിപ്പ് ആപ്ലിക്കേഷനുകള്‍ക്കായി റെക്കമെന്റേഷന്‍ ലെറ്ററുകള്‍ വേണ്ടിവരും. നിങ്ങളുടെ അധ്യാപകരോ റിസര്‍ച്ച് / ജോലിസ്ഥലത്തെ സൂപ്പര്‍വൈസറോ ആണ് ഇത്തരം റെക്കമെന്റേഷന്‍ ലെറ്ററുകള്‍ നല്‍കേണ്ടത്. റെക്കമെന്റേഷന്‍ ലെറ്ററുകള്‍ വാങ്ങേണ്ടത് നിങ്ങളെ നന്നായി അറിയുന്ന നിങ്ങളുടെ സ്‌കില്ലുകളും പഠന / തൊഴില്‍ മികവും നേരിട്ട് മനസിലാക്കിയ ആളുകളില്‍നിന്നാണ്. ഇവരുമായി നേരിട്ട് സംസാരിച്ച് നിങ്ങള്‍ പോകാനുദ്ദേശിക്കുന്ന കോഴ്‌സിനെയും അപേക്ഷിക്കുന്ന സ്‌കോളര്‍ഷിപ്പുകളെയും കുറിച്ച് വിശദമായി പറയണം. അല്‍പം നേരത്തെതന്നെ ഇതിനായി അധ്യാപകരെ സമീപിക്കുന്നത് നന്നായിരിക്കും. ആവശ്യമായ സമയം ലഭിക്കുന്നത് കൃത്യമായി ലെറ്റര്‍ തയ്യാറാക്കാന്‍ സഹായിക്കും. ഇതിനായി സമയവും താല്പര്യവുമെടുത്ത് വിശദവും കൃത്യമായ നിരീക്ഷണങ്ങളോടെയും എഴുതാന്‍ തയ്യാറുള്ളവരെ മാത്രം സമീപിക്കുന്നതാവും നല്ലത്.
സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ രേഖകളെല്ലാം കഴിവതും മുന്‍കൂട്ടി തയ്യാറാക്കണം. മാത്രമല്ല, പേര്, ജനനത്തീയതി, വര്‍ഷം തുടങ്ങിയവ എല്ലാരേഖകളിലും ഒരുപോലെയാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഇത്തരം പിഴവുകള്‍ നിങ്ങളുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് അനാവശ്യമായ കാലതാമസമുണ്ടാക്കും.
സ്‌കോളര്‍ഷിപ്പുകള്‍ കണ്ടുപിടിക്കുന്നത് മുതല്‍ അവസാന സ്റ്റേജ് വരെ ഇത്തരത്തില്‍ കൃത്യമായി ഒരു ടൈംലൈന്‍ ഉണ്ടാക്കി സ്‌കോളര്‍ഷിപ്പുകള്‍ക്കായി ഒരുങ്ങുന്നത് തീര്‍ച്ചയായും നിങ്ങളുടെ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കും. എന്തിനെയും ആത്മവിശ്വാസത്തോടെ സമീപിക്കുക എന്നതാണ് പ്രധാനം. അതിനായി പരിശീലനം നിങ്ങളെ സഹായിക്കും. സ്‌കോളര്‍ഷിപ്പുകള്‍ വളരെ മത്സരമുള്ളതാണ്. അതുകൊണ്ടുതന്നെ ആദ്യശ്രമത്തില്‍ ലഭിക്കാതെ വന്നാലും പ്രതീക്ഷ കൈവിടാതെ ഭാവിയില്‍ നിങ്ങളുടെ സാധ്യത എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചിന്തിക്കുക.
Content Highlights: How to secure a scholarship for study abroad
Published: 12 May 2025, 03:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented